TopTop
Begin typing your search above and press return to search.

'ഒരു പെണ്ണും കേട്ടുനില്‍ക്കാത്തപോലെയാണ് ശ്യാമണ്ണന്‍ എന്നോട് സംസാരിച്ചത്, പിന്നെ ഞാന്‍ എന്തോ ചെയ്യാനാ?'

ഒരു പെണ്ണും കേട്ടുനില്‍ക്കാത്തപോലെയാണ് ശ്യാമണ്ണന്‍ എന്നോട് സംസാരിച്ചത്, പിന്നെ ഞാന്‍ എന്തോ ചെയ്യാനാ?

പഠിച്ചു മുന്നേറാനും കുടുംബത്തെ സംരക്ഷിക്കാനും അതീവ ആഗ്രഹം ഉള്ളില്‍ ഉണ്ടായിരുന്നു അര്‍ച്ചനയ്ക്ക്. പക്ഷേ, ഏഴു വര്‍ഷം ആത്മാര്‍ത്ഥമായി പ്രണയിച്ചയാള്‍ തന്നെ ചതിച്ചതിന്റെ വേദനയില്‍ നിന്നും അവള്‍ക്ക് രക്ഷപ്പെടാനും കഴിഞ്ഞിരുന്നില്ല. അച്ഛനെയും അമ്മയെയും അനിയത്തിയെയും മറന്നു കൊണ്ട് ഒടുവില്‍ മരണം തെരഞ്ഞെടുത്തത് പിടിച്ചു നില്‍ക്കാന്‍ നോക്കിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍. വിശ്വസിച്ചു പ്രണയിച്ചയാളില്‍ നിന്നും കേള്‍ക്കേണ്ടി വന്ന ക്രൂരമായ വാക്കുകള്‍ അവളെ അത്രമേല്‍ തകര്‍ത്തിരുന്നു. ആലപ്പുഴ ആറാട്ടുപുഴയില്‍ ആത്മഹത്യ ചെയ്ത അര്‍ച്ചന വിശ്വനാഥന്‍ എന്ന 21 കാരി കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശങ്ങളിലാണ് ആ പെണ്‍കുട്ടി കടന്നു പോയ അവസ്ഥകള്‍ വ്യക്തമാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വിഷക്കായ കഴിച്ച് അര്‍ച്ചന മരിക്കുന്നത്. വിവാഹം കഴിക്കാമെന്നു പറഞ്ഞിരുന്നയാള്‍ വന്‍ തുക സ്ത്രീധനം വാങ്ങി മറ്റൊരു വിവാഹത്തിന് തയ്യാറായതോടെയാണ് അര്‍ച്ചന ജീവനൊടുക്കിയത്.

താന്‍ വഞ്ചിക്കപ്പെട്ടതില്‍ മനം നൊന്ത് നേരത്തെയും ആത്മഹത്യ ചെയ്യാന്‍ അര്‍ച്ചന ഒരുങ്ങിയിരുന്നതായി ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. ഇതിനായി ഒതളങ്ങ അലമാരിയില്‍ സൂക്ഷിച്ചിരുന്നുവെന്നും എന്നാല്‍ മറ്റാരോ ഇതെടുത്ത് മാറ്റിയെന്നുമാണ് അര്‍ച്ചന പറയുന്നത്. ഇക്കാര്യം പ്രണയിച്ചിരുന്ന വ്യക്തിയോട് പറഞ്ഞിട്ടും അയാള്‍ തന്നെയൊന്നു വിളിക്കുകയോ മെസേജ് അയക്കുകയോ പോലും ചെയ്തില്ലെന്നാണ് അര്‍ച്ചന സങ്കടപ്പെടുന്നത്. എത്ര നാള്‍ വേണമെങ്കിലും കാത്തിരിക്കാമെന്നു പറഞ്ഞിട്ടും അസഭ്യമായ രീതിയില്‍ പ്രതികരിക്കുകയായിരുന്നു തന്നെ ചതിച്ചയാള്‍ ചെയ്തതെന്നും അര്‍ച്ചന പറയുന്നുണ്ട്. തനിക്ക് ഇപ്പോള്‍ കല്യാണം കഴിക്കണമെന്നും ആ കല്യാണം കഴിഞ്ഞാലും അര്‍ച്ചനയുമായുള്ള ബന്ധം തുടരാമെന്ന രീതിയില്‍ മോശമായ ഭാഷയില്‍ സംസാരിച്ചെന്നാണ് യുവാവിനെ കുറിച്ച് അര്‍ച്ചന സുഹൃത്തിനോട് പറയുന്നത്.

അര്‍ച്ചനയുടെ ശബ്ദസന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍; എനിക്ക് ഉറക്കം വരുന്നില്ല. മെസേജ് അയച്ചിട്ടുണ്ട്. നാളെ പത്തരയ്ക്കാണ് പരീക്ഷ. റിപ്ലെ തന്നിട്ടില്ല. ആകപ്പാടെ നിലനിപ്പുള്ളത് പഠിത്തത്തില്‍ മാത്രമാണ്. പോയത് നന്നായെന്നാണ് എല്ലാവരും പറയുന്നത്. ഞാന്‍ അത്രയ്ക്ക് ആത്മാര്‍ത്ഥമായാണ് സ്‌നേഹിച്ചത്. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്. പക്ഷേ എനിക്ക് പകരം വീട്ടാനൊന്നും പറ്റത്തില്ല. ആ പെണ്ണിനെ വിളിച്ചു പറയാനൊന്നും എനിക്ക് പറ്റത്തില്ല. അങ്ങനത്തെ ഒരു മനസ് അല്ല എനിക്ക്. ആ പെണ്‍കുട്ടി എന്ത് ചെയ്തു. അങ്ങേരുടെ ലൈഫ് സക്‌സസ് ആവുകയാണെങ്കില്‍ ആകട്ടെ, പക്ഷേ എനിക്ക് ഉറപ്പുണ്ട്, അങ്ങേരുടെ ലൈഫ് സക്‌സസ് ആകാന്‍ പോകുന്നില്ല.

