TopTop
Begin typing your search above and press return to search.

ഞങ്ങളുടെ അടുക്കളപ്പുസ്തകം: പെണ്‍ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും ജൈവിക രചനകള്‍

ഞങ്ങളുടെ അടുക്കളപ്പുസ്തകം: പെണ്‍ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും ജൈവിക രചനകള്‍

പുസ്തകം: ഞങ്ങളുടെ അടുക്കളപ്പുസ്തകം

എഡിറ്റര്‍: സുനിത ദേവദാസ്

പബ്ലീഷര്‍: ഡിസി ബുക്സ്

വില: 150 രൂപ

നിര്‍വ്വചനങ്ങള്‍ക്കും ചിന്തകള്‍ക്കും അതീതമായ സങ്കീര്‍ണതയെന്ന ആ മുഖവുമായി 1984 കളിലാണ് സൈബര്‍ സ്‌പേസ് ലോകത്തിനു പരിചിതമാവുന്നത്. നമ്മുടെ സംസ്‌കാരമുദ്രകളെയൊട്ടാകെ പരിവര്‍ത്തിപ്പിക്കാന്‍ കെല്‍പ്പുള്ളതായിരുന്നു ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റിയെന്നും പിന്നീട് വെര്‍ച്വല്‍ റിയാലിറ്റിയെന്നും വിശേഷിപ്പിക്കപ്പെട്ട സൈബര്‍ സ്‌പേസ്. കമ്പ്യൂട്ടറും കമ്പ്യൂട്ടറിനാല്‍ പ്രതീതമാക്കപ്പെട്ട അന്തരീക്ഷവും ദൃശ്യാനുഭവങ്ങളും സ്ഥലത്തിന്റെ, സ്വത്വത്തിന്റെ ആധികാരികതയും അതിരുകളും തകര്‍ക്കുകയായിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം സൈബര്‍ ഫെമിനിസമെന്ന പദവും വ്യാപകമാവുന്നു. സ്ത്രീകളുടെ വ്യവഹാരമേഖലകളില്‍ ഏറ്റവും കാലികമായ വിവരസാങ്കേതികവിദ്യയുമായുള്ള ബന്ധത്തെ കുറിക്കുന്ന സൈബര്‍ ഫെമിനിസം സൈബര്‍ ഇടത്തിലെ സ്ത്രീ ഇടപെടലുകളെ, കൂട്ടായ്മകളെ അവയുടെ രാഷ്ട്രീയത്തെ, ദര്‍ശനത്തെ കൃത്യമായി പിന്തുടരുന്നു.

ശാസ്ത്ര സാങ്കേതികതയുടെ പുരുഷ സ്വഭാവത്തെ, സൈബര്‍ ഇടങ്ങളിലെ പുരുഷാധിപത്യത്തിന്റെ ചിഹ്നങ്ങളെ അപനിര്‍മ്മിക്കുന്നു സൈബര്‍ ഫെമിനിസം. വിവരസാങ്കേതിക വിദ്യയുടെ രംഗത്തെ പുരുഷാനുകൂലമായ രാഷ്ട്രീയ ധ്വനികള്‍, സാങ്കേതികവിദ്യയോടുള്ള സ്ത്രീകളുടെ ബന്ധം സന്ദിഗ്ദ്ധതയുടെതാണ് എന്ന ബോധം, സ്‌ത്രൈണാനുഗുണമെന്നു കല്‍പിക്കപ്പെട്ട മൂല്യങ്ങള്‍ക്കിണങ്ങിയതല്ല അവയെന്ന ധാരണ ഇതിനെയെല്ലാം തകര്‍ക്കാന്‍, സാങ്കേതിക വിദ്യയിലെ ആധികാരികതയും വൈദഗ്ദ്ധ്യവും സ്ത്രീകള്‍ക്കും അനായാസം വഴങ്ങുമെന്നു സ്ഥാപിക്കാന്‍ സൈബര്‍ ഇടത്തിലെ പെണ്‍ ഇടപെടലുകള്‍ക്കാവുന്നു.

