TopTop
Begin typing your search above and press return to search.

സദാചാര സംരക്ഷണത്തെ കോടതിയും പിന്തുണച്ചാല്‍ ഈ കുട്ടികള്‍ എന്തു ചെയ്യും?

സദാചാര സംരക്ഷണത്തെ കോടതിയും പിന്തുണച്ചാല്‍ ഈ കുട്ടികള്‍ എന്തു ചെയ്യും?

വി. ഉണ്ണികൃഷ്ണന്‍

'എനിക്ക് പഠിക്കണം. എന്നാല്‍ എന്റെ ജീവിതം എങ്ങനെയാണ് എന്ന് തീരുമാനിക്കുന്നത് ഞാനാണ്‌. ഇഷ്ടപ്പെട്ടയാളോടൊപ്പം ജീവിക്കുക എന്നത് ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല. ഭരണഘടന അനുശാസിക്കുന്നതിന്‍ പ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് അവരുടെ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ അധികാരമുള്ള നാടാണ് ഇത്. പങ്കാളിയോടൊപ്പം ഒരുമിച്ചു ജീവിക്കാന്‍ ഞാന്‍ എടുത്ത തീരുമാനം തിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'

വിദ്യാഭ്യാസ- സ്വകാര്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്ന കാരണത്താല്‍ ഈ വാക്കുകളുടെ ഉടമയായ പെണ്‍കുട്ടിയെ പേരു പറഞ്ഞു പരിചയപ്പെടുത്താന്‍ തത്കാലം മാര്‍ഗ്ഗമില്ല. എന്നാല്‍ ഇത് പറയാന്‍ ഇടയാക്കിയ സന്ദര്‍ഭം കുറച്ചുപേരുടെയെങ്കിലും ഓര്‍മ്മയിലുണ്ടാവും.

ഇക്കഴിഞ്ഞ ജൂണ്‍ 15-ന് കേരളാ ഹൈക്കോടതി പ്രഖ്യാപിച്ച വിധിയാണ് 20 വയസ്സുകാരിയായ ഈ പെണ്‍കുട്ടിയെക്കൊണ്ട് തന്റെ അവകാശങ്ങളെക്കുറിച്ച് സംസാരിപ്പിച്ചത്.

വിധിയുടെ ഒരു ഭാഗം ഇങ്ങനെയാണ്

'ഇത് വെറും പ്രണയത്തിലാകുന്നതിന്റെ മാത്രം വിഷയമല്ല. രണ്ടു വിദ്യാര്‍ഥികള്‍ ഗുരുതരമായ ഒരു തീരുമാനമെടുത്ത് ഒളിച്ചോടുന്നതിന്റെയും വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്നതിന്റെയും കൂടിയാണ്. പ്രായപൂര്‍ത്തിയായവര്‍ എന്ന നിലയില്‍ അവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കാം. പക്ഷേ ഇവിടെ നിയമപ്രകാരമുള്ള ഒരു വിവാഹ ഉടമ്പടിയിലേക്ക് ഇവര്‍ എത്തിച്ചേര്‍ന്നിട്ടില്ല. ഇത്തരം ഒരു ഗുരുതരമായ നടപടി പ്രണയത്തിന്റെ പേരില്‍ കൈക്കൊള്ളുന്നത്തിലൂടെ അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കാനും അവര്‍ തയ്യാറായിരിക്കണം. ആവശ്യമായ നടപടി സ്വീകരിച്ച് മറ്റു വിദ്യാര്‍ഥികള്‍ക്ക് ഒരു മാതൃക സൃഷ്ടിച്ച കോളേജ് മാനേജ്മെന്റിന്റെ താത്പര്യം തള്ളിക്കളയാനാകില്ല’...

'ലിവിംഗ് ഇന്‍ റിലേഷ'നില്‍ ഏര്‍പ്പെട്ട കോളേജ് വിദ്യാര്‍ഥികളെ പുറത്താക്കിയ മാനേജ്മെന്‍റ് നടപടി ഹൈക്കോടതി ശരിവച്ചു എന്ന രീതിയില്‍ വന്ന പത്രവാര്‍ത്തകള്‍ കേരളത്തിലും പുറത്തും ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ദേശീയ മാധ്യമങ്ങള്‍ വരെ ഈ വിഷയം ഏറ്റെടുക്കുകയും ചെയ്തു.

ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ പുറപ്പെടുവിച്ച ഈ വിധിയുണ്ടായത് പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ്. ചടയമംഗലം മാര്‍ത്തോമ്മാ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ നാലാം സെമസ്റ്റര്‍ ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ്‌ ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയായിരുന്ന ഈ കുട്ടി സഹപാഠിയുമായി ഇഷ്ടത്തിലാവുകയും രണ്ടുപേരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയുമായിരുന്നു. എന്നാല്‍ മൂന്നാം സെമസ്റ്ററിന്റെ അവസാനപാദത്തില്‍, ഏകദേശം 2016 ജനുവരിയോടെ ഇവരെ രണ്ടു പേരെയും കോളേജില്‍ നിന്നും പുറത്താക്കുകയാണ് മാനേജ്മെന്‍റ് ചെയ്തത്.


(പോസ്റ്റ്‌ വഴി അയച്ച ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്)

അക്കാദമിക് ഗ്രാഫില്‍ ഉയര്‍ച്ചകള്‍ മാത്രം കാഴ്ചവച്ച അതേ പെണ്‍കുട്ടി ഇന്ന് തന്റെ വിദ്യാഭ്യാസം എങ്ങോട്ട് എന്നുള്ള ചോദ്യത്തിനു മുന്നില്‍ തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണ്. അതോടൊപ്പം അവര്‍ സ്നേഹിച്ച, ഒരുമിച്ചു ജീവിക്കുന്ന ചെറുപ്പക്കാരനും. എന്നാല്‍ എടുത്ത തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോകാന്‍ രണ്ടുപേരും തയ്യാറുമല്ല.

രണ്ടുപേരും ഒരുമിച്ചു താമസിക്കാന്‍ തുടങ്ങിയ ശേഷം കുട്ടികളെ കാണാനില്ല എന്നുകാണിച്ച് രണ്ടു പേരുടെയും മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേ കേസുമായി ബന്ധപ്പെട്ട് ഇരുവരും കടയ്ക്കല്‍ മുന്‍സിഫ്‌ കോടതിയില്‍ ഹാജരായി. തുടര്‍ന്ന്‍ ഒരുമിച്ചു ജീവിക്കാന്‍ ഇവരെ കോടതി അനുവദിക്കുകയും ചെയ്തിരുന്നു.


എന്നാല്‍ ഇപ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസം എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഏതു വിധേനയും അതു പൂര്‍ത്തിയാക്കുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യം എന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

'അവള്‍ സ്കൂള്‍ തലം തൊട്ട് ഇന്നുവരെ ഒരിക്കല്‍പോലും പഠനത്തില്‍ താഴേക്ക് വന്നിട്ടില്ല. പത്തില്‍ ഫുള്‍ എ പ്ലസ് വാങ്ങിയിരുന്നു മോള്‍. പ്ലസ്റ്റുവിനും നല്ല ശതമാനം മാര്‍ക്ക് ഉണ്ടായിരുന്നു. എച്ച്ബി കണ്ടന്റ് കുറവായിരുന്നു അവളുടെ ബ്ലഡില്‍. പെട്ടന്ന് ക്ഷീണം ഒക്കെ വരും. ഒരുപാടു യാത്ര ചെയ്യാന്‍ പാടില്ല. അതുകൊണ്ടാണ് അടുത്തുള്ള കോളേജില്‍ത്തന്നെ അവള്‍ക്ക് അഡ്മിഷന്‍ ശരിയാക്കിയത്. പുറത്താക്കുന്നതിനു മുന്‍പുള്ള സെമസ്റ്ററിലും അവള്‍ക്ക് മാത്രമായിരുന്നു ക്ലാസ്സില്‍ 80 ശതമാനം മാര്‍ക്ക് ഉണ്ടായിരുന്നത്. മിടുക്കിയായിരുന്നു അവള്‍'- അമ്മ പറയുന്നു.

കൊല്ലത്തു തന്നെയുള്ള ഒരു സ്റ്റുഡിയോയില്‍ വീഡിയോ എഡിറ്റര്‍ ആയി ജോലിനോക്കുന്ന യുവാവ് ഇപ്പോള്‍ കുടുംബം പോറ്റാനുള്ള ഓട്ടത്തിലാണ്. ഇയാളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റാവട്ടെ പ്രിന്‍സിപ്പല്‍ കീറിക്കളയുകയും ചെയ്തു.

