TopTop
Begin typing your search above and press return to search.

ഇത് നാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും കേരളമാണ്, തീവ്രവാദികളുടേതല്ല; കുരീപ്പുഴ പ്രതികരിക്കുന്നു

എസ് ഹരീഷിന്റെ മീശ എന്ന നോവൽ മാതൃഭൂമി വാരിക പിൻവലിച്ചിരിക്കുകയാണ്. എഴുത്തുകാരന്റെ ആവശ്യ പ്രകാരമാണ് വാരിക നോവൽ പിൻവലിക്കുന്നതെന്നാണ് മാതൃഭൂമി മാനേജ്മെന്റ് അവകാശപ്പെടുന്നത്. എഴുത്തുകാരനും നോവലിനുമെതിരെ സംഘപരിവാർ നടത്തിയ കൊലവിളിയുടെ ഫലമാണ് ഈ പിൻവലിക്കൽ. വർഗ്ഗീയ ശക്തികളുടെ എതിർപ്പിന്റെ ഫലമായി കേരളത്തിൽ ഇതാദ്യമായല്ല ഒരു സാഹിത്യ സൃഷ്ടി പിൻവലിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നത്. പവിത്രൻ തീക്കുനിയുടെ പർദ്ദ എന്ന കൃതി പിൻവലിച്ചത് ഇസ്ലാമിക തീവ്രവാദികളുടെ എതിർപ്പിന്റെ ഫലമായായിരുന്നെങ്കിൽ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന പി എം ആന്റണി നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത് ക്രിസ്തീയ വർഗീയവാദികളാണ്. തന്റെ നിലപാടുകൾ കൊണ്ട് വർഗ്ഗീയവാദികളുടെ കണ്ണിലെ കരടാകുകയും സോഷ്യൽ മീഡിയയിലുൾപ്പെടെ സംഘപരിവാറിന്റെ നിരന്തര ആക്രമണത്തിന് ഇരയാകുകയും ചെയ്ത മറ്റൊരു എഴുത്തുകാരനാണ് കുരീപ്പുഴ ശ്രീകുമാർ. ഹരീഷിന്റെ നോവലിനെതിരെയുയർന്ന ഭീഷണിയെക്കുറിച്ച് അദ്ദേഹം അഴിമുഖത്തോട് സംസാരിക്കുന്നു.

മറ്റ് സംസ്ഥാനങ്ങളിലുണ്ടായിട്ടുള്ളതു പോലെ ഒരു ഭീകരാന്തരീക്ഷം കേരളത്തിലും വളർന്നു വന്നിട്ടുണ്ട്. അതിന്റെ ചില സൂചനകൾ പണ്ടേ നമുക്ക് ലഭിച്ചതാണ്. പി എം ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നിരോധിക്കേണ്ടി വന്ന സാഹചര്യമെല്ലാം അത്തരത്തിലുള്ളതാണ്. ഇത്തരത്തിൽ പല കൃതികളും ഇവിടെ മാറ്റി വയ്ക്കേണ്ടതായി വന്നിട്ടുണ്ട്.

