TopTop
Begin typing your search above and press return to search.

ഇത്രയും സത്യസന്ധമായ ഒരു പുസ്തകം നിങ്ങള്‍ വായിച്ചിട്ടുണ്ടാവില്ല; ജീവിതമാണത്

ഇത്രയും സത്യസന്ധമായ ഒരു പുസ്തകം നിങ്ങള്‍ വായിച്ചിട്ടുണ്ടാവില്ല; ജീവിതമാണത്
ജീവിതവും മരണവും രണ്ടും രണ്ടാണോ? അതോ, ഒരേ അവസ്ഥയുടെ രണ്ട് മുഖങ്ങളോ? ഇരുളും വെളിച്ചവും പോലെ; ചൂടും തണുപ്പും പോലെ; വാക്കും അര്‍ത്ഥവും പോലെ. ഡോ. പോള്‍ കലാനിധി എഴുതിയ 'When breath becomes air' എന്ന പുസ്തകം ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ഇത്തരം ചില ചോദ്യങ്ങളിലൂടെയും അപഗ്രഥനങ്ങളിലൂടെയും വായനക്കാരെ കൊണ്ടുപോകുന്നു. ചില പുസ്തകങ്ങള്‍ നമ്മുടെ ചിന്തകളെ വിടാതെ പിന്തുടരും; ഇളക്കി മറിക്കും; ആത്മാന്വേഷണത്തിന് പ്രേരിപ്പിക്കും. ഇത് അത്തരം ഒരു രചനയാണ്. അതുകൊണ്ടുതന്നെ ഈ വായനയുടെ അനുഭവം പറഞ്ഞുവെയ്ക്കാതെ നിവൃത്തിയില്ല.

ദിനംപ്രതി അനേകായിരം മരണങ്ങള്‍ ചുറ്റും നടന്നുകൊണ്ടിരിക്കുമ്പോഴും സ്വയം നശ്വരതയെ കുറിച്ച് ചിന്തയില്ലാതെ എങ്ങും ജീവിതം ആഘോഷിക്കപ്പെടുന്നു എന്നതാണ് ഈ ലോകത്തില്‍ ഏറ്റവും ആശ്ചര്യകരമായ സംഗതി എന്ന് മഹാഭാരതത്തില്‍ ഒരിടത്തു പറയുന്നുണ്ട്. പോളിന്റെ ഈ പുസ്തകവും, ജീവിതവും മരണവും തമ്മിലുള്ള ഈ തരം സവിശേഷ ബന്ധങ്ങളെപ്പറ്റി ഉള്ള ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. 2015 മാര്‍ച്ച് ഒമ്പതാം തീയ്യതി തന്റെ മുപ്പത്തിയേഴാമത്തെ വയസ്സില്‍ പോള്‍ കലാനിതി മരണത്തിന് കീഴടങ്ങി. ശ്വാസകോശത്തെ ബാധിച്ച അര്‍ബുദമായിരുന്നു മരണകാരണം. ക്യാന്‍സര്‍ സ്ഥിരീകരിച്ചശേഷം ആ മരണാസന്നമായ രോഗാവസ്ഥയില്‍ സ്വന്തം ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ദര്‍ശനങ്ങളെക്കുറിച്ചും പോള്‍ കലാനിതി ഈ പുസ്തകത്തിലൂടെ നമ്മോട് പറയുന്നു. ഒരുപക്ഷേ, ജീവിതം എന്ന നശ്വരതയെ അദ്ദേഹം മറികടക്കാന്‍ ആഗ്രഹിച്ചത് എന്നേക്കും വായിക്കപ്പെടാവുന്ന ഈ പുസ്തകത്തിലൂടെ ആവണം.

