TopTop

പീഡോഫീലിയയും ലൈംഗിക അതിക്രമങ്ങളും വിഷയമാക്കി; ടര്‍ക്കിഷ് ഗവണ്‍മെന്‍റ് എഴുത്തുകാര്‍ക്കെതിരെ

പീഡോഫീലിയയും ലൈംഗിക അതിക്രമങ്ങളും വിഷയമാക്കി; ടര്‍ക്കിഷ് ഗവണ്‍മെന്‍റ് എഴുത്തുകാര്‍ക്കെതിരെ
പ്രശസ്ത എഴുത്തുകാരി എലിഫ് ഷഫാക് അടക്കമുള്ള എഴുത്തുകാര്‍ക്കെതിരെ അന്വേഷണത്തിന് തുര്‍ക്കി ഇത്തരവിട്ടു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതും, ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പടെയുള്ള വെല്ലുവിളി നിറഞ്ഞ വിഷയങ്ങൾ നോവലിസ്റ്റുകൾ കൈകാര്യം ചെയ്യുന്നതും സോഷ്യൽ മീഡിയയിൽ വിവാദപരമായ പല ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് തുര്‍ക്കി പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന ആരോപണവും നിരവധി കോണുകളില്‍നിന്നും ഉയര്‍ന്നു വരുന്നുണ്ട്.

അബ്ദുള്ള സെവ്ഖിയുടെ ഒരു നോവലിൽ നിന്നള്ള ഒരു ഭാഗം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെക്കപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളെ ഒരു പീഡോഫൈലിന്‍റെ കണ്ണിലൂടെ നോക്കിക്കാണുന്ന ഒരു ഭാഗമായിരുന്നു അത്. സംഗതി വിവാദമായതോടെ എഴുത്തുകാരനെതിരെ ക്രിമിനൽ പരാതി ലഭിച്ചതായി തുര്‍ക്കിയിലെ സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി. തുര്‍ക്കിയിലെ ബാർ അസോസിയേഷൻ പുസ്തകം നിരോധിക്കണമെന്നും എഴുത്തുകാരനെതിരേ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതോടെ സെവ്ഖിയേയും പുസ്തകത്തിന്‍റെ പ്രസാധകനേയും തുര്‍ക്കി പോലീസ് അറസ്റ്റുചെയ്തു.

എന്നാല്‍ വിഷയം അവിടെയും അവസാനിച്ചില്ല. മറ്റുള്ള എഴുത്തുകാരുടേയും കുട്ടികളെ കുറിച്ചുള്ള സമാനമായ എഴുത്തുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. അതില്‍ ഷഫാക്കിന്‍റെയും നോവലിസ്റ്റായ അയ്സീ കുലിന്‍റെയും എഴുത്തുകളിലെ ഭാഗങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരക്കണക്കിന് അശ്ലീല സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഷഫാക് പറയുന്നു. ഷഫാക്കിന്‍റെ 1999-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘ദ ഗെയ്സ്’, 2016-ലെ 'ത്രീ ഡോട്ടേര്‍സ് ഓഫ് ഈവ്’ എന്നീ നോവലുകള്‍ പരിശോധിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

‘ടർക്കിഷ് സാഹിത്യത്തിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെകുറിച്ച് അന്വേഷിക്കാൻ അവർക്ക് വലിയ താൽപ്പര്യമാണ്’, ഷഫാക് പറയുന്നു. ‘ഇപ്പോള്‍ ഇതാണ് അവരുടെ പ്രധാന വിഷയം. സ്ത്രീകള്‍ക്കും കുട്ടികൾക്കും എതിരായ ലൈംഗിക അതിക്രമങ്ങൾ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യമാണ് ഇത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. തുർക്കിയിലെ കോടതികൾ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, നിയമങ്ങൾ മാറ്റിയിട്ടുമില്ല. ലൈംഗിക അതിക്രമങ്ങളിൽ ഏർപ്പെടുന്നവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കേണ്ട ഒരു രാജ്യത്ത്, അവർ എഴുത്തുകാര്‍ക്കെതിരേ കേസെടുക്കാന്‍ നടക്കുകയാണ്. ഇതാണ് ഏറ്റവും വലിയ ദുരന്തം’, അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ദി ബാസ്റ്റാര്‍ഡ്സ് ഓഫ് ഇസ്താംബൂള്‍’ എന്ന നോവലിലെ ഒരു കഥാപാത്രത്തെ മുന്‍നിര്‍ത്തി അത് ‘തുർക്കിയെ അധിക്ഷേപിക്കുന്നതിനു തുല്യമാണെന്ന്’ പറഞ്ഞ് 2006-ലും ഷഫാക്കിനെതിരെ കേസെടുത്തിരുന്നു. ചില കഥകളിൽ ലൈംഗിക പീഡനത്തെക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും അതൊരിക്കലും ആ തെറ്റിനെ അംഗീകരിക്കുന്ന തരത്തിലുള്ളതല്ലെന്നും അവര്‍ വ്യക്തമാക്കി.

ശൈശവ വിവാഹത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ‘ഗേള്‍സ് നോട്ട് ബ്രൈഡ്സ്’ എന്ന സംഘടനയുടെ കണക്കു പ്രകാരം യൂറോപ്പിൽ ശൈശവ വിവാഹം ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യമാണ് തുര്‍ക്കി. 15% പെൺകുട്ടികൾ 18 വയസ്സിനുമുമ്പ് അവിടെ വിവാഹിതരാകുന്നുവെന്നാണ് കണക്ക്.

Read More: അപര്‍ണ, പ്രിയ, സിമി, പല്ലവി; പൈസയായാലും വിശ്വാസമായാലും നഷ്ടപ്പെട്ടവർക്ക് അത് തിരിച്ചുപിടിച്ചേ പറ്റൂ

Next Story

Related Stories