എന്നാൽ ഇതൊരു സാഹിത്യകൃതിയാണെന്നും ആ കൃതിയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളാണെന്ന് തിരിച്ചറിയുന്നതിന് പകരം, അതുവച്ച് മതപരമായ മേൽക്കൈ നേടാനും രാഷ്ട്രീയ ലാഭം കൊയ്യാനുമാണ് ഇവർ ശ്രമിക്കുന്നത്. കഥയിലും കവിതയിലും ഇത് സാധാരണമാണ്. പൊൻകുന്നം വർക്കി "നീ അച്ചനായോടാ?" എന്ന് ചോദിച്ചതും ബഷീർ പൊൻകുരിശ് തോമയെക്കൊണ്ട് "കർത്താവിനെന്തിനാ പൊൻകുരിശ്?" എന്ന് ചോദിപ്പിച്ചതും ഇപ്പോഴും കേരള സമൂഹം ഓമനയായി കൊണ്ടു നടക്കുന്നുണ്ട്. അതുപോലെ തന്നെയാണ് ഹിഗ്വിറ്റയിലെ ജബ്ബാർ എന്ന സൃഷ്ടിയും എം ടിയുടെ നിർമാല്യത്തിലെ വെളിച്ചപ്പാടും. വെളിച്ചപ്പാടിന്റെ മാനസികാഘാതത്തിന് കാരണമായി വരുന്നത് അദ്ദേഹത്തിന്റെ ഭാര്യയെ ഒരു മുസ്ലിം കഥാപാത്രം ലൈംഗികാവശ്യത്തിനായി പണം കൊടുത്ത് സ്വാധീനിച്ചതാണ്. ഇതിനെയെല്ലാം രണ്ടു കൈയും നീട്ടി സ്വീകരിച്ച കേരളത്തിൽ ഇങ്ങനെ സംഭവിക്കുന്നുവെന്നത് വേദനിപ്പിക്കുന്ന കാര്യം തന്നെയാണ്. ഇതിനെതിരെ വളരെയധികം ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഇത് സംഘപരിവാറിന്റെ മാത്രം പ്രശ്നമല്ല. ക്രിസ്തുവിന്റെ ആറാം തിരുമുറിവിനെ എതിർത്തത് സംഘപരിവാർ അല്ലല്ലോ? ഇതെല്ലാ മത തീവ്രവാദികളുടെയും രീതിയാണ്. പവിത്രൻ തീക്കുനിക്ക് പർദ്ദ എന്ന കവിത പിൻവലിക്കേണ്ടി വന്നു. സംഘപരിവാർ ആണെങ്കിലും അല്ലെങ്കിലും ഇസ്ലാം തീവ്രവാദമാണെങ്കിലും സിഖ് തീവ്രവാദമാണെങ്കിലും ബുദ്ധ തീവ്രവാദമാണെങ്കിലും തീവ്രവാദമെല്ലാം ഒന്നാണ്. എല്ലാ മതവിശ്വാസികളും തീവ്രവാദികളല്ല, പക്ഷെ എല്ലാ തീവ്രവാദികളും മതവിശ്വാസികളാണ്. മതവിശ്വാസത്തെ വോട്ടാക്കി മാറ്റാനാണ് ഇവിടെ ശ്രമം നടക്കുന്നത്.

ഈ വർഗ്ഗീയവാദികൾ ഏറ്റവുമധികം അപമാനിച്ചവരിലൊരാൾ ഞാനാണെന്നതാണ് ഏറ്റവുമധികം വിഷമമുണ്ടാക്കിയ ഒരു കാര്യം. മൂന്ന് നാല് മാസം മുമ്പ് വടയമ്പാടി സംഭവത്തിന്റെയും അശാന്തൻ വിഷയത്തിലും പൊതുഇടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ എനിക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണ് ഇവർ ചെയ്തത്. ഇപ്പോഴും അത് തുടരുന്നുണ്ട്. എന്റെ കുടുംബ സുഹൃത്തും ബഹുമാന്യയുമായ ഒരു സ്ത്രീ എന്നെ വാത്സല്യത്തോടെ പരസ്യമായി ചുംബിക്കുന്നതിന്റെ ഫോട്ടോ അവർ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയും എന്റെ കുടുംബ ഫോട്ടോയും ചേർത്ത് വച്ച് എന്റെ സദാചാരത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എനിക്കെത്ര ഭാര്യമാരുണ്ടെന്നായിരുന്നു മറ്റൊരു ചോദ്യം. ഇതൊന്നും എന്റെ രോമത്തെ പോലും ചലിപ്പിച്ചിട്ടില്ലെന്നത് വേറെ കാര്യം.

