TopTop

ബംഗാളില്‍ പാല് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ ലോക്ഡൗണിന്റെ പേരില്‍ പോലീസ് അടിച്ചു കൊന്നെന്ന് ആരോപണം

ബംഗാളില്‍ പാല് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ ലോക്ഡൗണിന്റെ പേരില്‍ പോലീസ് അടിച്ചു കൊന്നെന്ന് ആരോപണം

ബംഗാളില്‍ പാലു വാങ്ങാന്‍ പുറത്തു പോയ ചെറുപ്പക്കാരനെ ലോക്ഡൗണിന്റെ പേരില്‍ പോലീസ് അടിച്ചു കൊന്നു. 32 വയസുള്ള ഹൗറ സ്വദേശിയായ ലാല്‍ സ്വാമിയാണ് മരിച്ചത്. കൂടി നില്‍ക്കുന്നവരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നതിനിടെ ലാല്‍ സ്വാമിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സ്വാമിയുടെ ഭാര്യയെ ഉദ്ധരിച്ച് എബിപി ആനന്ദ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസിന്റെ അതിക്രമത്തില്‍ പരിക്കേറ്റ ഉടനെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് മരിച്ചു. എന്നാല്‍ പോലീസ് പറയുന്നത് ഇയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതാണെന്നും നേരത്തെ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളയാളാണ് ഇയാളെന്നുമാണ്.

ബംഗാളിനു പുറമെ മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണിന്റെ പേരില്‍ പോലീസ് നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കേരളത്തിലും പോലീസ് അമിതാധികാര പ്രവണത കാണിക്കുന്നതായും അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവരെ പോലും മര്‍ദ്ദിക്കുന്നതായും ആരോപണങ്ങളുണ്ട്. കഴിഞ്ഞ ദിവസം ജോലിക്ക് പോകാന്‍ ഇറങ്ങിയ ഒരു വനിതാ ഡോക്ടര്‍ പോലീസിനു പുറമെ വഴി തടയാന്‍ നിന്ന ചിലരും തന്നെ പോകാന്‍ അനുവദിച്ചില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചിരുന്നു.

ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള നടപടികളാണ് വേണ്ടതെന്ന് പോലീസിന് തുടര്‍ച്ചയായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.

ഡല്‍ഹിയില്‍ അടക്കം അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരെ പോലീസ് കാരണം പോലും ചോദിക്കാതെ മര്‍ദ്ദിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. അവശ്യസാധനങ്ങളുടെ കൂട്ടത്തില്‍ പലചരക്കുകള്‍ക്കു പുറമെ, പാല്‍, മത്സ്യ, ഇറച്ചി വ്യാപാരവും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടത്തും പോലീസ് ബലം പ്രയോഗിച്ച് അടപ്പിക്കുന്നതും പുറത്തു വന്നിരുന്നു.

അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ക്ക് പുറത്തു പോകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പലയിടത്തും കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതു പോലും മിക്ക സംസ്ഥാനങ്ങളിലും പോലീസ് തടയുന്നുണ്ടെന്നാണ് ആരോപണം.

യതൊരു വിധത്തിലുള്ള മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് 21ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന ആരോപണവും ശക്തമാണ്. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ തിരക്ക് കൂട്ടുന്നതും കൂട്ടം കൂടുന്നതും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ദൃശ്യമായിരുന്നു.

മറ്റു സംസ്ഥാങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാകട്ടെ, ഭക്ഷണവും വാഹനങ്ങളുമില്ലാതെ നൂറു കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള തങ്ങളുടെ നാട്ടിലേക്ക് നടക്കുന്നതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ചിത്രം: പിടിഐ


Next Story

Related Stories