Top

'ഉടനെ പുസ്തകമാക്കാന്‍ ഉദ്ദേശിക്കുന്നില്ല'; ഈ പ്രസ്താവനയ്ക്ക് മാതൃഭൂമി ഉത്തരം പറഞ്ഞേ പറ്റൂ

മീശ പിന്‍വലിക്കുന്നു എന്നു പ്രഖ്യാപിച്ചതിന് ശേഷം ഹരീഷിന്റെ വിശദീകരണവുമായി മാതൃഭൂമി പ്രത്യക്ഷപ്പെട്ടത് മൂന്നാം ദിവസമായിരുന്നു. ജൂലൈ 23നു. അത് മാനേജ്മെന്റിന്റെ ആയിരുന്നില്ല. നോവലിസ്റ്റ് ഹരീഷിന്റെ തന്നെ.

അതിന്റെ അവസാന ഖണ്ഡികയില്‍ ഹരീഷ് പറഞ്ഞത് ഇങ്ങനെയാണ്, “അതുകൊണ്ട് നോവല്‍ ഖണ്ഡ:ശ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങുകയാണ്. ഉടനെ പുസ്തകമാക്കാനും ഉദ്ദേശിക്കുന്നില്ല. സമൂഹം വൈകാരികത അടങ്ങി അതിനു പാകപ്പെട്ടെന്ന് തോന്നുമ്പോള്‍ പുറത്തിറക്കും.”

ഇന്ന് കേരളത്തിലെ ഡി സി ബുക്സിന്റെ വിവിധ ശാഖകളില്‍ മീശ എത്തുകയാണ്, മാതൃഭൂമി പിന്‍വലിച്ചു പതിനൊന്നാം ദിവസം. നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നു ഹരീഷ് മാതൃഭൂമിയിലൂടെ വിശദീകരിച്ചതിന്റെ ഒന്‍പതാം ദിവസം.

മാതൃഭൂമി പ്രസിദ്ധീകരിച്ച ഹരീഷിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ഇതാണ്.

"മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന എന്‍റെ നോവല്‍ മീശ മൂന്നു ലക്കം പിന്നിട്ടിരിക്കുന്നു. ചെറുപ്പം മുതല്‍ മനസില്‍ കിടന്നതും ഉദ്ദേശം അഞ്ചു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലവുമാണത്. എന്നാല്‍, നോവലില്‍ നിന്ന് ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ചിലര്‍ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു.

എനിക്കുനേരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിരന്തരം ഭീഷണിയുണ്ട്. ഒരു സംസ്ഥാന നേതാവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ എന്‍റെ കരണത്ത് അടിക്കേണ്ടതാണെന്ന് പരസ്യമായി പറഞ്ഞു. എന്നാല്‍, അതിലുപരി എന്‍റെ ഭാര്യയുടെയും രണ്ടു കൊച്ചുകുട്ടികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് അസഭ്യ പ്രചാരണങ്ങള്‍ തുടരുന്നു. അമ്മയെയും പെങ്ങളെയും മരിച്ചുപോയ അച്ഛനെയും അപവാദം പറയുന്നു. വനിതാ കമ്മീഷനിലും വിവിധ പോലീസ് സ്റ്റേഷനുകളിലും എനിക്കെതിരെ പരാതി നല്കിയിരിക്കുന്നു.

അതുകൊണ്ട് നോവല്‍ ഖണ്ഡ:ശ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങുകയാണ്. ഉടനെ പുസ്തകമാക്കാനും ഉദ്ദേശിക്കുന്നില്ല. സമൂഹം വൈകാരികത അടങ്ങി അതിനു പാകപ്പെട്ടെന്ന് തോന്നുമ്പോള്‍ പുറത്തിറക്കും. എന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ നിയമനടപടിക്ക് ശ്രമിക്കുന്നില്ല. കാരണം, ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ കുടുങ്ങി ജീവിതം കളയാന്‍ ഞാനില്ല. കൂടാതെ രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്ത് എനിക്കില്ല. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ചും, മാതൃഭൂമി പത്രാധിപസമിതിയംഗങ്ങള്‍ക്ക്. കൂടാതെ എപ്പോഴും കൂടെ നിന്ന കുടുംബാംഗങ്ങള്‍ക്ക്. എഴുത്ത് തുടരും."

മീശ പ്രസിദ്ധീകരിക്കുന്ന വിവരം വെളിപ്പെടുത്തിക്കൊണ്ട് ഡി സി ബുക്സ് ഇന്നലെ ഒരു പത്രകുറിപ്പ് ഇറക്കി. അതിലിങ്ങനെ പറയുന്നു. “എസ്. ഹരീഷിന്റെ മീശ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. മലയാളം വാരിക, ദേശാഭിമാനി, ഗ്രീന്‍ബുക്‌സ്, ഇന്‍സൈറ്റ് പബ്ലിക്ക, സൃഷ്ടി എന്നിവര്‍ അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുക്കാമെന്ന് അറിയിപ്പിട്ടിരുന്നെങ്കിലും എസ് ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡി സി ബുക്‌സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍. മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു”

അപ്പോള്‍ ഉടനൊന്നും പ്രസിദ്ധീകരിക്കാന്‍ പോകുന്നില്ല എന്നു മാതൃഭൂമിയിലൂടെ പ്രഖ്യാപിച്ച എസ് ഹരീഷ് എപ്പോഴാണ് ഡി സി ബുക്സിന് പ്രസിദ്ധീകരണാവകാശം കൊടുത്തത്? മാതൃഭൂമി പ്രസിദ്ധീകരിച്ചത് ഹരീഷിന്റെ പ്രസ്താവനയോ അതോ മാനേജ്മെന്‍റ് തയ്യാറാക്കി ഹരീഷിനെക്കൊണ്ട് ഒപ്പ് വെച്ചതോ? കേരളത്തില്‍ സാഹിത്യ–മാധ്യമ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട കളിക്ക് മാതൃഭൂമി ഉത്തരം പറഞ്ഞേ പറ്റൂ..

https://www.azhimukham.com/newswrap-where-gone-mp-veerendrakumar-writes-saju/

https://www.azhimukham.com/newswrap-mathrubhumi-published-editorial-on-meesha-and-freedom-of-expression-writes-saju/

Next Story

Related Stories