എന്നെക്കൊണ്ട് മാക്‌സിമം ചെയ്യാന്‍ കഴിയുന്നതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. ഞാനായിട്ട് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പൂര്‍ണ വിശ്വസമുണ്ട്. പുള്ളിക്ക് നല്ല വിശ്വസമാണ് ഞാനൊന്നും ചെയ്യത്തില്ലെന്ന്. ഞാന്‍ ചെയ്യാന്‍ വേണ്ടി എല്ലാം തയ്യറാക്കി വച്ചതാണ്. അപ്പോഴാണ് അച്ഛന്‍ ആശുപത്രിയിലായത്. പിന്നെ അമ്മ വീട്ടിലായിപ്പോയി. പരീക്ഷയുമായി. ഞാനാണെങ്കില്‍ ഇവിടെയൊരു ഒതളങ്ങ എടുത്തു വച്ചായിരുന്നു. ഞാന്‍ വന്നപ്പോള്‍ അതിവിടെ കാണുന്നില്ല. എന്റെ തുണിയൊക്കെ അടുക്കിവച്ചതിന്റെ ഇടയ്ക്കായിരുന്നു വച്ചിരുന്നത്. അതാരാ എടുത്ത് മാറ്റിയതെന്ന് അറിയില്ല. അതിനുശേഷം അച്ഛന്‍ കുറെ നേരം കരഞ്ഞു. എനിക്കാണെങ്കില്‍ ചാകാനും പറ്റത്തില്ല. പുള്ളി പറയുന്നത് കൊണ്ടു പോയി കേസ് കൊടുക്കാനാണ്. വേറൊരു പെണ്ണും കേട്ടുനില്‍ക്കാത്ത പോലെയാണ് ശ്യാമണ്ണന്‍ പറയുന്നത്. ഇടയ്ക്ക് ശ്യാമണ്ണന്‍ വിളിച്ചിട്ട് പറഞ്ഞത്, നിന്റെ വയറ്റില്‍ ഉണ്ടാക്കിയാല്‍ നീ വീട്ടില്‍ പറ അങ്ങനെയാണേല്‍ കല്യാണം നടക്കും, ഇങ്ങനെയൊക്കെയാണ് ശ്യാമണ്ണന്‍ പറയുന്നത്. പിന്നെ ഞാന്‍ എന്തോ ചെയ്യാനാ? എനിക്കൊന്നും ചെയ്യാന്‍ പറ്റത്തില്ല. ഒന്നും ചെയ്യാന്‍ പറ്റാത്ത കണ്ടീഷനാ.

എന്നെ ഇറക്കിക്കൊണ്ടു പോകാനൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. വീട്ടുകാര്‍ എന്നു സമ്മതിക്കുന്നുവോ അന്നു വരെ ഞാന്‍ വെയ്റ്റ് ചെയ്യാമെന്നാണ് പറഞ്ഞത്. പുള്ളി പറയുന്നത് എനിക്കിപ്പം കല്യാണം കഴിക്കണം,ഞാന്‍ കെട്ടും. നിനക്ക് വേണമെങ്കില്‍ ഈ റിലേഷന്‍ ഇങ്ങനെ തന്നെ കൊണ്ടു പോകാം. ഇതൊക്കെ ആര് അംഗീകരിക്കാനാ? ഇനി വിളിച്ചാലും ശ്യാമണ്ണന്‍ ഇതൊക്കെ പറയത്തുള്ളൂ, ഇതിനകത്ത് ഒരു മാറ്റവുമില്ല. എനിക്ക് കൊണ്ടു പോയി ഒരു പരാതി കൊടുത്താല്‍ തീരാവുന്ന പ്രശ്‌നമെയുള്ളൂ. ഒന്നെങ്കില്‍ പുള്ളിയെന്നെ കെട്ടണ്ടതായിട്ട് വരും, അല്ലെങ്കില്‍ പുള്ളി അകത്താകും. എന്തായാലും അകത്ത് കിടക്കാന്‍ തയ്യാറാകത്തിടത്തോളം കെട്ടേണ്ടി വരും. അതുകൊണ്ട് എനിക്കെന്ത് പ്രയോജനം ഉണ്ടാകാനാണ്? അവരുടെ ലൈഫ് അവര് എന്‍ജോയ് ചെയ്യാന്‍ ആഗ്രഹിക്കുകയല്ലേ. അയാള്‍ക്ക് എങ്ങനെയെങ്കിലും ഒരു പെണ്ണിനെ കെട്ടണം, അടിച്ചുപൊളിച്ചങ്ങ് ജീവിക്കണം, അത്രേയുള്ളൂ. എന്റെ ലൈഫ് പോകുന്നതോ, അങ്ങനെയൊന്നുമില്ല. ദൈവം ഉണ്ടല്ലോ. എവിടെയെങ്കിലും വച്ച് ഒരു താഴ്ച്ചയുണ്ടാകും. എന്തായാലും എനിക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത കണ്ടീഷനാണ്.

നേരത്തെ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ അങ്ങേര് എന്നെയൊന്നു വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര വിഷമമായി. ദേഷ്യമായി. എന്നെ വിളിക്കുമോ വഴക്കു പറയുമോ...അങ്ങനെയൊക്കെയായിരുന്നു എന്റെ മനസില്‍. അങ്ങനെയൊന്നും ഉണ്ടായില്ല. എനിക്ക് വലിയ ദേഷ്യമായി.


Next Story

Related Stories