Top

ആര്‍എസ്എസ് ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു; നിരോധിക്കണമെന്ന് അകാല്‍ തക്ത്

ആര്‍എസ്എസ് ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു; നിരോധിക്കണമെന്ന് അകാല്‍ തക്ത്

ആര്‍എസ്എസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് രാജ്യത്തെ വിഭജിക്കുമെന്നും അതിനാല്‍ നിരോധിക്കണമെന്നും സിഖ് സംഘടനയായ അകാല്‍ തക്ത് തലവന്‍ ആവശ്യപ്പെട്ടു. അമൃത്സറില്‍ നടന്ന ഒരു മാധ്യമ സംവാദത്തിലാണ് ഗ്യാനി ഹര്‍പ്രിത് സിംഗ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആര്‍എസ്എസ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് രാജ്യതാല്‍പര്യത്തിനനുസരിച്ചല്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

അവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. സുവര്‍ണക്ഷേത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിഖ് സംഘടനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അകാല്‍ തക്ത്. അതേസമയം ഇതാദ്യമായല്ല സിഖ് സമുദായവും ആര്‍എസ്എസും ആശയസംഘടനത്തിലേര്‍പ്പെടുന്നത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് പറഞ്ഞതിനെതിരെ കഴിഞ്ഞയാഴ്ച ഷിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി(എസ്പിജിസി) പ്രസിഡന്റ് ഗോബിന്ദ് സിംഗ് ലോംഗോവാല്‍ രംഗത്തെത്തിയിരുന്നു. ദസറ ആഘോഷത്തിനിടെയായിരുന്നു മോഹന്‍ ഭാഗവത് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് പറഞ്ഞത്.

'ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്നതിനാല്‍ ഇന്ത്യയിലെ എല്ലാ ജനങ്ങളും ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനയെ എസ്പിജിസി തലവന്‍ ശക്തമായി എതിര്‍ക്കുന്നു' എന്നായിരുന്നു അവരുടെ പത്രക്കുറിപ്പ്. എല്ലാ ഗുരുദ്വാരകളെയും സമുദായത്തെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളെയും നിയന്ത്രിക്കുന്ന സിഖ് പാര്‍ലമെന്റായാണ് എസ്പിജിസി പ്രവര്‍ത്തിക്കുന്നത്. സിഖ് സമുദായത്തിനുള്ളിലെ വോട്ടെടുപ്പിലൂടെയാണ് ഇതിന്റെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.


Next Story

Related Stories