Top

ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കെന്ന് ബിലീവേഴ്‌സ് ചര്‍ച്ച്

ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കെന്ന് ബിലീവേഴ്‌സ് ചര്‍ച്ച്

ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കാനിരിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റിനെ ചൊല്ലി തര്‍ക്കം. കോടതിയില്‍ പണം അടച്ച് ഭൂമി ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനില്ലെന്ന് വെളിപ്പെടുകയാണ്. ഒരു കോടതിയിലും ഈ ഭൂമി സംബന്ധിച്ച് കേസില്ലെന്നും ഇത് തങ്ങളുടെ ഭൂമിയാണെന്നും വിശദീകരിച്ചാണ് ബിലീവേഴ്‌സ് ചര്‍ച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ഈ ഭൂമി സഭയുടേതാണെന്ന് അംഗീകരിച്ചാല്‍ ഏത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും സമ്മതമാണെന്നും ബിലീവേഴ്‌സ് ഇസ്റ്റേണ്‍ ചര്‍ച്ച് പ്രതികരിച്ചു. എന്നാല്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വാദം തള്ളി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്തെത്തി. ഭൂമി സര്‍ക്കാരിന്റേത് തന്നെയാണെന്നും ഉടമസ്ഥാവകാശം ഉറപ്പിക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാനാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശമെന്നും മന്ത്രി വ്യക്തമാക്കി.

ബിലീവേഴ്‌സ് ചര്‍ച്ച് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭാ വക്താവ് ഫാ. ലിജോ പന്തപള്ളിയിലിന്റെ വീഡിയോ സന്ദേശത്തിലാണ് സഭയുടെ നിലപാട് വക്തമാക്കിയിരിക്കുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുകള്‍ നിലവിലില്ലാത്തതിനാല്‍ കോടതിയില്‍ പണം കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കാനുള്ള നിയമസാധുത തള്ളിക്കളയുമെന്നാണ് ബിലേവേഴ്‌സ് ചര്‍ച്ചിന്റെ പ്രതികരണം.

ഫേസ്ബുക്ക് വീഡിയോയുടെ പൂര്‍ണരൂപം:

ചെറുവള്ളി എസ്റ്റേറ്റില്‍ എയര്‍പോര്‍ട്ട് വരുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചില തീരുമാനങ്ങളെടുത്തുവെന്നത് മാധ്യമങ്ങളില്‍ നിന്നാണ് സഭയും സഭാ നേതൃത്വവും അറിഞ്ഞത്. ഇന്നുവരെ യാതൊരു വിധ ഔദ്യോഗികമായ ചര്‍ച്ചകളോ ഏതെങ്കിലും തരത്തിലുള്ള കമ്മ്യൂണിക്കേഷന്‍സോ സഭയുമായി സര്‍ക്കാര്‍ നടത്തിയിട്ടില്ല. രണ്ടാമതായിട്ടുള്ളത് ചെറുവള്ളി എസ്‌റ്റേറ്റ് തര്‍ക്കഭൂമിയാണെന്നും നിലവില്‍ ഇതിന്റെ ഉടമസ്ഥതാ അവകാശം സംബന്ധിച്ച് കേസുണ്ടെന്നുമുള്ള വാര്‍ത്തകള്‍ വായിക്കുകയുണ്ടായി. എന്നാല്‍ സഭയെ സംബന്ധിച്ചിടത്തോളം അവസാനത്തെ കേസ് എന്ന് പറയുന്നത് സ്‌പെഷല്‍ ഓഫീസറായി നിയമിതനായ ശ്രീ രാജമാണിക്യം ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നും അത് ഏറ്റെടുക്കണമെന്ന് ഓര്‍ഡറിടുകയും അതിനെതിരെ സഭ ഹൈക്കോടതിയില്‍ പോകുകയും ഹൈക്കോടതി സഭയ്ക്ക് അനുകൂലമായ വിധി നല്‍കുകയും അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പോകുകയും സുപ്രിംകോടതി ആ കേസ് തള്ളിക്കളയുകയും ചെയ്തതാണ്. നിലവില്‍ യാതൊരു വിധ കേസും ഉടമസ്ഥാവകാശം സംബന്ധിച്ച് ഇല്ല എന്നതാണ് വസ്തുത. ആയതുകൊണ്ട് തന്നെ കോടതിയില്‍ പണം കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കുക എന്നതിനെക്കുറിച്ച് നിയമസാധുതകളൊക്കെ പിന്നീട് അന്വേഷിക്കേണ്ടിയിരിക്കുന്നു. എന്തുതന്നെയായാലും സര്‍ക്കാര്‍ സഭയെ സമീപിക്കുകയാണെങ്കില്‍ സഭാ കൗണ്‍സില്‍ പരിശുദ്ധ സഭയുടെ സിനഡ് കൂടിച്ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുന്നതായിരിക്കും. അതിനുള്ള ഉടമസ്ഥാവകാശം സഭയുടെ കയ്യില്‍ തന്നെയാണ്. അതില്‍ യാതൊരു തര്‍ക്കവും സഭയ്‌ക്കോ കോടതികള്‍ക്കോ ഇല്ലെന്നുള്ളതാണ് വസ്തുത.



Next Story

Related Stories