TopTop
Begin typing your search above and press return to search.

കൂട്ടുകൃഷി: അബദ്ധമെന്ന് പൂര്‍ണ; അങ്ങനെയുള്ളവര്‍ ചരിത്രബോധമുള്ള എഴുത്തുകാരെ തൊടരുതെന്ന് ശാരദക്കുട്ടി; അനാദരവെന്ന് ഇടശ്ശേരിയുടെ മകന്‍

കൂട്ടുകൃഷി: അബദ്ധമെന്ന് പൂര്‍ണ; അങ്ങനെയുള്ളവര്‍ ചരിത്രബോധമുള്ള എഴുത്തുകാരെ തൊടരുതെന്ന് ശാരദക്കുട്ടി; അനാദരവെന്ന് ഇടശ്ശേരിയുടെ മകന്‍

'ജന്മിയെയും കുടിയാനെയും നമ്മള് നാടുകടത്തീലേ? ഇവിടെ ഇപ്പോള്‍ മനുഷ്യന്‍മാരല്ലേ ഉള്ളൂ' - ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ ചരിത്രപരമായ 'കൂട്ടുകൃഷി' നാടകത്തിന്റെ അന്തസ്സത്ത പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന വരികളാണിത്. സാഹിത്യ വിദ്യാര്‍ത്ഥികളും കേരള ചരിത്ര വിദ്യാര്‍ത്ഥികളും ഒരു പോലെ റഫറന്‍സായെടുക്കുന്ന കൂട്ടികൃഷിയുടെ നിലവില്‍ ലഭ്യമായ പുതിയ പതിപ്പുകളില്‍ പക്ഷേ, ഈ വരിയില്ല. നാടകത്തിന്റെ രാഷ്ട്രീയം വിളിച്ചോതുന്ന അവസാനഭാഗത്തെ വരികളാണ് പൂര്‍ണ പബ്ലിക്കേഷന്‍സ് 2016ല്‍ പ്രസിദ്ധീകരിച്ച പതിപ്പില്‍ ഉള്‍പ്പെടാതെ പോയത്.

ജന്മിത്ത വ്യവസ്ഥയ്‌ക്കെതിരായ സമരപ്രഖ്യാപനത്തിന്റെ ഭാഗമായാണ് ജന്മിയും കുടിയാനും കൂട്ടുകൃഷി നടത്തി തുല്യമായി ലാഭം പങ്കിടുന്ന കഥ ഇടശ്ശേരി 1949ല്‍ നാടകമാക്കുന്നത്. ജാതീയമായും സാമൂഹികമായും നിലനിന്നിരുന്ന അടിമയുടമ സമ്പ്രദായത്തെ തച്ചുടച്ച് തുല്യനീതി നടപ്പാക്കുന്ന ഒരു വ്യവസ്ഥിതിയെക്കുറിച്ചുള്ള ഇടശ്ശേരിയുടെ കല്‍പനയാണ് ഒഴിവാക്കപ്പെട്ട ഭാഗത്തുള്ളത്. ജന്മിയും കുടിയാനും കൃഷിയുടെ ഫലം തുല്യമായി വീതിക്കുന്ന സംഭാഷണങ്ങളും, രണ്ട് വ്യത്യസ്ത മതത്തിലും 'സാമൂഹ്യശ്രേണി'യിലും പെട്ട അയിഷയും സുകുമാരനും മിശ്രവിവാഹത്തിനു തയ്യാറെടുക്കുന്നതുമടക്കമുള്ള ഭാഗങ്ങള്‍ പൂര്‍ണയുടെ നോവല്‍ പതിപ്പിലില്ല.

