TopTop
Begin typing your search above and press return to search.

അഭിമുഖം/എന്‍ പ്രഭാകരന്‍: മേലില്‍ എഴുതരുതെന്ന് പറഞ്ഞു; അപകടകരമായ നിശബ്ദതയാണ് നമുക്കുചുറ്റും

അഭിമുഖം/എന്‍ പ്രഭാകരന്‍: മേലില്‍ എഴുതരുതെന്ന് പറഞ്ഞു; അപകടകരമായ നിശബ്ദതയാണ് നമുക്കുചുറ്റും

കേരളത്തിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ ഓരോ ഘട്ടത്തിലും ഉരുത്തിരിയുന്ന സംവാദങ്ങളിലും വിവാദങ്ങളിലും ശക്തവും സ്വതന്ത്രവുമായ നിലപാടുകൾ തുറന്നു പറയുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് കഥാകൃത്തും നോവലിസ്റ്റുമായ എൻ. പ്രഭാകരൻ. ഈയടുത്ത കാലത്ത് 'കളിയെഴുത്ത്' എന്ന അദ്ദേഹത്തിന്റെ കഥയ്ക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു വന്നു. അതിനെല്ലാം കൃത്യമായ മറുപടി അദ്ദേഹത്തിനുണ്ട്. എസ്. ഹരീഷിന്റെ നോവലിനെതിരെ എതിർപ്പുകൾ ഉയർന്നപ്പോൾ ശക്തമായി പ്രതികരിച്ചവരിൽ ഒരാൾ എൻ. പ്രഭാകരനാണ്. പക്ഷെ ഹരീഷിന്റെ നിലപാടുകളെയും അദ്ദേഹം വിമർശിക്കുന്നുണ്ട്. എഴുത്തുകാർക്കെതിരെ ഭീഷണികൾ ഉയരുമ്പോഴും നിശബ്ദരായി നോക്കിയിരിക്കുന്നവർക്കെതിരെയും തുറന്നു പറയാൻ അദ്ദേഹത്തിന് മടിയില്ല. സാഹിത്യം, വർഗീയത, രാഷ്ട്രീയം, അധ്യാപനം... കാലികമായ നിലപാടുകൾ തുറന്നു പറയുകയാണ് ഈ ദീർഘസംഭാഷണത്തിൽ എൻ. പ്രഭാകരൻ.

എഴുത്തുകാർക്കെതിരെ പലവിധത്തിലുള്ള ഭീഷണികൾ ഉയരുന്ന സാഹചര്യമാണ് കേരളത്തിലും സംജാതമായിട്ടുള്ളത്, ചെറിയ തോതിലാണെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ വഴി അത് മാഷിനെതിരെയും വന്നു തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്കിൽ എഴുതുന്നില്ല എന്ന് തീരുമാനിച്ചത് അങ്ങനെ എന്തെങ്കിലും സമ്മർദ്ദങ്ങളുടെ ഭാഗമായിട്ടാണോ?

ഒരിക്കലുമല്ല. ഭയപ്പെട്ട് പിന്മാറുന്നു എന്നൊക്കെയുള്ള കമന്‍റ് ഞാനും വായിച്ചു. അതിനൊക്കെ ഞാൻ മറുപടിയും കൊടുത്തിട്ടുണ്ട്. പിന്നെ എനിക്ക് പല തിരക്കുകളും ഉണ്ട്. ഒരു നോവലിന്റെ എഴുത്തിലാണ്. പ്രധാനപ്പെട്ടതിനെല്ലാം മറുപടി കൊടുത്തിട്ടുണ്ട്. മാത്രമല്ല ഇത്തരം വിമർശനം ഉയർത്തുന്നവർ ശരിയായ സംവാദത്തിനു പോലും അർഹരല്ല എന്ന് തോന്നിയിട്ടുണ്ട്.

'കളിയെഴുത്ത്' എന്ന കഥ മാഷ് എഴുതിയപ്പോൾ വലിയ നിലയിൽ വ്യക്തിപരമായി തന്നെ ഭീഷണികളും ആക്ഷേപങ്ങളും നേരിടേണ്ടി വന്നു, എതിർപ്പുകൾക്കെല്ലാം ഒരേ സ്വഭാവമാണോ?

