TopTop
Begin typing your search above and press return to search.

പത്രാധിപര്‍ തിരക്കഥ മോഷ്ടിച്ച കഥ അഥവാ ബഷീറിന്റെ മതിലുകളുടെ ജനനം

പത്രാധിപര്‍ തിരക്കഥ മോഷ്ടിച്ച കഥ അഥവാ ബഷീറിന്റെ മതിലുകളുടെ ജനനം
ഓണപ്പതിപ്പും മറ്റും മുന്നില്‍ കണ്ട് രചനകള്‍ നേരത്തെ തയാറാക്കി വയ്ക്കുകയും അവ പത്രാധിപന്മാര്‍ക്ക് വളരെ മുന്‍പേ എത്തിച്ചുകൊടുക്കുകയും ഒക്കെ ചെയ്യുന്ന ഉത്തരാധുനിക വിപണിയുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊന്നും അല്ലാത്ത ഒരു കാലം മുന്‍പ് ഉണ്ടായിരുന്നു. രചനകളേയും കൃതികളേയും തേടി നടന്ന പത്രാധിപന്മാരുടെ കാലം. അത്തരം മഹാരഥന്മാരുടെ ഗണത്തില്‍ പെട്ട ഒരു പത്രാധിപര്‍ ഓണപ്പതിപ്പിലെ രചനകള്‍ തേടി കേരളം മുഴുവന്‍ അലഞ്ഞിരുന്നു. തെക്ക് തിരുവനന്തപുരത്ത് നിന്ന് വടക്ക് കോഴിക്കോട് വരെ നീളുന്ന സാഹിത്യ തീര്‍ഥ യാത്ര. കെ. ബാലകൃഷ്ണന്‍ എന്നായിരുന്നു ആ പത്രാധിപരുടെ പേര്. മലയാള മാസിക പത്രപ്രവര്‍ത്തനത്തില്‍ ഒട്ടേറെ നവീനതകള്‍ അവതരിപ്പിക്കുകയും പരശതം എഴുത്തുകാരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവന്ന് മലയാള സാഹിത്യത്തെ സമ്പുഷ്ടമാക്കുകയും ചെയ്തു കെ. ബാലകൃഷ്ണനും അദ്ദേഹത്തിന്റെ കൗമുദി ആഴ്ചപ്പതിപ്പും. ഇങ്ങനെ പത്രാധിപര്‍ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടത്തിയ യാത്രകളില്‍ രസകരവും നിര്‍ണായകവുമായ എന്നാല്‍ അറിയപ്പെടാത്തതുമായ നിരവധി കാര്യങ്ങളുമുണ്ട്. അതിനെക്കുറിച്ച് മൂന്നു ഭാഗങ്ങളായി
എസ്. ബിനീഷ് പണിക്കര്‍
തയാറാക്കിയ പരമ്പരയുടെ ആദ്യഭാഗം ഇവിടെ വായിക്കാം: [കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്… ഓണപ്പതിപ്പിനുള്ള രചനകള്‍ തേടി ഒരു പത്രാധിപര്‍ നടത്തിയ യാത്രകള്‍]