പകരം, ജന്മിക്ക് കൂടുതല്‍ പങ്ക് കൊടുക്കണമെന്നു വിശദീകരിക്കുന്ന സംഭാഷണത്തോടെയാണ് ഈ പതിപ്പില്‍ നാടകമവസാനിക്കുന്നത്. പ്രസിദ്ധീകരിച്ച് രണ്ടു വര്‍ഷത്തോളമായിട്ടും ഇത്രനാളും ഈ ഗുരുതര പിഴവ് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇടശ്ശേരിയെക്കുറിച്ചു പഠിക്കുന്ന സാഹിത്യവിദ്യാര്‍ത്ഥികളടക്കം അനവധി പേര്‍ കൂട്ടുകൃഷിയെ വായിച്ചിരിക്കുക ഇടശ്ശേരി കൃത്യമായ ഉദ്ദേശത്തോടെ എഴുതിച്ചേര്‍ത്ത ആ രാഷ്ട്രീയ പ്രഖ്യാപനങ്ങളില്ലാതെയായിരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. കാലങ്ങള്‍ക്കു ശേഷവും പ്രസക്തമായി തുടരുന്ന ഇത്തരമൊരു കൃതിയുടെ മൗലികത സംരക്ഷിക്കേണ്ടത് പ്രസാധകരുടെ ഉത്തരവാദിത്തമായിരിക്കുമ്പോള്‍ തന്നെ, ബോധപൂര്‍വമുണ്ടായ തിരുത്തല്ല ഇക്കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് പൂര്‍ണയുടെ പ്രസാധക വിഭാഗം വിശദീകരിക്കുന്നുണ്ട്.

'ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഒരു അബദ്ധം മാത്രമാണത്. ഇതിനു മുന്‍പുള്ള 2010ലെ പതിപ്പില്‍ നാടകം പൂര്‍ണമായിത്തന്നെ അച്ചടിച്ചിട്ടുണ്ട്. ഈ പതിപ്പില്‍ അതു മനപ്പൂര്‍വം ഒഴിവാക്കിയതല്ല. നാടകത്തിലെ രാഷ്ട്രീയത്തെയോ മറ്റൊന്നിനെയുമോ ഇല്ലായ്മ ചെയ്യാനുള്ള നീക്കമായി ഇതിനെ കാണരുത്. അങ്ങനെ ചെയ്യുന്നത് ഞങ്ങളുടെ പോളിസിയല്ല. ഇടശ്ശേരിയെപ്പോലുള്ള ഒരാളുടെ കൃതിയോട് അങ്ങിനെ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ല. സംഭവിച്ചത് തെറ്റു തന്നെയാണ്. അതു തീര്‍ച്ചയായും തിരുത്തും.' പ്രസാധക വിഭാഗത്തിലെ ദിജി ചാലപ്പുറം പറയുന്നു.

പൂര്‍ണ്ണയുടെ കൂട്ടുകൃഷി വെട്ടിനിരത്തല്‍ വിശദീകരിച്ചുകൊണ്ട് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ തിരുവനന്തപുരം സെന്ററിലെ അധ്യാപിക ഡോ. സൗമ്യ ദാസന്‍ അഴിമുഖത്തില്‍ ലേഖനം എഴുതിയതോടെയാണ് വിഷയം സാഹിത്യ ലോകത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. "2001-ൽ കറന്റ് ബുക്ക്സ് ഇറക്കിയ ഇടശ്ശേരിയുടെ നാടകങ്ങളുടെ സമ്പൂർണ്ണ സമാഹാരത്തിൽ ‘കൂട്ടുകൃഷി’ നാടകം പൂർണ്ണരൂപത്തിൽ ചേർത്തിട്ടുണ്ട്. എന്നാല്‍ 2016 വരെ മലയാളികൾ വായിച്ച പുരോഗമനാശയങ്ങൾ നിറഞ്ഞ ‘കൂട്ടുകൃഷി’യല്ല ഇപ്പോൾ നമുക്ക് ലഭിക്കുന്നത്. ജാതി- മത, ജന്മി-കുടിയാൻ ഭേദമില്ലാതെ കൂട്ടുകൃഷി നടത്തിയാൽ നല്ല വിളവും നല്ല നാടും വിളയിക്കാമെന്ന സന്ദേശത്തെയാണ് പൂർണ ഇപ്പോൾ വെട്ടി മാറ്റിയിരിക്കുന്നത്." സൌമ്യ എഴുതുന്നു. (ലേഖനം ഇവിടെ വായിക്കാം-ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’ ഒന്നര പേജ് വെട്ടിമാറ്റി പൂർണ്ണ പബ്ലിക്കേഷന്‍സ്; ജന്മിത്തവും പുന:സ്ഥാപിച്ചു)

