വായന/സംസ്കാരം

പി വേലുവും വില്യം ഷേക്‌സ്പിയറും; സാഹിത്യ ചരിത്രത്തിലെ ഒരപൂര്‍വ രഹസ്യം

Print Friendly, PDF & Email

ടയര്‍ താരാപുരവും തൈസ ദയേഷയും മരീന സമുദ്രകയും ആയതിനും പിന്നിലെ കഥ

A A A

Print Friendly, PDF & Email

രാജകുമാരന്മാരും കടല്‍ക്കൊള്ളക്കാരും തമ്മിലുള്ള പോരാട്ടങ്ങളുടെയും ഒരു രാജകുമാരിയെ വേശ്യാലയത്തിലേക്ക് വില്‍ക്കുന്നതിന്റെയും അഗമ്യഗമനങ്ങളുടെയും കഥ പറയുന്ന ഒരു ഷേക്‌സ്പിയര്‍ നാടകം പക്ഷെ അധികം ശ്രദ്ധ നേടിയിട്ടില്ല. കാരണം വില്യം ഷേക്‌സ്പിയറിന്റെ ആദ്യ സമ്പൂര്‍ണ സമാഹാരത്തില്‍ ഈ നാടകം ഉള്‍പ്പെടുത്തിയിരുന്നില്ല എന്നത് തന്നെയാണ്. എന്നാല്‍ ‘പെരിക്കിള്‍സ്; പ്രിന്‍സ് ഓഫ് ടയര്‍’ എന്ന ഈ നാടകത്തിന് ഒരു മലയാള പരിഭാഷയുണ്ട്. അധികമാരും അറിയാത്ത മറ്റൊരു രഹസ്യം.

ലോകത്ത് തന്നെ വളരെ അപൂര്‍വമായി മാത്രമേ ഈ നാടകം അവതരിപ്പിക്കപ്പെടാറുള്ളു. പക്ഷെ, ഈ അത്യപൂര്‍വ ഷേക്‌സ്പീരയന്‍ കൃതിക്ക് 1891-ല്‍ തന്നെ മലയാള പരിഭാഷ വന്നിരുന്നു. പി വേലു മൊഴിമാറ്റം നടത്തിയ ‘പരിക്ലേശ രാജാവിന്റെ കഥ’. ഒരുപക്ഷെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടേക്കാമായിരുന്ന ഈ അപൂര്‍വ കൃതി വീണ്ടെടുത്തത് തിയ ബക്ക്‌ലി എന്ന ബ്രിട്ടീഷ് വനിതയാണ്. തെക്കനേഷ്യയിലെ പരമ്പരാഗത രൂപങ്ങളിലുള്ള മാക്ബത്തിന്റെ് നാടകാവിഷ്‌കാരങ്ങളെ കുറിച്ചുള്ള പഠനത്തിനിടയിലാണ് ബക്ക്‌ലിയുടെ ശ്രദ്ധയില്‍ പരിക്ലേശ രാജാവിന്റെ കഥ പെട്ടത്. അമേരിക്കന്‍ പണ്ഡിതയായ ബക്ക്‌ലി കേരളത്തിലാണ് വളര്‍ന്നത്. ഇപ്പോഴവര്‍ ബക്കിംഹാമിലെ ഷേക്‌സ്പിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠനം നടത്തുന്നത്.

ഷേക്‌സ്പിയറിന്റെ മൂല കൃതികളും അവയ്ക്ക് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ വന്ന പരിഭാഷകളെയും കുറിച്ചുള്ള പഠനത്തിലാണ് ബക്ക്‌ലി ഇപ്പോള്‍. വേലുവിന്റെ കൃതി മലയാള സാഹിത്യലോകത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് അവര്‍ മനസിലാക്കി. ഫസ്റ്റ് ഫോളിയോയില്‍ നിന്നും എന്തുകൊണ്ടാണ് പെരിക്കിള്‍സ് ഒഴിവാക്കപ്പെട്ടതെന്ന് തനിക്കറിയില്ലെന്ന് ബക്ക്‌ലി പറയുന്നു. പക്ഷെ എങ്ങനെയോ അത് ഇന്ത്യയില്‍ എത്തുകയും വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ ആ അപൂര്‍വം നാടകം എങ്ങനെയാവാം കേരളത്തില്‍ എത്തിയത് എന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ബക്ക്‌ലി.

