TopTop

സ്വഭാവഹത്യയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം, അറസ്റ്റിലായ കോമരത്തിന് വേണ്ടി ബിജെപി, 'കമ്മ്യൂണിസ്റ്റുകാര്‍ നവോത്ഥാനം പറഞ്ഞ് കള്ളക്കേസുണ്ടാക്കുന്നു'

സ്വഭാവഹത്യയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം, അറസ്റ്റിലായ കോമരത്തിന് വേണ്ടി ബിജെപി,

പൊതുജനമധ്യത്തില്‍ വച്ച് സ്വഭാവദൂഷ്യം ആരോപിച്ച് അപമാനിക്കപ്പെട്ടതിന്റെ പേരില്‍ യുവതി ആതമഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ കോമരത്തെ പിന്തുണച്ച് ബിജെപിയും ക്ഷേത്രഭാരവാഹികളും. കമ്യൂണിസ്റ്റ് പാര്‍ട്ടിയും നവോഥാനത്തിന്റെ പേര് പറഞ്ഞു നടക്കുന്ന ചില സംഘടനകളും മനഃപൂര്‍വം കള്ളക്കേസ് ഉണ്ടാക്കി കോമരത്തെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും ഇതിലൂടെ കോമരം കെട്ടിയ ശ്രീകാന്ത് പ്രവര്‍ത്തിക്കുന്ന രാ്ഷ്ട്രീയപ്രസ്ഥാനത്തെയും ഹൈന്ദവാചാരങ്ങളെയും അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ബിജെപിയുടെ ആരോപണം. കോമരം കെട്ടിയ ശ്രീകാന്ത് ബിജെപി പ്രവര്‍ത്തകനാണ്.