പോള്‍ കലാനിധിയും ഭാര്യ ലൂസിയും


പുസ്തകത്തിന്റെ ആമുഖമായി പോള്‍ പറഞ്ഞുതുടങ്ങുന്നത് ആദ്യമായി ക്യാന്‍സര്‍ബാധിച്ച തന്റെ ശ്വാസകോശത്തിന്റെ സി.ടി. സ്‌കാന്‍ കാണുന്നിടം മുതല്‍ക്കാണ്. ആ രോഗനിര്‍ണയം സ്വാഭാവികമായും പോളിന്റെ ജീവിതത്തിന്റെ ഗതി മാറ്റുന്നു. വര്‍ഷങ്ങള്‍ നീണ്ട വൈദ്യപഠനത്തിന്റെയും റസിഡന്‍സിയുടെയും അവസാനഘട്ടത്തിലായിരുന്ന പോള്‍ അങ്ങനെ ഡോക്ടറുടെ വേഷത്തില്‍നിന്ന് പൊടുന്നനെ രോഗിയായി മാറുന്നു. അതുവരെ തന്റേതന്നെ പഠനവസ്തുക്കളായിരുന്ന രോഗികളുടെ നിരയിലേക്ക് താന്‍ സ്വയം എത്തിപ്പെടുന്ന അവസ്ഥ! ഈ മാറ്റത്തിന്റെ കഥയും, ഇതിന് വളരെ മുന്‍പേതന്നെ പോളിനെ പിന്തുടര്‍ന്നിരുന്ന അസ്തിത്വവ്യഥകളും ആണ് ഈ പുസ്തകത്തിന്റെ കാതല്‍. ഡോക്ടറില്‍നിന്ന് രോഗിയിലേക്കുള്ള ഈ വേഷപ്പകര്‍ച്ചക്കൊപ്പം മറ്റൊന്നുകൂടി സംഭവിക്കുന്നു. വേര്‍പാടിന്റെ വക്കില്‍ എത്തിനിന്നിരുന്ന പോളിന്റെയും പത്‌നി ലൂസിയുടെയും ദാമ്പത്യം ഈ തിരിച്ചറിവിനുമുന്നില്‍ വീണ്ടും ദൃഢമാകുന്നു. രണ്ടുപേരും പരസ്പരം താങ്ങാവുന്നു. തുടര്‍ന്നുള്ള യാത്ര ഒരുമിച്ചാണെന്ന് തീര്‍ച്ചപ്പെടുത്തുന്നു. അവര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ വെളിച്ചം അണഞ്ഞുപോയിട്ടില്ല എന്ന് അവര്‍ മനസ്സിലാക്കുന്നത് മരണത്തിന്റെ നിഴല്‍പ്പാടുകള്‍ക്കിടയിലൂടെയാണ്.

ആമുഖത്തിനുശേഷം പോള്‍ തന്റെ ബാല്യകാലത്തിന്റെ ഓര്‍മ്മകളിലേക്ക് പോകുന്നു. ദക്ഷിണേന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഹിന്ദു-ക്രിസ്ത്യന്‍ ദമ്പതികളുടെ മൂന്നാമത്തെ ആണ്‍കുട്ടിയായ പോള്‍ ബാല്യം ചെലവഴിക്കുന്നത് അരിസോണയിലാണ്. പോളിന്റെ അമ്മ അദ്ദേഹത്തിന്റെ സാഹിത്യാഭിരുചിയെയും വായനയേയും നല്ലപോലെ സ്വാധീനിച്ചു; വളര്‍ത്തി. ആ സ്വാധീനത്തില്‍, എഴുത്താണ് തന്റെ കര്‍മ്മമണ്ഡലം എന്ന ബോധത്തോടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദത്തിന് ചേരുന്ന പോള്‍ പക്ഷേ പഠിച്ചിറങ്ങുമ്പോഴേക്കും ഒരുകാര്യം തീര്‍ച്ചപ്പെടുത്തി. തന്റെ ഉള്ളിലെ ആത്മാന്വേഷണങ്ങള്‍ക്കും, അസ്തിത്വവ്യഥകള്‍ക്കുമുള്ള ഉത്തരം തരാന്‍കഴിയുക ന്യൂറോളജിക്കാണ് എന്ന്. അങ്ങനെ, പ്രശസ്തമായ യേയ്ല്‍ സര്‍വകലാശാലയില്‍ മെഡിക്കല്‍ പഠനത്തിന്‍ തയ്യാറെടുക്കുന്ന പോള്‍, ഇടക്കാലത്ത് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തിലും വൈദ്യശാസ്ത്രത്തിലും എം.ഫില്‍ നേടുന്നു.

പിന്നീട് എഴുവര്‍ഷത്തോളം നീണ്ട ന്യൂറോളജി പഠനവും, ഗവേഷണവും, റസിഡന്‍സി ഷിഫ്റ്റുകളും. ഒപ്പം എണ്ണമറ്റ ജീവിതാനുഭവങ്ങളും. അവയൊക്കെ അര്‍ഹിക്കുന്ന തീക്ഷ്ണതയോടെ പോള്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. ആദ്യമായി ജനനവും മരണവും ഒക്കെ കണ്മുന്നില്‍ കാണുന്നതും, പിന്നീടങ്ങോട്ട് പലതരം രോഗപീഡകളുടെ ദൃക്സാക്ഷ്യവും എല്ലാം. വേദനയുടെ മുഖങ്ങള്‍, ജീവിതത്തിലേക്കുള്ള തിരിച്ചു വരവുകള്‍ അങ്ങനെയങ്ങനെ. ജീവന്‍ രക്ഷിക്കുക എന്നത് മാത്രമല്ല, മരണത്തിലേക്കുള്ള യാത്രയില്‍ ഒപ്പം കൈപിടിച്ചു നടക്കുക എന്നതും ഒരു ഡോക്ടറുടെ കര്‍ത്തവ്യമാണ് എന്ന് പോള്‍ എഴുതുന്നു. മുന്നില്‍ വരുന്ന ഓരോ രോഗാവസ്ഥയും ജീവിതത്തെയും, മരണത്തെയും, നശ്വരതയെയും, മനുഷ്യത്വത്തെയും ഒക്കെ പറ്റി ഉള്ള പഠനവസ്തുക്കളായിരുന്നു അദ്ദേഹത്തിന്. ഒടുവില്‍ മാറിനിന്ന് മനസ്സിലാക്കാന്‍ ശ്രമിച്ച മരണം പോളിന് മുഖത്തോട് മുഖം വന്ന് നിന്നു. ക്യാന്‍സര്‍ ബാധിച്ച സ്വന്തം ശ്വാസകോശത്തിന്റെ സ്‌കാനിന്റെ രൂപത്തില്‍.