ഒരു തോണിയുടെ ആത്മകഥ, കളിയെഴുത്ത് എന്നീ കഥകൾ മാതൃഭൂമിയിൽ വന്നപ്പോൾ ഭീഷണിയുടെ രൂപത്തിൽ ചില ഫോൺ കോളുകള്‍ വന്നു. മാതൃഭൂമി ഇറങ്ങി അന്ന് വൈകുന്നേരം തന്നെയാണ് കുറച്ച് വിളികൾ വന്നത്. മോശം ഭാഷ ഉപയോഗിച്ചായിരുന്നു വിളിച്ചവരുടെ സംസാരം. നാല് കോളുകൾ വന്നു. അധ്യാപകർ ആരെങ്കിലും ആയിരിക്കണം. സംഘടനാ പ്രതിനിധികൾ ആവാനിടയില്ല. പിന്നെ വേറെ ഒരാൾ വിളിച്ചിട്ട് പറഞ്ഞു, നിങ്ങളുടെ നമ്പർ ഒരു വാട്സ്ആപ് ഗ്രൂപ്പിൽ ചിലർ ഷെയർ ചെയ്തിട്ടുണ്ട്. വിളിച്ചു ചീത്ത പറയാനുള്ള ഒരുക്കമാണ്. അതിനാൽ ഇനി വരുന്ന കോളുകൾ എടുക്കേണ്ടെന്ന്. അപ്പോൾ അതൊരു ബോധപൂർവ നീക്കമാണെന്ന് മനസ്സിലായി. പിന്നെ വന്ന കോളുകൾ ഒന്നും അറ്റൻഡ് ചെയ്തില്ല. സാഹിത്യ പ്രവർത്തനം പൂർണമായി നിർത്തണം, മേലിൽ നിങ്ങളുടെ എഴുത്ത് ഒന്നും തന്നെ വായിക്കില്ല എന്ന് പറഞ്ഞവരും ഉണ്ട്. ഇതിൽ രണ്ട് കാര്യങ്ങൾ ഉണ്ട്. ഒന്ന് 'കളിയെഴുത്ത്' എന്ന കഥയെ തെറ്റിദ്ധരിച്ചു എന്നതാണ്. കഥയിൽ പറയുന്ന 'ക്രീഡാങ്കണം' സങ്കല്പികമാണ്. പക്ഷെ അത് കേരളത്തിൽ നടക്കുന്ന ഒരു സംഭവമായി വായിക്കപ്പെട്ടു. സമാനമായി എന്തോ നടന്നിട്ടുണ്ട് എന്ന് ഉറപ്പിച്ചു. അങ്ങനെ ഒരു അർത്ഥം ഉണ്ടാക്കി എടുക്കുകയായിരുന്നു. മറ്റൊന്ന് കേരളത്തിൽ ചില സ്ഥലങ്ങളിൽ ഒന്നും തന്നെ ക്ലസ്റ്റർ പരിശീലനത്തിന്റെ ഭാഗമായി അത്തരം രീതികൾ ഉണ്ടായിട്ടില്ല. പക്ഷെ കഥയിൽ പറയുന്ന പോലെ സമാനമായ അനുഭവങ്ങൾ ചിലയിടങ്ങളിൽ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ അധ്യാപികമാർ ഉണ്ട്. കഥ എന്നാൽ പത്രറിപ്പോർട്ട് അല്ല. അതിൽ ചില മെറ്റിരിയൽസ് ഉണ്ടാവും. അങ്ങനെ സംഭവം നടന്നു എന്ന് പരോക്ഷമായി അംഗീകരിക്കുന്നവരാണ് എതിർപ്പിന് പിന്നിൽ. അവരുടെ താത്പര്യം സംരക്ഷിക്കാനാണ് വിമർശനം ഉയർത്തിയത്. ഏതൊരു കാര്യത്തിനും ഗുണഭോക്താക്കളായി കുറെ ആൾക്കാർ ഉണ്ടാവും. കഥയിൽ സങ്കല്പിച്ച പോലുള്ള സംഭവങ്ങൾ നടന്നിട്ടുണ്ട് എന്ന് അവർക്കറിയാം.

ആ കഥയെ സംബന്ധിച്ചു വലിയ എതിർപ്പുകൾ ഉയർന്നു. വിവാദമായി. പരക്കെ ചർച്ച ചെയ്യപ്പെട്ടു, അതിനിടയിലും ആ കഥ നന്നായി, അതിൽ പറഞ്ഞ കാര്യങ്ങൾ വസ്തുത ആണ് എന്ന് ആരെങ്കിലും പറഞ്ഞോ?

ചില അധ്യാപികമാർ പറഞ്ഞു. അങ്ങനെ കഥയിൽ പറയാൻ ധൈര്യം കാണിച്ചതിന് നന്ദിയുണ്ട് എന്നാണ് അവർ പറഞ്ഞത്. അങ്ങനെ സംഭവിച്ചതിന് തെളിവുണ്ട് എന്നു പറയുകയുണ്ടായി. തെറ്റായ ചില ധാരണകളുടെയും സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തിലാണ് ക്ലസ്റ്റർ പരിശീലനം രൂപകൽപന ചെയ്തിട്ടുള്ളത്. ചില വക്രീകരിച്ച വിമർശനങ്ങൾ വന്നു. അധ്യാപകനും അധ്യാപികയും സ്പർശിക്കുന്നുണ്ടോ, എന്ന വിധത്തിൽ. അതായിരുന്നില്ല ആ കഥയുടെ വിഷയം. അസംബന്ധമായ കളികളിലൂടെയല്ല അധ്യാപക പരിശീലനം എന്നുള്ളത്. മൊത്തത്തിൽ അധ്യാപനത്തെ തന്നെ ഈ രീതിയിലൂടെ കളി ആക്കി മാറ്റും. അന്റോണിയോ ഗ്രാംഷി അദ്ദേഹത്തിന്റെ 'ജയിൽകുറിപ്പുകൾ' എന്ന പുസ്തകത്തിൽ ഇത് പറയുന്നുണ്ട്. വിദ്യാർത്ഥികളോട് പറയുന്ന കാര്യത്തിൽ കളിയുടെ അംശം ചേർത്താൽ കണ്ടൻറ് പോകും എന്നുള്ള വസ്തുത. അതിനെ കാണാതെ വിമർശനം ഉയർത്തിയവർക്ക് കാഴ്ചയിലും വായനയിലും വൈകല്യം ഉണ്ട് എന്ന് പറയേണ്ടിവരും.