തുറന്നതും ദ്രവാത്മകവും സ്വതന്ത്രവും ആഗോളവിവര സാങ്കേതികവിദ്യയുടെ സങ്കീര്‍ണ സാമൂഹികതയെ അഭിമുഖീകരിക്കുന്നതുമായ പരികല്‍പനയാണ് സൈബര്‍ ഫെമിനിസം. Informatics of Domination എന്നു വിശേഷിപ്പിക്കപ്പെടുന്ന, സൈബോര്‍ഗു(ഡോണഹരവേ)-മായി സ്ത്രീകളുടെ ഈ ആഖ്യാനലോകം ബന്ധപ്പെട്ടു കിടക്കുന്നു. മര്‍ദ്ദിതാവസ്ഥകളുടെ സാമൂഹിക, സാംസ്‌കാരിക പശ്ചാത്തലങ്ങളെ പ്രതിനിര്‍മ്മിക്കുക, തങ്ങളെ അപരമാക്കുന്ന വ്യവഹാരങ്ങളെയും പ്രയോഗങ്ങളെയും ചെറുത്തു തോല്പിക്കുക എന്നിങ്ങനെ വിപുലമായ ലക്ഷ്യങ്ങളാണതിനുള്ളത്. അതിജീവനത്തിനുള്ള ശേഷി വീണ്ടെടുക്കുക, തങ്ങളെ ശരീരമായി മുദ്രകുത്തിയ ലോകത്തെ തിരിച്ച് അടയാളപ്പെടുത്താനുള്ള ചിഹ്നങ്ങള്‍ കണ്ടെത്തുക, അധികാരത്തെ വികേന്ദ്രീകരിക്കാനുള്ള സ്വാതന്ത്ര്യം സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുള്ളതു കൊണ്ടാണ് സൈബര്‍ ലോകത്തിലെ സ്ത്രീ ആവിഷ്‌കാരങ്ങള്‍ക്കെല്ലാം ഏറിയും കുറഞ്ഞും പ്രതിരോധാത്മക സ്വഭാവം ഉണ്ടാവുന്നത്.

സ്‌പെയിനിലെ പ്രമുഖ മാധ്യമപഠിതാവായ കാസ്റ്റല്‍സ് പുതുകാല സമൂഹത്തെ നെറ്റ് വര്‍ക്ക് സൊസൈറ്റിയെന്നു വിശേഷിപ്പിക്കുന്നത് ശ്രദ്ധേയമാണ്. പുതിയ ആശയവിനിമയ വ്യവസ്ഥകളെയും സങ്കേതങ്ങളെയും മാസ് സെല്‍ഫ് കമ്മ്യൂണിക്കേഷന്‍ എന്നാണദ്ദേഹം വിളിക്കുന്നത്. പുതിയകാലത്തിന്റെ ഏറ്റവും വലിയ സാധ്യതകളിലൊന്നാണ് മാസ് സെല്‍ഫ് കമ്മ്യൂണിക്കേഷന്‍; ഓരോ വ്യക്തിക്കും മാസ് കമ്യൂണിക്കേഷനുള്ള സൗകര്യവും വൈദഗ്ദ്ധ്യവും. സ്ത്രീകളുടെ സൈബര്‍ ഇടപെടലുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥ വ്യാപ്തിയുണ്ട്. സ്ത്രീകര്‍ത്തൃത്വം/ലിംഗപദവി ഇവ ക്രമീകരിക്കാനുള്ള ഇടമായി സ്ത്രീകള്‍ സൈബര്‍ ലോകത്തെ ഉപയോഗിക്കുന്നു. പരമ്പരാഗത മൂല്യഘടനകളെ പാടെ നിഷേധിക്കാതെ ഏറെക്കുറെ സ്വതന്ത്രമായും സുരക്ഷിതമായും ആത്മാവിഷ്‌കാരം നടത്താന്‍ സ്ത്രീകള്‍ക്കു കഴിയുന്നു. ഓണ്‍ലൈന്‍ ജീവിതത്തിന്റെ വിമോചനങ്ങളിലേക്ക്, യഥാര്‍ത്ഥ ജീവിതത്തില്‍ ഒളിച്ചും ഒച്ച താഴ്ത്തിയും മാത്രം പറയാനാവുന്നവ ഇവിടെ ഉറക്കെപ്പറയാനാവുന്നതിന്റെ ആഹ്ളാദങ്ങളിലേക്ക് അവള്‍ ധീരയായി നടന്നു കയറുന്നു.

കൃത്യമായി വിഭജിക്കപ്പെട്ട ബഹുവിധ അധ്വാനങ്ങള്‍ ഒരുമിപ്പിക്കുന്ന സ്ത്രീ ജീവിതത്തിനിടയിലെ ഓണ്‍ലൈന്‍ ജീവനസാധ്യതകള്‍ അവളുടെ ഭാവനകള്‍ക്കും കാമനകള്‍ക്കും വിശാലമായ തുറസുകളാണ് നല്‍കുന്നത്. ലിംഗപദവിയെ നവീകരിക്കാനും സാമ്പ്രദായികമായ മൂല്യവ്യവസ്ഥകളെ നിരാകരിക്കാനും അവള്‍ക്കവിടെ സാധ്യമാവുന്നു. ശാരീരിക സ്വത്വത്തില്‍ നിന്നുള്ള മോചനം, ഒളിച്ചിരിക്കാനും സ്വയം പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇതെല്ലാം പുരുഷകേന്ദ്രിത മൂല്യവ്യവഹാരങ്ങളുടെ അച്ചടക്കത്തില്‍ ശ്വാസം മുട്ടുന്ന സ്‌ത്രൈണതയുടെ വാഗ്ദത്ത ഭൂമിയായി സൈബര്‍സ്‌പെയിസിനെ മാറ്റുന്നതു സ്വാഭാവികം. നിയതമായ രൂപമോ നിറമോ ഇല്ലാതെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്തമായിക്കൊണ്ടും സ്വത്വത്തിന്റെ ബഹുലതയെ പ്രകാശിപ്പിച്ചു കൊണ്ടുമാണ് സൈബര്‍ ഫെമിനിസം അതിന്റെ ദ്രവാത്മക സ്വഭാവം നിലനിര്‍ത്തുന്നത്. കര്‍ക്കശമായ നിയമങ്ങളോ കര്‍ശനമായ നിഷ്ഠകളോ അവിടെയില്ല.

