TopTop

ഡൽഹി ഡോക്ടർക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ 900 പേരെ ക്വാറൻ്റൈൻ ചെയ്തു

ഡൽഹി ഡോക്ടർക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ 900 പേരെ ക്വാറൻ്റൈൻ ചെയ്തു

ഡല്‍ഹിയില്‍ മൊഹല്ല ക്ലിനിക്കിലെ (കമ്മ്യൂണിറ്റി ക്ലിനിക്ക്) ഡോക്ടര്‍ക്ക് കൊറോണ വൈറസ് (കൊവിഡ് 19) സ്ഥിരീകരിച്ചതിന് പിന്നാലെ 900 പേരോളം ഐസൊലേഷനില്‍ നിരീക്ഷണത്തിലായി. ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിനാണ് ഇക്കാര്യം പറഞ്ഞത്. മാര്‍ച്ച് 10ന് സൗദി അറേബ്യയില്‍ നിന്നെത്തിയ ഒരു സ്ത്രീയില്‍ നിന്നാണ് വൈറസിന്റെ ചങ്ങലക്കണ്ണി തുടങ്ങിയത്. 38കാരിയായ ഈ സ്ത്രീ മാർച്ച് 12ന് കൊറോണ ലക്ഷണങ്ങളുമായി മൊഹല്ല ക്ലിനിക്ക് സന്ദർശിച്ചിരുന്നു. മാർച്ച് 17ന് ഇവർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേദിവസം തന്നെ ഡോക്ടറേയും അഡ്മിറ്റ് ചെയ്തിരുന്നു.

സ്ത്രീയേയും ഡോക്ടറേയും 900 പേരേയും 14 ദിവസത്തേയ്ക്ക് ഐസൊലേഷനിലാക്കിയിരിക്കുകയാണ്. ഡോക്ടര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡോക്ടറുടെ ഭാര്യക്കും മകള്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയില്‍ കൊറോണ പോസിറ്റീവ് കേസുകള്‍ 36 ആയതായും സത്യേന്ദ്ര ജയിൻ അറിയിച്ചു. സൗദിയില്‍ നിന്നെത്തിയ സ്ത്രീയുടെ അമ്മ, സഹോദരന്‍, രണ്ട് പെണ്‍കുട്ടികള്‍, ഇവരെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ ബന്ധു എന്നിവര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ അയല്‍ക്കാരായ 74 പേര്‍ നിരീക്ഷണത്തിലാണ്.

അതേസമയം മൊഹല്ല ക്ലിനിക്കുകള്‍ ഒരു മാറ്റവുമില്ലാതെ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരെ സംബന്ധിച്ച് ദൂരെയുള്ളതും ചികിത്സാചിലവേറിയതുമായ ഹോസ്പിറ്റലുകളെ ആശ്രയിക്കുക എന്നത് ബുദ്ധിമുട്ടാണ് എന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. കൊറോണ രോഗബാധിതരെ ചികിത്സിച്ച എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊവിഡ് സംശയിക്കുന്നവരുടെ സാമ്പിളുകൾ ശേഖരിച്ചവരേയും പരിശോധനയ്ക്ക് വിധേയരാക്കും.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മോജ്പൂരിലുള്ള മൊഹല്ല ക്ലിനിക്കിലാണ് കൊവിഡ് ബാധിതനായ ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കൊണ്ടുവന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളാണ് മൊഹല്ല ക്ലിനിക്കുകള്‍. ഡല്‍ഹി കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നായ മോജ്പൂര്‍ വലിയ ജനസാന്ദ്രതയുള്ള പ്രദേശമാണ്. മാര്‍ച്ച് 12നും 18നുമിടയ്ക്ക് ഇവിടെയുള്ള മൊഹല്ല ക്ലിനിക്ക് സന്ദര്‍ശിച്ചവര്‍ വീടുകളില്‍ രണ്ടാഴ്ചത്തേയ്ക്ക് ക്വാറന്റൈന്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Next Story

Related Stories