TopTop

'കൊറോണ' എന്ന് അധിക്ഷേപിച്ചു, മണിപ്പൂരി യുവതിയുടെ മുഖത്തും ദേഹത്തും തുപ്പി, ഡൽഹിയിൽ നാൽപ്പതുകാരൻ അറസ്റ്റിൽ

കൊവിഡിനെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളുമായി രാജ്യം കനത്ത ജാഗ്രതയിൽ തുടരുന്നതിലിടെ വിലക്കുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിലകൊടുക്കാത്ത ചിലരുണ്ട്. മുന്നറിയിപ്പുകൾ ഉൾപ്പെടെ കാര്യമാക്കാതിരിക്കുക, സഹജീവികളെ അപമാനിക്കുക തുടങ്ങി അത്യന്തം അപമാനകരമായ ചില സംഭവങ്ങളും ഇതിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇതിലൊന്നാണ് കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അരങ്ങേറിയ സംഭവം. മണിപ്പൂരി യുവതിയ്ക്ക് നേരെ കൊറോണ എന്നാക്ഷേപിച്ച് ഒരാൾതുപ്പുകയായിരുന്നു. മുഖർജി നഗർ സ്വദേശിയായ നാൽപതുകാരനാണ് ഈ നടപടിക്ക് പിന്നിൽ. ഇയാളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെ അപലപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.


പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ചയായിരുന്നു സംഭവം. നിയന്ത്രണങ്ങൾ അവസാനിച്ച ശേഷം രാത്രി പുറത്തിറങ്ങിയ യുവതിക്ക് നേരെയായിരുന്നു വംശീയാക്രമണം. മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിമടങ്ങിയ യുവതിയെ തടഞ്ഞ് നിർത്തി അശ്ലീല ചുവയോടെ സംസാരിക്കുകയും ബലം പ്രയോഗിച്ച് തടഞ്ഞ് നിർത്താനും ശ്രമിക്കുകയായിരുന്നു. ഇയാളെ മറികടന്ന് പോവാനുള്ള ശ്രമത്തിനിടെ 'കൊറോണ', എന്ന് അധിക്ഷേപിക്കുകയും മുഖത്തും ദേഹത്തും ഇയാൾ തുപ്പുകയായിരുന്നു.

സംഭവത്തിന് പിന്നാലെ യുവതി വിജയനഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇതോടെ ഇവർ നൽകിയ വിവരങ്ങൾ പ്രകാരം രേഖാ ചിത്രം തയ്യാറാക്കിയായിരുന്നു പോലീസ് നാൽപതുകാരനെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇയാളെകുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡൽഹിയിൽ നേരത്തെയും ഇത്തരത്തിൽ വംശീയാധിക്ഷേപകങ്ങൾ ഉണ്ടായതായും ആക്ഷേപങ്ങളുണ്ട്.


Next Story

Related Stories