ലഹരി മരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇന്നു രാവിലെയായിരുന്നു യാത്ര. നാളെയാണ് ബെംഗളൂരു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യുക. ഒക്ടോബര്‍ ആറിന്(ചൊവ്വാഴ്ച്ച) ബിനീഷിനോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചിരുന്നു. ബെംഗളൂരൂ ശാന്തി നഗറിലുള്ള ഓഫിസില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍. യാത്ര തിരിക്കും മുമ്പ് വിമാനത്താവളത്തില്‍ വച്ച് ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ബിനീഷ് വിസമ്മതിച്ചു. സെപ്തംബര്‍ ഒന്നിന് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലും എന്‍ഫോഴ്സ്മെന്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലഹരി മരുന്ന് കേസില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റ് ബിനീഷിനെ വിളിപ്പിച്ചിരിക്കുന്നത്.
കന്നഡ സിനിമ ലോകവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ബെംഗളൂരു നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി) അറസ്റ്റ് ചെയ്ത മലയാളി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത്. സിനിമ താരങ്ങള്‍ അടക്കം ഒട്ടേറെ വമ്പന്മാര് ഉള്‍പ്പെട്ടിട്ടുള്ള ഈ കേസിലെ മുഖ്യപ്രതികളിലൊരാളാണ് അനൂപ്. ബിനീഷ് തനിക്ക് സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്ന് അനൂപിന്റെ മൊഴിയിലുണ്ട്. അനൂപും താനുമായിപരിചയമുണ്ടെന്ന് ബിനീഷ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സാമ്പത്തികമായി തകര്‍ന്നു നില്ക്കുന്ന സമയത്ത് ഹോട്ടല്‍ ബിസിനസ് തുടങ്ങാന്‍ വേണ്ടിയാണ് അനൂപിന് സാമ്പത്തിക സഹായം ചെയ്തതെന്നും അനൂപിന് ലഹരിയിടപാടുകള്‍ ഉണ്ടെന്ന കാര്യം അറിയില്ലെന്നുമാണ് ബിനീഷ് മൊഴിയില്‍ പറയുന്നത്. അനൂപ് മുഹമ്മദുമായി അടുത്ത സൗഹൃദം ഇല്ലെന്നും ബിനീഷ് മൊഴി നല്‍കിയിരുന്നു. അതേസമയം അനൂപും ബിനീഷും പാര്‍ട്ടികളില്‍ പങ്കെടുത്ത ചിത്രം പുറത്തു വന്നിരുന്നു. കുമരകത്ത് നടന്ന പാര്‍ട്ടിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ പറയുന്നതെങ്കിലും ബെംഗളൂരുവില്‍വച്ച് ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം എടുത്ത സെല്‍ഫി മാത്രമാണിതെന്നായിരുന്നു ബിനീഷിന്റെ വിശദീകരണം. മലയാള സിനിമ ലോകത്തും അനൂപ് വഴി ലഹരിയിടപാടുകള്‍ നടന്നിട്ടുണ്ടെന്ന് എന്‍സിബി സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണവും നടക്കുന്നുണ്ട്. മലയാള സിനിമയുമായ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തയാണ് നടന് കൂടിയായ ബിനീഷ്. ഈ തരത്തിലും അന്വേഷണ എജന്‍സികളുടെ സംശയം ബിനീഷിനുമേല്‍ വീണിട്ടുണ്ട്. എന്നാല്‍ ലഹരിയിടപാടുകളുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ബിനീഷ് ആവര്‍ത്തിച്ചു പറയുന്നത്.
റിമാന്‍ഡില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ കഴിഞ്ഞാഴ്ച്ച ബെംഗളൂരു എന്‍ഫോഴ്സ്മെന്റും എന്‍സിബിയും വിശദമായി ചോദ്യം ചെയ്തിരുന്നു. കോടതിയുടെ പ്രത്യേക അനുമതി വാങ്ങി, അനൂപിനെ പാര്‍പ്പിച്ചിരിക്കുന്ന പരപ്പന അഗ്രഹാര ജയിലില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇതിനു പിന്നാലെയാണ് ബിനീഷ് കോടിയേരിയോട് ചോദ്യം ചെയ്യലിന് വിധേയനാകണമെന്നാവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ഇ ഡി ബിനീഷിനെ ചോദ്യം ചെയ്തത് വിദേശത്ത് നിന്നുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു. ബിനീഷിന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നിരുന്നു. ഇതിനുശേഷം സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനും അനുവാദം കൂടാതെ സ്വത്ത് ക്രയവിക്രയങ്ങള്‍ ചെയ്യരുതെന്നും ഇ ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.