പുസ്തക പ്രകാശനം: ഡോ. ടി.എന്‍ സീമ, വി.റ്റി ബല്‍റാം, എം. സ്വരാജ്, സ്വാമി സന്ദീപാനന്ദ ഗിരി, അമല ഷഫീക്

മലയാളത്തില്‍ സ്ത്രീയനുഭവങ്ങളുടെ/സാമൂഹ്യ സംഭവങ്ങളുടെ ആഖ്യാനം, വ്യാഖ്യാനം, സംവാദങ്ങള്‍ തുടങ്ങി സഹജവും ശക്തവുമായ സൈബര്‍ സ്ത്രീ രചനകള്‍ ഉണ്ടാവുന്നുണ്ട്. പൊതു ഇടം, സ്വകാര്യ ഇടം എന്ന വേര്‍തിരിവുകളില്ലാതെ എല്ലാത്തരം സാമൂഹ്യ പ്രശ്‌നങ്ങളോടുമുള്ള പ്രതികരണം, സ്വകാര്യാനുഭവങ്ങള്‍, നിലപാടുകള്‍, വിയോജിപ്പുകള്‍, കൂട്ടായ്മകളുടെ രൂപീകരണം എന്നിങ്ങനെ മലയാളത്തിലെ സൈബര്‍ സ്ത്രീ ആഖ്യാനങ്ങള്‍ സജീവവും ചടുലവുമാണ്. അത്തരമൊരു കൂട്ടായ്മയില്‍ നിന്നു രൂപപ്പെട്ട കൃതിയാണ് "ഞങ്ങളുടെ അടുക്കളപ്പുസ്തകം". ലിംഗപദവിയെയും അതിലധിഷ്ഠിതമായ സാംസ്‌കാരിക വ്യവഹാരങ്ങളെയും തിരുത്തിയെഴുതാനുള്ള ഉദ്യമം.

2016 മാര്‍ച്ച് 8-ന് വനിതാ ദിനത്തില്‍ അടിമുടി സ്ത്രീവിരുദ്ധമായ സ്ത്രീ ജീവിതത്തെക്കുറിച്ച് സുനിത ദേവദാസ് ഇട്ട ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന് രൂപപ്പെട്ടു വന്ന ഫ്രം ദ ഗ്രാനൈറ്റ് ടോപ്പ് എന്ന സൈബര്‍ കൂട്ടായ്മയാണ് 2017-ലെ വനിതാ ദിനത്തില്‍ പ്രകാശനം ചെയ്യപ്പെട്ട ഞങ്ങളുടെ അടുക്കളപ്പുസ്തകത്തിനു പിന്നിലുള്ളത്. ഇതിലുള്ള അന്‍പതു കുറിപ്പുകള്‍ വ്യത്യസ്തമായ അനുഭവങ്ങളുടെ, ജീവിതങ്ങളുടെ ആവിഷ്‌കാരമാണ്. ഒരു പക്ഷേ ഒരു അച്ചടിപ്പുസ്തകത്തിന്റെ പരിമിതികള്‍ക്കുള്ളിലൊതുങ്ങും വിധം അന്‍പതു കുറിപ്പുകള്‍ തെരഞ്ഞെടുക്കാന്‍ എഡിറ്റര്‍ ഏറെ ക്ലേശിച്ചിരിക്കാനിടയുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ഇതില്‍ ഇടം കിട്ടാതെ പോയ, പ്രസിദ്ധീകരിക്കപ്പെടാത്ത അനുഭവങ്ങളുടെ കൂടി ഉറക്കെയുള്ള പ്രഖ്യാപനമാണ് ഓരോ കുറിപ്പും. കൃത്യമായ ദര്‍ശനം, സ്വതന്ത്രമായ നിലപാടുകള്‍, ആണ്‍/പെണ്‍ ബന്ധത്തിന്റെ പല തലങ്ങള്‍, തീവ്രമായ അനുഭവചിത്രങ്ങള്‍, നിരീക്ഷണങ്ങള്‍ എന്നിവ കൊണ്ട് സ്ത്രീജീവിതാവസ്ഥകളെ വിശകലനം ചെയ്യാനുള്ള ബൗദ്ധികോപകരണം കൂടിയായി അവ പരിണമിക്കുന്നുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിലായി ജീവിക്കുന്ന പലതരക്കാരായ, പല പ്രായക്കാരായ സ്ത്രീകള്‍. അവരില്‍ വീട്ടമ്മമാരും ഉദ്യോഗസ്ഥകളുമുണ്ട്. സൈബര്‍ സ്‌പേസ് തുറന്നു തന്ന വിശാലമായ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നുവെങ്കിലും ഈ സ്ത്രീകളാരും പരമ്പരാഗത മട്ടിലുള്ള എഴുത്തുകാരികളല്ല. പലരുടെയും ആദ്യത്തെ രചനാ സംരംഭം. അനേകത, അടക്കമില്ലാത്ത ഒഴുക്കുകള്‍, ഒന്നില്‍ നിന്നു പലതിലേക്കും പല പലതിലേക്കുമുള്ള തുടര്‍ച്ച എന്നിങ്ങനെ സ്‌ത്രൈണ ഭാഷയെക്കുറിച്ച് ല്യൂസ് ഇറിഗറെ പറയുന്നത് ഈ എഴുത്തുകളോടു ചേര്‍ത്തുവെയ്ക്കാം. ബഹുലത, വൈകാരികതയെ രാഷ്ട്രീയവല്‍ക്കരിക്കല്‍, വ്യക്തിപരമായതിനെയെല്ലാം പൊതുവാക്കുക തുടങ്ങി കൃത്യമായ പ്രത്യയശാസ്ത്രത്തിലൂന്നിയതാണ് ഈ പുസ്തകത്തിന്റെ രാഷ്ട്രീയം. അതാവട്ടെ നൈസര്‍ഗ്ഗികമായി സംഭവിച്ചു പോകുന്നതുമാണ്. ഇതിലെ എഴുത്തുകള്‍ക്കോ, എഴുത്തുകാരികള്‍ക്കോ മുന്‍മാതൃകകളില്ല. സൈബര്‍ സ്‌പേസിനെ ആത്മാവിഷ്‌കാരത്തിനും ആത്മരതിക്കുമുള്ള സുരക്ഷിതമായ ഇടമായി ഉപയോഗപ്പെടുത്തുന്ന സാമ്പ്രദായിക എഴുത്തുകളില്‍ നിന്ന് അടുക്കളപ്പുസ്തകത്തിലെ എഴുത്തുകള്‍ വേറിട്ടു നില്‍ക്കുന്നത് അവയുടെ സ്വാഭാവികമായ ലാളിത്യം കൊണ്ടും സത്യസന്ധത കൊണ്ടുമാണ്.

