TopTop
Begin typing your search above and press return to search.

ആക്രമിക്കപ്പെട്ട നടിയെ വിസ്തരിച്ചത് 20 അഭിഭാഷകര്‍; ചോദ്യങ്ങള്‍ പലതും അതിരുവിട്ടുള്ളതായിരുന്നെന്ന് സര്‍ക്കാരും

ആക്രമിക്കപ്പെട്ട നടിയെ വിസ്തരിച്ചത് 20 അഭിഭാഷകര്‍; ചോദ്യങ്ങള്‍ പലതും അതിരുവിട്ടുള്ളതായിരുന്നെന്ന് സര്‍ക്കാരും

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതിക്കെതിരെ ഹൈക്കോടതിയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരും. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വിചാരണക്കോടതി കേസുമായി ബന്ധപ്പെട്ട പല രേഖകളും പ്രതിഭാഗത്തിന് നല്‍കുമ്പോഴും പ്രോസിക്യുഷന് നല്‍കുന്നില്ല.

നടിയെ വിസ്തരിക്കുമ്പോള്‍ 20 അഭിഭാഷകരാണ് കോടതിയില്‍ ഉണ്ടായിരുന്നത്. അവരുടെ ചോദ്യങ്ങള്‍ പലതും അതിരുവിട്ടതായിരുന്നു. രഹസ്യവിചാരണയുടെ അന്തസത്ത തകര്‍ക്കും വിധമായിരുന്നു പലപ്പോഴും കോടതി പെരുമാറിയത്. കേസ് വിചാരണ നിര്‍ത്തിവയ്ക്കാന്‍ പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ വിചാരണക്കോടതി തന്നെ തീരുമാനമെടുത്തതും കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്. വിചാരണക്കോടതിയില്‍ നടന്ന കാര്യങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സാക്ഷിയെ ഭീഷണിപ്പെടുത്തിയ എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിചാരണ കോടതി പരിഗണിച്ചെല്ലെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കാതെയായതോടെയാണ് ഇരയാക്കപ്പെട്ട നടി തന്നെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന് തന്നെ വിശ്വാസമില്ലാത്ത സാഹചര്യത്തില്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. വിസ്താര സമയത്ത് പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നോട് മോശമായി പെരുമാറിയപ്പോള്‍ കോടതി നിശബ്ദമായിരുന്നെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്നതിനായി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.


Next Story

Related Stories