ഇത്തരം ഭീഷണികൾക്ക് മുന്നിൽ നമ്മൾ വഴങ്ങി കൊടുത്താൽ അത് ഇവർക്ക് വലിയ നേട്ടം ആകും. എൽ ഡി എഫിന് ചുണയുണ്ടെങ്കിൽ കുരീപ്പുഴയെ ചെങ്ങന്നൂർ കൊണ്ടുവന്ന് സംസാരിപ്പിക്കാനാണ് ഏറ്റവുമൊടുവിൽ അവർ പറഞ്ഞത്. ഞാൻ ചെങ്ങന്നൂരിൽ പോകുകയും രണ്ട് മീറ്റിങ്ങുകളിൽ പ്രസംഗിക്കുകയും ചെയ്തു. സജി ചെറിയാൻ അവിടെ വിജയിച്ചല്ലോ? അപ്പോൾ നമ്മൾ ചെയ്യേണ്ടത് ഇത്തരം ഭീഷണികൾക്ക് മുന്നിൽ വഴങ്ങിക്കൊടുക്കാതിരിക്കുക എന്നതാണ്.

https://www.azhimukham.com/kerala-perumal-murugan-on-s-hareeshs-withdrawal-from-publishing-novel/

ഹരീഷിന്റെ ആദ്യത്തെ കഥ തന്നെ ശ്രദ്ധേയമാണ്. ഈ നോവലാണെങ്കിൽ നല്ല ജൈവഭാഷയുള്ള, വ്യത്യസ്തമായ ചിന്തയുള്ള, ചരിത്രം പോലും അടയാളപ്പെടുത്തുന്ന ഒന്നായാണ് തുടക്കത്തിൽ തന്നെ അനുഭവപ്പെടുന്നത്. കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തെ നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ കാര്യമില്ല. ഹരീഷ് ഒരു പാവമാണ്. അയാൾക്ക് കുടുംബം നോക്കേണ്ടതുണ്ട്. എനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായപ്പോൾ എന്റെ കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം അത് കണ്ടു. എന്തുകൊണ്ട് സൈബർ സെല്ലിൽ പരാതി കൊടുക്കുന്നില്ലെന്നാണ് അവർ ചോദിച്ചത്. എന്നാൽ ഇത് അവരുടെ സംസ്കാരമാണെന്നാണ് എന്റെ നിലപാട്. ആ സംസ്കാരം ജനം മനസിലാക്കട്ടെയെന്നും ഞാൻ ചിന്തിച്ചു. എന്റെ വീടിനടുത്തുള്ള കവലയിൽ എന്നെ തെറി വിളിച്ചു കൊണ്ട് രണ്ട് വലിയ ബോർഡുകൾ വച്ചിരുന്നു. ഞാനത് പോലീസിനെക്കൊണ്ട് എടുത്തു മാറ്റിക്കാൻ പോലും ശ്രമിച്ചില്ല. അവരുടെ സംസ്കാരം അവർ തന്നെ വെളിപ്പെടുത്തുന്നു എന്നാണ് ഞാൻ ചിന്തിച്ചത്. പാവപ്പെട്ട ഹരീഷിന് അത് സാധിച്ചില്ല.

അഭിമന്യുവിന്റെ കൊലപാതകവും കൈവെട്ട് കേസും പോലുള്ള ഒന്നുരണ്ട് സംഭവങ്ങളുണ്ടെങ്കിലും കേരള സമൂഹം പൊതുവായി തീവ്ര സ്വഭാവമുള്ളതല്ല. എന്റെ കേസിൽ തന്നെ ജനം ടി വി ഒഴികെയുള്ള എല്ലാ മാധ്യമങ്ങളും എഴുത്തുകാരന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കേരളത്തിന്റെ പൊതുരീതി അതല്ല എന്നതാണ് അതിന് കാരണം. ഇത് സഹോദരൻ അയ്യപ്പന്റെയും ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും കേരളമാണ്. അതിനാൽ തന്നെ പുരോഗമനവാദികൾ ഒന്നടങ്കം ഹരീഷിനൊപ്പം നിൽക്കും. ചില തീവ്രവാദികൾ മാത്രമാണ് എതിർത്ത് നിൽക്കുന്നത്. എന്തായാലും അത്തരമൊരു അവസ്ഥ സംജാതമായെന്നതും അതുമൂലം ഒരു എഴുത്തുകാരന് സൃഷ്ടി പിൻവലിക്കേണ്ടി വന്നുവെന്നത് വളരെ വേദനിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമായ ഒരു കാര്യമാണ്. ഇത്തരമൊരു സംഭവം കേരളത്തിലുണ്ടാകാൻ അനുവദിക്കരുതായിരുന്നു.