അടുക്കളപ്പുസ്തകത്തിലെ കുറിപ്പുകളെ കൃത്യമായി ഇന്നയിന്ന സാഹിത്യരൂപങ്ങളെന്നു വേര്‍തിരിക്കുക സാധ്യമല്ല. അനുഭവക്കുറിപ്പുകള്‍/ ദിനചര്യകള്‍/ നിരീക്ഷണങ്ങള്‍/ കഥ, കവിത, ലേഖനം എന്നിങ്ങനെ സാമാന്യമായ തരം തിരിവുകള്‍ക്കും അവ പെട്ടന്നു വഴങ്ങണമെന്നില്ല. ഒരു ദിവസത്തെ സാധാരണ ദിനചര്യകളെഴുതുമ്പോഴും അതില്‍ രാഷ്ട്രീയമുണ്ട്, സൂക്ഷ്മമായ നിരീക്ഷണങ്ങളുണ്ട്, കഥയുടെ അനായാസതയും കവിതയുടെ താളവുമുണ്ട്. എഴുത്തു വൈദഗ്ധ്യങ്ങളില്ലാത്ത സാധാരണ സ്ത്രീകളുടെ ജീവിതമെഴുത്താണിത്. തനിമയുള്ള, മധുരവും സുതാര്യവുമായ എഴുത്ത്. നര്‍മ്മം കൊണ്ടു രസിപ്പിക്കുന്ന, വികാര തീവ്രത കൊണ്ട് ആഴത്തില്‍ സ്പര്‍ശിക്കുന്ന, വേദന കൊണ്ടു ശ്വാസം മുട്ടിക്കുന്ന പലതരം ജീവിതക്കാഴ്ചകള്‍. അടുക്കളയലമാരയിലെ പാത്രങ്ങള്‍ക്കിടയില്‍ സദാ ഒരു കുറ്റിപ്പെന്‍സില്‍ സൂക്ഷിച്ചിരുന്ന, രാത്രി ഒരു കൈയ്യില്‍ തൊട്ടില്‍ക്കയറും പിടിച്ച് എഴുതിയിരുന്ന ലളിതാംബിക അന്തര്‍ജനത്തെപ്പോലെ പുതിയകാല സ്ത്രീകള്‍ അവരുടെ തിരക്കു പിടിച്ച ജീവിതചര്യകള്‍ക്കിടയില്‍ സമയമുണ്ടാക്കി അടുക്കളപ്പുറത്തിരുന്ന് എഴുതിയുണ്ടാക്കുന്ന ജീവിതാവിഷ്‌കാരത്തിന് അടുക്കളപ്പുസ്തകമെന്ന പേര് തന്നെ ഏറ്റവും അന്വര്‍ത്ഥമാവുന്നു. പക്ഷേ വിഷയവൈവിധ്യം കൊണ്ട് ബഹുതലസ്പര്‍ശിയായ പുസ്തകത്തിന്റെ പ്രതിപാദ്യം കേവലം അടുക്കള വാര്‍ത്തകളായൊതുങ്ങുന്നതുമല്ല. എല്ലാ കുറിപ്പുകളും സ്ത്രീ ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ, അവസ്ഥകളെ സത്യസന്ധമായി പകര്‍ത്തുന്നു.