അതേസമയം, അബദ്ധത്തില്‍ സംഭവിച്ച പിശകാണെങ്കില്‍ക്കൂടി, ഇടശ്ശേരിയെപ്പോലുള്ളവരുടെ കൃതികള്‍ കൈകാര്യം ചെയ്യുന്ന പ്രസാധകര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധ്യാപിക കൂടിയായ എഴുത്തുകാരി എസ്. ശാരദക്കുട്ടി ചൂണ്ടിക്കാട്ടുന്നുണ്ട്. കൂട്ടുകൃഷി പോലെ സാമൂഹിക പ്രാധാന്യമുള്ള രചനകളില്‍ നിന്നും ഒരു വാക്കു പോലും അടര്‍ന്നു പോകാന്‍ പാടില്ലെന്നും, അബദ്ധത്തില്‍ മുറിഞ്ഞു പോകാവുന്ന ഒരു ഭാഗമല്ല കൂട്ടുകൃഷിയുടെ രാഷ്ട്രീയം പറയുന്ന വരികളെന്നുമാണ് ശാരദക്കുട്ടിയുടെ പക്ഷം.

'അങ്ങേയറ്റം ചരിത്രബോധത്തോടെയും രാഷ്ട്രീയബോധത്തോടെയും സാഹിത്യരചന നടത്തിയിരുന്ന എഴുത്തുകാരാണ് ഇടശ്ശേരിയെപ്പോലുള്ളവര്‍. ഒരു വാക്കോ വരിയോ മുറിച്ചുമാറ്റാനില്ലാത്തത്ര കൃത്യതയോടെ കവിതകളും ലേഖനങ്ങളുമെല്ലാം എഴുതിക്കൊണ്ടിരുന്നയാളാണ്. ഇവരൊന്നും ഇന്നുള്ളവരെപ്പോലെ സെലിബ്രിറ്റി സ്റ്റാറ്റസ് പ്രതീക്ഷിച്ചല്ല, മറിച്ച് സാമൂഹികമായ ഇടപെടലുകള്‍ നടത്തണം എന്ന ഉദ്ദേശത്തോടെത്തന്നെയാണ് എഴുതിയിരുന്നത്. വാക്കുകളെ മുറിച്ചുമാറ്റുകയെന്നാല്‍ എഴുത്തുകാരെ കൊലപ്പെടുന്നത്രതന്നെ ക്രൂരമായ ഫാസിസ്റ്റു നടപടിയാണ്. അബദ്ധത്തില്‍ മുറിഞ്ഞു പോകാന്‍ പാടില്ലത്. അല്ലെങ്കില്‍ അവരുടെ കൃതികള്‍ തൊടാന്‍ പോകരുത്.'

'മതാധികാരത്തെയും ജന്മിത്വത്തെയും ചോദ്യം ചെയ്യുന്ന കൂട്ടുകൃഷി പോലൊരു സോഷ്യോ പൊളിറ്റിക്കല്‍ കൃതി ഇടശ്ശേരി എന്തിനെഴുതി എന്നതിനു വലിയ ഉത്തരങ്ങളുണ്ട്. അതു മനസ്സിലാക്കാത്ത ഒരു പ്രസാധകന്‍ ഇടശ്ശേരിയുടെ കൃതികളെ തൊടാന്‍ പാടില്ല. അതിലെ ഒരു വാക്കു വെട്ടിക്കളയുക എന്നാല്‍ അതിനര്‍ത്ഥം ആ എഴുത്തിന്റെ ഉദ്ദേശത്തെ ഇല്ലാതാക്കുക എന്നു തന്നെയാണ്. കേരളത്തിലെ വളരെ പ്രശസ്തരായ ഒരു പ്രസാധകരാണ്. അവര്‍ക്ക് ആ പിഴവുണ്ടാകാന്‍ പാടില്ലായിരുന്നു. വരുന്ന തലമുറയ്ക്കായി രേഖപ്പെടുത്തി വച്ചിരിക്കുന്ന സാധനങ്ങളാണ്. അവയെ നശിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റം തന്നെയാണ്.' ശാരദക്കുട്ടി പറയുന്നു.

2001 ല്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഇടശ്ശേരിയുടെ സമ്പൂര്‍ണകൃതികളില്‍ പക്ഷേ, നാടകം പൂര്‍ണമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ പകര്‍പ്പവകാശം ഇടശ്ശേരിയുടെ മകനും എഴുത്തുകാരനുമായ ഇ ഹരികുമാറിനാണെന്നും അദ്ദേഹത്തിന് കോപ്പി അയച്ചുകൊടുത്ത് തിരുത്തിയാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെടേണ്ടതെന്നും കറന്റ് ബുക്‌സ് പ്രസിദ്ധീകരണ വിഭാഗത്തിലെ ജോണി വിശദീകരിക്കുന്നു. 'തങ്ങള്‍ കരാര്‍ ചെയ്തിരുന്നത് ഹരികുമാറുമായാണ്, തെറ്റുകളുണ്ടാകാതെ നോക്കിയിട്ടുണ്ട്' - അദ്ദേഹം പറയുന്നു.

പ്രസാധകര്‍ മനപൂര്‍വം തെറ്റു വരുത്തുമെന്നു കരുതുന്നില്ലെന്നും, എന്നാല്‍ സംഭവിച്ച തെറ്റു തിരുത്തേണ്ടതാണെന്നുമാണ് ഇടശ്ശേരി സ്മാരക ട്രസ്റ്റംഗവും ഇടശ്ശേരിയുടെ മകനുമായ ഇ. മാധവന്റെ പ്രതികരണം. 'കരുതിക്കൂട്ടി ചെയ്തതാവില്ല. എന്തെങ്കിലും തെറ്റു പറ്റിയതാവാനേ വഴിയുള്ളൂ. പൂര്‍ണയുടെ പതിപ്പിന്റെ കോപ്പി പരിശോധിച്ച് ബോധ്യം വന്നാല്‍, അവരുമായി ബന്ധപ്പെട്ട് വേണ്ടതു ചെയ്യും. പൂര്‍ണ അതു തിരുത്തുക തന്നെ ചെയ്യും. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു വലിയ അനാദരവു തന്നെയാണല്ലോ. തീര്‍ച്ചയായും വിഷയം ഗൗരവമായിത്തന്നെ എടുക്കുന്നു.'

കേരളത്തിലെ ഏതാണ്ട് എല്ലാ സര്‍വകലാശാലകളിലും മലയാള ഭാഷാ പഠനത്തിന്റെ ഭാഗമായി ഇടശ്ശേരി കൃതികളുണ്ട്. ലൈബ്രറികളില്‍ ലഭ്യമായ പഴയ കോപ്പികളല്ലാതെ പൂര്‍ണയുടെ പുതിയ പതിപ്പുകളെ ആശ്രയിച്ച വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഇടശ്ശേരിയെഴുതിയ കൂട്ടുകൃഷിയില്‍ നിന്നും വിരുദ്ധമായ മറ്റൊരു ടെക്സ്റ്റാണ് ലഭിച്ചിരിക്കുക എന്നതില്‍ തര്‍ക്കമില്ല. സമത്വത്തിന്റെ രാഷ്ട്രീയം അന്‍പതുകളിലെ പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കുന്നതിന് കൂട്ടുകൃഷി പോലുള്ള നാടകങ്ങള്‍ വഹിച്ച പങ്കെന്താണ് എന്ന് തിരിച്ചറിയുന്നതില്‍ നിന്നും പുതിയ തലമുറയെ വിലക്കുക എന്നത് അങ്ങേയറ്റം ഗുരുതരമായ പിഴവായിത്തന്നെ കണക്കാക്കേണ്ടതുണ്ട്. എഴുത്തുകാരനെ ഭയപ്പെടുന്ന ഫാസിസ്റ്റ് നീക്കത്തിന്റെ തുടര്‍ച്ചയാണെങ്കിലും, മറിച്ച് ശ്രദ്ധിക്കാതെ സംഭവിച്ച അബദ്ധമാണെങ്കിലും, ഒരു തരത്തില്‍ ഇടശ്ശേരിയുടെ രാഷ്ട്രീയം റദ്ദു ചെയ്യപ്പെടുകയായിരുന്നെന്ന് തിരിച്ചറിയേണ്ടതുണ്ട്.

https://www.azhimukham.com/literature-poorna-publishers-censored-last-part-of-edasseri-govindan-nair-koottukrishi-drama-writes-soumya/


Next Story

Related Stories