Top

പലതും മറിയം റഷീദ കെട്ടിച്ചമച്ചത്; ചാരക്കേസില്‍ ഫൌസിയ ഹസ്സന്റെ വെളിപ്പെടുത്തലുകള്‍

പലതും മറിയം റഷീദ കെട്ടിച്ചമച്ചത്; ചാരക്കേസില്‍ ഫൌസിയ ഹസ്സന്റെ വെളിപ്പെടുത്തലുകള്‍
ഇന്ത്യയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച് ഐഎസ്ആര്‍ഒ ചാരക്കേസ്സില്‍ പ്രധാന കുറ്റാരോപിതരില്‍ ഒരാളായിരുന്നു ഫൗസിയ ഹസന്‍. ജയില്‍ ജീവിതത്തിനിടെ താന്‍ അനുഭവിച്ച ശാരീരികവും മാനസികവും പീഡനങ്ങളെക്കുറിച്ചുള്ള  ഫൗസിയ ഹസന്റെ 'ജയില്‍ ഡയറി'യുടെ പുസ്തക രൂപം ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. 'വിധിക്കുശേഷം, ഒരു (ചാര) വനിതയുടെ വെളിപ്പെടുത്തലുകള്‍' എന്ന അനുഭവകുറിപ്പിലെ മറിയം റഷീദയുടെ കള്ളസാക്ഷ്യങ്ങള്‍'  എന്ന അദ്ധ്യായത്തിലെ പ്രസക്ത ഭാഗങ്ങള്‍


കള്ളം

1994 ജൂണില്‍ ബാംഗ്ലൂരില്‍നിന്ന് ഫോണില്‍ വിളിച്ച മറിയം, നാസിഹ കുറച്ച് ഡോളറുകള്‍ എന്റെ കൈയില്‍ തരുമെന്നും അത് അവള്‍ക്ക് എത്തിക്കണമെന്നും പറഞ്ഞു. പറഞ്ഞ പ്രകാരം നാസിഹ 1500 ഡോളറും കഴിഞ്ഞ തവണത്തെ പോലെ ഒരു പാര്‍സലും എനിക്കു തന്നു. തിരിച്ചുവരാനുള്ള ടിക്കറ്റും അതോടൊപ്പമുണ്ടായിരുന്നു. ഞാനാ പാര്‍സല്‍ തുറന്നുനോക്കിയപ്പോള്‍ 25000 ഡോളറായിരുന്നു അതിലുണ്ടായിരുന്നത്. ബാംഗ്ലൂരിലെത്തി അത് ഫൗസിയയ്ക്കു കൈമാറി.

യാഥാര്‍ഥ്യം


മാലിയില്‍നിന്ന് പണം കൈമാറ്റം ചെയ്യാന്‍ കഴിയാതിരുന്നതോടെ, ജിലയുടെ സ്‌കൂള്‍ ഫീസടയ്ക്കാന്‍ ഞാന്‍ ബുദ്ധിമുട്ടി. നാസിഹ കുറച്ചു പണം തരുമെന്നും അത് എനിക്ക് എത്തിച്ചു തരണമെന്നും അഭ്യര്‍ഥിച്ച് ഞാന്‍ മറിയത്തിന് ഫോണ്‍ ചെയ്തു. ജൂണ്‍ 20-ന് മറിയം ബാംഗ്ലൂരിലെത്തി നാസിഹ നല്‍കിയ പണം എനിക്കു കൈമാറി. സ്വന്തം ചെലവിലാണ് മറിയം വന്നത്. നാസിഹ മറ്റൊരു പാര്‍സലും കൊടുത്തയച്ചിരുന്നു. ചില സൗന്ദര്യവര്‍ധക വസ്തുക്കളായിരുന്നു ആ പൊതിയില്‍. മറ്റുള്ളത് മറിയം മെനഞ്ഞെടുത്ത കഥയും.

കള്ളം

ജൂണ്‍ 20-ന് ബാംഗ്ലൂരിലേക്കുള്ള എന്റെ യാത്രയില്‍ ഞാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് ചന്ദ്രശേഖര്‍ എന്നു പേരുള്ള ഒരാളെ കണ്ടു. ബാംഗ്ലൂരിലേക്ക് ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര. ഞങ്ങള്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ കൊണ്ടുപോകാന്‍ വണ്ടിയുമായി ഫൗസിയ കാത്തിരിപ്പുണ്ടായിരുന്നു. ചന്ദ്രശേഖറും ഫൗസിയയും കണ്ടപ്പോള്‍ ഹലോ പറഞ്ഞ് ഹസ്തദാനം നല്‍കി. അവര്‍ തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നു എന്ന് എനിക്കു തോന്നി. ഞാനവരെ പരസ്പരം പരിചയപ്പെടുത്താനും മുതിര്‍ന്നില്ല.

യാഥാര്‍ഥ്യം

ജൂണ് 20-ന് മറിയം ബാംഗ്ലൂരിലെത്തിയപ്പോള്‍, അവളെ കൂട്ടിക്കൊണ്ടുവരാനായി ഞാന്‍ വിമാനത്താവളത്തിലെത്തി. വലിയ താടിയുള്ള ഒരാള്‍ക്കൊപ്പമാണ് അവള്‍ പുറത്തേക്കു വന്നത്. ചന്ദ്രശേഖര്‍ എന്നുപറഞ്ഞ് അയാളെ എനിക്കു പരിചയപ്പെടുത്തി. തന്റെ സഹോദരി ഫൗസിയയെന്നു പറഞ്ഞാണ് എന്നെ അയാള്‍ക്ക് പരിചയപ്പെടുത്തിയത്. ജീവിതത്തിലൊരിക്കല്‍പ്പോലും ഞാന്‍ അയാളെ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഞങ്ങള്‍ തമ്മില്‍ പരിചയം പുതുക്കിയെന്ന തരത്തില്‍ മറിയം പറഞ്ഞത് പച്ചക്കള്ളമാണ്.