ഷൈനി പ്രശാന്തിന്റെ ഭയപ്പെടുത്തുന്ന ആള്‍ക്കൂട്ടം അനുഭവത്തിന്റെ തീ കൊണ്ടു പൊള്ളിപ്പിക്കുന്നതും പ്രസക്തമായ ചോദ്യങ്ങളുന്നയിക്കുന്നതുമാണ്. ബിന്ദു മനോജിന്റെ മധുരിക്കും ഓര്‍മ്മകള്‍ നാട്ടിന്‍പുറത്തിന്റെ, കുട്ടിക്കാലത്തിന്റെ നിഷ്‌കളങ്കമായ സൗഭാഗ്യങ്ങളെ കാവ്യാത്മകമായി പകര്‍ത്തുന്നു. ഭൂതകാലത്തിലേക്ക് ഇങ്ങനെയും തിരിച്ചുപോകാമെന്നു കാണിച്ചു തരികയല്ല, വായനക്കാരെ കൈ പിടിച്ചു കൂടെക്കൊണ്ടു പോവുന്നു. പ്രതിസന്ധികള്‍, പോരാട്ടങ്ങള്‍, പൊരുത്തപ്പെടലുകള്‍, സ്ത്രീകളുടെ ജീവിതം കടന്നു പോവുന്ന നിരവധി സന്ധികള്‍, ഫെമിനിസത്തിന്റെ, സ്ത്രീശാക്തീകരണത്തിന്റെ നിതാന്ത മാതൃകകള്‍, ജീവിതത്തോട് പോരാടിയവര്‍, ജീവിതത്തിനും അതിജീവനത്തിനും കരുത്തു പകര്‍ന്നവര്‍. ബിന്ദു ചൂണ്ടിക്കാട്ടുന്ന സ്ത്രീകള്‍ ദേശകാലഭേദങ്ങളില്ലാതെ എല്ലായിടത്തുമുണ്ട്. അവരെ കൃത്യമായി അടയാളപ്പെടുത്താന്‍ കഴിയുന്നിടത്താണ് എഴുത്തുകാരിയുടെ വിജയം.

നിഷ ഉനൈസിന്റെ ഒട്ടിച്ചിപ്പെണ്ണ് തെരുവില്‍ അനാഥമാവുന്ന പെണ്‍ജീവിതങ്ങളുടെ ഹൃദയഭേദകമായ കഥ പറയുന്നു. ജെന്നി മാധവന്‍, ദീപ എന്‍ പി, സ്‌റ്റൈഫി മാത്യു, കവിത രമേശ്, ഡോ. സന്ധ്യ ജയകുമാര്‍, ആതിര സൂരജ്, ആതിര ഇ.വി, നസ്രീന തങ്കായത്തില്‍, അമല ഷെഫീക്, മഹിത ഭാസ്‌കരന്‍, സൂനജ, നിജു ആന്‍ ഫിലിപ്പ്, അനുപമ, അനീഷ്യ ജയദേവ്, നവ്യരാജ്, പൊന്നമ്പിളി ഇങ്ങനെ നീണ്ട നിരയുണ്ട് കഥയും അനുഭവവും കൂടിക്കലര്‍ത്തി മനോജ്ഞമായ ദൃശ്യചിത്രങ്ങള്‍ മെനയുന്നവരായിട്ട്. ഇവയൊന്നും കേവലം വര്‍ണ്ണശബളമായ ദൃശ്യങ്ങളല്ല. തിളച്ചുമറിയുന്ന ജീവിതം, പ്രതിരോധങ്ങള്‍, പ്രതിഷേധങ്ങള്‍, പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിലെ സ്‌ത്രൈണമായ സവിശേഷതകള്‍ എന്നിവ കൊണ്ട് ഓരോ എഴുത്തും വ്യത്യസ്തമാവുന്നു. ആശുപത്രിയനുഭവങ്ങളുടെ പശ്ചാത്തലത്തിലെഴുതിയ ഒന്നിലധികം കുറിപ്പുകളില്‍ മീര ജോര്‍ജിന്റെ സുഖപ്രസവത്തിലെ അസുഖങ്ങള്‍, ജൂലി ഡെന്‍സിലിന്റെ ബി ദേര്‍ ഫോര്‍ ദേം എന്നിവ അവയുടെ പ്രതിപാദ്യത്തിന്റെ രാഷ്ട്രീയം കൊണ്ട് വേറിട്ടു നില്‍ക്കുന്നവയാണ്.

