Top

ജോളിയുടെ വക്കാലത്തും അഡ്വ. ബി. എ ആളൂര്‍ ഏറ്റെടുത്തു; നാളെ ഹാജരാകും

ജോളിയുടെ വക്കാലത്തും അഡ്വ. ബി. എ ആളൂര്‍ ഏറ്റെടുത്തു; നാളെ ഹാജരാകും

കൂടത്തായി കൊലപാക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ വക്കാലത്തും അഡ്വ.ബി. എ ആളൂര്‍ ഏറ്റെടുത്തു. നാളെ താമരശേരി കോടതിയില്‍ അദ്ദേഹം ജോളിക്ക് വേണ്ടി ഹാജരാകും. ആളൂരിന്റെ സഹായികള്‍ കോഴിക്കോട് ജില്ലാജയിലിലെത്തി ജോളിയെ കണ്ടാണ് വക്കാലത്ത് ഒപ്പുവയ്പ്പിച്ചത്. പ്രതികളായ ജോളിക്കും പ്രജീഷിനും വേണ്ടി ഇന്ന് ഉച്ചവരെ ആരും വക്കാലത്ത് ഏറ്റെടുത്തിരുന്നില്ല. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി, ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാം എന്നിവര്‍ക്ക് വേണ്ടിയും അഡ്വ. ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തിട്ടുണ്ട്.

കേസിലെ പ്രതികള്‍ക്കായുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. പതിനൊന്ന് ദിവസത്തേക്കാണ് അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിന്‍ ബേബി അറിയിച്ചു. പ്രതി എം എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുന്നത്. ഇതിനിടെ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സന്റെ മൊഴി പയ്യോളി ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ജോളിയുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചതിന്റെ കാരണമറിയിനാണ് ജോണ്‍സണെ വിളിച്ചുവരുത്തിയത്.

ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ മാത്യുവിന്റെ ജാമ്യാപേക്ഷയാണ് ആദ്യം പരിഗണിച്ചത്. മാത്യു നിരപരാധിയാണെന്നും ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും വാദിച്ചാണ് അപേക്ഷ നല്‍കിയത്. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തതോടെ തീരുമാനം നാളത്തേക്ക് മാറ്റി. പിന്നാലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസന്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തരം കസ്റ്റഡി അപേക്ഷ നല്‍കി. പതിനൊന്ന് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ചോദിച്ചത്. പ്രതികള്‍ക്ക് അഭിഭാഷകരില്ലാത്തതിനാല്‍ അവരുടെ ഭാഗം കൂടി കേള്‍ക്കാന്‍ നാളെ ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.


Next Story

Related Stories