UPDATES

ലൈംഗികാതിക്രമത്തിന്റെ തത്സമയ കാഴ്ച്ചകളെ എതിരിടാന്‍ പുതിയ സാമൂഹ്യധാര്‍മികത ഉയരേണ്ടതുണ്ട്

ഇതൊരു ഒറ്റപ്പെട്ട വഴിമാറലാണെന്നും ഇന്‍റര്‍നെറ്റ് സമൂഹത്തില്‍ കൊണ്ടുവന്ന മാറ്റത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതമല്ലെന്നും നമുക്ക് പ്രതീക്ഷിക്കാം

ഇക്കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ഒരു പ്രത്യേക തരത്തിലുള്ള കുറ്റകൃത്യ രോഗലക്ഷണം കാണികളെ ആവശ്യപ്പെടുന്നുണ്ട്- ഭീകരവാദം, പരസ്യമായ നിന്ദ, അധിക്ഷേപം, ചില മനോവൈകൃത കൊലപാതകങ്ങള്‍ പോലും. തുടക്കം മുതലേ ഇന്‍റര്‍നെറ്റ്, വൈകൃതങ്ങള്‍ക്കും വഴിതെറ്റലുകള്‍ക്കും ആവശ്യമായ ഇരുണ്ട മൂലകള്‍ നല്കിയിട്ടുണ്ട്. തത്സമയ ദൃശ്യങ്ങളുടെ ജനാധിപത്യവത്കരണം സാധ്യമായതോടെ ക്രമസമാധാനത്തിനും പൊതുധാര്‍മികതയ്ക്കും അസ്വസ്ഥജനകമായ ചോദ്യങ്ങളുയര്‍ത്തുന്ന കൃത്യങ്ങളുടെ പ്രകടനത്തിനും പ്രചരണത്തിനും ഉപയോഗിക്കപ്പെടുന്നുമുണ്ട്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് യുഎസിലെ ചിക്കാഗോയില്‍ ഒരു 15-കാരി പെണ്‍കുട്ടിയെ നാല് പേര്‍ ബലാത്സംഗം ചെയ്യുകയും അവരത് ഫെയ്സ്ബുക് ലൈവില്‍ കാണിക്കുകയും ചെയ്തു. നാല്‍പ്പതു പേര്‍ ആ ദൃശ്യം കണ്ടു. ഒരാളും അത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ല; എന്തിന്, ഫെയ്സ് ബുക്കില്‍ പോലും (അതിന് ചില ക്ലിക്കുകളെ വേണ്ടതുള്ളൂ). ജനുവരിയില്‍ ചിക്കാഗോയില്‍ തന്നെ മാനസിക പ്രശ്നങ്ങളുള്ള ഒരാളെ നാലു പേര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുന്ന രംഗം അവര്‍ തത്സമയം കാണിച്ചു.

സാങ്കേതികവിദ്യയെ മാത്രം കുറ്റം പറയുന്നതില്‍ കാര്യവുമില്ല. 1880-കളില്‍ റിപ്പര്‍ ജാക് തന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് പത്രങ്ങള്‍ക്ക് കത്തുകളെഴുതിയിരുന്നു. അയാളുടെ കുപ്രസിദ്ധിയുടെ കാരണം സാമൂഹ്യമാധ്യമങ്ങളല്ല. എന്നിരുന്നാലും വ്യാപനത്തിന്റെ മാധ്യമത്തിന് അക്രമത്തിന്റെ നിലനില്‍ക്കുന്ന ഘടനകളെയും അതുണ്ടാക്കുന്ന അപഭ്രംശങ്ങളെയും പെരുപ്പിക്കാന്‍ കഴിയും. പ്രചാരണത്തിനും ആളുകളെ ചേര്‍ക്കുന്നതിനും ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും ഇപയോഗപ്പെടുത്തിയിരുന്നു. 2013-ലെ മുസഫര്‍ നഗര്‍ കലാപത്തിനെ ആളിക്കത്തിക്കുന്നതില്‍ യുട്യൂബ് ദൃശ്യങ്ങളും വാട്സപ് സന്ദേശങ്ങളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

കുറ്റകൃത്യങ്ങളുടെ ഉള്ളടക്കത്തിന്റെ വ്യാപനം സംഭവിക്കുമ്പോള്‍ നിയമപാലന വിഭാഗങ്ങള്‍ പുലര്‍ത്തേണ്ട കരുതലുകളെയാണ് ചിക്കാഗോയിലെ പുതിയ സംഭവം കാണിക്കുന്നത്. ഒപ്പം ഫെയ്സ്ബുക് പോലുള്ള (വാട്സപ് ഉടമകളും അവരാണ്) സാങ്കേതിക ഭീമന്‍മാര്‍ ശ്രദ്ധിക്കേണ്ട കൂടുതല്‍ വിപുലമായ അരിപ്പകളെക്കുറിച്ചും ഇതോര്‍മ്മിപ്പിക്കുന്നു.

സാധാരണവും കണ്ണഞ്ചിപ്പിക്കുന്നതുമായ നിമിഷങ്ങളും ചിന്തകളും രേഖപ്പെടുത്തുകയും പരസ്യമാക്കുകയും ചെയ്യുക എന്നതാണ് സാമൂഹ്യമാധ്യമങ്ങള്‍ പൊതുവേ ചെയ്യുന്നത്. എന്നാലവ കുറ്റകൃത്യ സ്വഭാവത്തെ സാധാരണ പോലെ നോക്കിക്കാണാന്‍ തുടങ്ങരുത്. 15 വയസുകാരിയായ ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ആ ദൃശ്യം കണ്ട 40 പേരില്‍ ഒരാള്‍ക്കുപോലും അത് പോലീസിനെ വിളിച്ചറിയിക്കാന്‍ തോന്നിയില്ല എന്നത് ഒരുതരം ഒളിഞ്ഞുനോട്ടമാണ് പ്രകടമാക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട വഴിമാറലാണെന്നും ഇന്‍റര്‍നെറ്റ് സമൂഹത്തില്‍ കൊണ്ടുവന്ന മാറ്റത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതമല്ലെന്നും നമുക്ക് പ്രതീക്ഷിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