നാടകത്തിന്റെ ഇതിവൃത്തം ഒരു നാവികനെ കുറിച്ചായതും കേരളം ഒരു തീരപ്രദേശം ആയതുമാവാം ഇവിടെ അത് വിവര്‍ത്തനം ചെയ്യപ്പെട്ടതിനുള്ള ഒരു കാരണമെന്ന് ബക്ക്‌ലി അനുമാനിക്കുന്നു. കടല്‍വ്യാപാരത്തിന്റെ കാര്യത്തില്‍ കേരളത്തിന് വളരെ പുരാതനമായ ഒരു ചരിത്രം ഉണ്ട്. സുഗന്ധവ്യഞ്ജനങ്ങള്‍ക്കായി പലപ്പോഴും കപ്പലുകള്‍ ഇവിടെ നങ്കൂരമിട്ടിരുന്നു. ബ്രിട്ടീഷുകാര്‍ സുഗന്ധദ്രവ്യങ്ങള്‍ അന്വേഷിച്ചെത്തിയ തുറമുഖ നഗരങ്ങളിലേക്കാവും നാടകം ആദ്യം എത്തിയതെന്നാണ് അവരുടെ അനുമാനം. പിന്നീട് അത് ഉള്‍നാടുകളിലേക്ക് സഞ്ചരിച്ചിട്ടുണ്ടാവാം.


ബ്രിട്ടീഷ് നാടകങ്ങള്‍ തുറമുഖ നഗരങ്ങളില്‍ എത്തുകയും അവിടെ നിന്നും ഉള്‍നാടുകളിലേക്ക് പരക്കുകയും ചെയ്തതിനെ കുറിച്ച് പഠനം നടത്തിയ പ്രമുഖ നാടകകൃത്ത് ജി ശങ്കരപ്പിള്ളയുടെ കണ്ടെത്തലുകളാണ് ഈ അനുമാനത്തിലെത്താന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് ബക്ക്‌ലി scroll.in നോട് പറഞ്ഞു. ഷേക്‌സ്പിയര്‍ ജീവിച്ചിരുന്ന കാലത്ത് (1564-1616) ഇന്ത്യയിലേക്ക് സഞ്ചരിച്ചിരുന്ന ഒരു കപ്പലില്‍ വച്ച് ഹാംലറ്റ് നാടകം അരങ്ങേറിയതിന് തെളിവുകളുണ്ട്. ഈ നാടകക്കാര്‍ ഷേക്‌സ്പിയറിനെയും ഉള്ളില്‍ സൂക്ഷിച്ചാണ് ഇവിടെ കപ്പലിറങ്ങിയത്. അങ്ങനെ ഷേക്‌സ്പിയര്‍ ഇവിടുത്തെ പാഠ്യപദ്ധതിയിലും സ്ഥാനം പിടിച്ചു. സിവില്‍ സര്‍വീസ് പരീക്ഷകളുടെ സാഹിത്യ വിഭാഗത്തില്‍ ഷേക്‌സ്പിയറിനെ ഒരു വിഷയമാക്കിക്കൊണ്ട് ബ്രിട്ടീഷുകാര്‍ വിശ്വസാഹിത്യകാരനെ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തി.

പെരിക്ലെസ് ദക്ഷിണേന്ത്യന്‍ അനുവാചകരെ ആകര്‍ഷിക്കാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് ബക്ക്‌ലി അനുമാനിക്കുന്നു. കടലുമായി നാടകത്തിനുള്ള അഭേദ്യബന്ധമാണ് പ്രധാന കാരണം. ഇന്ത്യന്‍ ഐതീഹ്യങ്ങളിലെ പോലെ ഒരു രാജകീയ യോദ്ധാവിന്റെ സാഹസിക കഥ എന്ന നിലയിലും കൃതി ആകര്‍ഷണീയമായിരിക്കാം. പല യോദ്ധാക്കളെയും പോലെ ഷേക്‌സ്പിയര്‍ നാടകത്തിലെ നായകനും ദീര്‍ഘകാലം പലായനജീവിതം നയിക്കേണ്ടി വരുന്നു. ഒരു ദൈവം പ്രത്യക്ഷപ്പെട്ട് ഭരണാധികാരിയെ അനുഗ്രഹിക്കുക എന്ന അപൂര്‍വതയും ഈ നാടകത്തില്‍ ഷേക്‌സ്പിയര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഷേക്‌സ്പിയറിന്റെ മറ്റ് നാടകങ്ങളില്‍ ഇല്ലാത്ത ഒരു പ്രത്യേകതയാണിത്. വേശ്യാലയത്തില്‍ നിന്നും രക്ഷപ്പെടുന്ന നായികയും മറ്റൊരു ആകര്‍ഷണം ആയിരുന്നിരിക്കാം.