കള്ളം

ജൂണ്‍ 21-ന് ഫൗസിയ എന്നെ ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് 25000 ഡോളര്‍ അവള്‍ ചന്ദ്രശേഖറിന് കൈമാറി. ഓഫീസിന്റെ ടോയ്ലറ്റിലേക്ക് പോകുംവഴി ഞാനറിയാതെ അതീവ രഹസ്യമായായിരുന്നു അത്്. ചന്ദ്രശേഖര്‍ രണ്ടുപേരെ ഫോണ്‍ വിളിച്ച് ഓഫീസിലേക്ക് വരാന്‍ പറഞ്ഞു. ഫൗസിയയും ചന്ദ്രശേഖറും അവരെ എനിക്ക് പരിചയപ്പെടുത്തി. ശര്‍മയും രമണ്‍ ശ്രീവാസ്തവയുമായിരുന്നു ആ രണ്ടുപേര്‍. ഫൗസിയയ്ക്ക് അവരെ നേരത്തേ അറിയാമായിരുന്നുവെന്ന് എനിക്ക് തോന്നി. അവര്‍ ഇരുവരും ഓഫീസിലെത്തിയപ്പോള്‍, ഫൗസിയ അവരുമായി കുറച്ചുനേരം സംസാരിച്ചു. അതിനുശേഷം ശര്‍മയും രമണ്‍ ശ്രീവാസ്തവയും ഞങ്ങളെ ജിലയുടെ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടന്ന് ഞങ്ങള്‍ സൈനിക ക്യാംപിലേ ക്കാണ് പോയത്. രമണ്‍ ശ്രീവാസ്തവ സൈനിക ഓഫീസറാണെന്ന് ഫൗസിയ എന്നോട് പറഞ്ഞു. സൈനിക ക്ലബ്ബിലെ പൂന്തോട്ടത്തിലുണ്ടാ യിരുന്ന കസേരയില്‍ ഞങ്ങളിരുന്നു. കോള കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ആ രണ്ടുപേര്‍ക്കൊപ്പം റസ്റ്റ് റൂമിലേക്ക് പോവുകയാണെന്ന് ഫൗസിയ എന്നോട് പറഞ്ഞു. എന്നോടവിടെ ഇരിക്കാനും പറഞ്ഞു. റസ്റ്റ് റൂമില്‍ വെച്ച് അവശേഷിക്കുന്ന ഡോളര്‍ ഫൗസിയ അവര്‍ക്കു രണ്ടുപേര്‍ക്കും നല്‍കി. ഒരുപാടു നേരം കഴിഞ്ഞാണ് അവര്‍ പുറത്തേക്കു വന്നത്.

യാഥാര്‍ഥ്യം

ജൂണ്‍ 21-ന് മറിയം ചന്ദ്രശേഖറിനെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ചെല്ലാന്‍ പറഞ്ഞു. മറിയത്തിന്റെ അഭ്യര്‍ഥനയ നുസരിച്ച് ഞാനും ഒപ്പം ചെന്നു. നാസിഹ എനിക്ക് തന്ന 1500 ഡോള റില്‍നിന്ന് 1000 ഇന്ത്യന്‍ രൂപയാക്കി മാറ്റാനും എനിക്ക് ഉദ്ദേശ്യമുണ്ടാ യിരുന്നു. ഇക്കാര്യം ഞാന്‍ ചന്ദ്രശേഖറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ആരെയോ ഫോണില്‍ വിളിച്ചു. 1000 ഡോളറിന് തുല്യമായ രൂപയുമായി ഓഫീസിലെത്തൊന്‍ അദ്ദേഹം ഉടന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ ആ പണത്തിനായി ചന്ദ്രശേഖറിന്റെ ഓഫീസില്‍ കാത്തിരിക്കുമ്പോള്‍, അദ്ദേഹം എന്നോട് ബാംഗ്ലൂരില്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. മകളുടെ വിദ്യാഭ്യാസത്തിനായാണ് ഞാന്‍ ബാംഗ്ലൂരില്‍ താമസിക്കുന്നതെന്നും എന്നാല്‍ ഉയര്‍ന്ന സ്‌കൂള്‍ഫീസുമൂലം ബുദ്ധിമുട്ടുകയാണെന്നും ഞാനദ്ദേഹത്തോട് പറഞ്ഞു. ജിലയുടെ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തിനെ തനിക്ക് നല്ല പരിചയമുണ്ടെന്നും അദ്ദേഹത്തോട് പറഞ്ഞ് സ്‌കൂള്‍ ഫീസിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ രണ്ടുപേര്‍ ഓഫീസിലെത്തെി. അവരെ ചന്ദ്രശേഖര്‍ ഞങ്ങള്‍ക്ക് പരിചയ പ്പെടുത്തി. ഒരാള്‍ ചന്ദ്രശേഖറിന്റെ സുഹൃത്ത് ശര്‍മയായിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ ശര്‍മയുടെ അമ്മാവനും. അദ്ദേഹം റിട്ട. സൈനിക ഓഫീസറായിരുന്നു. ഡോളര്‍ മാറിയെടുത്ത ശേഷം ശര്‍മയും അദ്ദേഹത്തിന്റെ അമ്മാവനും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീടിനു മുന്നില്‍ ഞങ്ങളെയിറക്കി. അതിനു ശേഷം അവിടെനിന്ന് ഞങ്ങളെ സൈനിക ക്ലബ്ബിലേക്കു കൊണ്ടുപോയി. കോളയുമായി ക്ലബ്ബിലെ പൂന്തോട്ടത്തിലിരുന്നു. ഞാനും മറിയവും റസ്റ്റ്ഹൗസിലേക്ക് പോകണമെന്ന് അറിയിച്ചപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് അങ്ങോട്ടുള്ള വഴി കാണിച്ചുതന്നു. ബോര്‍ഡ് നോക്കി ഞങ്ങള്‍ സ്ഥലം കണ്ടുപിടിച്ചു. പെട്ടെന്ന് മറിയത്തിന്റെ മനസ്സു മാറി. ഇന്ത്യ എയിഡ്സ് രോഗികളുടെ കേന്ദ്രമാണെന്നും അതിനാല്‍ പരിചിതമല്ലാത്ത ബാത് റൂം ഉപയോഗിക്കാന്‍ പേടിയാണെന്നും അവള്‍ പറഞ്ഞു. അതോടെ എനിക്കും കുറച്ച് പേടി തോന്നി. പെട്ടെന്നുതന്നെ ഞങ്ങളൊരുമിച്ചു താഴേക്കു പോന്നു. പിന്നീട് ഞങ്ങള്‍ ഓട്ടോ പിടിച്ച് വീട്ടിലെത്തി. അതിനു ശേഷമുള്ള കഥകള്‍ മറിയത്തിന്റെ ഭാവനയാണ്.

