Top

'വിദ്യാരംഭവേളയിൽ തെളിയുന്ന അക്ഷരങ്ങൾ കേരളത്തിന്റെ ഉത്തരോത്തര പുരോഗതിക്കുള്ള ഊർജമാണ്': മുഖ്യമന്ത്രി

വിദ്യാരംഭ ദിനത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുഞ്ഞുങ്ങൾക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അറിവ് ആവോളം സ്വായത്തമാക്കാൻ സർക്കാറിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് വ്യക്തമാക്കുന്ന അദ്ദേഹം വിശാലമായ അറിവിന്റെ ലോകത്തിൽ കുഞ്ഞുങ്ങൾക്ക് ഉയരാനാകട്ടെയെന്നും ആശംസിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മുഖ്യമന്ത്രി ആശംസ പങ്കുവയ്ക്കുന്നത്.

ആശംസയ്ക്കൊപ്പം വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങളും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രീ - പ്രൈമറി തലം മുതൽ ശാസ്ത്രീയ രീതിയിലുള്ള വിദ്യാഭ്യാസത്തിന് സമഗ്രമായ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും കുറിപ്പ് പറയുന്നു. 9941 പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബ് നിർമ്മിച്ചും 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയും സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയെന്നും പൊതു വിദ്യാഭ്യാസമേഖലയുടെ മുഖഛായ മാറ്റിയെന്നും കുറിപ്പിൽ അവകാശപ്പെടുന്നു. നേട്ടങ്ങൾ വ്യക്തമാക്കുന്ന ഒരു ചെറുവീഡിയോയും അദ്ദേഹം കുറിപ്പിനൊപ്പം നൽകുന്നുണ്ട്.
അറിവിന്റെ പുതു ലോകത്തിലേക്ക് ചുവടുവെക്കുന്ന കുഞ്ഞുങ്ങളിലാണ് നാടിന്റെ ഭാവിയെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി കുഞ്ഞു വിരലുകളിൽ വിദ്യാരംഭവേളയിൽ തെളിയുന്ന അക്ഷരങ്ങൾ കേരളത്തിന്റെ ഉത്തരോത്തര പുരോഗതിക്കുള്ള ഊർജമാണെന്നും കുറിപ്പിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വിദ്യാരംഭ നാളിൽ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകൾ നേരുന്നു. വിശാലമായ അറിവിന്റെ ലോകത്തിൽ ഈ കുഞ്ഞുങ്ങൾക്ക് ഉയരാനാകട്ടെ. അറിവ് ആവോളം സ്വായത്തമാക്കാൻ സർക്കാറിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.
വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് മലയാളികൾ. പ്രീ - പ്രൈമറി തലം മുതൽ ശാസ്ത്രീയ രീതിയിലുള്ള വിദ്യാഭ്യാസത്തിന് സമഗ്രമായ പദ്ധതി നടപ്പിലാക്കി വരികയാണ്. 9941 പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബ് നിർമ്മിച്ചും 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയും സ്കൂളുകൾ അന്താരാഷ്ട്രാനിലവാരത്തിലേക്ക് ഉയർത്തിയും പൊതു വിദ്യാഭ്യാസമേഖലയുടെ മുഖഛായ മാറ്റി.

ലോകം വളരുന്നതിനനുസരിച്ചുള്ള വിദ്യാഭ്യാസം പുതു തലമുറക്ക് ലഭ്യമാക്കാൻ അവസരം ഒരുക്കുകയാണ് നാം. അക്ഷരങ്ങളിലൂടെ അറിവിന്റെ പുതു ലോകത്തിലേക്ക് ചുവടുവെക്കുന്ന കുഞ്ഞുങ്ങളിലാണ് നമ്മുടെ നാടിന്റെ ഭാവി പ്രതീക്ഷകൾക്ക് അർത്ഥമുണ്ടാകുന്നത്. അവരുടെ കുഞ്ഞു വിരലുകളിൽ വിദ്യാരംഭവേളയിൽ തെളിയുന്ന അക്ഷരങ്ങൾ കേരളത്തിന്റെ ഉത്തരോത്തര പുരോഗതിക്കുള്ള ഊർജമാണ്.



Next Story

Related Stories