ഷേക്‌സ്പിയര്‍ നാടകങ്ങളുടെ മലയാള പരിഭാഷകളെ കുറിച്ച് ഗൗരവതരമായ പഠനങ്ങള്‍ നടന്നിട്ടില്ല. മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ ഷേക്‌സ്പിയര്‍ വ്യാപകമായി വിവര്‍ത്തനം ചെയ്യപ്പെട്ടപ്പോഴും വളരെ കുറച്ച് കൃതികള്‍ മാത്രമേ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുള്ളു. പെരിക്ലസിന്റെ മലയാള പരിഭാഷ ഇപ്പോള്‍ ബ്രിട്ടീഷ് ലൈബ്രറിയുടെ ഡിജിറ്റല്‍ കാറ്റലോഗില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളു. കേരളത്തിലേക്ക് എങ്ങനെ പെരിക്ലസ് എത്തി എന്ന ബക്ക്‌ലിയുടെ അന്വേഷണം മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും അവരെ നയിച്ചു. അങ്ങനെയാണ് ഹിന്ദിയില്‍ ഈ നാടകത്തിന് ഒരു വിവര്‍ത്തനം ഉണ്ടായിട്ടുണ്ടെന്ന് അവര്‍ കണ്ടുപിടിച്ചത്. ബി ഗോവിന്ദ ദാസ് ഹോന്‍ഹാര്‍ എന്ന പേരിലാണ് അത് വിവര്‍ത്തനം നടത്തിയിരിക്കുന്നത്. വേലുവിന്റെ വിവര്‍ത്തനം കൂടാതെ ബ്രിട്ടീഷ് ലൈബ്രറിയുടെ ശേഖരത്തിലുള്ള ഒരേയോരു വിവര്‍ത്തനമാണിത്.

ഷേക്‌സ്പിയറിന്റെ നാടകത്തെ മാത്രം ആസ്പദമാക്കിയല്ല വേലു വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്. ചാള്‍സ് ലാമ്പും മേരി ലാമ്പും ചേര്‍ന്ന് തയ്യാറാക്കിയ നാടകത്തിന്റെ ഗദ്യ ആഖ്യാനത്തെയും അദ്ദേഹം ആശ്രയിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി 1807ല്‍ തയ്യാറാക്കിയ ടെയില്‍സ് ഫ്രം ഷേക്‌സ്പിയര്‍ എന്ന പുസ്തകത്തിലാണ് ലാമ്പ് ദമ്പതികള്‍ പെരിക്ലസിന്റെ ഗദ്യ ആഖ്യാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അതിലെ മുതിര്‍ന്നവര്‍ക്കുള്ള ഘടകങ്ങളെല്ലാം ഉപേക്ഷിച്ചിട്ടുണ്ട്. ഇത് മാത്രമല്ല മൂലകൃതിയില്‍ നിന്നുള്ള വ്യതിയാനം. അഗമ്യഗമനത്തിന്റെയും വേശ്യാലയത്തിലെയും ദൃശ്യങ്ങള്‍ ഒഴിവാക്കുകയും പേരുകള്‍ മലയാളിവല്‍ക്കരിക്കുകയും ചെയ്തിട്ടുണ്ട്. ടയര്‍ എന്നത് ‘താരാപുരം’ ആയും പെരിക്ലസിന്റെ ഭാര്യ തൈസ ദയേഷയായും മാറുന്നു. പെരിക്ലസിന്റെ പുത്രി മരീനയുടെ പേര് മലയാളീകരിച്ചപ്പോള്‍ സമുദ്രക എന്നായി മാറുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