സാഹിത്യ വായനയിൽ വന്നിട്ടുള്ള ഒരു പ്രശ്നമുണ്ട്. അധ്യാപക സമൂഹത്തിൽ ഒരു വിഭാഗം ഏറ്റവും നൂതനമായ സാഹിത്യ സിദ്ധാന്തങ്ങളോ പ്രസ്ഥാനങ്ങളോ പരിചയമുള്ളവരാണ്. സ്ത്രീവാദം, ദളിത് വാദം, പാരിസ്ഥിതിക സൗന്ദര്യ ശാസ്ത്രം ഇതൊക്കെ അവർക്ക് അറിയാം. അവർ സാധാരണ പ്രസംഗിക്കുമ്പോഴും പ്രബന്ധം അവതരിപ്പിക്കുമ്പോഴും ഫൂക്കോ, ദറിദ, ലകാൻ, ദെല്യൂസ്, ഗത്താരി ഇങ്ങനെ പേരുകൾ പറയും. ഇവരുടെ സിദ്ധാന്തങ്ങളിൽ നിന്ന് ചില അംശങ്ങൾ അവർ സ്വീകരിക്കുകയും ചെയ്യും. ഇതെല്ലാമായിട്ടും അവർക്ക് മാതൃഭാഷയായ മലയാളത്തിൽ എഴുതപ്പെട്ട ഒരു കഥ വായിച്ചെടുക്കാനുള്ള ശേഷി ഉണ്ടായില്ല. 'കളിയെഴുത്ത്' തന്നെ ഉദാഹരണം. സ്ത്രീകളെ അപമാനിക്കുന്നതും സ്ത്രീവിരുദ്ധവുമാണ് ആ കഥ എന്ന് ചിലർ പറഞ്ഞു. വാസ്തവത്തിൽ അത് അവരെ പ്രത്യേകമായി അപഹസിക്കുന്ന കഥയല്ല. അധ്യാപക പരിശീലനത്തിന്റെ ഭാഗമായി അധ്യാപകന്മാരും അധ്യാപികമാരും ചേർന്ന് നടത്താൻ നിർബന്ധിതമായ ചില കളികളെയാണ് അതിൽ അപഹസിക്കുന്നത്. അധ്യാപികമാരെ അപഹസിക്കുന്നു എന്ന് പറയുന്നവർ അതിൽ കളിയുടെ പേരിൽ അധ്യാപകന്മാർ ചെയ്യുന്ന കാര്യങ്ങളും തുല്യമായ രീതിയിൽ പരിഹസിക്കപ്പെടുന്നുണ്ട് എന്ന കാര്യം ശ്രദ്ധിക്കുന്നില്ല. അതിനർത്ഥം സ്ത്രീ വാദം എന്ന ആശയത്തെ അവർ തികച്ചും തെറ്റായി പ്രയോഗിക്കുകയാണ് ചെയ്തത് എന്നാണ്. തെറ്റായിട്ടാണ് മനസ്സിലാക്കിയത് എന്നാണ്. മലയാളത്തിൽ സാഹിത്യ നിരൂപണത്തിന്റെ മേഖലയിൽ ഇപ്പോൾ പ്രയോഗിക്കപ്പെടുന്ന സിദ്ധാന്തങ്ങൾക്കെല്ലാം ഈ പ്രശ്നമുണ്ട്. ഫ്രഞ്ച് ദാർശനികതയുടെ, മൊത്തത്തിൽ യൂറോപ്യൻ ദാര്‍ശനികതയുടെ പശ്ചാത്തലത്തിൽ രൂപപ്പെട്ട ആശയങ്ങളെ മനസ്സിലാക്കണമെങ്കിൽ ഈ ഫൂക്കോ, ദറിദ, ഗത്താരി തുടങ്ങിയവരുടെ പിന്നിലുള്ള ദീർഘമായ ദാർശനിക പാരമ്പര്യത്തെ കുറിച്ച് അറിവുണ്ടാവണം. അതില്ലാതെ അവരുടെ സിദ്ധാന്തങ്ങൾ പൂർണമായും മനസ്സിലാക്കാനാവില്ല. ഏത് സിദ്ധാന്തത്തെയും ചരിത്രവത്കരിച്ചു തന്നെ മനസ്സിലാക്കണം. അതിനുള്ള ശ്രമവും നടക്കുന്നില്ല. ഇതെല്ലാം വ്യക്തമായി ബോധ്യപ്പെടുത്തിയ ഒരു സംഭവമാണ് 'കളിയെഴുത്തി'നെതിരെ ഉയർന്ന വിമർശനങ്ങൾ. എല്ലാ സിദ്ധാന്തങ്ങളും പഠിച്ചുകഴിഞ്ഞു എന്ന് അവകാശപ്പെടുന്നവർ തന്നെ എത്ര അടിസ്ഥാനരഹിതമായാണ് ഒരു സാഹിത്യ രചനയെ സമീപിക്കുന്നത് എന്ന് മനസ്സിലാകണമെങ്കിൽ കളിയെഴുത്തിനെതിരെ ഉയർന്ന വിമർശനങ്ങൾ ശ്രദ്ധിച്ചാൽ മതി.