ഭാഗം - 2

കെ. ബാലകൃഷ്ണന്റെ സൃഷ്ടികള്‍ തേടിയുള്ള യാത്രകള്‍ക്കിടയില്‍ ഒട്ടേറെ രസകരങ്ങളായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1964-ല്‍ രചനകള്‍ തേടി ഇറങ്ങിയ കെ. ബാലകൃഷ്ണന്‍ എറണാകുളത്തെ ബഷീറിന്റെ താമസസ്ഥലത്ത് എത്തി. ഇക്കുറി തന്റെ കൈയില്‍ രചനകള്‍ ഒന്നുമില്ലെന്ന കാര്യം ബഷീര്‍ സ്വതസിദ്ധമായ ശൈലിയില്‍ പ്രഖ്യാപിച്ചു. പൊടുന്നവെ ഒന്നും എഴുതാനാവുകയും ഇല്ല. ഇതുകേട്ടതോടെ ബാലകൃഷ്ണന്‍ തീര്‍ത്തും നിരാശവാനായി.
ബഷീറിന്റെ വസതയില്‍ ചുറ്റുന്നതിനിടെയാണ് അവിടെ കിടന്നിരുന്ന 'ഭാര്‍ഗവിനിലയ'ത്തിന്റെ തിരക്കഥ ബാലകൃഷ്ണന്റെ കണ്ണില്‍പ്പെട്ടത്. ആരും അറിയാതെ ബാലന്‍ അത് കൈക്കലാക്കി. അതിഥി സ്വീകരണത്തില്‍ ബദ്ധശ്രദ്ധനായ ബഷീറിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടതുമില്ല. ബാലന്‍ പതിവുപോലെ ആഘോഷമായി തന്റെ അടുത്ത കേന്ദ്രത്തിലേക്ക് പോയി. വൈകാതെ അദ്ദേഹം കേരള പര്യടനം പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് എത്തി. പതിവുപോലെ കൗമുദി ഓണം വിശേഷാല്‍പ്രതിയുടെ പരസ്യവും നല്‍കി. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗവിനിലയ'ത്തിന്റെ തിരക്കഥ പ്രസിദ്ധീകരിക്കുന്നത് വലിയ പ്രാധാന്യത്തോടെ പരസ്യത്തില്‍ കാണിച്ചിരുന്നു. ഇതുകണ്ടതോടെ ബഷീര്‍ സ്തബ്ധനായി. 'ഭാര്‍ഗവിനിലയ'ത്തിന്റെ തിരക്കഥ ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പേ മുന്‍പേ പ്രസിദ്ധീകരിക്കുന്നു. സിനിമ പുറത്ത് വരുന്നതിനു മുന്‍പ് തിരക്കഥ പ്രസിദ്ധീകരിക്കുന്ന രീതി അന്നും ഇന്നും കുറവാണ്. അങ്ങനെ മുന്‍കൂട്ടി തിരക്കഥ പ്രസിദ്ധീകരിച്ചാല്‍ സിനിമയുടെ ഡിമാന്‍ഡ് കുറയുമെന്നാണ് വിശ്വാസം. ബാലകൃഷ്ണന്റെ പ്രവര്‍ത്തി ചലച്ചിത്ര നിര്‍മ്മാതാവിനെ വിഷമത്തിലാക്കുമോയെന്നും അദ്ദേഹത്തിനു സാമ്പത്തിക നഷ്ടം വരുത്തിവെയ്ക്കുമോയെന്നുമടക്കമുള്ള വ്യാകുലതകളായി ബഷീറിന്.

അദ്ദേഹം അടുത്ത വണ്ടി പിടിച്ച് നേരെ തിരുവനന്തപുരത്തിന് പാഞ്ഞു. പേട്ടയിലെ കൗമുദി ഓഫിസിലെത്തി ബാലകൃഷ്ണനോട് ക്ഷോഭിച്ചു. പറയാവുന്ന ചീത്തയെല്ലാം വിളിച്ചു. പക്ഷെ ബാലകൃഷ്ണനുണ്ടോ വിടുന്നു. അനുവാദമില്ലാതെയാണ് തിരക്കഥ എടുത്തത്, സത്യം തന്നെ. പക്ഷെ പ്രസിദ്ധീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. വിപുലമായ പരസ്യം നല്‍കിക്കഴിഞ്ഞു. ഓണപ്പതിപ്പിന്റെ കുറച്ചുഫോറങ്ങളുടെ അച്ചടിയും പൂര്‍ത്തിയായി. ഇനി പിന്‍വാങ്ങാന്‍ ഒരു തരമില്ല; ഇതായിരുന്നു കെ. ബാലകൃഷ്ണന്റെ നിലപാട്. ഏത് വിധത്തിലും പിന്‍വലിച്ചേ തീരൂ എന്ന നിലപാടില്‍ ബഷീറും.

