Top

പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്, അതൃപ്തിയുമായി വ്യക്തിനിയമ ബോർഡ്; അഞ്ചേക്കര്‍ ഭൂമിയോട് താല്‍പര്യമില്ലാതെ സംഘടനകള്‍

പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്, അതൃപ്തിയുമായി വ്യക്തിനിയമ ബോർഡ്; അഞ്ചേക്കര്‍ ഭൂമിയോട് താല്‍പര്യമില്ലാതെ സംഘടനകള്‍

അയോധ്യയിലെ തര്‍ക്ക ഭൂമി രാമക്ഷേത്രത്തിനായി വിട്ടുകൊടുക്കാനുള്ള സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോർഡ്. അഞ്ച് ഏക്കര്‍ ഭൂമി വാങ്ങണോ എന്ന കാര്യത്തില്‍ മുസ്ലീം സംഘടനകള്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ് എന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുനപരിശോധന ഹര്‍ജി നല്‍കില്ല എന്ന് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫാറൂഖി ലക്‌നൗവില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റിവ്യൂ പെറ്റീഷനോ ക്യുറേറ്റീവ് പെറ്റീഷനോ നല്‍കില്ല എന്ന് ഫാറൂഖി വ്യക്തമാക്കി. ഏതെങ്കിലും മുസ്ലീം സംഘടനകള്‍ വിധിയെ അംഗീകരിക്കാതിരിക്കുന്നുണ്ടെങ്കില്‍ അത് നല്ലതായിരിക്കില്ല എന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. വിധിയെ അംഗീകരിക്കുന്നതായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും വ്യക്തമാക്കി.

അതേസമയം വിധിയില്‍ കടുത്ത അതൃപ്തിയുണ്ട് എന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് (ഓൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോർഡ്) പറയുന്നു. ഈ വിധിയില്‍ തുല്യതയും നീതിയുമില്ല എന്ന് വ്യക്തിനിയമ ബോര്‍ഡ് അഭിപ്രായപ്പെട്ടു. പള്ളിക്ക് പകരം ഭൂമി സ്വീകരിക്കാനാവില്ല എന്ന് മുസ്ലീം സംഘടനകളുടെ അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി പറഞ്ഞു. പള്ളിക്ക് പകരം ഭൂമി സ്വീകരിക്കാനാവില്ല എന്ന് മുസ്ലീം സംഘടനകളുടെ അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി പറഞ്ഞു. വ്യക്തി നിയമ ബോര്‍ഡിന്റെ പ്രവര്‍ത്തക സമിതി ചേര്‍ന്ന് പുനപരിശോധന ഹര്‍ജി നല്‍കണോ എന്ന കാര്യം തീരുമാനിക്കും. റിവ്യൂ ഹര്‍ജി നല്‍കുന്നുണ്ടെങ്കില്‍ അത് 30 ദിവസത്തിനകം വേണം. അവര്‍ അത്തരത്തില്‍ തീരുമാനിച്ചാല്‍ ഹര്‍ജി നല്‍കുമെന്ന് വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി കൂടിയായ ജിലാനി പറഞ്ഞു. അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കണോ എന്നത് സംബന്ധിച്ചും എഐഎംപിഎല്‍ബി പ്രവര്‍ത്തകസമിതി തീരുമാനിക്കും. അതേസമയം പകരം ഭൂമി തങ്ങൾ ആവശ്യപ്പെട്ടിട്ടില്ല എന്ന് സുന്നി വഖഫ് ബോർഡ് പറയുന്നു.

കോടതി വസ്തുതകള്‍ക്കപ്പുറം അസാധാരണമായ തരത്തില്‍ ഹിന്ദു വിഭാഗത്തിന്റെ വാദങ്ങള്‍ അംഗീകരിക്കുന്ന രീതിയില്‍ വിധിന്യായം പുറപ്പെടുവിച്ചു എന്ന പരാതി വ്യക്തിനിയമ ബോർഡുമായി ബന്ധപ്പെട്ടവർക്കുണ്ട്. ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നും ഇവര്‍ കരുതുന്നു. രാജ്യത്തിന്റെ മതനിരപേക്ഷ ഘടനയെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാണ് വിധിന്യായത്തിന്റെ പല ഭാഗങ്ങളുമെന്ന് വിമര്‍ശകര്‍ പറയുന്നു. ഭാവിയില്‍ ഒരു പള്ളിയും ഇത്തരത്തില്‍ അപഹരിക്കപ്പെടില്ല എന്നാണ് തങ്ങള്‍ കരുതുന്നത് എന്നാണ് എഐഎംപിഎല്‍ബിക്ക് വേണ്ടി അഡ്വ. എം ആര്‍ ഷംസാദ് പറഞ്ഞത്. "അവര്‍ക്ക് വേണമെങ്കില്‍ ഞങ്ങളുടെ 100 ഏക്കര്‍ ഭൂമി എടുക്കാം, പക്ഷെ അതല്ല പ്രശ്‌നം" എന്ന് വ്യക്തിനിയമ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി പറഞ്ഞു. വസ്തുതകള്‍ക്ക് മേല്‍ വിശ്വാസമാണ് ജയിച്ചിരിക്കുന്നത് എന്ന് പറഞ്ഞ എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി, ഭൂമി വാങ്ങരുത് എന്ന് അഭിപ്രായപ്പെട്ടു. "പരമോന്നതം, എന്നാൽ വീഴ്ചകളില്ലാത്തതല്ല" എന്നാണ് വിധിയെക്കുറിച്ച് ഇന്നലെ ഒവൈസിയുടെ പ്രതികരണം.


Next Story

Related Stories