സുനിത ദേവദാസ്

ഗര്‍ഭത്തെ രോഗാവസ്ഥയായും ഗര്‍ഭിണിയെ രോഗിയായും കാണുന്ന സാമ്പ്രദായിക രീതിയുടെ അപകടം, സുഖപ്രസവത്തിനിടയില്‍ ഗര്‍ഭിണിയുടെ ശരീരവും മനസും അനുഭവിക്കേണ്ടി വരുന്ന അപമാനങ്ങള്‍, അവളോടുള്ള കാടന്‍ പെരുമാറ്റ രീതികള്‍, ഒരിക്കലെങ്കിലും ലേബര്‍ റൂമിലകപ്പെട്ടവരെല്ലാം അനുഭവിച്ച അതേ പീഡനമുറകള്‍ മീര സൂക്ഷ്മമായി പകര്‍ത്തുന്നു. പ്രസവം കൂടുതല്‍ സന്തോഷ പ്രദമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. 'എന്തിനാണ് അസഹ്യമായ വേദനയില്‍ ഒരാളെ ശകാരിക്കുന്നത്? ഒന്ന് പ്രോത്സാഹിപ്പിച്ചാല്‍ പ്രസവം കുറച്ചു കൂടെ സന്തോഷകരമാവില്ലേ? നീ ഒരു ജീവനെ ഭൂമിയിലേക്കു കൊണ്ടുവരികയാണെന്ന് അവളെ ഓര്‍മ്മിപ്പിച്ചു കൂടെ? ഞങ്ങള്‍ നിനക്കൊപ്പമുണ്ടെന്നു പറഞ്ഞു കൂടേ?' ലേബര്‍ റൂമില്‍ ഭയാശങ്കകളോടെ, തീവ്രവേദനയോടെ ഒറ്റപ്പെട്ടു പോകുന്ന എല്ലാ സ്ത്രീകളും മൗനമായെങ്കിലും ചോദിച്ചിട്ടുള്ള അതേ ചോദ്യങ്ങള്‍.

സുറുമി സല്‍മാന്റെ സിസേറിയന്‍ എന്ന കുറിപ്പ് സിസേറിയനിലൂടെ ഡെലിവറി കഴിഞ്ഞവരോട്, അബ്ദുറബ്ബിന്റെ കാലത്ത് പത്താം ക്ലാസ് പാസായ പിള്ളാരോടുള്ള മനോഭാവമാണ് ചിലര്‍ക്ക് എന്നു സരസമായി ആരംഭിക്കുന്നതും സിസേറിയന്‍ പ്രസവത്തോടുള്ള ചിറ്റമ്മനയത്തെ വിമര്‍ശിക്കുന്നതുമാണെങ്കിലും തെറ്റിദ്ധാരണാജനകമായ ചില വസ്തുതകള്‍ കടന്നു കൂടിയത് ശ്രദ്ധിക്കാതിരിക്കാനാവില്ല, നര്‍മ്മ ലേഖനത്തിലനിവാര്യമായുണ്ടാകുന്ന അതിശയോക്തിയെന്നു നിസാരവത്കരിക്കാമെങ്കിലും. ജൂലി ഡെന്‍സിലിന്റേത് ഹൃദയം മരവിപ്പിക്കുന്ന ആശുപത്രിക്കാഴ്ചകളാണ്. ഐസിയുവിന്റെ തണുത്ത വരാന്തകള്‍ പഠിപ്പിക്കുന്ന ജീവിതത്തിന്റെ, മനുഷ്യത്വത്തിന്റെ വലിയ പാഠങ്ങള്‍. പരസഹായമില്ലാതെ വിരല്‍ത്തുമ്പു പോലും അനക്കാനാവാത്ത മരണാസന്നമായ അവസ്ഥയില്‍, ജാതിയുടെ, മതത്തിന്റെ, വിശ്വാസത്തിന്റെ പേരിലുള്ള പോര്‍വിളികള്‍ അപ്രസക്തമാവുന്നു.

'അവരില്‍ ചിലര്‍ പോകുമ്പോള്‍ നമ്മുടെ ആത്മാവിന്റെ ഒരംശവും കൂടെ കൊണ്ടു പോവും. അതുപോലെ ജീവിതത്തിലേക്കു തിരിച്ചുകയറിയവര്‍ ചിലതൊക്കെ ആത്മാവിനായി തരും' എന്ന് ജെന്നിയുടെ ദുരന്തകഥയിലൂടെ എത്ര അനായാസമായാണു ജൂലി പറഞ്ഞുറപ്പിക്കുന്നത്. 'പെട്ടന്ന് കട്ടിലില്‍ കിടക്കുന്നത് ഞാന്‍ തന്നെ ആണെന്നു തോന്നിപ്പോയി' എന്നു വായനക്കാരും ഞെട്ടലോടെ ഓര്‍ത്തു പോവുന്നത്രയും തീവ്രമായ എഴുത്ത്. ഷീല ആന്റണി, ആന്‍സി മോഹന്‍ എന്നിവരുടെ കുറിപ്പുകള്‍ മെഡിക്കല്‍ രംഗത്തെ എത്തിക്‌സിനെക്കുറിച്ചുള്ള അനുഭവ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്നു.