എസ്. ഹരീഷിന്റെ നോവൽ 'മീശ' ക്കെതിരെ വലിയ തോതിലുള്ള എതിർപ്പ് ഉയരുകയുണ്ടായല്ലോ. എഴുത്തുകാരനെ വ്യക്തിപരമായി തന്നെ ഭീഷണിപ്പെടുത്തി. നോവല്‍ ഒരു ഘട്ടത്തിൽ പിൻവലിക്കേണ്ടിയും വന്നു. ഇത് നല്‍കുന്ന സൂചന എന്താണ്?

ഹരീഷിന്റെ മീശ നോവൽ സംബന്ധിച്ചു വർഗീയ ശക്തികളിൽ നിന്നുണ്ടായ പ്രതികരണം പതിന്മടങ്ങു അപകടകരമാണ്. കൃതികൾ ശരിയായി വായിക്കപ്പെടുന്നില്ല എന്നാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ യഥാർത്ഥത്തിൽ ഒരു വായനാ പരിശീലനത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നു. അധ്യാപക സംഘടനകളോടും ഗ്രന്ഥശാലാ പ്രവർത്തകരോടും ഇക്കാര്യം നിർദേശിച്ചിരുന്നു. ഇന്നതേ വായിക്കാവൂ എന്ന് പറയലല്ല. സാഹിത്യത്തിന്റെ സാധ്യതകൾ എന്താണ്, കൃതികൾ എങ്ങനെ ജീവിതത്തെ സമീപിക്കുന്നു, അനുഭവ സാക്ഷാത്കാരത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്, ഇക്കാര്യങ്ങളാണ് ബോധ്യപ്പെടുത്തേണ്ടത്. അത് മലയാളത്തിൽ ഇതുവരെ നടന്നിട്ടില്ല. ഇപ്പോള്‍ അത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ചില സാഹിത്യ കൃതികൾ കണ്ടു ഭ്രമിക്കും. സാഹിത്യത്തിൽ ഇതുവരെ എന്ത് സംഭവിച്ചു എന്നറിയില്ല; ഒരുപാട് പരീക്ഷണങ്ങൾ, ഗതിവിഗതികൾ ഒക്കെ ഉണ്ടായിട്ടുണ്ട്. അതൊന്നും പലർക്കും അറിയില്ല. വളരെ സാധാരണമായ കാര്യങ്ങൾ വന്നാൽ വായനാപരിചയം ഇല്ലാത്തതിനാൽ പെട്ടെന്ന് ഇത് അത്ഭുതകരമെന്നു തോന്നിപ്പോകും. ഉദാഹരണം പൗലോ കൗലോയുടെ നോവലുകൾക്ക് മലയാളത്തിൽ സ്വീകാര്യത കിട്ടുന്നതിന് പിന്നിൽ ഈ ഘടകമുണ്ട്. അവ വലിയ ദാർശനിക നോവൽ എന്നാണ് ആളുകൾ ധരിച്ചിട്ടുള്ളത്. അടിസ്ഥാനരഹിതമാണത്.

സാഹിത്യത്തിലെ ദാർശനികതയ്ക്ക് ദീർഘമായ പാരമ്പര്യം ഉണ്ട്. സാഹിത്യ പഠനത്തിന്റെ പ്രധാന ഭാഗമാണ് ഫിലോസഫി. ഇതൊന്നും തീരെ മനസിലാക്കിയിട്ടില്ലാത്ത വായനസമൂഹം കേരളത്തിലുണ്ട്. ജീവിതത്തിലെ വലിയ പ്രതീക്ഷകൾ, ആശയക്കുഴപ്പങ്ങൾ, ആത്മീയ സംശയങ്ങൾ ഇതിനെക്കുറിച്ചൊക്കെയുള്ള ദീർഘ ചർച്ചകൾ തന്നെ പല സാഹിത്യ കൃതികളിലും നേരത്തെ തന്നെ ഉണ്ടായി. ഉദാഹരണം ദസ്തയേവസ്കിയുടെ കൃതികൾ. അവ മലയാളത്തിൽ വന്നു. ആ കൃതികളുമായി പരിചയമുള്ള ഒരാൾക്ക് പൗലോയെയെ വായിക്കുമ്പോൾ അത്ഭുതം തോന്നില്ല. ദാർശനിക അനുഭവങ്ങൾ അതിൽ ഉണ്ടെന്നു തോന്നുകയേ ഇല്ല. കുമാരനാശാന്റെയും ജി. ശങ്കര കുറുപ്പിന്റെയും കവിതകൾ വായിച്ചു പരിചയിച്ച ആളുകൾക്ക് തന്നെയും പൗലോയുടെ ഏത് കൃതികൾ വായിച്ചാലും ഒരു അത്ഭുതവും തോന്നില്ല. സാഹിത്യത്തിന്റെ ഭൂതകാലത്തിൽ നിന്ന്, അതിന്റെ നാളിതുവരെയുള്ള വളർച്ചയിൽ നിന്ന് മുറിച്ചുമാറ്റപ്പെട്ടൊരു വായന സമൂഹമാണ് ന്യൂജെൻ വായനാ സമൂഹം എന്ന് പറയുന്നത്. ഇത് മനസ്സിലാക്കികൊണ്ട് ഗ്രന്ഥാലയങ്ങളും സാംസ്കാരിക സംഘടനകളും മുൻകൈയെടുത്തു വായനപരിശീലനം കേരളത്തിൽ നിർബന്ധമായും നടത്തേണ്ട സമയം അതിക്രമിച്ചു. വായനയുടെ സന്ദേശം ഔപചാരികമായി അല്ലാതെ ചെറിയ പരിശീലനങ്ങൾ കൊടുത്താൽ പെട്ടന്ന് വലിയ ഉണർവുണ്ടാക്കും.

എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ട ഒരു കാര്യം പറയാം. ഇവിടെ കണ്ണൂരിലെ ആലക്കോട്, മാടായി എന്നിവിടങ്ങളിൽ സാഹിത്യ പാഠശാലകൾ നടത്തിയിരുന്നു. തനിച്ചാണ് നടത്തിയത്. സാഹിത്യം സംബന്ധിച്ച് ഏഴു ക്ളാസ്സുകൾ ഉണ്ടായിരുന്നു. കവിത, കഥ, നോവൽ, ബാലസാഹിത്യം, നാടകം, നിരൂപണം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ പ്രാഥമികമായ അറിവുകൾ പകർന്നുകൊടുത്തു. ഓരോ ക്ളാസും മൂന്നു മണിക്കൂർ വീതമായിരുന്നു. അത് വലിയ ഉണർവുണ്ടാക്കി. ആലക്കോട് അതിന്റെ പ്രകടമായ മാറ്റം തന്നെ ഉണ്ടായി. അതൊരു മലയോര പട്ടണമാണ്. ഏഴു ക്ലാസ്സിലും ശരാശരി അറുപത് പേര്‍ പങ്കെടുത്തു. ആറാം ക്ളാസ്സു മുതൽ ഉള്ള കുട്ടികൾ തൊട്ട് എഴുപത് വയസ്സുള്ളവർ വരെ. ആ മേഖലയിൽ വലിയ സാഹിത്യ താല്പര്യം ഉണ്ടാക്കി. അതിന്റെ തുടർച്ച എന്ന പോലെ ആലക്കോട് വീട്ടുമുറ്റ ചർച്ചകൾ സാഹിത്യത്തിന് വേണ്ടി നടത്തുന്നുണ്ട്. നൂറിനും നൂറ്റമ്പതിനും ഇടയിലുള്ള ആൾക്കാർ പങ്കെടുക്കുന്നു. ഏതെങ്കിലും ഒരു സാഹിത്യ കൃതി വച്ച് നടത്തുന്ന ചർച്ചയാണ്. വലിയ ഉണർവ്വും ആവേശവും ആണത്. ഇതിനെല്ലാം പുറമെ അവിടെ ശ്രദ്ധേയനായൊരു സംഘാടകൻ ഉണ്ട്. ബെന്നി സെബാസ്റ്റ്യന്‍ എന്നാണ് പേര്. അയാൾ ഒരു കരാട്ടെ അധ്യാപകനാണ്. എല്ലാ കരാട്ടെ ക്ലാസ്സിലും ഒരു സാഹിത്യ കൃതിയെ പരിചയപ്പെടുത്തും. പുറമെ ആ പ്രദേശത്ത് പല സ്കൂളുകളിലും വായനശാലകളിലും പുസ്തക പരിചയം നടത്തുന്നു. കുട്ടികളെ കൊണ്ട് ഒരു പുസ്തകത്തെ പറ്റി എഴുതാൻ ഇടപെടൽ നടത്തുന്നു. ഏറെ ഗൗരവത്തോടെ ചെയ്യുന്ന കാര്യങ്ങൾ ആണ്. പുതിയ തലമുറയിലേക്ക് ഇങ്ങനെ വായനയുടെ സന്ദേശവും പരിശീലനവും എത്തിക്കാനാവും. സാഹിത്യ പാഠശാല നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഒരു ചരടും അതിനുണ്ടാവരുത് എന്നതാണ്. സ്വാതന്ത്രമായിരിക്കണം. ആലക്കോട്ടെ പരിപാടിയുടെ വിജയത്തിന് കാരണം , അവിടെ സി പി എമ്മും കോൺഗ്രസ്സും കേരള കോൺഗ്രസ്സും എല്ലാവരുമുണ്ട്. കക്ഷിരാഷ്ട്രീയ ചർച്ചകളൊന്നും പാഠശാലയുടെ കാര്യത്തിൽ വേണ്ട എന്ന് അവർ കൂട്ടായ തീരുമാനം എടുത്തിട്ടുണ്ട്. ആലക്കോട് മാതൃകയിൽ രണ്ടു സ്ഥലങ്ങളിൽ കൂടി പുതുതായി പാഠശാല തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലും പയ്യോളിയിലും. പയ്യോളിയിൽ ഞാൻ പങ്കെടുത്തിരുന്നു. ബാലുശേരിയിൽ സാഹിത്യ നിരൂപകനും അദ്ധ്യാപകനുമായ പി. പവിത്രൻ ആണ് ഉൽഘാടനം ചെയ്തത്. മറ്റു സ്ഥലങ്ങളിലും ഇത് നടത്താൻ സോമൻ കടലൂരും ദേവേശൻ പേരൂലുമൊക്കെ ശ്രമിക്കുന്നുണ്ട്.

സാഹിത്യ കൃതികൾ വായിക്കുന്നതിൽ ഈ തിരിച്ചറിവിന്റെ പോരായ്മ തന്നെ ആയിരിക്കുമോ ചില എഴുത്തുകാർക്കെതിരെ ഉയരുന്ന എതിർപ്പുകൾക്ക് പിന്നിൽ?

