TopTop

121 പ്രസാധകര്‍ തള്ളിയ 'സെന്‍ ആന്റ് ദി ആര്‍ട്ട് ഓഫ് മോട്ടോര്‍സൈക്കിള്‍ മെയ്ന്റനന്‍സ്' കര്‍ത്താവ് റോബര്‍ട്ട് എം പിര്‍സിഗ് അന്തരിച്ചു

121 പ്രസാധകര്‍ തള്ളിയ
'സെന്‍ ആന്റ് ദി ആര്‍ട്ട് ഓഫ് മോട്ടോര്‍സൈക്കിള്‍ മെയ്ന്റനന്‍സ്' എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തിലൂടെ ബൈക്കില്‍ സഞ്ചരിച്ച് അമേരിക്ക ചുറ്റിക്കാണാന്‍ തലമുറകളെ പ്രചോദിപ്പിച്ച റോബര്‍ട്ട് എം പിര്‍സിഗ് അന്തരിച്ചു. 88-ാം വയസില്‍ മെയിനിനെ സൗത്ത് ബെര്‍വിക്കിലുള്ള വീ്ട്ടില്‍ വച്ചാണ് അദ്ദേഹം അന്തരിച്ചതെന്ന് പ്രസാധകരായ വില്യം മോരോ ആന്റ് കമ്പനി അറിയിച്ചു. അദ്ദേഹം ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു.

രണ്ടേ രണ്ട് പുസ്തകങ്ങള്‍ മാത്രമാണ് അദ്ദേഹം രചിച്ചതെങ്കിലും എക്കാലത്തെയും മികച്ച എഴുത്തുകാരില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന ആളാണ് റോബര്‍ട്ട് എം പിര്‍സിഗ്. 'സെന്‍ ആന്റ് ലില: ആന്‍ എന്‍ക്വയറി ഇന്റു മോറല്‍സ്' ആയിരുന്നു രണ്ടാമത്തെ പുസ്തകം. 121 പ്രസാധകര്‍ തിരസ്‌കരിച്ച ശേഷമാണ് 1974ല്‍ 'സെന്‍ ആന്റ് ആര്‍ട്ട് ഓഫ് മോട്ടാര്‍സൈക്കിള്‍ മെയ്ന്റനന്‍സ്' വെളിച്ചം കണ്ടത്. എന്നാല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഉടന്‍ തന്നെ ചൂടപ്പം പോലെ പുസ്തകം വിറ്റുപോയി. ജനപ്രിയ തത്വശാസ്ത്രം എന്നാണ് പുസ്തകത്തിന് ലഭിച്ച വിശേഷണം. അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലൂടെ 1968ല്‍ പുത്രന്‍ ക്രിസ്റ്റഫറുമായി നടത്തിയ ബൈക്ക് യാത്രയാണ് പിര്‍സിഗ് പുസ്തകമെഴുതാന്‍ പ്രചോദനമായത്.

മിന്നസോട്ട സര്‍വകലാശാല പ്രൊഫസറുടെ പുത്രനായി മിന്നിയപൊളിസിലാണ് പിര്‍സിഗ് ജനിച്ചത്. 15-ാം വയസില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തു. ദക്ഷിണ കൊറിയയില്‍ താവളമടിച്ച അദ്ദേഹം ഏഷ്യന്‍ തത്വശാസ്ത്രത്തില്‍ ആകൃഷ്ടനായി. സെന്നില്‍ ഈ സ്വാധീനം പ്രകടമാണ്. ഹിന്ദു തത്വശാസ്ത്രം പഠിക്കുന്നതിനായി കുറച്ചുകാലം ഇന്ത്യയില്‍ ചിലവഴിച്ചു. പിന്നീട് ചിക്കാഗോ സര്‍വകലാശാലയില്‍ തത്വശാസ്ത്രത്തില്‍ ഗവേഷണം നടത്തി. എന്നാല്‍ മാനസികാസ്വാസ്ത്യത്തെ തുടര്‍ന്ന് ആശുപത്രിയിലായ അദ്ദേഹം പിന്നീട് സ്വദേശത്തേക്ക് മടങ്ങി.മിന്നസോട്ട സെന്‍ ധ്യാനകേന്ദ്രം സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്ത അദ്ദേഹം പിന്നീട് തന്റെ രണ്ടാമത്തെ പുസ്തകമായ ലില എഴുതി തുടങ്ങി. 1991ലാണ് പുസ്തകം പുറത്തിറങ്ങിയത്. വിദഗ്ധ മെക്കാനിക്കായിരുന്ന അദ്ദേഹം സ്വന്തം വീട്ടിലെ പണിശാലയില്‍ വണ്ടികളുടെ അറ്റകുറ്റപ്പണികളും നടത്തിയിരുന്നതായി പ്രസാധകര്‍ പറയുന്നു. ജിപിഎസ് കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ ഗതിനിയന്ത്രണവിദ്യയെ കുറിച്ച് ആലോചിച്ചിരുന്ന അദ്ദേഹം ആര്‍ട്ടെ എന്ന് പേരുള്ള തന്റെ ചെറിയ തുഴവഞ്ചിയില്‍ രണ്ട് തവണ അത്‌ലാന്റിക് സമുദ്രം മറികടന്നു.

സെന്‍ തത്വശാസ്ത്രത്തിന്റെ വക്താവായിരുന്ന അദ്ദേഹം യന്ത്രങ്ങളുടെ കണ്ടുപിടിത്തം പോലെയുള്ള 'ക്ലാസിക്' മൂല്യങ്ങളും ഗ്രാമപാതകള്‍ പോലെയുള്ള 'കാല്‍പനിക' മൂല്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം ലഘൂകരിക്കാന്‍ ശ്രമിച്ചു. എല്ലാ മുല്യങ്ങളും 'ഗുണമേന്മയില്‍' അധിഷ്ടിതമായിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ തത്വശാസ്ത്രം.

Next Story

Related Stories