സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായ ഉടനെ സ്ഥലത്തെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തും. സംഭവമറിഞ്ഞ് ചീഫ് സെക്രട്ടറി തൊട്ടു താഴെയുള്ള നിലയിലെത്തുന്നതിനു മുമ്പു തന്നെ കെ സുരേന്ദ്രന് സ്ഥലത്തെത്തിയിരുന്നു. ഇത് സംശയാസ്പദമാണെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തലെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഈ സംഭവത്തിനു പിന്നിലുണ്ടോയെന്നാണ് അന്വേഷിക്കുക. നിലവില്‍ കേസില്‍ അന്വേഷണം നടത്തുന്ന എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ തന്നെയാണ് ഈ വിഷയവും അന്വേഷിക്കുക.
ഗൗരവമേറിയ സുരക്ഷാ വീഴ്ചയായാണ് ഈ സംഭവത്തെ സര്‍ക്കാര്‍ കാണുന്നത്. സെക്രട്ടേറിയറ്റില്‍ രാഷ്ട്രീയപ്രസംഗം നടത്തിയ കെ സുരേന്ദ്രന്റെ നടപടിയെ ചീഫ് സെക്രട്ടറിയും ചോദ്യം ചെയ്തിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സെക്രട്ടേറിയറ്റില്‍ അനുവദിക്കാറില്ല. കാവലുള്ള പൊലീസുകാര്‍ തങ്ങളുടെ ഡ്യൂട്ടി ശരിയായി ചെയ്തില്ലെന്ന് മന്ത്രി ഇപി ജയരാജനും കഴിഞ്ഞദിവസം പറയുകയുണ്ടായി.
സെക്രട്ടേറിയറ്റിലേക്ക് ആര്‍ക്കും കേറിവരാവുന്ന അവസ്ഥ ഇപ്പോഴുണ്ട്. ഇതില്‍ മാറ്റം വരുത്തും. സുരക്ഷാ പോരായ്മകള്‍ പരിഹരിച്ച് നടപടിയെടുക്കാന്‍ ആഭ്യന്തര സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.