ജനം ടി വി ബിജെപി ചാനല്‍ അല്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയാണ് ചാനലിനും പാര്‍ട്ടിക്കും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന നിലപാടുമായി കെ സുരേന്ദ്രന് എത്തിയത്. ദേശസ്നേഹികളായ കുറേയാളുകള്‍ നടത്തുന്ന ചാനലാണ് ജനമെന്നും ബിജെപിക്കാരായ ആരും അതില്‍ ഇല്ലെന്നും വാര്‍ത്ത സമ്മേളനത്തില്‍ കെ സുരേന്ദ്രന് പറഞ്ഞു. ബിജെപി നിയയന്ത്രിക്കുന്നതോ നടത്തുന്നതോ ആയ ഒരു ചാനലും ഇല്ലെന്നും സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് കെ സുരേന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചത്. മാധ്യമങ്ങള്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ ' അങ്ങനെ വിളിപ്പിച്ചിട്ടുണ്ടോ' എന്നായിരുന്നു തിരിച്ചുള്ള ചോദ്യം. സ്വപ്ന കസ്റ്റംസിന് നല്കിയ മൊഴിയില്‍ ജനം ടി വി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ച് സ്വര്‍ണം പിടിച്ചത് നയതന്ത്ര ബാഗേജില്‍ നിന്നല്ലെന്നും സ്വകാര്യ ബാഗേജില്‍ നിന്നാണെന്നും പറയണമെന്ന് ഉപദേശിച്ചുവെന്നു പറയുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെ മൊഴി നല്‍കിയതിന്റെ തെളിവുണ്ടോ എന്നു ചോദിച്ച് വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും ബിജെപിയുമായി കൂട്ടിക്കുഴയ്ക്കുന്നത് എന്തിനാണെന്നും ഇതിലെവിടെയാണ് രാഷ്ട്രീയം ഉള്ളതെന്നുമായിരുന്നു മാധ്യമങ്ങളോട് കെ സുരേന്ദ്രന് പ്രതിഷേധ സ്വരത്തില്‍ ചോദിച്ചത്.