അടുക്കളപ്പുസ്തകത്തിലെ രസകരമായ രചനാവിഭാഗമാണ് സ്ത്രീകളുടെ ദിനസരിക്കുറിപ്പുകള്‍. സാധാരണക്കാരായ സ്ത്രീകളുടെ ജീവിതാനുഭവങ്ങള്‍ക്കെല്ലാം അതു ലോകത്തെവിടെയായാലും സമാനതകളുണ്ട്. രാവിലെ വീടുണരുന്നതിനു മുമ്പ് ഉണര്‍ന്ന് അവിരാമം തുടരുന്ന ജോലികള്‍ പകര്‍ത്തിയെഴുന്നതില്‍ എന്താണ് ആസ്വാദ്യത, പുതുമ എന്ന ശങ്കകള്‍ക്ക് ഈ പുസ്തകത്തിലെ ഓരോ കുറിപ്പും മറുപടി പറയും. വനിതാ ദിനമായിരുന്നവത്രേ എന്ന സുനിത ദേവദാസിന്റെ കുറിപ്പു മുതല്‍ ഇതിലുള്ള അസംഖ്യം രചനകള്‍ വിരസമായ, ഏകതാനമായ സ്ത്രീ ജീവിതത്തെ വിമോചനാത്മകമായി ആവിഷ്‌കരിക്കുന്നു. പുലര്‍ച്ചയും പാതിരാത്രിയും യാത്രകള്‍ക്കിടയിലും അവള്‍ മിച്ചം പിടിച്ചെടുക്കുന്ന സമയങ്ങളില്‍ ഓണ്‍ലൈന്‍ ജീവിതത്തിന്റെ സാധ്യതകളിലേക്ക് പറന്നുയരുന്നു. വീട്ടമ്മയുടെ സമൂഹനിര്‍മ്മിതമായ ഉത്തരവാദിത്വങ്ങളോട് നീതി പുലര്‍ത്തുമ്പോഴും അവരുടെ ചിന്തകള്‍ക്ക്, എഴുത്തിന് നിശിതമായ വിധ്വംസക സ്വഭാവമുണ്ട്.

രാവിലെ എണീക്കാന്‍ വൈകിയപ്പോഴേ മനസിലായി ഇന്നത്തെ ദിവസം കൈയ്യീന്നു പോയി എന്ന് (സുനിത ഹരികുമാര്‍) ചിന്തിക്കാത്ത ഒരു വീട്ടമ്മയുണ്ടാവില്ല. വൈകിയുണര്‍ന്നതിന്റെ നഷ്ടം നികത്താന്‍ കൂടുതല്‍ ക്ലേശിക്കേണ്ടി വരുന്നത് രസകരമായി ആവിഷ്‌ക്കരിക്കുന്നു സുനിത. രാവിലെ 5 മുതല്‍ 11 വരെയുള്ള നിര്‍ത്താത്ത ഓട്ടമായിത്തീര്‍ന്ന ജീവിതത്തിനിടയില്‍ പലപ്പോഴും സ്വയം മറന്നു പോവുന്നത് മറികടക്കാന്‍ എന്റെ ചക്കകള്‍ ഇപ്പോള്‍ വേരിലും കായ്ക്കുമെന്ന് വാശിക്കാരിയാവുന്ന ജ്യോതി ലക്ഷ്മി, വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തി ഒരു ഗ്ലാസ് ബോണ്‍വിറ്റ കുടിച്ച് അതുവരെ ബോധം പോവാതെ താങ്ങി നിര്‍ത്തിയ കളരി പരമ്പര ദൈവങ്ങളോടും പരേതാത്മാക്കളോടും നന്ദി പറഞ്ഞ് രാത്രിയിലെ അങ്കം ആരംഭിക്കുന്ന സജിന, ഇടയ്ക്കു പോലും തന്നെക്കുറിച്ചു ചിന്തിക്കാന്‍ സമയം ഇല്ലാത്ത, വീട്ടുജോലിയും ഓഫീസ് ജോലിയും പാര്‍ട്ട് ടൈം ജോലിയുമെല്ലാമായി പരമാവധി ബിസി ആവുന്നതിനെ 'എന്റെ ഡിക്രു നാട്ടില്‍ ആണേ. അവനെ ഓര്‍ത്ത് ഇരുന്നാല്‍ പിന്നെ എന്നെ പിടിച്ചാല്‍ കിട്ടില്ല, അവന്‍ ഇങ്ങു വരും വരെയേ ഉള്ളൂ ഈ കള്ളത്തരം പിടിച്ച ദിനചര്യ' എന്നു കണ്ണീര്‍ നനവോടെ ന്യായീകരിക്കുന്ന സുമി ആന്റണി, ഒന്നുകില്‍ ദിവസത്തിന് 48 മണിക്കൂര്‍ വേണം, അല്ലെങ്കില്‍ എന്നെപ്പോലെ മറ്റൊരു സന്ധ്യ കൂടി വേണം താത്പര്യമുള്ള കാര്യങ്ങള്‍ മുഴുവന്‍ ചെയ്യാന്‍ എന്നു പറയുന്ന സന്ധ്യ എന്‍.ബി ഇങ്ങനെ അനേകം സ്ത്രീകള്‍. പക്ഷേ തിരക്കുകള്‍ക്കിടയിലും അവര്‍ അവരുടേതായ സ്ഥലവും സമയവും കണ്ടെത്തുന്നു. അവിടെ സ്വയം അടയാളപ്പെടുത്തുന്നു.