കള്ളം

ഒരു ദിവസം ശര്‍മ ഞങ്ങള്‍ താമസിക്കുന്ന വീട്ടില്‍ വന്നു. അദ്ദേഹത്തിന്റെ കൈയില്‍ വലിയൊരു കവറുണ്ടായിരുന്നു. സ്വീകരണമുറിയിലിരുന്ന് ശര്‍മയും ഫൗസിയയും സാറയും സംസാരിച്ചു. ഞാനവിടേക്കു ചെന്നപ്പോള്‍ പുറത്തേക്കു പോകാന്‍ പറഞ്ഞു. മുതിര്‍ന്നവര്‍ സംസാരിക്കുന്നിടത്ത് കൊച്ചുകുട്ടികള്‍ക്ക് കാര്യമില്ല എന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ വീടിനു വെളിയിലേക്കു വന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ശര്‍മ പുറത്തുപോയി. അപ്പോള്‍ അദ്ദേഹത്തിന്റെ കൈവശം കവര്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഞാനാ കവര്‍ ഫൗസിയയുടെ ബാഗില്‍ കണ്ടു. നിരവധി ചാര്‍ട്ടുകളായിരുന്നു അതില്‍. ഫൗസിയ ആ ചാര്‍ട്ട് മാലിയിലേക്കയയ്ച്ചു.

യാഥാര്‍ത്ഥ്യം

ജിലയുടെ വിദ്യാഭ്യാസകാര്യത്തില്‍ തീരുമാനമായപ്പോള്‍, ഞാന്‍ ഫോണ്‍ വിളിച്ച് ചന്ദ്രശേഖറിനും ശര്‍മയ്ക്കും നന്ദി അറിയിച്ചു. അപ്പോള്‍ ഞങ്ങളുടെ വീടിനു സമീപത്തേക്ക് വരുന്നുണ്ടെന്നും ഞങ്ങളെ കൊണ്ടുവിടാമെന്നും ശര്‍മ എന്നോടു പറഞ്ഞു. ഞാനദ്ദേഹത്തിന് ഞങ്ങളുടെ താമസസ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞുകൊടുത്തു. പിറ്റേ ദിവസം രാവിലെ ശര്‍മ ഞങ്ങളുടെ വീടിനു സമീപമെത്തി. ഒരു സുഹൃത്തിനൊപ്പമാണ് അദ്ദേഹം വന്നത്. ആ സമയത്ത് സാറ ഏതാനും കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തുകൊണ്ടിരിക്കയായിരുന്നു. കുട്ടികളെ ശല്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ വീട്ടിലേക്ക് കയറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാനും മറിയവും പുറത്തേക്കു പോകാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു. ഞങ്ങള്‍ ശര്‍മയുടെ വാനില്‍ കയറി. പിന്നീട് കുറച്ചടുത്തുള്ള ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങി വാനിലിരുന്ന് കഴിച്ചു. ശര്‍മയ്ക്ക് കുറെ സ്ഥലങ്ങളില്‍ പോകാനുണ്ടായിരുന്നതിനാല്‍ ഓട്ടോവിളിച്ചാണ് ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങിയത്. ഈ കഥയാണ് മറിയം പരിപൂര്‍ണമായി മാറ്റിപ്പറഞ്ഞത്.

കള്ളം

ആഗസ്ത് എട്ടിന് ഞാന്‍ വീണ്ടും ബാംഗ്ലൂരിലേക്ക് തിരിച്ചുപോയി. ഫൗസിയയുടെ വീട്ടിലാണ് താമസിച്ചത്. ആ സമയത്ത് ഫൗസിയ ശ്രീലങ്കയിലായിരുന്നു. ആഗസ്ത് 27നാണ് അവള്‍ മടങ്ങിയെത്തിയത്. അലി നാസിര്‍ നല്‍കിയ ഒരു പാര്‍സലും അവളുടെ കൈയിലുണ്ടായിരുന്നു അപ്പോള്‍. ആ പാര്‍സല്‍ നല്‍കാനായി അലി നാസിറിന്റെ വീട്ടില്‍ പോയപ്പോള്‍ ഞാനും ഒപ്പമുണ്ടായിരുന്നു. അലി നാസിര്‍ അദ്ദേഹത്തിന്റെ മുറിയില്‍ മറ്റു രണ്ടുപേരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ വീട്ടിനകത്തേക്കു കടന്നപ്പോള്‍ ആ രണ്ടുപേരും എഴുന്നേറ്റു. പുറത്തേക്കു പോകുന്നതിനിടെ ഫൗസിയയോട് ഹലോ എന്ന് പറഞ്ഞു. ഫൗസിയ അവരെ എനിക്കു പരിചയപ്പെടുത്തി. പാകിസ്താന്‍ പൗരന്മാരായിരുന്നു അവര്‍. ഒരാള്‍ മാസര്‍ഖാന്‍. അപരന്‍ ഫഖ്റുദ്ദീനും. അലി നാസിറിന് പാര്‍സല്‍ നല്‍കിയതിനു ശേഷം ഞങ്ങള്‍ മടങ്ങി. വഴിമധ്യേ അവിടെ കണ്ട രണ്ടു പാകിസ്താനികളെ കുറിച്ച് ഞാന്‍ ഫൗസിയയോടു ചോദിച്ചു. നാസിഹ വിവാഹം കഴിക്കുന്നതോടെ മാസര്‍ഖാന്‍ തന്റെ മരുമകനാകാന്‍ പോകുന്നയാളാണെന്നു ഫൗസിയ പറഞ്ഞു. മറ്റേയാള്‍ അവളുടെ ഇപ്പോഴത്തെ ആണ്‍സുഹൃത്താണെന്നും അവള്‍ പറഞ്ഞു.

യാഥാര്‍ഥ്യം

ആഗസ്ത് എട്ടാം തീയതി മറിയം സ്വകാര്യ ആവശ്യത്തിനായി ബാംഗ്ലൂരിലെത്തി. ജിലയുടെ മുറിയിലായിരുന്നു അവള്‍ താമസിച്ചത്. ആഗസ്ത് 27-ന് ഞാനും ബാംഗ്ലൂരില്‍ തിരിച്ചെത്തി. എന്റെ കൈയില്‍ ഏതാനും ഹിന്ദി ഗസലുകളുടെ ഓഡിയോ സി.ഡിയും അതിന്റെ വരികള്‍ എഴുതിയ പേപ്പറുകളും ഉണ്ടായിരുന്നു. അലി നാസിറിന്റെ അമ്മ മറിയം സഈദിന് നല്‍കാനായി മൈസാന്‍ അഹ്മദ് മാണിക് തന്നുവിട്ടതായിരുന്നു അത്. അത് നല്‍കാനായി അലി നാസിറിന്റെ വീട്ടിലേക്കു പോയപ്പോള്‍ മറിയവും എന്നോടൊപ്പം വന്നു. വികിന്‍സ് എന്ന് പേരുള്ള ഒരാളുമായി സംസാരിച്ചിരിക്കുകയായിരുന്നു ഞങ്ങള്‍ ചെന്നപ്പോള്‍ അലി നാസിര്‍. അലി നാസിറിനെ വളരെ സഹായിച്ച വ്യക്തിയായിരുന്നു അത്. മറിയം സഈദ് അവരുടെ മുറിയിലായിരുന്നു. കുറച്ചുനേരം അവര്‍ക്കൊപ്പമിരുന്ന് ഞങ്ങള്‍ വീട്ടിലേക്കു മടങ്ങി. അല്ലതെ മറിയം പറഞ്ഞതൊന്നുമല്ല സംഭവിച്ചത്.

കള്ളം

മാലിയിലേക്കു പോകുന്നതിന്റെ ഭാഗമായി സെപ്തംബര്‍ 17-ന് ഞാനും ഫൗസിയയും ട്രെയിന്‍ മാര്‍ഗ്ഗം തിരുവനന്തപുരത്തെത്തി. ടിക്കറ്റ് ശരിയാകുന്നതുവരെ സമ്രാട്ട് ഹോട്ടലില്‍ തങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ ഹോട്ടലിലെത്തിയ ഉടന്‍ ശശികുമാര്‍ ഫൗസിയയ്ക്ക് ഫോണ്‍ ചെയ്ത് സമ്രാട്ടില്‍ വെച്ച് കാണാമെന്നു പറഞ്ഞു. ഫൗസിയ എന്നെ ശശികുമാറിന് പരിചയപ്പെടുത്തി. അദ്ദേഹം ബഹികാരാകാശ ശാസ്ത്രജ്ഞനാണെന്നാണ് എന്നോടു പറഞ്ഞത്. ഫൗസിയ അദ്ദേഹത്തോടൊപ്പം പതിവായി പുറത്തുപോകാറുണ്ടായിരുന്നു. എന്നാല്‍ ഒരുതവണപോലും അവര്‍ എന്നെ കൂടെ കൂട്ടിയില്ല. ഒരിക്കല്‍ ഒരു ദിവസം മുഴുവന്‍ ഫൗസിയ അദ്ദേഹത്തോടൊപ്പമായിരുന്നു. ഒരു യാത്ര പോവുകയാണെന്നാണ് എന്നോടു പറഞ്ഞത്. അന്നു പോയപ്പോള്‍ ബന്ധുവായ മുഹമ്മദ് നഈമിന്റെ കാമറയും കൈയില്‍ കരുതിയിരുന്നു. അവര്‍ ഒരുപാട് ഫോട്ടോകളുമെടുത്തു.

യാഥാര്‍ഥ്യം

ആഗസ്ത് 27-ന് ബാംഗ്ലൂരില്‍ തിരിച്ചെത്തിയപ്പോള്‍, ഡോ. ആനന്ദ് എന്ന വ്യക്തിയുമായി ബന്ധമുള്ള കാര്യം മറിയം എന്നോട് പറഞ്ഞു. അതേ മാസം 31-ന് അദ്ദേഹം അവളെ കാണാന്‍ വരുമെന്നും പറഞ്ഞു. ബാംഗ്ലൂരുകാരനായ ഡോ. ആനന്ദ് സാറയുടെയും അവളുടെ അമ്മാവന്റെയും സുഹൃത്താണ്. എന്നാല്‍ 31-ന് ആനന്ദ് മറിയത്തെ കാണാന്‍ വന്നില്ല. ആനന്ദിന്റെ ബാംഗ്ലൂരിലെ വീട്ടിലേക്ക് മറിയം ഫോണ്‍ ചെയ്തെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. ഞങ്ങള്‍ മാലിയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആനന്ദിനെ കാണാനായി ഒടുവില്‍ മറിയം ചന്ദ്രശേഖറിന്റെ സഹായം തേടി. ഈയാവശ്യത്തിന്റെ ഭാഗമായി ഞങ്ങള്‍ ചന്ദ്രശേഖറിന്റെ ഓഫീസിലെത്തി. ആനന്ദിന്റെ ഫോണ്‍ നമ്പര്‍ ചന്ദ്രശേ ഖറിനു നല്‍കിയ മറിയം അദ്ദേഹത്തെ എങ്ങനെയെങ്കിലും കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. അദ്ദേഹം ഏറ്റു. തിരുവനന്തപുരത്ത് തനിക്ക് ഒരു ഡോക്ടര്‍ സുഹൃത്തുണ്ടെന്നും വൈദ്യസംബന്ധമായതോ അല്ലാത്തതോ ആയ ആവശ്യത്തിന് മറിയത്തിന് അദ്ദേഹവുമായി ബന്ധ പ്പെടാമെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. ആ ഡോക്ടറുടെ പേരും ഫോണ്‍നമ്പറും അദ്ദേഹം മറിയത്തിനു നല്‍കി. ശശി കുമാറായിരുന്നു അത്. മറിയത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ശശികുമാറിന് ഫോണ്‍ ചെയ്യുകയുമുണ്ടായി. മാലിദ്വീപ് സ്വദേശിയാണ് മറിയം റഷീദയെന്നും പറഞ്ഞു. മറിയം റഷീദയ്ക്ക് ശശികുമാര്‍ സമ്രാട്ട് ഹോട്ടലിന്റെ നമ്പറും നല്‍കി.

ഞങ്ങള്‍ വൈകീട്ട് മൂന്നോടെയാണ് തിരുവനന്തപുരത്തെത്തിയത്. അന്ന് വൈകുന്നേരംതന്നെ ശശികുമാര്‍ മറിയത്തെ വിളിച്ചു ഭാര്യയ്‌ക്കൊപ്പം മറിയത്തെ കാണാന്‍ വരുമെന്ന് പറഞ്ഞു. രണ്ടുപേര്‍ കാണാന്‍ വന്നതായി ഹോട്ടല്‍ റിസപ്ഷനില്‍നിന്ന് അറിയിച്ചപ്പോള്‍ മറിയം തഴേക്ക് ചെന്നു. ഞാന്‍ മുറിയില്‍തന്നെയിരുന്നു. അതിനു ശേഷം മറിയം സ്ഥിരമായി ശശികുമാറുമായി ഫോണില്‍ സംസാരിച്ചു. ചിലപ്പോള്‍ അദ്ദേഹം അവളെ പുറത്തേക്ക് ഡിന്നറിനു ക്ഷണിച്ചു. രണ്ടുതവണ മാത്രമാണ് ഞാന്‍ ശശികുമാറിനെ കണ്ടത്. അവര്‍ ഇരുവരും സുഹൃത്തുക്കളായി കഴിഞ്ഞ് 10ദിവസത്തിനു ശേഷമായിരുന്നു അത്. ഒരു ദിവസം മറിയം ശശികുമാറിനെ ഞങ്ങളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അന്നാ ദ്യമായി ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. ജിലയുടെ വിസകാലാവധി അവസാനിക്കുന്നതും അവളെ മാലിയിലെത്തിക്കുന്നതും സംബന്ധിച്ചായിരുന്നു ഞങ്ങളുടെ സംസാരം. എന്തു ചെയ്യണമെന്ന് അദ്ദേഹം എനിക്കു വിശദീകരിച്ചുതന്നു. മറിയവും ഉണ്ടായിരുന്നു അപ്പോള്‍. ഹോട്ടലിലെ ഒന്നാംനിലയില്‍ ടി.വി കണ്ടുകൊണ്ടിരുന്നപ്പോള്‍ ഒരിക്കല്‍ അദ്ദേഹം അതുവഴി കടന്നുപോയി. എന്നെ കണ്ടപ്പോള്‍ പരിചയം പുതുക്കി പുഞ്ചിരിച്ചു. അന്ന് ഞങ്ങളൊന്നും സംസാരിച്ചിരുന്നില്ല.

ഒരിക്കല്‍ മുഹമ്മദ് നഈമിനും ഭാര്യയ്ക്കും അമ്മയ്ക്കും അദ്ദേഹത്തിന്റെ ഇളയ സഹോദരനും തിരുവനന്തപുരത്ത് താമസിക്കുന്ന മറ്റൊരു മാലിദ്വീപിയന്‍ കുടുംബത്തിനുമൊപ്പം ഞാന്‍ ഔട്ടിങ്ങിനു പോയി. ഡാം കാണുകയായിരുന്നു ലക്ഷ്യം. ഞങ്ങള്‍ ഒരുപാട് ഫോട്ടോ കള്‍ എടുത്തിരുന്നു. പെട്ടെന്ന് അദ്ദേഹം കാമറ തുറന്നപ്പോള്‍ ഫിലിമിനു കേടുപറ്റി. ഈ കാര്യം ഞാനും നഈമും മറിയത്തോട് പറഞ്ഞിരുന്നു. അന്നത്തെ യാത്രയ്ക്ക് മറിയത്തെയും ഞങ്ങള്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ അവള്‍ ഇല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയതാണ്. അക്കാലത്ത് ശശികു മാര്‍ ബഹിരാകാശ ശാസ്ത്രജ്ഞനാണെന്ന് ഞാനും മറിയവും അറിഞ്ഞിരുന്നില്ല. ഇന്‍സ്പെക്ടര്‍ വിജയകുമാര്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ് അക്കാര്യം അറിയുന്നത്. വിജയനാണ് ഇക്കാര്യം ഞങ്ങളോട് പറഞ്ഞത്.

കള്ളം

രാത്രി ഒമ്പതുമണിയായപ്പോള്‍ ശശികുമാര്‍ ഫൗസിയയെ കാണാന്‍ ഹോട്ടലിലെത്തി. അദ്ദേഹത്തിന്റെ കൈയില്‍ വലിയൊരു കവറുണ്ടായിരുന്നു. കൂടെ മറ്റൊരാളും. നമ്പി നാരായണന്‍ എന്നാണ് അദ്ദേഹത്തിന്റെ പേരെന്ന് ഫൗസിയ എന്നോടു പറഞ്ഞു. അദ്ദേഹവും ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്നു. ശശികുമാര്‍ നല്‍കിയ കവര്‍ ഫൗസിയയുടെ ബാഗില്‍ കണ്ടെത്തി. നിരവധി ചാര്‍ട്ടുകളും ഫോട്ടോകളുമായിരുന്നു അതില്‍. ചില പ്രത്യേക സ്ഥലങ്ങളെ ചാര്‍ട്ടില്‍ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. പ്രധാനപ്പെട്ട ഭാഗം എന്ന് ചാര്‍ട്ടിന്റെ മുകളില്‍ എഴുതിയിരുന്നു. വിവിധ ഭാഗങ്ങളില്‍നിന്നെടുത്ത കെട്ടിടങ്ങളുടെയും റോക്കറ്റ് ഉപഗ്രഹങ്ങളുടെയും ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്.

യാഥാര്‍ഥ്യം

അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല. പൊലീസ് കസ്റ്റഡിയില്‍ വെച്ചാണ് ഞാന്‍ ആദ്യമായി നമ്പി നാരായണന്റെ പേരു കേള്‍ക്കുന്നത്. സി.ബി.ഐ കസ്റ്റഡിയിലായിരിക്കുമ്പോഴാണ് അദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത്. മറ്റുള്ളതെല്ലാം മറിയം കെട്ടിച്ചമച്ച കഥകളാണ്.

കള്ളം

ഞങ്ങള്‍ തിരുവനന്തപുരത്തായിരിക്കുമ്പോള്‍ നാസിഹ തിരുവനന്തപുരം വഴിയാണ് ബാംഗ്ലൂരിലേക്കു പോയത്. നാസിഹയെ കാണാനായി ഫൗസിയ വിമാനത്താവളത്തിലേക്കു ചെന്നു. ഞാനും ഒപ്പമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് നാസിഹ ഫൗസിയയ്ക്ക് ഒരു പാര്‍സല്‍ കൈമാറി. ഫൗസിയ തിരിച്ചും ഒരു പാര്‍സല്‍ അവള്‍ക്കു നല്‍കി. പിന്നീട് ഞാന്‍ ഫൗസിയയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ആ പാര്‍സലില്‍ 25,000 യു.എസ് ഡോളറായിരുന്നുവെന്ന് കണ്ടെത്തി.

യാഥാര്‍ഥ്യം

സെപ്തംബര്‍ 21-ന് ഞങ്ങള്‍ തിരുവനന്തപുരത്ത് താമസിക്കുമ്പോള്‍, അതുവഴിയായിരുന്നു നാസിഹയുടെ ബാംഗ്ലൂര്‍ യാത്ര. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് ഞാന്‍ നാസിഹയെ കണ്ടു. മറിയവും സുഹൃത്ത് നസീറും ഒപ്പമുണ്ടായിരുന്നു. അവിടെ വെച്ച് നാസിഹ എനിക്ക് 100 ഡോളറിന്റെ നോട്ട് തന്നു. ഞാനൊരു ചെറിയ ബാഗും അവള്‍ക്കു നല്‍കി. ജിലയ്ക്കായുള്ള ലഞ്ച് ബോക്സായിരുന്നു ബാഗില്‍. മറ്റുള്ളതെല്ലാം മറിയത്തിന്റെ ഭാവനാസൃഷ്ടിയാണ്.

കള്ളം

ഒരിക്കല്‍ മുഹമ്മദ് നഈമും ഫൗസിയയും മോട്ടോര്‍ബൈക്കില്‍ കുറെ സ്ഥലങ്ങളില്‍ പോയി നിരവധി ഫോട്ടോകളെടുത്തു. അന്നു വൈകുന്നേരം തന്നെ ഹോട്ടല്‍ സമ്രാട്ടിനു പുറത്ത് ഫൗസിയയും നഈമും ശശികു മാറുമായി സംസാരിച്ചു നില്‍ക്കുന്നതും കണ്ടു.

യാഥാര്‍ഥ്യം

മുഹമ്മദ് നഈം സമ്രാട്ട്ഹോട്ടലില്‍ വന്ന് മടങ്ങുമ്പോള്‍ ഞാനും അദ്ദേഹത്തെ അനുഗമിച്ചു. അദ്ദേഹം ഓട്ടോയില്‍ കയറിപ്പോകുന്നതുവരെ ഞാന്‍ ഹോട്ടലിന്റെ മുന്നിലില്‍ നിന്നു. മറ്റാരും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല. ഇന്ത്യയിലായിരിക്കുമ്പോള്‍ നഈം എന്നെയുംകൊണ്ട് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിട്ടില്ല. ഇവിടെയായിരിക്കുമ്പോള്‍ അദ്ദേഹത്തിന് മോട്ടോര്‍ സൈക്കിള്‍ ഉണ്ടോ എന്ന കാര്യവും എനിക്കറിയില്ല. അതു മറിയത്തിന്റെ ഭാവനയാണ്.

കള്ളം

സാറ ഫൗസിയയ്ക്ക് നിരവധി കത്തുകള്‍ അയച്ചു. ചാല ബസാറിലെ കരീം എന്നയാളുടെ കടയിലേക്കായിരുന്നു ഈ കത്തുകളത്രയും അയച്ചത്. ഒരു കൊച്ചുകുട്ടിയാണ് കത്തുകള്‍ ഫൗസിയയ്ക്ക് കൈമാറിയിരുന്നത്. വാതില്‍ക്കല്‍ മുട്ടുകേള്‍ക്കുമ്പോള്‍ ഫൗസിയ ചെന്ന് തുറക്കും. ആ കുട്ടി കത്തുകള്‍ നിറച്ച കവര്‍ കൈമാറും. ഈ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഡോളര്‍ വില്‍ക്കാനുണ്ടോ എന്നന്വേഷിച്ച് വന്നതാണെന്നു പറഞ്ഞു. എല്ലാ കത്തുകളിലും അലി നാസിറിന്റെ കംപ്യൂട്ടറില്‍നിന്ന് ചെക്ക് ചെയ്തതാണ് എന്ന് എഴുതിയിട്ടുണ്ടായിരുന്നു. നിരവധി ചാര്‍ട്ടുകളും അതോടൊപ്പം കണ്ടു. മാലിദ്വീപ് സ്വദേശിയായ റമീസ് വഴി അതെല്ലാം മാലിയിലേക്കു കടത്താനായിരുന്നു ഫൗസിയയുടെ പദ്ധതി. അക്കാലത്ത് റമീസ് താമസിച്ചിരുന്നതും സമ്രാട്ട് ഹോട്ടലിലായിരുന്നു.

യാഥാര്‍ഥ്യം

ജിലയുടെ പാസ്പോര്‍ട്ട് കോപ്പിയും സ്‌കൂള്‍ അധികൃതര്‍ അനുവദിച്ച വിസയുടെ പകര്‍പ്പും സമ്രാട്ട് ഹോട്ടലിലേക്ക് ഫാക്സ് ചെയ്യാന്‍ ഞാന്‍ സാറയോട് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. അന്ന് ആ ഹോട്ടലില്‍ താമസിച്ചിരുന്ന റമീസ് ജിലയുടെ വിസ ശരിയാക്കാന്‍ സഹായിക്കാമെന്ന് എന്നോട് പറഞ്ഞു. ഹോട്ടല്‍ റിസപ്ഷനില്‍നിന്ന് സാറയയച്ച പകര്‍ പ്പുകള്‍ കിട്ടി. അന്ന് വാതിലില്‍ മുട്ടുകേട്ടപ്പോള്‍ മറിയം തുറന്നു. ആരാണെന്നു ചോദിച്ചപ്പോള്‍ ഡോളര്‍ വില്‍ക്കാനുണ്ടോ എന്ന് ചോദിച്ച് ഒരാള്‍ വന്നതാണെന്ന് പറഞ്ഞ് മറിയം വാതിലടച്ചു. ആ സമയത്ത് റമീസ് മാലിയിലേക്കു പോയിരുന്നു. അദ്ദേഹത്തിന്റെ കൈവശം ഞാന്‍ ഒന്നും കൊടുത്തയച്ചിട്ടില്ല. അതെല്ലാം മറിയം വെറുതെ പറഞ്ഞുണ്ടാക്കിയതാണ്.

കള്ളം

ഹോട്ടല്‍ ഹൈലാന്റില്‍ താമസിക്കുന്ന മാലിദ്വീപ് സ്വദേശിയായ ആദം അബ്ദുല്ല, ഫൗസിയയുടെ സന്ദര്‍ശനാര്‍ഥം മൂന്നു മുറികള്‍കൂടി വാടകയ്‌ക്കെടുത്തു. അയാള്‍ ഫൗസിയയ്ക്ക് മൂന്ന് പാര്‍സലുകള്‍ നല്‍കി. ഒരു പാര്‍സലിന്റെ പുറത്ത് ഫൗസിയയുടെ പേര്‍ എഴുതിയിരുന്നു. അതില്‍ 10,000 ഡോളറായിരുന്നു. രണ്ടാമത്തേത് ശശികുമാറിന്റെ പേരിലും. അതില്‍ 25000 ഡോളറായിരുന്നു ഉണ്ടായിരുന്നത്. ഈ രണ്ട് പാര്‍സലും ഞാന്‍ ഫൗസിയയുടെ ബാഗില്‍ കണ്ടതാണ്. കൗതുകം തോന്നി തുറന്നു നോക്കുകയായിരുന്നു.