'ഒഫീഷ്യല്‍ രേഖകള്‍ എല്ലാം ഒപ്പിട്ടു വാങ്ങിയ ശേഷമാണ് പ്രിന്‍സിപ്പല്‍ എന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ വച്ച് കീറിക്കളയുന്നത്‌. അവരുടെ ഭാഗം ക്ലിയര്‍ ആക്കാനുള്ള നീക്കം ആയിരുന്നിരിക്കാം അത്’- എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ നില്‍ക്കുന്ന ആ ചെറുപ്പക്കാരന്‍ പറയുന്നു.

പെണ്‍കുട്ടിയുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വന്നത് പോസ്റ്റ്‌ വഴിയാണ്. അതിനുമുന്‍പ്‌ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം എന്ന് കോളേജില്‍ നിന്നും ഇവരുടെ മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അതിന് ഹാജരാവാതിരുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റ് പോസ്റ്റ്‌ വഴി അയക്കുകയായിരുന്നു.

കുട്ടികളെ തിരിച്ചെടുക്കുന്നതില്‍ കോളേജ് അധികൃതര്‍ അനുകൂലനിലപാടുകള്‍ സ്വീകരിക്കാതിരുന്നതിനാല്‍ ഇവരും മാതാപിതാക്കളും കൊല്ലം ജില്ലാ കലക്ടര്‍ എ ഷൈനമോള്‍ ഐഎഎസിനെ സമീപിച്ചിരുന്നു. 2016 ഏപ്രില്‍ 12ന് കളക്ടറുടെ ചേംബറില്‍ നടന്ന വിചാരണയില്‍ കോളേജ് അധികൃതരും ഹാജരായിരുന്നു.

ഇവരുടെ നടപടി അച്ചടക്ക ലംഘനമായോ കോളേജില്‍ നിന്നും പുറത്താക്കാന്‍ തക്ക പ്രവൃത്തിയായോ വ്യാഖ്യാനിക്കാന്‍ കഴിയില്ല എന്ന് കലക്ടര്‍ ഒപ്പിട്ട രേഖ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പക്കലുണ്ട്. ഇവരെ കോളേജില്‍ നിന്നും പുറത്താക്കിയ നടപടി തുടര്‍വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കലും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കലും ആണെന്നും അതിനെ കടുത്ത നീതി നിഷേധമായി മാത്രമേ കാണാന്‍ കഴിയൂ എന്നും രേഖയിലുണ്ട്. കൊല്ലം കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്‌ മജിസ്ട്രേറ്റ് ഇവരെ സ്വതന്ത്രമായി ജീവിക്കുന്നതിന്‌ അനുവദിച്ചിട്ടുള്ളതായും ഇതില്‍ പറയുന്നു.

ഇതിന്റെ പകര്‍പ്പ് ജില്ലയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ കോളേജിയേറ്റ് എഡ്യൂക്കേഷനും കോളേജ് പ്രിന്‍സിപ്പലിനും കലക്ടര്‍ നല്‍കിയിട്ടുണ്ട്.

(പെണ്‍കുട്ടിയെയും പങ്കാളിയെയും കോളേജില്‍ തിരിച്ചെടുക്കണം എന്ന കളക്ടറുടെ ഉത്തരവ്)

എന്നാല്‍ ഇതിനെയും കോളേജ് അധികൃതര്‍ അവഗണിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടിയും മാതാപിതാക്കളും പറയുന്നു. കോളേജിന്റെ നിലവാരത്തിനു കോട്ടമുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തിയില്‍ ഇടപെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ മാതൃകാപരമായ ശിക്ഷയിലോ അതിന്റെ നടപടികളിലോ ഇടപെടാന്‍ കലക്ടര്‍ക്ക് അധികാരമില്ല എന്നാണ് ഉത്തരവുമായി സമീപിച്ച ഇവര്‍ക്ക് മാനേജ്മെന്റ് നല്‍കിയ മറുപടി.