തൃശൂര്‍ മണലൂര്‍ പഞ്ചായത്തില്‍ കാരണത്ത ജോബിന്റ ഭാര്യയായ ശ്യാംഭവി ഫെബ്രുവരി 26 ന് ആതമഹത്യ ചെയ്ത കേസിലാണ് കോമരം കെട്ടിയ ശ്രീകാന്തിനെ അറസ്റ്റ് ചെയ്തത്. ശ്യാംഭവിയുടെ അമ്മാവന്റെ മകനായ ജനമിത്രന്റെ പ്രേരണയാല്‍ ശ്രീകാന്ത് കോമരം കെട്ടിയ സമയത്ത് മനഃപൂര്‍വം ശ്യാംഭവിയുടെ മേല്‍ സ്വഭാവദൂഷ്യം ആരോപിക്കുകയും മാപ്പ് പറയാന്‍ ആവശ്യപ്പെടുകയുമാണുണ്ടായതെന്നാണ് പരാതി. പരസ്യമായി അപമാനിക്കപ്പെട്ടതിന്റെ പേരിലായിരുന്നു ശ്യാംഭവി ആതമഹത്യ ചെയ്യുന്നത്. ജനമിത്രന്‍ ഒളിവിലാണ്. ശ്രീകാന്തിനെ ചൊവ്വാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് അന്തികാട്ട് പൊലീസ് സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയായിരുന്നു. പ്രദേശത്തെ സജീവ ബിജെപി പ്രവര്‍ത്തകന്‍ കൂടിയാണ് ശ്രീകാന്ത്. ഇയാള്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കകയാണുണ്ടായിട്ടുള്ളതെന്നുമാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോള്‍ രംഗത്തുള്ളത്.
യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും സഹോദരനും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നതുപോലെ ഒന്നും കോമരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ബിജെപി മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്ത് പറമ്പില്‍ അഴിമുഖത്തോട് പറഞ്ഞത്. ക്ഷേത്രഭാരവാഹികള്‍ തന്നെ ഇക്കാര്യം ഉറപ്പിച്ചു പറയുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ' കോമരം അങ്ങോട്ട് ചെന്ന് ആ സ്ത്രീക്കു മേല്‍ സ്വഭാവദൂഷ്യം ആരോപിക്കുകയല്ല ഉണ്ടായിട്ടുള്ളത്. ആ സ്ത്രീ കരഞ്ഞുകൊണ്ട് സ്വാമിയെ(കോമരം) സമീപിക്കുകയായിരുന്നു. അപ്പോഴാണ് സ്വാമി പറഞ്ഞത്, എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ് ദേവിയോട് മാപ്പ് ചോദിക്കാന്‍. അവിടെയുള്ളവരെല്ലാം ഇതിന് സാക്ഷികളാണ്. കോമരം കെട്ടുന്നയാളുടെ ദേഹത്ത് ദൈവം കൂടിക്കഴിഞ്ഞിട്ട് നടക്കുന്നതും പറയുന്നതുമൊന്നും പിന്നീട് ഓര്‍മപോലും ഉണ്ടാകില്ല. ആര്‍ക്കും ഈ സമയത്ത് സ്വാമിയെ സ്വാധീനിക്കാനും കഴിയില്ല. പിന്നെങ്ങനെയാണ് മറ്റൊരാളുടെ പ്രേരണയില്‍ പ്രവര്‍ത്തിച്ചൂ എന്നു പറയുന്നത്. ഈ സംഭവം നടക്കുന്നത് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ്, ആ സ്ത്രീ ആത്മഹത്യ ചെയ്യുന്നത് രാത്രിയിലും. കോമരം കാരണമാണെങ്കില്‍ അപ്പോള്‍ തന്നെ ആത്മഹത്യ ചെയ്യേണ്ടതല്ലേ? അപ്പോള്‍ കോമരം തുള്ളി പറഞ്ഞതൊന്നുമല്ല കാരണം. അവരുടെ കുടുംബത്തില്‍ തന്നെ ചിലപ്രശ്നങ്ങളുണ്ട്. ആത്മഹത്യക്കു പിന്നിലെ യഥാര്‍ത്ഥകാരണം അതാകണം. അതു തെളിയിക്കാന്‍ പൊലീസ് നീതിയുക്തമായി അന്വേഷണം നടത്തണം. ഫോണ്‍ കോളുകള്‍ പരിശോധിക്കണം. അല്ലാതെ നിരപരാധികളെ ശിക്ഷിച്ചിട്ട് കാര്യമില്ല; സുധീഷ് പറയുന്നു.