സ്ത്രീകളുടെ സൈബര്‍ ഇടപെടലുകളുടെ സമാഹാരമായ അടുക്കളപ്പുസ്തകം സ്‌ത്രൈണമായ മൂല്യഘടനകള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ സ്വപ്നങ്ങളുടെ, കാമനകളുടെ സമാന്തര ലോകത്തെ സൃഷ്ടിക്കുകയാണ്. സ്വന്തമായ മുറി/സ്വന്തം സമയം തുടങ്ങിയ അപര്യാപ്തതകളെ അതിജീവിക്കാനുള്ള ഇടമാണവള്‍ സ്വയം കണ്ടെത്തിയത്. 'മേബിള്‍ അമ്മായിയുടെ വീട്' പോലെ സ്വപ്നാത്മകമായ, സദാ തുടിക്കുന്ന ഒരിടം. ആത്മവിമര്‍ശനത്തിന്റെ, വാചാലതയുടെ, ഗര്‍വ്വത്തിന്റെ, നിശ്ശബ്ദതയുടെ, പുച്ഛത്തിന്റെ, പരിഹാസത്തിന്റെ, നര്‍മ്മത്തിന്റെ, വിഷാദത്തിന്റെ പല സ്ഥായികളിലൂടെ വ്യവസ്ഥാപിതമായ അധികാരത്തോടുള്ള കലഹമാണ് സൈബര്‍ സ്‌പേസിലെ പെണ്‍ രചനകള്‍. സര്‍ഗ്ഗാത്മകമായ വൈവിധ്യം കൊണ്ട്, ജീവിതത്തോടും ലോകത്തോടുമുള്ള തനിമയാര്‍ന്ന സംവേദനം കൊണ്ട് അവ ശ്രദ്ധേയമാവുന്നു. വിലക്കുകള്‍ക്കും മെരുക്കലുകള്‍ക്കും വഴങ്ങാത്ത ഉന്മാദകരമായ സ്വയം പ്രകാശനം. സംസ്‌കാരത്തിന്റെ കേന്ദ്ര സ്ഥലികളിലിടമില്ലാതിരുന്ന സ്ത്രീയെ തിരിച്ചു കൊണ്ടുവരാന്‍ കെല്‍പ്പുള്ള എഴുത്ത്. സ്ത്രീജീവിതസമസ്യകളും സ്വത്വപ്രതിസന്ധികളും ആഖ്യാനത്തിലേക്കു കടന്നു വരുന്നു. പ്രകൃതിയെയും ജീവിതത്തെയും സമൂഹത്തെയും അവള്‍ പിന്തുടരുന്നു. നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും സാധ്യതകളാരായുന്ന ജൈവികമായ രചനകള്‍. അടുക്കളപ്പുസ്തകത്തിന്, സ്ത്രീകളുടെ സൈബര്‍കൂട്ടായ്മയില്‍ നിന്നു പിറന്ന ആദ്യ പുസ്തകമെന്ന ചരിത്രപരമായ പ്രാധാന്യം കൂടിയുണ്ട്. ഒപ്പം യാഥാസ്ഥിതിക ആണ്‍കോയ്മാ വ്യവഹാരങ്ങളില്‍ നിന്നു കുതറി മാറാനും സ്വന്തം ഇടം സ്വയം സൃഷ്ടിക്കാനുമുള്ള പുതിയകാല സ്ത്രീയുടെ ഊര്‍ജവും ക്രിയാത്മകതയും രേഖപ്പെടുത്തുന്ന എഴുത്തുകളുടെ സമാഹാരമെന്ന നിലയില്‍ സാംസ്‌കാരിക പ്രാധാന്യവും.

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ ഒരുക്കിയ From the Granite Top എന്ന കൂട്ടായ്മയില്‍ രൂപപ്പെട്ടതും സമകാലിക സംവാദങ്ങള്‍ക്കായി സ്വകാര്യ ഇടം കണ്ടെത്തുകയും ചെയ്ത പെണ്ണനുഭവങ്ങളുടെ രേഖപ്പെടുത്തലുകള്‍ കുറിപ്പുകളായും കഥയായും കവിതയായും ദിനചര്യകളായും എഴുതപ്പെട്ടതാണ് 'ഞങ്ങളുടെ അടുക്കളപ്പുസ്തകം'.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories