TopTop
Begin typing your search above and press return to search.

'ആദികവിത ചോരതുപ്പുമ്പോൾ'; ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിനെ കുറിച്ച് ജിനേഷ് എഴുതി

ഇന്നലെ അന്തരിച്ച യുവ കവി ജിനേഷ് മടപ്പള്ളിയുടെ അവസാന കവിതകളില്‍ ഒന്ന്. 'ആദികവിത ചോരതുപ്പുമ്പോൾ' ഈ കവിത മാര്‍ച്ച് 13നാണ് ജിനേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 'രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍’ അടക്കം രണ്ട് കവിതാ സമാഹാരങ്ങള്‍ ജിനേഷ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടതിനു ശേഷം

എഴുതപ്പെടുന്ന കവിതകൾ

വൈകിയെത്തിയവയാണ്

നേരത്തേ പുറപ്പെടാഞ്ഞതിന്റെ

കുറ്റബോധവും പേറിയാണ് അത് വരുന്നത്

സാക്ഷിമൊഴിയായി അവ പരിഗണിക്കപ്പെടുകയില്ല

ന്യായാധിപൻ വായിക്കണമെന്നില്ല

എങ്കിലും വഴിപിഴച്ച നീതിക്ക് അതൊരു ചൂണ്ടുപലകയാവാം.

മധൂ,

കാടുകയറേണ്ടത്

പതിനേഴാമത്തെ വയസ്സിലാണെന്ന്

കവികളെപ്പൊലെ നീയും അറിഞ്ഞോ

നീ മറ്റൊന്നുമായിരുന്നില്ല

ഉള്ളിലും പുറത്തും പൂത്തുലഞ്ഞ കാട്

അകത്തെ കാടിന്റെ മുഴക്കം

പിടിച്ചെടുക്കാനാവാത്തവർ

ഞങ്ങൾക്ക് അന്നവും വെള്ളവും അഭയവും തന്നു

അതിന്റെ ഇരമ്പം കേട്ടവർ

നിന്നോട് കാണിച്ചതിൽ പലതും

ഞങ്ങളോടും കാണിച്ചു

കറപിടിച്ച ആ സഞ്ചിക്കകത്തെ

വൻമുതലുകൾ എന്തൊക്കെയായിരുന്നു

കൽക്കരി പാടങ്ങളേയും

പാറമടകളേയും

വനസഞ്ചയങ്ങളേയും

തീറെഴുതിക്കൊടുത്തതിന്റെ

അസ്സൽ രസീതികൾ

കൊന്നും കൊല്ലിച്ചും ആളെകൂട്ടുന്ന ക്വട്ടേഷൻ മേപ്പുകൾ

അല്ല

ഒരു പിടി അരി

വേവിക്കാനറിയാതെ

വേവുന്നവന്

എന്തിനായിരിക്കണം

വിശക്കുമ്പോൾ

മറ്റുള്ളവർ കഴിക്കുന്നതിന്റെ

നേർത്ത ഓർമ പുതുക്കലുകൾ മാത്രമായിരുന്നു അത്

പിന്നെ മല്ലി

അരികിലില്ലാത്ത അമ്മയുടെ പേരുള്ള

പൊടിപാക്കറ്റ്

എഴുതിയിട്ടും

എഴുതിയിട്ടും ആർത്തി മാറാതെ

ഞങ്ങൾ മരണത്തെ

കവിതകളിൽ നിരത്തി

പേര് ചോദിച്ചപ്പോൾ

മരിച്ച അച്ഛന്റെ പേര് പറഞ്ഞ്

അത്തരം കവിതകൾക്കെല്ലാം

നീ ഒറ്റശീർഷകം നൽകി

ജീവിച്ചിരിക്കാനുള്ള അർഹതയുടെ

മുഴുവൻ തെളിവുകളേയും ഒഴുക്കിക്കളഞ്ഞു

നിന്റെ ഭാഷ

തച്ചുടക്കപ്പെട്ടില്ലായിരുന്നെങ്കിൽ

നീ കവിതകളെഴുതുമായിരുന്നു

നിന്റെ ലിപിയിലെ വക്കടർന്ന ചില അക്ഷരങ്ങളെ എത്തിച്ചുതരട്ടെ

എഴുതുമോ നീ

നിനക്ക് പ്രിയപ്പെട്ട

പാറയിടുക്കിനേയും തേക്കിൻകൂപ്പിനേയും തൊട്ട്

അരുവികളേയും

മീൻചാട്ടങ്ങളേയും പിന്നിട്ട്

ഉടലിനാൽ എഴുതപ്പെട്ട

ഏറ്റവും ദയനീയമായ

അവസാനത്തെ കവിതപോലെയല്ല

ജീവിതം ഉരുക്കിവാറ്റി

കാട്ടുചൂര് നിറച്ച കവിത

തീർച്ചയായും എഴുതണം

നീ അത്രമേൽ

ഞങ്ങളിൽ പെട്ടവനാണ്

http://www.azhimukham.com/literature-poet-jinesh-madappally-passed-away/


Next Story

Related Stories