പരാതിയില്‍ പറയുന്നതുപോലെ ഒന്നും ക്ഷേത്രത്തില്‍ നടന്നിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളും പറയുന്നതെന്നാണ് സുധീഷ് പറയുന്നത്. ശ്രീകാന്തിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് അമ്പതോളം ക്ഷേത്ര ഭാരവാഹികള്‍ സ്റ്റേഷനില്‍ വന്നിരുന്നുവെന്നും കോമരത്തിനെതിരേയുള്ള പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അവാസ്ഥവങ്ങളാണെന്നവര്‍ ഉറപ്പിച്ചു പറഞ്ഞുവെന്നും സുധീഷ് പറയുന്നു. കോമരം അനാവശ്യമായി എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ അവിടെ കൂടിയിരുന്നവര്‍ അക്കാര്യം പറയുമായിരുന്നില്ലേയെന്നും ആ സ്ത്രീയുടെ ഉള്ളില്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന തോന്നല്‍ ഉള്ളതുകൊണ്ടായിരിക്കാം അത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും ബിജെപി നേതാവ് ആരോപിക്കുന്നുഇപ്പോള്‍ നടന്നിരിക്കുന്നതിനെല്ലാം പിന്നില്‍ ചില സ്വാര്‍ത്ഥ താത്പര്യങ്ങളുണ്ട്. ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ ശ്രീകാന്തിനെ കള്ളക്കേസില്‍ കുടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ പൊലീസില്‍ നിര്‍ബന്ധം ചെലത്തിയിട്ടുണ്ട്. അതുപോലെ പുരോഗമന പ്രസ്ഥാനങ്ങളെന്നു പറഞ്ഞു നടക്കുന്നവരാണ് ക്ഷേത്രത്തിനും വിശ്വാസങ്ങള്‍ക്കുമെതിരായി ഈ സംഭവം വഴിതിരിച്ചു വിട്ടിരിക്കുന്നതും. ഇടതുപക്ഷ ചിന്താഗതിക്കാരായവരാണ് സോഷ്യല്‍ മീഡിയയില്‍ ഇത് വിവാദമാക്കിയിരിക്കുന്നതും. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാനും ഇല്ലാതാക്കനുമുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയാണിതും. നൂറ്റാണ്ടുകളായി നടന്നു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അവസാനിപ്പിക്കാനാണ് അവരുടെ ശ്രമം. കോമരം കെട്ടാനും കല്‍പ്പന പുറപ്പെടുവിക്കാനുമൊന്നും ആരെയും അനുവദിക്കാതിരിക്കുക. ഇതിങ്ങനെയായാല്‍ നാളെ കോമരം കെട്ടുന്ന എല്ലാവര്‍ക്കുംം ഭീഷണിയാകില്ലേ. തുള്ളി പറയാനും കല്‍പ്പന പുറപ്പെടുവിക്കാനുമൊന്നും കഴിയാാതെ വരുമല്ലോ... ഇതിന്റെയെല്ലാം പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണ്; സുധീഷ് പറയുന്നു.
ശ്രീകാന്തിനൊപ്പം ബിജെപി ഉണ്ടാകുമെന്നും ജാമ്യത്തില്‍ എടുക്കാനുള്ള ശ്രമങ്ങള്‍ ആദ്യം നടത്തുമെന്നും അതിനുശേഷം നിയമസാഹയത്തോടെ ബാക്കി കാര്യങ്ങള്‍ നോക്കുമെന്നും സുധീഷ് മേനോത്ത്പറമ്പില്‍ പറയുന്നുണ്ട്.
അതേസമയം ബിജെപിയുടെയും ക്ഷേത്രഭാരവാഹികളുടെയും ആരോപണങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കുമെതിരേ ആത്മഹത്യ ചെയ്ത ശ്യാംഭവിയുടെ സഹോദരന്‍ മണികണ്ഠന്‍ അഴിമുഖത്തോട് സംസാരിച്ചിരുന്നു. തന്റെ പെങ്ങളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷ വാങ്ങി നല്‍കുക മാത്രമാണ് ലക്ഷ്യമെന്നും അല്ലാതെ ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പാര്‍ട്ടിയേയോ തകര്‍ക്കാനല്ല നോക്കുന്നതെന്നുമാണ് മണികണ്ഠന്‍ പറയുന്നത്. മണികണ്ഠന്റെ വാക്കുകള്‍;
'മരണം വരെ ദൈവത്തെ ഉപാസിച്ചു കഴിഞ്ഞൊരു അച്ഛന്റെ മക്കളായിരുന്നു ഞാനും എന്റെ പെങ്ങളും. എല്ലാ ദിവസവും വിളക്കു വച്ച് പ്രാര്‍ത്ഥിക്കുന്നൊരു അമ്മയുണ്ട് ഞങ്ങള്‍ക്ക്...ഒരാചരാത്തെയും വിശ്വാസത്തെയും ഇന്നുവരെ തള്ളിപ്പറഞ്ഞിട്ടില്ല, ദൈവനിഷേധവും നടത്തിയിട്ടില്ല. സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും നാട്ടുകാരുടെയും മുന്നില്‍ അപമാനിതയായി ജീവിക്കേണ്ടി വന്നപ്പോഴും ദൈവം കൈവിടില്ലെന്നു അവൾ വിശ്വസിച്ചിരുന്നതായും മണികണ്ഠൻ പറഞ്ഞു.


Next Story

Related Stories