യാഥാര്‍ഥ്യം

സുഹൃത്തായ നസീറ ഹോട്ടല്‍ ഹൈലാന്റില്‍ താമസിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍, ഞാന്‍ അവളെ ഫോണില്‍ വിളിച്ച് സംസാരിച്ചു. നസീറ അമ്മയും ഇളയസഹോദരിയും ഭര്‍ത്താവ് ആദം അബ്ദുല്ലയുമായി ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നതായി സംഭാഷണത്തിനിടെ പറഞ്ഞു. അവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ മൂന്നു മുറികള്‍ ആദം അബ്ദുല്ലയുടെ പേരില്‍ ബുക്ക് ചെയ്തതായി റിസപ്ഷനില്‍നിന്നറിഞ്ഞു. നസീറയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ മറിയവും എന്റെയൊപ്പം ഉണ്ടായിരുന്നു. ആദം അബ്ദുല്ല ആരാണെന്ന് അവളെന്നോട് ചോദിച്ചു. ആദം ഒരിക്കലും എന്നെ കാണാന്‍ വന്നിട്ടില്ല. ബാക്കിയുള്ളത് മറിയം പടച്ചുണ്ടാക്കിയ കഥകളാണ്.

കള്ളം

എന്റെ വിസ നീട്ടിക്കിട്ടുന്നതിന്റെ ഭാഗമായി ഫൗസിയയും ഞാനും പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ പോയി. പൊലീസ് ഫൗസിയയുടെ പാസ്പോര്‍ട്ട് ആവശ്യപ്പെട്ടു. സമ്രാട്ട് ഹോട്ടലിലായിരുന്ന പാസ്പോര്‍ട്ട് പൊലീസ് ജീപ്പില്‍ പോയി എടുത്തുകൊണ്ടുവന്നു. ഞങ്ങളുടെ റൂമിലെ ടെലിഫോണ്‍ ബില്ല് പരിശോധിച്ചതുവഴി ശശികുമാര്‍ ഇടയ്ക്കിടെ വിളിച്ചതായി കണ്ടെത്തിയ പൊലീസ് അതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. പൊലീസ് പോയപ്പോള്‍ ഫൗസിയ കുറെ പേപ്പറുകള്‍ ടോയ് ലറ്റില്‍ വെച്ച് കത്തിച്ചു. തന്റെ ഫോണ്‍ബുക്കില്‍ നിരവധി ടെലിഫോണ്‍ നമ്പറുകള്‍ എഴുതി സൂക്ഷിക്കാറുണ്ടായിരുന്നു. ആദ്യത്തെയും അവസാനത്തെയും നമ്പറുകള്‍ ഒഴിവാക്കും. എന്നോടും അങ്ങനെ ചെയ്യാന്‍ പറയാറുണ്ട്.

യാഥാര്‍ഥ്യം

ഒക്ടോബര്‍ 12-ന് മറിയത്തിന്റെ വിസ നീട്ടിക്കിട്ടുന്നതുമായി ബന്ധപ്പെട്ട് ഞാനും അവളും പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ പോയി. പൊലീസ് ഓഫീസര്‍ എന്റെ പാസ്പോര്‍ട്ട് ആവശ്യപ്പെട്ടു. അത് ഹോട്ടലിലായിരുന്നതിനാല്‍, പൊലീസ് ജീപ്പില്‍ പോയി ഞങ്ങളത് എടുത്തു കൊണ്ടുവന്നു. ഞങ്ങളുടെ മുറിയില്‍നിന്ന് ആരെയൊക്കെ വിളിച്ചിട്ടുണ്ടെന്നറിയാന്‍ പൊലീസ് ഹോട്ടലിലെ ടെലിഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടു. ആ നമ്പര്‍ പരിശോധിക്കുന്ന വേളയില്‍ ശശികുമാറിന്റെ പേര്‍ ശ്രദ്ധയില്‍ പെട്ട പൊലീസ് ഞങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. മറിയത്തെ ആണ് ശശികുമാര്‍ വിളിച്ചതെന്ന് ഓഫീസറോട് പറഞ്ഞു. മറിയവും ശശികുമാറിനെ വിളിച്ചിരുന്നു. പൊലീസ് മടങ്ങിയപ്പോള്‍, മറിയം കുറെ പേപ്പറുകള്‍ ടോയ്ലറ്റില്‍ കൊണ്ടുപോയി കത്തിച്ചു. ഞാന്‍ നിരവധി ടെലിഫോണ്‍ നമ്പറുകള്‍ എന്റെ ഫോണ്‍ബുക്കില്‍ എഴുതിവെക്കാറുണ്ടായിരുന്നു. ടോയ്ലറ്റില്‍ വെച്ചോ മറ്റോ ഞാനൊന്നുംതന്നെ കത്തിച്ചു കളഞ്ഞിട്ടില്ല. മറിയം സമര്‍ഥമായി ഈ കഥ മാറ്റിപ്പറയുകയായിരുന്നു.

വിധിക്കുശേഷം ഒരു (ചാര) വനിതയുടെ വെളിപ്പെടുത്തലുകള്‍

ഐ എസ് ആര്‍ ഒ ചാരക്കേസ്സിലെ ഫൗസിയ ഹസന്റെ അനുഭവങ്ങള്‍

പ്രസാദ്ധകര്‍: ഡിസി ബുക്ക്‌സ്

വിവര്‍ത്തനം: ആര്‍ കെ ബിജുരാജ്, പി ജസീല

വില: 260/-

https://www.azhimukham.com/offbeat-isro-spy-case-scientist-nambi-narayanan-and-other-victims-sensationalism-in-malayalam-journalism/

https://www.azhimukham.com/explainer-how-cia-controlled-the-right-wing-politics-on-a-isro-spy-case-in-kerala/

https://www.azhimukham.com/isro-spy-case-victim-scientist-nambi-narayanan-interview-by-saju-komban/

https://www.azhimukham.com/trending-nambi-narayanan-reveals-about-the-media-trial-he-faced/

https://www.azhimukham.com/trending-nambi-narayanan-interview-kalakaumudi-highlights/

https://www.azhimukham.com/trending-isro-spy-case-investigating-officers-threatened-to-rape-daughter-fauzia-hassan-demand-compensation/

Next Story

Related Stories