TopTop
Begin typing your search above and press return to search.

എഴുത്തുകാരിലെ ചാമ്പ്യന്‍

എഴുത്തുകാരിലെ ചാമ്പ്യന്‍

1927-ൽ പുറത്തുവന്ന Stefan Zweig-ന്റെ ചെറുനോവലാണ് "Confusion" (La Confusion des sentiments). തന്റെ നേട്ടങ്ങളുടെ നെറുകയിൽ വിരമിക്കാനൊരുങ്ങുന്ന റോളണ്ട് എന്ന പ്രൊഫസർ, തന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനകരമായ വഴിത്തിരിവിനെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കുന്നതാണ് ഈ നോവെല്ലയുടെ ഇതിവൃത്തം. "We live through myriads of seconds, yet it is always one, just one, that casts our entire inner world into turmoil, the second when (as Stendhal has described it) the internal inflorescence, already steeped in every kind of fluid, condenses and crystallizes—a magical second, like the moment of generation, and like that moment concealed in the warm interior of the individual life, invisible, untouchable, beyond the reach of feeling, a secret experienced alone. No algebra of the mind can calculate it, no alchemy of premonition divine it, and it can seldom perceive itself."- ഇമ്മട്ടിലാണ് അയാളതിനെ വിവരിയ്ക്കുന്നത്.

സാഹിത്യപ്രേമിയായ അച്ഛന്റെ അലസനും സുഖിമാനുമായ, ഏറെക്കുറെ പുസ്തകവിരോധിയുമായ മകനായിരുന്നു റോളണ്ട്. കുത്തഴിഞ്ഞ ജീവിതം കയ്യോടെ പിടിക്കപ്പെട്ട് മറ്റൊരു സ്ഥലത്തു പഠനം തുടരാനായിപ്പോകുന്ന റോളണ്ട് തന്റെ ജീവിതത്തെ പിന്നീട് മാറ്റിമറിച്ച അധ്യാപകനെ കണ്ടുമുട്ടുകയാണ്. അയാൾ ക്‌ളാസ് എടുക്കുന്നതാണ് അവൻ കാണുന്നത് - അയാളുടെ വാക്ചാതുരിയും ബുദ്ധിപ്രഭാവവും റോളണ്ടിനെ മറ്റൊരു ലോകത്തേക്കെത്തിക്കുന്നു. (“I had never before known language as ecstasy, the passion of discourse as an elemental act, and the unexpected shock of it drew me closer. Without knowing that I was moving, hypnotically attracted by a force stronger than curiosity, and with the dragging footsteps of a sleepwalker I made my way as if by magic into that charmed circle—suddenly, without being aware of it, I was there, only a few inches from him and among all the others, who themselves were too spellbound to notice me or anything else”). പ്രൊഫസറുടെ വീടിനു മുകളിലത്തെ നിലയിൽ തന്നെ താമസം തരപ്പെടുത്തുകയാണ് റോളണ്ട്. എന്നാൽ തൊട്ടടുത്ത ദിവസം ക്‌ളാസ്സിനെത്തുന്ന അവൻ തികച്ചും വ്യത്യസ്തനായ ഒരധ്യാപകനെയാണ് കാണുന്നത്. അഥവാ അയാളുടെ അധ്യാപന ശൈലിയിൽ ഉന്മാദിയെപ്പോലെ അയാൾ തന്നെത്തന്നെ മറന്നു പെരുമാറുന്ന ഒരു നിലയും വിരസമായ മറ്റൊരു രീതിയും ഉണ്ടെന്ന് അവനു മനസ്സിലാകുന്നു. അതവന്റെ കൗതുകം വളർത്തുകയാണ് ചെയ്യുന്നത് - അവൻ പ്രൊഫസറുമായി കൂടുതൽ അടുത്തിടപഴകാൻ തുടങ്ങുന്നു. തന്റെ ഒരു ദീർഘകാല സ്വപ്നമായ ഒരു പുസ്തകം അവന്റെ സഹായത്തോടെ എഴുതാം എന്ന് പ്രൊഫസ്സർ തീരുമാനിക്കുന്നു. പ്രൊഫസറുടെ സൃഷ്‌ടിപരമായുള്ള വശം വെളിപ്പെടുന്ന ഈ ഭാഗങ്ങളിൽ സ്വെയ്ഗ് എഴുതിത്തകർക്കുകയാണ് - “For this remarkable man constructed it all out of his musicality of feeling: he always needed some vibrant note to set his ideas flowing. Usually it was an image, a bold metaphor, a situation visualized in three dimensions which he extended into a dramatic scene, involuntarily working himself up as he went rapidly along. Something of all that is grandly natural in creativity would often flash from the swift radiance of these improvisations: I remember lines that seemed to be from a poem in iambic metre, others that poured out like cataracts in magnificently compressed enumerations like Homer’s catalogue of ships or the barbaric hymns of Walt Whitman”

“For the first time it was granted to me, young and new to the world as I was, to glimpse something of the mystery of the creative process—I saw how the idea, still colourless, nothing but pure and flowing heat, streamed from the furnace of his impulsive excitement like the molten metal to make a bell, then gradually, as it cooled, took shape, I saw how that shape rounded out powerfully and revealed itself, until at last the words rang from it and gave human language to poetic feeling, just as the clapper gives the bell its sound.”

ഈ സഹവാസം കൊണ്ട് അവൻ മനസ്സിലാക്കുന്ന ഒരു കാര്യം പ്രൊഫസറും ഭാര്യയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകളുണ്ട് എന്നുള്ളതാണ്. കൂടാതെ പ്രൊഫസർ തന്റെ വിചിത്ര സ്വഭാവം തുടരുന്നുണ്ട് - അയാൾ ചിലപ്പോൾ സ്നേഹത്തോടെ പെരുമാറും, മറ്റുചിലപ്പോൾ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും കുത്തിനോവിക്കും - കൗമാരക്കാരനായ വിദ്യാർത്ഥിക്ക് അത് സഹിക്കാനാകുന്നില്ല. കൂടാതെ പ്രൊഫസർ ഇടയ്ക്കിടയ്ക്ക് ഒന്നും പറയാതെ എങ്ങോട്ടോ യാത്ര പോകുന്നുമുണ്ട് - എങ്ങോട്ടാണെന്ന് അയാളുടെ ഭാര്യയ്ക്കും അറിയില്ല. ഗത്യന്തരമില്ലാതെ അവൻ പ്രൊഫസറുടെ ചെറുപ്പക്കാരിയായ ഭാര്യയെത്തന്നെ ഉപദേശത്തിനായി സമീപിക്കുന്നു. അത് അവർ തമ്മിലുള്ള ബന്ധത്തിന്റെ തുടക്കമാകുന്നു. അതിന്റെ പാപബോധം കൂടി റോളണ്ടിനെ കുഴയ്ക്കുന്നു. പ്രൊഫസറുടെ രഹസ്യം - അയാൾ സ്വവർഗ്ഗാനുരാഗി ആണെന്നത് - തൊണ്ണൂറു വർഷത്തിനിപ്പുറം വായിക്കുമ്പോൾ പിടിച്ചു കുലുക്കുന്നപോലെ അനുഭവപ്പെടില്ലെങ്കിലും അന്ന് അതെത്ര മാത്രം ഓളമുണ്ടാക്കിയിരിയ്ക്കാമെന്നത് ഊഹിക്കാവുന്നതേയുള്ളു.