മലയാളത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ശബ്ദങ്ങൾ'ക്കെതിരെ രൂക്ഷമായ വിമർശനം ഉണ്ടായിരുന്നു. അശ്ലീലമാണ് എന്നൊക്കെ പറഞ്ഞ്. എഴുത്തുകാരൻ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാൻ ശേഷിയില്ലാത്ത ആൾക്കാരാണ് വിമർശനം ഉയർത്തിയത്. ജാഗ്രതയുള്ള വായനാ സമൂഹവും പ്രഗത്ഭരായ നിരൂപകരും ഉള്ളതിനാൽ ബഷീറിനെതിരെ വന്ന വിമർശനങ്ങൾ വിലപ്പോയില്ല. അത്തരത്തിലുള്ള അനുഭവവും ഉണ്ട്. 'മീശ'ക്കെതിരെ വിമർശനം ഉയർത്തുന്നവർ ഒ.വി വിജയൻറെ 'ധർമ്മപുരാണം' വായിച്ചാൽ ഞെട്ടിപ്പോകും. അതിന്റെ പുതിയ പതിപ്പുകൾ ഇപ്പോഴും വരുന്നുണ്ട്. അന്നത്തെ വായനാസമൂഹത്തിനുണ്ടായിരുന്ന തിരിച്ചറിവ്, ജാഗ്രത പുതിയ വായനാ സമൂഹത്തിനില്ല. അതിനാലാണ് 'മീശ'യിലെ ഒരു സംഭാഷണം ഉയർത്തി വിമർശിക്കുന്നത്.

പക്ഷെ ഒരു എഴുത്തുകാരനെതിരെ, അദ്ദേഹത്തിന്റെ ഒരു രചനക്കെതിരെ ഇത്ര വലിയ എതിർപ്പുകളും വിമർശനങ്ങളും ഉയർന്നിട്ടും അതിനെതിരെ ശക്തമായി പ്രതികരിക്കാൻ പ്രഗത്ഭരായ പലരും പല സംഘടനകളും മടിച്ചു നിന്നത് എന്തുകൊണ്ടാവാം?

ശരിയാണ്, അപകടകരമായ ഒരു നിശബ്ദത ഉണ്ട്. നിരൂപകന്മാരുടെ ഭാഗത്തുനിന്ന്, രാഷ്ട്രീയ സംഘടനകളുടെ ഭാഗത്തു നിന്ന് ഒക്കെ ആ നിശബ്ദതയാണ് ഉണ്ടായത്. അല്ലെങ്കിൽ ഇതുപോലെ സംഭവിച്ചാൽ പെട്ടന്ന് പ്രതികരണം ഉണ്ടാവേണ്ടതാണ്. ഒരുതരം ഭയത്തിൽ നിൽക്കുന്ന പോലുള്ള അവസ്ഥ. കൂടിയ അളവിൽ വർഗീയ ധ്രുവീകരണം കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. എന്തിനെയും ജാതി-മത കണ്ണിൽ കാണുക എന്ന അവസ്ഥ. അതുകൊണ്ടാണ് പലരും പറയാൻ മടിക്കുന്നത്. അല്ലെങ്കിൽ മീശ വിവാദം ഉയർന്ന സമയത്തു തന്നെ എഴുത്തുകാരും സാംസ്കാരിക സംഘടനകളും രംഗത്തു വരേണ്ടതായിരുന്നു. വന്നിട്ടില്ല.

ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നായിരുന്നു എല്ലാവരും പ്രതീക്ഷിക്കുന്നത് പോലെ ശക്തമായ പ്രതികരണം ഉണ്ടാവേണ്ടിയിരുന്നത്. പക്ഷെ അതുണ്ടായില്ല എന്നതാണ് വസ്തുത. എന്തായിരിക്കാം അതിനു കാരണം?

അതെ, അവിടെയും മടി ഉണ്ട്. പെട്ടന്ന് ഉയർന്നു വരേണ്ടതായിരുന്നു പ്രതികരണങ്ങൾ. ആരുടേയും പ്രേരണ ഇല്ലാതെ തന്നെ. അതുണ്ടായില്ല.

ഇതൊക്കെ പറയുമ്പോഴും ഹരീഷിനെതിരെ വ്യാപകമായി ഉയർന്ന ഒരു ചോദ്യം എന്നത് ഒരു സാഹിത്യ രചനയിൽ ആ നോവലിൽ പറയുന്നത് പോലെയുള്ള പരാമർശങ്ങളുടെ ആവശ്യമുണ്ടായിരുന്നോ എന്നാണ്. അതായത് അങ്ങനെ എഴുതണ്ടായിരുന്നു എന്ന് ശക്തമായി വാദിച്ചവർ. യഥാർത്ഥത്തിൽ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം ആണെങ്കിലും എഴുത്തുകാരന് സമൂഹത്തോട് പറയാനുള്ള കാര്യങ്ങൾ ഈ വിധത്തിൽ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയായിരുന്നു എന്ന് വിലയിരുത്താനാകുമോ?

