TopTop
Begin typing your search above and press return to search.

മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് സിആര്‍പിഎഫ് കമാന്‍ഡോയെ ചങ്ങലയില്‍ ബന്ധിച്ച് പോലീസ് സ്റ്റേഷനിലിരുത്തി; സംഭവം വിവാദത്തില്‍

മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് സിആര്‍പിഎഫ് കമാന്‍ഡോയെ ചങ്ങലയില്‍ ബന്ധിച്ച് പോലീസ് സ്റ്റേഷനിലിരുത്തി; സംഭവം വിവാദത്തില്‍

പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് സിആര്‍പിഎഫ് കമാന്‍ഡോയെ പോലീസ് സ്റ്റേഷനില്‍ ചങ്ങലയില്‍ ബന്ധിച്ച് ഇരുത്തിയ സംഭവം വിവാദമാകുന്നു. കര്‍ണാടക പൊലീസാണ് ഇത്തരമൊരു ശിക്ഷ നടപടി സ്വീകരിച്ചത്. തങ്ങളുടെ കമാന്‍ഡോയെ ഇത്തരത്തില്‍ അപമാനിച്ചതിനെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് സിആര്‍പിഎഫ് പറഞ്ഞു.

ഏപ്രില്‍ 25-നാണ് മാവോയിസ്റ്റുകളെ നേരിടുന്നതിനായി പ്രത്യേകം രൂപീകരിച്ച കോബ്ര ബറ്റാലിയനിലെ കമാന്‍ഡോ കര്‍ണാടകയിലെ ബലഗാവി സ്വദേശിയായ സച്ചിന്‍ സാവന്തിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അവധിയിലായിരുന്നു സച്ചിന്‍. സിവിലയന്‍ വേഷത്തില്‍ വീടിനു പുറത്തിറങ്ങിയ സച്ചിന്‍ മാസ്‌ക് ധരിച്ചിരുന്നില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്നവരെല്ലാം മാസ്‌ക് ധരിക്കുന്ന് നിര്‍ബന്ധമാണെന്നും സച്ചിന്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചെന്നും പറഞ്ഞായിരുന്നു പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. സിആര്‍പിഎഫ് കമാന്‍ഡോ ആണെന്നു പറഞ്ഞിട്ടും പൊലിസ് സച്ചിനെ മര്‍ദ്ദിക്കുകയും വിലങ്ങ് വയ്ക്കുകയും ചെയ്‌തെന്നാണ് പരാതി. തുടര്‍ന്നാണ് സ്റ്റേഷനില്‍ കൊണ്ടുവന്ന് ചങ്ങലയില്‍ ബന്ധിച്ചത്. വെറും നിലത്ത് ചങ്ങലയില്‍ ബന്ധനസ്ഥനായി കുത്തിയിരിക്കുന്ന സച്ചിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് കര്‍ണാടക പൊലീസിന്റെ വിവാദ നടപടി പുറം ലോകമറിഞ്ഞത്.

സംഭവത്തില്‍ തങ്ങള്‍ക്കുള്ള അതൃപ്തിയറിയിച്ച് സിആര്‍പിഎഫ് കര്‍ണാടക പൊലീസ് മേധാവി പ്രവീണ്‍ സൂദിന് കത്തയച്ചു. സിആര്‍പിഎഫിനെ വിശ്വാസത്തിലെടുത്തിരുന്നെങ്കില്‍ അസുഖകരമായ ഈ പ്രവര്‍ത്തി ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് കത്തില്‍ പറയുന്നത്. കര്‍ണാടക പൊലീസില്‍ നിന്നുണ്ടായ മോശം നടപടിക്കെതിരേ തങ്ങള്‍ നിയമനടപടി സ്വീകരിക്കുമെന്നും സിആര്‍പിഎഫ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ സംഭവത്തില്‍ കര്‍ണാടക പൊലീസ് പറയുന്നത്, സച്ചിന്‍ പൊലീസിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ്. കോബ്രാ ബറ്റാലിയന് എഴുതിയ കത്തിലാണ് പൊലീസിന്റെ വിശദീകരണം കമാന്‍ഡോ മാസ്‌ക് ധരിക്കാതെയാണ് പൊതുനിരത്തില്‍ വന്നത്. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ പൊലീസിനോട് തട്ടിക്കയറി. താന്‍ സിആര്‍പിഎഫ് ജവാന്‍ ആണെന്നും നിങ്ങളുടെ നിയമങ്ങള്‍ അനുസരിക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞു. തുടര്‍ന്ന് പൊലീസിനോട് തര്‍ക്കിക്കുകയും ഒരു കോണ്‍സ്റ്റബിളിനെ മര്‍ദ്ദിക്കുകയും ചെയ്തു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതാണ് സിആര്‍പിഎഫ് ജവാനെ അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ പൊലീസിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നാണ് സച്ചിന്‍ സിആര്‍പിഎഫിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്.


Next Story

Related Stories