സൈക്കോളജിയിൽ തല്‍പ്പരനും, ഫ്രോയ്ഡിന്റെ ആരാധകനുമായ സ്വെയ്ഗ് രണ്ടു കഥാപാത്രങ്ങളുടെയും ചെയ്തികളെയും ലൈംഗികദാഹത്തെയും അവതരിപ്പിക്കുന്നത് വളരെ സൂക്ഷ്മമായാണ് (സ്വെയ്ഗിന്റെ എഴുത്തിന്റെ പ്രത്യേകത തന്നെ കാരക്ടർ സ്റ്റഡി ആണ്). നോവലിന്റെ ഒടുവിൽ എല്ലാം മനസ്സിലാക്കിയ വിദ്യാർത്ഥി തന്റെ മുറിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പ്രൊഫസർ അടുത്തുവരുന്ന രംഗം, അതുപോലെ അവൻ പ്രൊഫസറുടെ മുറിയിൽ, അവന്റെ പിറകിൽ ഇരുട്ടിൽ മറഞ്ഞുനിന്ന് (ആത്മനിയന്ത്രണത്തിനുവേണ്ടിയാണ് അയാൾ ഈ മുന്നൊരുക്കം നടത്തുന്നത് എന്നത് വ്യക്തം) അയാളുടെ ശബ്ദം കേട്ടുകൊണ്ട് അയാൾ പറയുന്നത് എഴുതിയെടുക്കുന്നത് തുടങ്ങി പലരംഗങ്ങളിലും എഴുത്തുകാരന്റെ ഈ മിടുക്കു കാണാം (That voice in the darkness, ah, that voice in the darkness, how I felt it penetrate my inmost breast! There was a note in it such as I had never heard before and have never heard since, a note drawn from depths that the average life never plumbs എന്നാണ് പക്ഷെ റോളണ്ട് ചിന്തിയ്ക്കുന്നത്). അപ്പോഴും അയാൾ ഒരു ഉൾനാട്ടിൽ കൗമാരക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു എന്നതും റോളണ്ട് അയാൾ ഇങ്ങനെ കൊണ്ടുനടന്ന ആദ്യ വിദ്യാർത്ഥിയായിരിക്കില്ലല്ലോ എന്ന അസുഖകരമായ ചിന്തയും വായനക്കാരനുണ്ടാകും. ഏറെക്കുറെ അസുഖം പോലെയാണ് സ്വവർഗ്ഗാനുരാഗം ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. ഇതൊന്നും എഴുത്തിന്റെ ശക്തിയെ കുറയ്ക്കുന്നില്ല എന്നത് വേറെ കാര്യം.

മേൽപ്പറഞ്ഞ സൂക്ഷ്മമായ കഥാപാത്ര നിർമ്മിതിയുടെ മകുടോദാഹരണമാണ് ഒരു പക്ഷെ സ്വെയ്ഗിന്റെ ഏറ്റവും പ്രശസ്തമായ നോവെല്ല, “Chess Story” (The Royal Game). സെന്റോവിക് എന്ന ചെസ്സ് ചാമ്പ്യനെ, കഥ പറയുന്നയാൾ ഒരു കപ്പലിൽ വച്ച് കാണുകയാണ്. തന്റെ, ചെസ്സിലൊഴികെ മറ്റെല്ലാ കാര്യങ്ങളിലുമുള്ള അജ്ഞത മറയ്ക്കാൻ - അയാൾക്ക്‌ ലോകത്തൊരു ഭാഷയിലും ഒരു വരി പോലും എഴുതാനറിയില്ല എന്ന് കഥ പറയുന്നയാളുടെ സുഹൃത്ത് - അന്തർമുഖനായി നടിക്കുന്ന ഒരുത്തനാണയാൾ. ചെസ്സിൽ തന്നെ തന്റെ അസാധാരണമായ നിരീക്ഷണ പാടവമാണ് അയാളുടെ വിജയ രഹസ്യം. ചെസ്സിനെക്കുറിച്ചു സംസാരിക്കാൻ പറഞ്ഞാൽ അയാൾ ബുദ്ധിമുട്ടുകയും ചെയ്യും. അയാളെപ്പറ്റി പഠിക്കൻ കഥ പറയുന്നയാൾ തീരുമാനിക്കുകയാണ് (All my life I have been passionately interested in monomaniacs of any kind, people carried away by a single idea. The more one limits oneself, the closer one is to the infinite; these people, as unworldly as they seem, burrow like termites into their own particular material to construct, in miniature, a strange and utterly individual image of the world). എന്നാൽ അതെളുപ്പമല്ല. കുറേ ആലോചിച്ച് അവർ കണ്ടെത്തുന്ന വഴി, ചാമ്പ്യൻ കാൺകെ ചെസ്സ് കളിക്കുക എന്നതാണ്. ആളുകളുടെ ശ്രദ്ധ അവരുടെ കളിയിലേക്ക് തിരിയുന്നു, സ്വാഭാവികമായും സെന്റോവിക്കും അവിടെയെത്തിച്ചേരുന്നു. ആഖ്യാതാവിന്റെ സുഹൃത്ത് ഒരു കോടീശ്വരനാണ്, അയാൾ പണമെത്രയും ചിലവാക്കാൻ തയ്യാറാണ്. സെന്റോവിക്കിനു താല്പര്യമുള്ള കാര്യവും പണമാണ്. അങ്ങനെ ചാമ്പ്യൻ അവരുമായും മറ്റുള്ളവരുമായും കളിക്കുന്നു. അയാൾ തന്നെയാണ് ജയിക്കുന്നത്. എന്നാൽ അവർ വീണ്ടും കളിക്കുമ്പോൾ അസാധാരണമായ ഒരു കാര്യം സംഭവിക്കുന്നു. കളി കണ്ടുകൊണ്ട് നിന്ന ഒരാൾ ചാമ്പ്യന്റെ നീക്കങ്ങൾ ബോർഡ് നോക്കി പ്രവചിക്കുന്നു. അയാളുടെ നിർദ്ദേശപ്രകാരം കളിക്കുന്ന കഥാകാരനും സുഹൃത്തും ചാമ്പ്യനെ തോൽപ്പിക്കുകയും ചെയ്യുന്നു. ഇതോടെ സെന്റോവിക്കും ആഗതനും (ബി എന്ന് ചുരുക്കിയാണ് അയാളുടെ പേര് പറയുന്നത്) കളിക്കാനൊരുങ്ങുകയാണ്. ആഖ്യാതാവിന്റെ ചോദ്യങ്ങൾക്കു മറുപടിയായി ബി തന്റെ കഥ പറയുന്നു.

പല സമ്പന്നകുടുംബങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന ഒരു സ്ഥാപനം നടത്തുകയായിരുന്നു ബി, ഹിറ്റ്ലറുടെ കാലത്ത്. ഹിറ്റ്ലറുടെ രഹസ്യപ്പോലീസ് അയാളെയും തിരഞ്ഞെത്തുന്നു. തുടർന്ന് ഒരു ഹോട്ടൽ മുറിയിൽ, കഠിനമായ ഏകാന്തവാസമാണ് അയാൾക്ക്‌ വിധിക്കപ്പെടുന്നത് (They did nothing – other than subjecting us to complete nothingness. For, as is well known, nothing on earth puts more pressure on the human mind than nothing. . . . you were hopelessly alone with yourself, with your body, and with these four or five mute objects, table, bed, window, washbasin; you lived like a diver in a diving bell in the black sea of silence). ഒരു സമയത്തും ബി തന്റെ ഇടപാടുകാരെ ഒറ്റു കൊടുക്കുന്നില്ല. എന്തായിരുന്നു അയാളുടെ ജാഗരൂകമായ, ഏകാഗ്രമായ മന:ശക്തിയുടെ രഹസ്യം? ഒരു ദിവസം ഒരു ഗാർഡിന്റെ കോട്ടിന്റെ കീശയിൽ നിന്ന് അയാളൊരു പുസ്തകം കൈക്കലാക്കുന്നു. അത് ചെസ്സ് കളികളെപ്പറ്റിയുള്ള ഒന്നാണെന്ന് കണ്ട്, ആദ്യം അയാൾ നിരാശനാകുന്നെങ്കിലും, പിന്നെ മനസ്സിനെ ഏകാഗ്രമാക്കാനും, തന്റെ മാനസിക നിലയെ തകർക്കാൻ കെല്പുള്ള ഏകാന്തതയെ പ്രതിരോധിക്കാനും അയാൾ ചെസ് കളി പഠിക്കാൻ തീരുമാനിക്കുന്നു. പക്ഷെ പഠിക്കുന്നത് എങ്ങനെ? അതിനും അയാൾ വഴി കണ്ടെത്തുന്നു. തന്റെ കിടക്ക വിരിയിലെ ചിത്രപ്പണിയിലെ കള്ളികൾ ചെസ്സ് ബോർഡ് പോലെ സങ്കൽപ്പിച്ചു, അതിൽ ചെറിയ റൊട്ടിക്കഷണങ്ങൾ കരുക്കൾക്കു പകരം വച്ചാണ് അയാൾ കളി പഠിക്കുന്നത്. എല്ലാം മനഃപാഠമാക്കി, ഭാവനയിൽ കണ്ടാണ് കളി - രണ്ടു കളിക്കാരായും അയാൾ തന്നെ കളിക്കുന്നു. അങ്ങനെ വളരെ മുന്നോട്ടുള്ള നീക്കങ്ങൾ പോലും അയാൾക്ക്‌ മനസ്സിൽ കാണാനാകുന്നു. അങ്ങനെയാണ് അയാൾ സെന്റോവിക്കിന്റെ നീക്കങ്ങൾ പ്രവചിക്കുന്നത് (In fact what is presupposed by this kind of duality of thought is a total division of consciousness, an ability to turn the workings of the brain on or off at will, as though it were a machine; playing chess against oneself is thus as paradoxical as jumping over one’s own shadow). ഇങ്ങനെ അത്യസാധാരണമായ ഒരു പൂർവ്വകഥയാണ് അയാൾക്കുള്ളത്. സെന്റോവിക്കാകട്ടെ, ബാലനായിരിയ്ക്കുമ്പോൾ ഒരു പാതിരിയുടെ സഹായിയായിരുന്നു. പ്രതിഭയുടെ യാതൊരു ലക്ഷണങ്ങളും കാണിക്കാത്ത ഒരു കുട്ടി. യാദൃച്‌ഛികമായി അയാളുടെ കഴിവ് കണ്ടുപിടിക്കുന്ന പാതിരി അവനെ ടൂർണ്ണമെന്റുകളിൽ പങ്കെടുപ്പിക്കുന്നു - അവൻ എല്ലായിടത്തും അജയ്യനായിരുന്നു. ഒരിക്കൽ ഒരാൾ ഒരു പുതിയ ഓപ്പണിങ് പ്രയോഗിക്കുമ്പോൾ അവൻ തോൽക്കുന്നു, പക്ഷെ അതും ഹൃദിസ്ഥമാക്കിയ സെന്റോവിക്, അടുത്ത കളിയിൽ അയാളെയും തോൽപ്പിക്കുന്നു - ഇതാണ് അവന്റെ പഠനരീതി. അവിടെനിന്ന് പെട്ടെന്നാണ് അവൻ ചാമ്പ്യനെന്ന നിലയിൽ വളർന്നത്. ഇങ്ങനെയുള്ള രണ്ടു പ്രതിഭകളുടെ ഏറ്റുമുട്ടലിൽ എന്ത് സംഭവിക്കുന്നു എന്നതാണ് അസാധാരണമായ ഈ നോവല്ലയിൽ പ്രതിപാദിക്കപ്പെടുന്നത്. ഈ മത്സരത്തിന്റെ അന്ത്യം ഉജ്ജ്വലമായ വായനാനുഭവമാണ്.

1941-ലാണ് സ്വെയ്ഗ് ഇതെഴുതുന്നത്. തൊട്ടടുത്ത വർഷം അയാൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ചെയ്തു. അഥവാ, തന്റെ പ്രതിഭയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ - എന്തൊക്കെ തരത്തിലുള്ള ദുരന്തങ്ങളാണ് നാസികൾ വരുത്തിവച്ചിരുന്നത് എന്ന് കാണുക. അത്യസാധാരണ പ്രതിഭയായിരുന്നു സ്വെയ്ഗ്. അയാളെ വായിക്കുന്നത് അയാളുടെ പ്രതിഭയോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്ദിപ്രകടനമാണ് എന്നാണെന്റെ പക്ഷം.

Stefan Zweig : 1900-കളുടെ തുടക്കത്തിൽ ലോകത്തെ ഏറ്റവും പ്രശസ്തനായ ഓസ്ട്രിയൻ എഴുത്തുകാരൻ. ജേർണലിസ്റ്റ്, നാടകകൃത്ത്, നോവലിസ്റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തൻ. The World of Yesterday എന്ന അസാധാരണമായ ആത്മകഥയാണ് ഏറ്റവും പ്രശസ്തം, നിരവധി ചെറുനോവലുകൾ എഴുതിയിട്ടുണ്ട് - Chess Story, Beware of Pity (സൈക്കോളജിക്കൽ നോവലാണ്), Amok, Burning Secret തുടങ്ങിയവ ഇപ്പോഴും ലോകമെങ്ങും വായിക്കപ്പെടുന്നു (Pushkin Press പുതുതായി പബ്ലിഷ് ചെയ്തിട്ടുണ്ട്). Balzac, Dickens, Dostoyevsky, Nietzsche പല പ്രശസ്തരെക്കുറിച്ചും പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുദ്ധകാല യൂറോപ്പിലെ സ്ഥിതിയിൽ ഏറെ അസ്വസ്ഥനായ സ്വെയ്ഗ് വിഷാദരോഗത്തിനടിപ്പെട്ട്, ഒടുവിൽ ഭാര്യയോടൊപ്പം 1942-ൽ ആത്മഹത്യ ചെയ്യുകയായിരുന്നു ("My inner crisis consists in that I am not able to identify myself with the me of passport, the self of exile" - അക്കാലത്തെ ഒരെഴുത്തിൽ നിന്ന്).


Next Story

Related Stories