ആ പരാമർശങ്ങൾ വേണ്ടായിരുന്നു എന്ന് വിചാരിക്കുന്നവർ ഉണ്ടാവാം. ഇതിൽ രണ്ടു കാര്യങ്ങൾ ഉണ്ട്. ഒന്ന് സാഹിത്യത്തിലെ ജീവിതബോധം വേണ്ട അളവിൽ നവീകരിക്കപ്പെട്ടിട്ടില്ല. നമ്മുടെ മത സ്ഥാപനങ്ങൾ, യാഥാസ്ഥിതികമായ ജീവിത സംവിധാനങ്ങൾ, ആചാരം, അനുഷ്ഠാനം ഇതിനെയെല്ലാം വിമർശന വിധേയമാക്കാവുന്നതാണ്. അതായത് കാണുന്നതിനെല്ലാം ഒരു മറുപുറം ഉണ്ട് എന്ന് ചിന്തിക്കാനുള്ള ശേഷി ആർജിച്ചിട്ടില്ല. മലയാളി സമൂഹം മൊത്തത്തിൽ ഒരുതരം സുരക്ഷിതമായ, അവനവനിൽ കേന്ദ്രീകരിച്ചുള്ള ജീവിതം കാംക്ഷിക്കുന്ന ഒരു ജനതയാണ്. ഡോ. അയ്യപ്പൻ നിരീക്ഷിച്ചത് പോലെ മലയാളി സമൂഹം ഒരു യാഥാസ്ഥിതിക സമൂഹം ആണ്. പുറമെ പ്രകടിപ്പിക്കുന്ന വിപ്ലവമോ പുരോഗമനമോ അവർക്കില്ല. ഇപ്പോഴും ഭൂതകാല അഭിമുഖമായി ചിന്തിക്കുന്ന സമൂഹമാണ്. ഓരോ വ്യക്തിയും അവനവനിൽ കേന്ദ്രീകരിച്ചു ചിന്തിക്കുന്നവരാണ്. മറ്റുള്ളവരുമായി ഇടപെട്ട് സ്വയം നവീകരിക്കുന്നതിനും മാറുന്നതിനും മലയാളിക്ക് വലിയ സന്നദ്ധതയില്ല എന്ന് അയ്യപ്പൻ പറയുന്നുണ്ട്. ഏറ്റവും പുതിയ കാലത്താണ് ചെറുപ്പക്കാർ തൊഴിൽ തേടി പോകുന്നത്. എന്നാൽ കേരളത്തിന്റെ പൊതുബോധ നവീകരണത്തിന് പ്രവാസികൾക്ക് വലിയ പങ്കുണ്ട് എന്ന് പറയാനാവില്ല. അവരുടെ സാമ്പത്തികമായ സ്വാധീനമുണ്ട്. അങ്ങനെ നവീകരിക്കപ്പെടാത്തത് കൊണ്ടാണ് വേറൊരു ചിന്ത കേൾക്കുമ്പോൾ അസ്വസ്ഥത ഉണ്ടാവുന്നത്.

എഴുത്തുകാർ ബോധപൂർവം വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും അത് തങ്ങളുടെ കൃതികളുടെ വില്പന കൂട്ടാനുള്ള ശ്രമങ്ങളാണെന്ന ആക്ഷേപവും വ്യാപകമായി ഉയർന്നിരുന്നു. ഹരീഷിന്റെ കാര്യത്തിലും അതുണ്ടായി. ആ ആക്ഷേപം പോലെ തന്നെ നോവൽ മാതൃഭൂമിയിൽ നിന്ന് പിൻവലിച്ചു ദിവസങ്ങൾക്കകം ഡി സി ബുക്ക്സ് പുസ്തകമാക്കിയപ്പോൾ റെക്കോർഡ് വില്പനയാണെന്നാണ് കേൾക്കുന്നതും?

ഇതിനെക്കുറിച്ചു ഞാൻ ഫേസ്ബുക്കിൽ എഴുതിയിരുന്നു. വിവാദമുണ്ടായാലും ലാഭമല്ലേ എന്ന് പറഞ്ഞ ആൾക്കാരുണ്ട്. ഏറ്റവും പ്രാഥമികമായി പറഞ്ഞാൽ എങ്ങനെ ഒരു സാഹിത്യ കൃതി ഉണ്ടാവുന്നു എന്ന ധാരണ അവർക്കില്ല എന്നതാണ്. ഒരു യഥാർത്ഥ സാഹിത്യകാരൻ വിവാദമുണ്ടാക്കാൻ ഒരു വരി പോലും എഴുതില്ല. അങ്ങനെയുള്ള എഴുത്ത് അസാധ്യവുമാണ്. അതിനു ഒരു ജൈവസ്വഭാവമുണ്ട്. 'ശബ്ദങ്ങൾ' എഴുതുമ്പോൾ ബഷീറോ 'ധർമപുരാണം' എഴുതുമ്പോൾ ഒ.വി വിജയനോ 'എന്റെ കഥ' എഴുതുമ്പോൾ മാധവിക്കുട്ടിയോ വിവാദം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ട് എഴുതിയവരല്ല. പഴയ രീതിയിൽ പറഞ്ഞാൽ എഴുത്ത് എന്നത് ഒരു പൂവ് വിരിയുന്നത് പോലെയാണ്. അങ്ങനെയാണ് അത് പ്രസക്തമാകുന്നത്. അതിൽ വേറെ പ്ലാനിങ് ഒന്നും ഉണ്ടാവില്ല. പൂർണമായും തെറ്റായ വാദങ്ങൾ ആണ് ചിലർ ഉയർത്തുന്നത്. മൊത്തത്തിൽ അജ്ഞതയിൽ നിന്നുണ്ടാവുന്നതാണ് ആ ആക്ഷേപങ്ങൾ.