നാരായണ ഗുരുവും അയ്യങ്കാളിയും സഹോദരൻ അയ്യപ്പനുമെല്ലാം ചേർന്ന് നമ്മെ നയിച്ച നവോത്ഥാന മുന്നേറ്റം ഇപ്പോൾ ബഹുദൂരം പിന്നിലേക്കാണ് സഞ്ചരിക്കുന്നതെന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്. കേരളത്തിൽ അടുത്ത കാലത്ത് നടന്ന ആതിരയുടെയും കെവിൻ ജോസഫിന്റെയും ദുരഭിമാന കൊലപാതകങ്ങൾ നാം നാരായണ ഗുരുവിൽ നിന്നും അയ്യങ്കാളിയിൽ നിന്നുമെല്ലാം ഏറെ അകന്നു പോയെന്നതിന്റെ തെളിവാണ്. ഒരു ന്യൂനപക്ഷമെങ്കിലും അങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. പണ്ട് ന്യൂനപക്ഷം പോലും അങ്ങനെ ചിന്തിച്ചിരുന്നില്ല.

ഇവിടെ മതതീവ്രവാദികൾക്ക് മേൽകൈയുണ്ടായാൽ ഇവിടെ മത സംഘട്ടനമാകും സംഭവിക്കുക. ഓരോ മതവും തങ്ങളാണ് വലുതെന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴാണ് അത് സംഭവിക്കുക. കേരളം ഒരു ചുടലക്കളമായി മാറുകയാണ് അതിന്റെ ഫലമായി സംഭവിക്കുന്നത്. ഈ തലമുറയിൽ തീവ്രമത ചിന്തയുള്ള ഒരു ന്യൂനപക്ഷമുണ്ടെങ്കിലും കേരളത്തിൽ മിശ്രവിവാഹിതരുടെയും കുട്ടികളെ ജാതിയും മതവുമില്ലാതെ സ്കൂളിൽ ചേർക്കുന്നവരുടെയും എണ്ണം വർധിക്കുന്നുണ്ട്.

സംഘപരിവാറിന്റെയും തീവ്രവാദികളുടെയും ഇത്തരം നീക്കങ്ങൾ യഥാർത്ഥത്തിൽ വായനക്കാർക്കെതിരാണ്. വായനക്കാരന്റെ വായിക്കാനുള്ള അവകാശമാണ് ഇവിടെ തടസ്സപ്പെടുന്നത്. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നിരോധിച്ചപ്പോൾ ആ നാടകം കാണാനുള്ള അവസരമാണ് നമുക്ക് നഷ്ടമായത്. വളരെ കുറച്ചു പേർക്ക് മാത്രമാണ് ആ നാടകം കാണാൻ അവസരമുണ്ടായത്. ഇവിടെ ക്രിസ്തുമത തീവ്രവാദികൾ പ്രേക്ഷകന്റെ അവകാശം നഷ്ടപ്പെടുത്തുകയായിരുന്നു. ഇപ്പോഴത്തെ സംഘപരിവാർ തീവ്രവാദം വായനക്കാരന്റെ വായിക്കാനുള്ള അവകാശത്തിനെതിരെയാണ്. വായനക്കാരാണ് ഇവിടുത്തെ ഭൂരിപക്ഷമെന്നും ഓർക്കണം. അതായത് ഭൂരിപക്ഷത്തിന്റെ വായിക്കാനുള്ള അവകാശത്തിനെതിരെയാണ് ന്യൂനപക്ഷത്തിന്റെ തീവ്രവാദം.

https://www.azhimukham.com/offbeat-fascist-sanghparivar-against-hareesh-and-his-novel-meesha-writes-shiju/

https://www.azhimukham.com/literature-hareesh-withdraws-meesha-novel-writes-saju/


Next Story

Related Stories