പോളും ക്യാഡിയും


പിന്നീടങ്ങോട്ട് താന്‍ പഠനവസ്തുക്കളിലൂടെ പഠിച്ചതും മനസ്സിലാക്കാന്‍ ശ്രമിച്ചതുമൊക്കെ സ്വന്തം അനുഭവമായി അറിയുകയാണ് പോള്‍. സ്വയം ഒരു പഠനവസ്തുവായിക്കൊണ്ട്. സ്വന്തം ആത്മാന്വേഷണങ്ങളുടെ ഏറ്റവും അവസാനത്തെ വഴികളിലൂടെയുള്ള യാത്ര. ക്യാന്‍സര്‍ സ്ഥിരീകരിച്ചപ്പോള്‍ പോളും ലൂസിയും അവര്‍ക്കൊരു കുഞ്ഞുവേണം എന്ന് തീര്‍ച്ചപ്പെടുത്തുന്നു. രോഗം മൂര്‍ച്ഛിക്കുന്നതോടൊപ്പം അവര്‍ക്കിടയിലേക്ക് കടന്നുവരുന്ന ക്യാഡി എന്ന പെണ്‍കുഞ്ഞിന്റെ സാന്നിധ്യം പോളിന്റെ ജീവിതാനുഭവങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കുന്നു. ക്യാഡിയോടുള്ള പോള്‍ എന്ന പിതാവിന്റെ വാക്കുകളോടെ പുസ്തകം പരിസമാപ്തിയില്‍ എത്തുന്നു. പുസ്തകത്തിന്റെ അവസാനം പോളിന്റെ ജീവിതവും, മരണത്തിലേക്കുള്ള യാത്രയും, അന്ത്യദിനങ്ങളും, വേര്‍പാടിന്റെ അര്‍ത്ഥതലങ്ങളും ഒക്കെ ലൂസിയുടെ വാക്കുകളിലൂടെ വിവരിക്കുന്നുണ്ട്. ഈ പുസ്തകം എഴുതുന്നതിനുവേണ്ടി പോള്‍ അനുഭവിച്ച വേദനയും ദുരിതങ്ങളും ഒക്കെ അങ്ങനെ നമ്മുടെ കണ്മുന്നില്‍ തെളിയുന്നു.

രോഗാവസ്ഥ സര്‍ഗാത്മകതക്കുള്ള രാസത്വരകമാവുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഈ പുസ്തകം എന്ന് തോന്നാം. കാരണം, പല പ്രഗത്ഭരായ എഴുത്തുകാരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള രചനാപാടവം ഈ പുസ്തകത്തില്‍ കാണാം. സംഭവങ്ങളുടെ കൃത്യവും സത്യസന്ധവുമായ വിവരണവും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന ഭാഷയും അത്രയ്ക്ക് ശ്രദ്ധേയമാണ്. മറ്റൊന്ന്, മരണത്തെ മുന്നില്‍കണ്ടുകൊണ്ട് എഴുതിയ ഈ കൃതി ഒരിക്കലും ഒരു രോദനത്തിന്റെയോ, നിരാശയുടെയോ, അവകാശവാദങ്ങളുടെയോ ഭാഷ സ്വീകരിക്കുന്നേയില്ല എന്നതാണ്. അതിവൈകാരികതയുടെ ഒരംശം പോലും നമുക്കിതില്‍ വായിച്ചെടുക്കാന്‍ കഴിയില്ല. ജീവിതം എന്ന അത്ഭുതത്തെക്കുറിച്ചും അതിന്റെ നിഴലായി എപ്പോഴും പതുങ്ങിനില്‍ക്കുന്ന മരണം എന്ന പ്രഹേളികയെക്കുറിച്ചും ഉള്ള അനുഭവസാക്ഷ്യങ്ങളാണ് ഇതിലുടനീളം നിറഞ്ഞുനില്‍ക്കുന്നത്.

വായനയുടെ അവസാനം പോള്‍ എന്ന മനുഷ്യന്‍ നമ്മുടെ ഉള്ളില്‍ വളര്‍ന്ന്, നിറഞ്ഞ് നില്‍ക്കുന്നുണ്ടാവും; തീര്‍ച്ച. അങ്ങനെ മികച്ച വായനാനുഭവം നല്‍കുന്ന ഒരു പുസ്തകമായി 'When breath becomes air' മാറുന്നു. അതുകൊണ്ടുതന്നെ പോള്‍ കലാനിധിക്ക് ഒരുപാട് വായനകളും പുനര്‍വായനകളും ഉണ്ടാവും. അങ്ങനെ അദ്ദേഹത്തിന്റെ ജീവിതവും ചിന്തകളും മരണമെന്ന പൂര്‍ണവിരാമത്തെ അതിലംഘിക്കുന്ന തുടര്‍ച്ചയാവുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories