ഓണം ആഘോഷിക്കുന്ന മലയാളികൾ ഉൾപ്പെടെ എല്ലാവർക്കും വാമന ജയന്തി ആശംസകൾ നേർന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാൾ. ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന വാമനന്റെ ഒരു ഫോട്ടോ സഹിതമാണ് കേജ്രിവാളിന്റെ പോസ്റ്റ്.
വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരത്തിന്റെ ജന്മവാർഷിക ദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും ആശംസകൾ. മഹാവിഷ്ണുവിന്റെ അനുഗ്രഹം നിങ്ങൾക്കെല്ലാവർക്കും ഉണ്ടാകട്ടെ. എന്നായിരുന്നു കേജ്രിവാളിന്റെ പോസ്റ്റ്.
അതേസമയം, വാമന ജയന്തി ആംശസകൾക്ക് തങ്ങൾ ഓണം ആണ് ആഘോഷിക്കുന്നതെന്നാണ് മലയാളികളുടെ മറുപടി. മഹാബലി ആണ് ഞങ്ങടെ ഹീറോയെന്നും കമന്റുകൾ ചൂണ്ടിക്കാട്ടുന്നു. അമിത് ഷാ പോലും ദക്ഷിണേന്ത്യയുടെ ദ്രാവിഡ പാരമ്പര്യത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും കമന്റുകൾ ഓർമിപ്പിക്കുന്നു.