TopTop
Begin typing your search above and press return to search.

"അത് ആക്രമണമാണോ വിമര്‍ശനമാണോ ആക്ഷേപമാണോയെന്ന് വിലയിരുത്തി മറുപടി പറയാം": മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം സംബന്ധിച്ച പരാതിയില്‍ മുഖ്യമന്ത്രി

അത് ആക്രമണമാണോ വിമര്‍ശനമാണോ ആക്ഷേപമാണോയെന്ന് വിലയിരുത്തി മറുപടി പറയാം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം സംബന്ധിച്ച പരാതിയില്‍ മുഖ്യമന്ത്രി

മാധ്യമപ്രവര്‍‌ത്തകരെ വ്യക്തിപരമായി വേര്‍തിരിച്ച് ആക്രമിക്കുകയെന്ന ശൈലി തനിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ അങ്ങനെ എന്നെങ്കിലും ചെയ്തിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. "ഞാനിവിടെ ആരെയും വ്യക്തിപരമായി പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞിട്ടുള്ളത് ചില മാധ്യമങ്ങളെക്കുറിച്ചാണ്. നിങ്ങള്‍ വ്യക്തിപരമായി എന്തെങ്കിലും തെറ്റ് ചെയ്യുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ല," അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരെ സിപിഎം അണികള്‍ സൈബര്‍ പ്ലാറ്റ്ഫോമുകളില്‍ ആക്രമിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ചത് സംബന്ധിച്ച ചോദ്യത്തിന് 'നിങ്ങള്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കൂ' എന്ന് അദ്ദേഹം പറഞ്ഞു. "പ്രസ് സെക്രട്ടറി നിങ്ങളെപ്പോലെ മാധ്യമരംഗത്തു കൂടി വളര്‍ന്നു വന്നതാണല്ലോ. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ തമ്മില്‍ സംസാരിച്ചു തീര്‍ക്കുന്നതാണ് നല്ലത്," അദ്ദേഹം വ്യക്തമാക്കി.

സിഎമ്മിന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമങ്ങളെ വേട്ടയാടാന്‍ ശ്രമമുണ്ടോയെന്ന ചോദ്യത്തോട് മുഖ്യമന്ത്രിയുടെ പ്രതികരണം ഇതായിരുന്നു: "ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിച്ചമച്ച് ആളുകളെ ആക്രമിക്കുന്നതാണ് സൈബര്‍ ആക്രമണം. വിമര്‍ശനവും സംവാദവുമെല്ലാം വേറെയാണ്. അവ ഉന്നയിക്കുന്നത് സ്വാഭാവികമാണ്. നിങ്ങള്‍‌ പറയുന്നത് ഏത് പട്ടികയില്‍ പെടുന്നുവെന്ന് നോക്കട്ടെ."

വാര്‍ത്താ സമ്മേളനം കേട്ടാല്‍ അണികളോട് ആക്രമണത്തിന് ആഹ്വാനം ചെയ്തുവെന്ന് തോന്നുമെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യമായി ഉന്നയിച്ചു. മാധ്യമങ്ങള്‍ തന്നെ വിമര്‍ശിക്കുന്നത് ഇതാദ്യമല്ലെന്നും തന്നെ വളരെ മോശമായി വിമര്‍ശിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി അതിന്റെ പേരില്‍ താനോ തന്റെ പാര്‍ട്ടിയോ അണികളോ നിങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടോയെന്നും ആരാഞ്ഞു. മാധ്യമങ്ങളെ കൈകാര്യം ചെയ്യാമെന്ന് എന്നാണ് തങ്ങള്‍ നിലപാടെടുത്തിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.

സിഎമ്മിന്റെ സ്റ്റാഫില്‍ പെട്ടയാള്‍ തന്നെ തങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ആക്ഷേപമാണോ, വിമര്‍ശനമാണോ, ആക്രമണമാണോയെന്ന് താന്‍ വിലയിരുത്തിയ ശേഷം മറുപടി പറയാമെന്ന് അദ്ദേഹം പറഞ്ഞു.

Next Story

Related Stories