Top

ജ്ഞാനപീഠ ജേതാവ് കൃഷ്ണ സോബ്തി അന്തരിച്ചു

ജ്ഞാനപീഠ ജേതാവ് കൃഷ്ണ സോബ്തി അന്തരിച്ചു
വിഖ്യാത ഹിന്ദി എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ കൃഷ്ണ സോബ്തി അന്തരിച്ചു. 93 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി അവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാലാഴ്ചയോളമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഫെബ്രുവരിയില്‍ 94 വയസ് പൂര്‍ത്തിയാകാനിരിക്കുകയായിരുന്നു.

1966ല്‍ പ്രസിദ്ധീകരിച്ച 'മിത്രോ മാര്‍ജാനി' എന്ന നോവല്‍ അടക്കം നിരവധി ശ്രദ്ധേയ കൃതികള്‍ എഴുതി. വിവാഹിതയായ സ്ത്രീയുടെ ലൈംഗിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത ഈ നോവല്‍ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 1980ല്‍ പ്രസിദ്ധീകരിച്ച സിന്ദഗീനാമ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ദാര്‍ സേ ബച്ചൂരി, സൂരജ്മുഖി അന്ധേരെ കെ, യാരോം കേ യാര്‍ തുടങ്ങിയവയാണ് നോവലുകള്‍. ദര്‍വാരി, ഗുജ്രത്ത് പാകിസ്താന്‍ സേ ഗുജറാത്ത് ഹിന്ദുസ്ഥാന്‍ തുടങ്ങിയ കൃതികളും ശ്രദ്ധേയമായി. ഹഷ്മത് എന്ന തൂലികാനാമത്തിലും എഴുതി.

ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയില്‍ ഗുജ്രതില്‍ (ഇപ്പോള്‍ പാകിസ്താനില്‍) ആണ് 1925 ഫെബ്രുവരി 18ന് കൃഷ്ണ സോബ്തിയുടെ ജനനം. ഡല്‍ഹിയിലും ഷിംലയിലുമായാണ് വിദ്യാഭ്യാസം. ലാഹോറിലെ ഫത്തേചന്ദ് കോളേജിലും പഠിച്ചു. എന്നാല്‍ ഇന്ത്യ വിഭജന സമയത്ത് പഠനം പൂര്‍ത്തിയാക്കാതെ ലാഹോര്‍ വിട്ടുപോന്നു. 1944ല്‍ ലാമ, നഫീസ തുടങ്ങിയ ചെറുകഥകളിലൂടെയാണ് കൃഷ്ണ സോബ്തി സാഹിത്യരചന രംഗത്ത് ചുവടുറപ്പിക്കുന്നത്. വിഭജനം സംബന്ധിച്ച സിക്ക ബദല്‍ ഗയാ എന്ന കഥ ശ്രദ്ധേയമായി. പ്രതീക് മാഗസിന്റെ എഡിറ്ററായിരുന്ന സച്ചിദാനന്ദ വാത്സ്യായന്‍ ഈ കഥ പ്രസിദ്ധീകരിച്ചു. ഏഴുത്തുകാരിയായി തുടരാന്‍ തന്നെ പ്രേരിപ്പിച്ചത് ഇതാണ് എന്ന് കൃഷ്ണ സോബ്തി പിന്നീട് പറഞ്ഞിരുന്നു. പിന്നീട് 1958ല്‍ ദര്‍ സേ ബിച്ചഡി എന്ന നോവലും വിഭജനം സംബന്ധിച്ച് എഴുതി. മിത്രോ മാര്‍ജാനിയാണ് എവരെ എഴുത്തുകാരിയെന്ന നിലയില്‍ പ്രശസ്തയാക്കിയത്. ഈ കൃതിയാണ് ആദ്യം ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. ഇംഗ്ലീഷ്, റഷ്യന്‍, സ്വീഡിഷ് ഭാഷകളിലേയ്ക്ക് കൃഷ്ണയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.

തന്റെ പുസ്തകത്തിന്റെ തലക്കെട്ടിനോട് സാമ്യമുള്ളത് ഉപയോഗിച്ച് പകര്‍പ്പവകാശം ലംഘിച്ചെന്ന് ആരോപിച്ച് വിഖ്യാത പഞ്ചാബി എഴുത്തുകാരി അമൃത പ്രീതത്തിനെതിരെ കൃഷ്ണ സോബ്തി കേസ് ഫയല്‍ ചെയ്തിരുന്നു. 1984ല്‍ ഹര്‍ദത്ത് കാ സിന്ദഗിനാമ എന്ന അമൃത പ്രീതത്തിന്റെ പുസ്തകത്തിന്റെ പേരിലായിരുന്നു ഇത്. കേസില്‍ സോബ്തിക്ക് അനുകൂലമായി വിധി വന്നു. പക്ഷെ അമൃത പ്രീതം അന്തരിച്ച് ആറ് വര്‍ഷത്തിന് ശേഷം 2011ലാണ് എന്ന് മാത്രം. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പരമോന്നത പുരസ്‌കാരമായ ഫെല്ലോഷിപ്പ് 1996ല്‍ നേടി. 2017ലാണ് ജ്ഞാനപീഠം കൃഷ്ണയെ തേടിയെത്തിയത്. 70ാം വയസില്‍ സമപ്രായക്കാരനായ ദോഗ്രി എഴുത്തുകാരന്‍ ശിവ്‌നാഥിനെ വിവാഹം കഴിച്ചു. ഇരുവരും ഒരു വര്‍ഷം ഒരേ ദിവസം ജനിച്ചവരായിരുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് ശക്തമായ വര്‍ഗീയ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ഫെല്ലോഷിപ്പും അവര്‍ തിരിച്ചുനല്‍കി. 2010ല്‍ പദ്മഭൂഷണ്‍ പുരസ്‌കാരം നേടിയെങ്കിലും ഇത് വാങ്ങാതെ നിരസിച്ചു. എഴുത്തുകാര്‍ അധികാര കേന്ദ്രങ്ങളില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ കൃഷ്ണ സോബ്്തിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. എഴുത്തിലും ജിവിതത്തിലും ധീരതയും സ്വാതന്ത്ര്യബോധവും പുരോഗമന മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച എഴുത്തുകാരിയായിരുന്നു കൃഷ്ണ സോബ്തി എന്ന് യെച്ചൂരി അനുസ്മരിച്ചു.

Next Story

Related Stories