മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ "കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ" എന്ന് പൊതുഭരണ വകുപ്പിലെ അഡിഷണൽ സെക്രട്ടറി പി. ഹണി പറഞ്ഞത് നാക്കുപിഴ തന്നെയാണോ എന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്.
" സെക്രട്ടറിയേറ്റിലെ ഇടതുസംഘടനാ നേതാവ് കൂടിയാണ് ഇദ്ദേഹം. നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ (ഫ്രോയിഡിയൻ സ്ലിപ്) എന്ന് കണ്ടറിയണ്ടിയിരിക്കുന്നു", എന്നും വിഷ്ണുനാഥ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
സമാനതകളില്ലാത്ത ക്രമക്കേടുകളും ആട്ടിമറികളുമാണ് സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നും സ്വർണ്ണക്കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ ഭരണകൂടം ഏതറ്റം വരെയും പോവുമെന്നതിന്റെ സൂചനകൾ കൂടിയാണ് ഇത്തരം സംഭവങ്ങൾ എന്നും അദ്ദേഹം ആരോപിച്ചു.
സെക്രട്ടറിയറ്റിലെ പൊതുഭരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ സുപ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന് പി. ഹണി ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സുരക്ഷിതമെന്ന് പ്രോട്ടോക്കോൾ ഓഫീസർ ബി സുനിൽകുമാറും വ്യക്തമാക്കി.
ഓഫീസിലെ ഒരു കംപ്യൂട്ടറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തിപിടിത്തത്തിന് കാരണമെന്നാണ് ഹൗസ്കീപ്പിങ് വിഭാഗം അറിയിച്ചത്. ഗസ്റ്റ് ഹൗസുകളിലെ റൂം ബംക്കിംഗുമായി ബന്ധപ്പെട്ട കടലാസുകളാണ് നശിച്ചത്. ഇ-ഫയലിംഗ് സിസ്റ്റം ഉള്ളതിനാൽ ഏത് ഫയലുകൾ നശിച്ചാലും അവ വീണ്ടെടുക്കാനുമാകുമെന്നും അധികൃതര്‍ അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്നലെയുണ്ടായ തീപ്പിടിത്തമെന്ന് ആരോപിച്ച് യു.ഡിഎഫ് ഇന്ന് കരിദിനവും ബിജെപി പ്രതിഷേധ ദിനവും സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുകയാണ്.
സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നില്‍ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിച്ചിരുന്നു. തീപ്പിടിത്തമുണ്ടായ സംഭവം എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കും.