പച്ചക്കുതിര മാസികയിൽ അയ്മനം ജോണുമായുള്ള ഹരീഷിന്റെ സംഭാഷണത്തിൽ ഹരീഷ് രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയ പ്രവർത്തകരെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളുണ്ട്. തികച്ചും അരാഷ്ട്രീയമായ വാദഗതികൾ. നമ്മുടെ രാഷ്ട്രീയ പരിസരം എന്നത് അങ്ങനെ അടച്ചക്ഷേപിക്കപ്പെടേണ്ടതാണ് എന്ന് മാഷ് കരുതുന്നുണ്ടോ?

രാഷ്ട്രീയക്കാരെ മുഴുവൻ ആക്ഷേപിക്കുന്ന തരത്തിൽ ഹരീഷ് പറയുന്നുണ്ട്. വ്യക്തിപരമായി അദ്ദേഹത്തിനത് പറയാനുള്ള അവകാശവുമുണ്ട്. പക്ഷെ അത് ശരിയായ അഭിപ്രായമോ നിരീക്ഷണമോ അല്ല. രാഷ്ട്രീയത്തിൽ ഒരുപാട് അസംബന്ധങ്ങളും തിന്മകളും ഹിംസയും ഒക്കെ ഉണ്ടാവുന്നുണ്ട്. കേരളത്തിലെ എല്ലാ പാർട്ടികളുടെയും ചരിത്രത്തിൽ അതുണ്ട്. പക്ഷെ രാഷ്ട്രീയം എന്ന് പറയുന്നത് ഒരു ജനതയുടെ ആവശ്യമാണ്. അതിൽ നിന്നാണ് ചിന്തകളും പ്രവർത്തനങ്ങളും ഉണ്ടാവുന്നത്. സ്വാതന്ത്ര്യ സമരം ഒരു രാഷ്ട്രീയ പ്രവർത്തനം ആയിരുന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തനവും സജീവമായിരുന്നു. ഇപ്പോഴും ആണ്. ജനതയുടെ ആവശ്യങ്ങൾക്ക് ഒരു രൂപം ഉണ്ടായി വരുന്നതിനെയാണ് രാഷ്ട്രീയം എന്ന് പറയുന്നത്. മനുഷ്യ സമൂഹത്തിൽ അതുണ്ടായിവരും. ഒരു സാമൂഹ്യ ഘടനയിൽ എന്ത് മാറ്റം വരണം, എന്തൊക്കെയാണ് പൊരുത്തക്കേടുകൾ ഉള്ളത്, ചൂഷണങ്ങൾ ഉണ്ട്, ഇതിനെ കുറിച്ചെല്ലാമുള്ള തിരിച്ചറിവ് ഉണ്ടാകുന്നത് രാഷ്ട്രീയം വരുന്നതോടുകൂടിയാണ്. അതിനാൽ രാഷ്ട്രീയം പൂർണമായി തള്ളാൻ പറ്റുന്ന സംഗതിയല്ല. സമ്പൂർണമായ രാഷ്ട്രീയമുക്ത ജീവിതം ഒരു വ്യക്തിക്കും സാധ്യവുമല്ല.

ഹരീഷിന്റെ നോവലുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നപ്പോൾ ഇടത് സാംസ്കാരിക പ്രവർത്തകരുടെ ഭാഗത്ത് നിന്ന് സജീവമായ പ്രതികരണങ്ങൾ ഇല്ലാതെ പോയതിനുള്ള പ്രധാന കാരണം ഹരീഷിന്റെ ഈ രാഷ്ട്രീയ വിരുദ്ധ നിലപാട് ആണ്. എന്നോട് തന്നെ പല ഇടത് സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നമ്മളെ തള്ളിപ്പറയുന്ന ഒരാളെ നമ്മളെന്തിന് പിന്തുണയ്ക്കണം എന്നാണ് അവർ ചോദിച്ചത്. അവർക്ക് ഞാൻ കൊടുത്ത മറുപടി, ഹരീഷ് എന്ന വ്യക്തി രാഷ്ട്രീയത്തെകുറിച്ചു പറഞ്ഞ അഭിപ്രായം നമുക്ക് സ്വീകാര്യമല്ല എന്നത് അയാളുടെ കൃതിക്കെതിരെ വരുന്ന ഭീഷണികൾക്ക് മുൻപിൽ മൗനം പാലിക്കുന്നതിനുള്ള ന്യായീകരണം അല്ല എന്നാണ്. ഈ മൗനം ഫലത്തിൽ ഭീഷണി ഉയർത്തിയവരെ ന്യായീകരിക്കലാണ്. മൗനം തികച്ചും തെറ്റാണ്. ഈ മൗനവും ഒരുതരത്തിൽ അരാഷ്ട്രീയത ആണ്.

(തുടരും)

https://www.azhimukham.com/offbeat-why-teachers-are-offended-on-n-prabhakaran-s-story-by-shiju/

https://www.azhimukham.com/trending-reply-to-n-prabhakaran-teachers-must-get-such-type-of-games/

https://www.azhimukham.com/literature-the-introduction-to-the-novel-meesha-by-shareesh/


Next Story

Related Stories