ഇതിനു ശേഷമാണ് ഹൈക്കോടതിയിലേക്ക് നീങ്ങാന്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളും കുടുംബവും നിര്‍ബന്ധിതരാകുന്നത്. കോളേജ് അധികൃതരുടെ നടപടിക്കെതിരെ കോടതി ഇടപെടും എന്നായിരുന്നു റിട്ട് ഹര്‍ജി നല്‍കുമ്പോള്‍ കുട്ടിയുടെയും പിതാക്കളുടെയും പ്രതീക്ഷ. കലക്ടര്‍, കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്‌ മജിസ്ട്രേറ്റ് എന്നിവരുടെ ഉത്തരവുകള്‍ അതു വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ കോടതിയുടെ പ്രതികരണം ഇവരെ തളര്‍ത്തിയിരിക്കുകയാണ്. ഒന്നുമില്ലെങ്കിലും വിദ്യാഭ്യാസം തുടരുന്നതിനുള്ള നിയമപരമായ നടപടികള്‍ എങ്കിലും കോടതി കൈക്കൊള്ളും എന്ന ധാരണയും അസ്ഥാനത്തായി.

ലിവിംഗ് ഇന്‍ ബന്ധത്തിലേര്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒരു ശിക്ഷാ നടപടിയായും കോളേജിന്റെ അഭിമാനം കാത്തു സൂക്ഷിക്കുന്നതിനായും മറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു താക്കീതായുമാണ് കോളേജ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് എന്ന് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.

അസാധാരണമായ ഒരു വിധിയായാണ് കോടതിയില്‍ നിന്നുണ്ടായത് എന്നാണ് പലരുടേയും അഭിപ്രായം. സദാചാരപരമായ ഒരു വീക്ഷണകോണിലൂടെയാണ് കോടതി ഈ കേസിനെ സമീപിച്ചത് എന്ന് കരുതുന്നതായി അഭിഭാഷകനായ മനു സെബാസ്റ്റ്യന്‍ അഭിപ്രായപ്പെടുന്നു.

'കോടതിയുടെ ഈ കേസിലെ ഇടപെടലുകള്‍ രണ്ടു രീതിയില്‍ പരിശോധിക്കാം. ഒരു അതോറിറ്റി ഈ വിഷയത്തില്‍ കല്‍പ്പിച്ച തീര്‍പ്പും അതിനു സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങളും ശരിയാണോ എന്നുള്ളത് പരിശോധിക്കുക എന്നത് മാത്രമാണ് ഒന്നാമതായി കോടതി നടത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ കോളേജ് അധികൃതരുടെ തീരുമാനം ശരിവയ്ക്കുകയാണ് കോടതി ചെയ്തത്. അല്ലാതെ ഒരു പുനര്‍ വിചാരണയ്ക്ക് അവസരം ഒരുക്കുകയല്ല അവിടെയുണ്ടായത്. വിധിയിലെ ചില പരാമര്‍ശങ്ങള്‍ സദാചാരപരമായുള്ളതാണ്. അത് ഒഴിവാക്കാമായിരുന്നു. ലിവിംഗ് ഇന്‍ റിലേഷന്‍ ഒരു ക്രിമിനല്‍ കുറ്റമാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല’- അഡ്വ. മനു സെബാസ്റ്റ്യന്‍ പറയുന്നു.

കോളേജ് അധികൃതരെ കുറ്റം പറയാനോ കോടതിയെ ധിക്കരിക്കാനോ തങ്ങള്‍ നില്‍ക്കുന്നില്ല മറിച്ച് മക്കളുടെ വിദ്യാഭ്യാസം തുടരണം എന്ന് മാത്രമാണ് തങ്ങളുടെ ആവശ്യം എന്ന് പെണ്‍കുട്ടിയുടെ അമ്മ ആവര്‍ത്തിക്കുന്നു.

'കുട്ടികള്‍ ചെയ്തത് ശരിയാണോ തെറ്റാണോ എന്നൊന്നും ഇപ്പോള്‍ ഞങ്ങള്‍ ചിന്തിക്കുന്നില്ല. അവരുടെ വിദ്യാഭ്യാസം പാതി വഴിയില്‍ നില്‍ക്കുക എന്നുള്ളത് മാതാപിതാക്കളായ ഞങ്ങള്‍ക്ക് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. അതിനെ മറികടക്കുക എന്നു മാത്രമാണ് ഇപ്പോഴത്തെ ചിന്ത’- അവര്‍ വിഷമത്തോടെ പറയുന്നു.

കോടതി വിധിയില്‍ മാറ്റമുണ്ടാവും എന്നുള്ള പ്രതീക്ഷയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

(അഴിമുഖം സ്റ്റാഫ്ഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)


Next Story

Related Stories