TopTop
Begin typing your search above and press return to search.

അനില്‍ നമ്പ്യാര്‍ക്ക് ബന്ധമുള്ളത് ഞങ്ങളുമായല്ല, കോടിയേരി ബാലകൃഷ്ണന്റെ കുടുംബവുമായി; ബിജെപി വക്താവ്

അനില്‍ നമ്പ്യാര്‍ക്ക് ബന്ധമുള്ളത് ഞങ്ങളുമായല്ല, കോടിയേരി ബാലകൃഷ്ണന്റെ കുടുംബവുമായി; ബിജെപി വക്താവ്

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത ജനം ടി വി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ബിജെപിക്കാരന്‍ അല്ലെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ന്യൂസ് 18 ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. തന്റെയറിവില്‍ അനില്‍ നമ്പ്യാര്‍ക്ക് കൂടുതല്‍ ബന്ധം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേറി ബാലകൃഷ്ണനും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടാണെന്നും ബിജെപി വക്താവ് പറഞ്ഞു.

അനില്‍ നമ്പ്യാരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും കൂടുതലും ഫോണ്‍ വിളികള്‍ പോയിരിക്കുന്നത് കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തില്‍ ഉള്ള ആളുകളുമായിട്ടായിരിക്കുമെന്നും സന്ദീപ് വാര്യര്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ബിജെപിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷിനെ അനില്‍ നമ്പ്യാര്‍ ബന്ധപ്പെട്ടുവെന്ന ആരോപണങ്ങളെ പ്രതിരോധിച്ചാണ് പാര്‍ട്ടിക്കും അനില്‍ നമ്പ്യാര്‍ക്കും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് സന്ദീപ് വാര്യര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ജനം ടി വി ബിജെപി ചാനല്‍ അല്ലെന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞതിനു പിന്നാലെയാണ് അനില്‍ നമ്പ്യാരെ തള്ളി സംസ്ഥന വക്താവും രംഗത്തു വരുന്നത്.

സ്വപ്‌നയുടെതായി പുറത്തു വന്ന മൊഴിയിലാണ് അനില്‍ നമ്പ്യാര്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും പിടികൂടിയ സ്വര്‍ണം നയതന്ത്ര ബാഗേജില്‍ ആയിരുന്നില്ല, സ്വകാര്യ ബാഗേജില്‍ ആണ് കൊണ്ടുവന്നതെന്ന് ഉപദേശിച്ചിരുന്നുവെന്ന വിവരമുള്ളത്. കസ്റ്റംസ് സ്വര്‍ണം പിടികൂടിയതിനു പിന്നാലെ രക്ഷപെടാനുള്ള വഴി തേടി താന്‍ അനില്‍ നമ്പ്യാരെ സമീപിച്ചിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ബിജെപിക്കു വേണ്ടിയാണ് അനില്‍ നമ്പ്യാര്‍ തന്നെ ബന്ധപ്പെട്ടതെന്നാണ് സ്വപ്‌ന പറയുന്നത്. സ്വപ്‌നയുടെ മൊഴി പാര്‍ട്ടിയെ കുരുക്കിലാക്കിയതോടെയാണ് അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞുകൊണ്ട് ബിജെപി നേതാക്കള്‍ രംഗത്തു വന്നു തുടങ്ങിയത്. സ്വര്‍ണക്കടത്ത് കേസ് വഴി തിരിച്ചുവിടാനാണ് അനില്‍ നമ്പ്യാര്‍ ഇടപെട്ടതെന്നാണ് കസ്റ്റംസ് കരുതുന്നത്. കഴിഞ്ഞ ദിവസം അഞ്ചര മണിക്കൂറോളം അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അടുത്താഴ്ച്ച വീണ്ടും ചോദ്യം ചെയ്യുമെന്നാണ് കിട്ടുന്ന വിവരം.


Next Story

Related Stories