ഇനി എന്ത്? പത്രാധിപരെപ്പോലെ എഴുത്തുകാരനും വിഷമത്തിലായി. ഒടുവില്‍ മറ്റൊരു സാധനമെഴുതിത്തരാനാകുമോയെന്നായി പത്രാധിപര്‍. കഥകളൊന്നും മനസ്സിലില്ല. ബാലകൃഷ്ണന്‍ ഉറ്റ ചങ്ങാതിയാണ്. ബാലകൃഷ്ണന്റെ വിഷമം മനസ്സിലാക്കിയ ബഷീര്‍ ഒടുവില്‍ ഒന്നു ശ്രമിച്ചുനോക്കാമെന്ന് സമ്മതിച്ചു. ബാലകൃഷ്ണന്‍ ബഷീറിന് തിരുവനന്തപുരത്തെ അരിസ്‌റ്റോ ലോഡ്ജില്‍ മുറി തരപ്പെടുത്തി. ബഷീര്‍ പേട്ടയില്‍ നിന്നും ലോഡ്ജിലേക്ക്. മനസ്സില്‍ കഥയൊന്നും വരുന്നില്ല. എഴുതിയും വെട്ടിയും ചീന്തിയും ബഷീര്‍ ഖിന്നനായി. കൂടതല്‍ സമയം തനിക്കു മുന്നിലില്ല. ഓണപ്പതിപ്പ് വൈകാതെ പുറത്തിറങ്ങേണ്ടതുണ്ട്.

ഒടുവില്‍ ഏറെ തത്രപ്പെട്ട് ഒരാഴ്ചകൊണ്ടൊരു ചെറു നോവല്‍ രൂപപ്പെടുത്തി. അതാണ് 'മതിലുകള്‍' എന്ന വിഖ്യാതമായ രചന. മലയാള സാഹിത്യം ഉള്ളിടത്തോളം കാലം നിലനില്‍ക്കുന്ന മനോഹരമായ കൃതി. കൈയെഴുത്ത് പ്രതി കിട്ടിയതോടെ പത്രാധിപര്‍ സന്തുഷ്ടനായി. ഭാര്‍ഗവിനിലയം മടക്കിനല്‍കി. പത്രാധിപരും എഴുത്തുകാരനും സന്തുഷ്ടരായി. ബഷീര്‍ മടങ്ങി. അടുത്ത ലക്കം കൗമുദിയില്‍ ബാലകൃഷ്ണന്‍ പുതിയ പരസ്യം നല്‍കി. മതിലുകളുടേത്. ആ മതിലുകളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പിന്നീട് ചലച്ചിത്രമാക്കിയത്.

രചനകള്‍ക്ക് വലിയ പ്രതിഫലം നല്‍കിയിരുന്ന പത്രാധിപരായിരുന്നു ബാലകൃഷ്ണന്‍. ഓണപ്പതിപ്പ് പ്രസിദ്ധീകരിച്ചശേഷം 'മതിലുകള്‍'ക്കുള്ള പ്രതിഫലമായി ബാലകൃഷ്ണന്‍ തുക എഴുതാത്ത ചെക്ക് ബഷീറിന്റെ വിലാസത്തില്‍ അയച്ചു. ഒപ്പമുള്ള കത്തില്‍ ഇഷ്ടമുള്ള തുക എഴുതി എടുത്തുകൊള്ളുവെന്നും എഴുതി. പക്ഷെ ബഷീര്‍ ചെക്ക് തിരികെ അയച്ചു. അതിനൊപ്പം വച്ച കത്തില്‍ ബഷീര്‍ എഴുതി: ''ഈ പണം ഉപയോഗിച്ച് നിന്റെ ചന്ദ്രികയ്ക്ക് ഒരു നല്ല സാരി വാങ്ങിക്കൊടുക്കു.'
' ബാലകൃഷ്ണന്റെ ഭാര്യയുടെ പേര് ചന്ദ്രിക എന്നായിരുന്നു. അതായിരുന്നു ആ കാലം; എഴുത്തുകാരും പത്രാധിപന്മാരും സഹവസിച്ചിരുന്ന കാലം.

[അടുത്ത ഭാഗം: എഴുത്തുകാരെ പ്രകോപിപ്പിക്കുന്ന പരസ്യങ്ങള്‍, വായനക്കാരെ പ്രചോദിപ്പിക്കുന്ന മത്സരങ്ങള്‍]

Read Azhimukham: 'ചെങ്കല്‍ച്ചൂള കോളനിക്കാരെല്ലാം ക്രിമിനലുകള്‍, വെള്ളയിട്ടാലും പറയന്‍ പറയന്‍ തന്നെ'; ഗിന്നസ് റെക്കോര്‍ഡിന് ഉടമയായ വാദ്യകലാകാരനെതിരെ പോലീസിന്റെ ക്രൂരത

Next Story

Related Stories