TopTop
Begin typing your search above and press return to search.

'നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തണം' നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയില്‍ ആശങ്കയറിയിച്ച് ഡബ്ല്യുസിസി

നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തണം  നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയില്‍ ആശങ്കയറിയിച്ച് ഡബ്ല്യുസിസി

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷന്‍ രംഗത്തെത്തിയ സംഭവത്തില്‍ ആശങ്ക പങ്കുവച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി). കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടര്‍ തന്നെ സംശയിക്കുന്ന സാഹചര്യം നീതിക്കായുള്ള കാത്തിരിപ്പില്‍ അനിശ്ചിതത്വം ഉണ്ടാക്കിയിരിക്കുകയാണെന്നാണ് ഡബ്ല്യുസിസി പറയുന്നത്. ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സംഘടന ആവശ്യപ്പെടുന്നത്.

ഡബ്ല്യുസിസിയുടെ ഫെയ്്‌സബുക്ക് പോസ്റ്റ് താഴെ

'ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല , ആയതിനാല്‍ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസികൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു' എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേള്‍ക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടര്‍ തന്നെ സംശയിക്കുന്നതായി അറിയുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല . അത് ഈ രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയില്‍ കരുതലുള്ള മുഴുവന്‍ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ!



വിചാരണ നടപടികള്‍ പുരോഗമിക്കെയാണ് കോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷന്‍ രംഗത്തു വന്നത്. വാദിഭാഗത്തിന് എതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങള്‍ കോടതി ഉന്നയിച്ചെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ഈ പശ്ചാത്തലത്തില്‍ കോടതിയില്‍നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കാനും ഒരുങ്ങുകയാണ് പ്രോസിക്യൂഷനെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശത്തിലായിരുന്നു കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ നീണ്ടു പോവുകയായിരുന്നു. പിന്നീട് വിചാരണ ആരംഭിക്കുകയും കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രാന്‍സ്ഫര്‍ പെറ്റീഷനുമായു പ്രോസിക്യൂഷന്‍ രംഗത്ത് എത്തുന്നത്. കേസിലെ 182-ാമത്തെ സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്തരിക്കുന്നതിനിടെ കോടതി നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ നീക്കം. സാക്ഷി വിസ്താരത്തിനിടെ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്ത് കോടതി വായിച്ചു. മാത്രമല്ല, പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങള്‍ കോടതി ഉന്നയിച്ചു എന്നുമാണ് പ്രോസിക്യൂഷന്റെ പരാതി.


Next Story

Related Stories