TopTop
Begin typing your search above and press return to search.

എഐസിസിയ്ക്കു മുന്നില്‍ കേരള നേതാക്കളുടെ പരാതിപ്രളയം; നേതൃമാറ്റം പരിഗണനയിലില്ലെന്ന് താരിഖ് അന്‍വര്‍

എഐസിസിയ്ക്കു മുന്നില്‍ കേരള നേതാക്കളുടെ പരാതിപ്രളയം; നേതൃമാറ്റം പരിഗണനയിലില്ലെന്ന് താരിഖ് അന്‍വര്‍

തദ്ദേശ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടനം വിലയിരുത്താനെത്തിയ എഐസിസി സംഘത്തിനു മുന്നില്‍ കേരള നേതാക്കളുടെ പരാതി പ്രളയം. സംഘടനാ തലത്തിലെ വീഴ്ചകളും ഗ്രൂപ്പ് പോരും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് നേതാക്കള്‍ അറിയിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പായി സംഘടനതലത്തില്‍ തിരുത്തലുകള്‍ വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, കെപിസിസിയില്‍ നേതൃമാറ്റം പരിഗണനയിലില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചിരിക്കുന്നത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ രാഷ്ട്രീയകാര്യ സമിതി, കെപിസിസി വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, എംപിമാര്‍ എന്നിവരില്‍ നിന്നാണ് കേന്ദ്ര സംഘം വിവരങ്ങള്‍ തേടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് സംഘടന തലത്തില്‍ ഉള്‍പ്പെടെ തിരുത്തലുകള്‍ വേണമെന്നാണ് കെസി ജോസഫ് സംഘത്തെ അറിയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് വീതംവെപ്പ് നടന്നതായി അടൂര്‍ പ്രകാശ് എംപി അറിയിച്ചു. അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതായും തിരഞ്ഞെട്പ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായുമാണ് നേതാക്കള്‍ കേന്ദ്ര സംഘത്തെ അറിയിച്ചിരിക്കുന്നത്. അതേസമയം, ഗ്രൂപ്പ് കളിയാണ് പാര്‍ട്ടിക്ക് തിരിച്ചടിയായതെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവവരും വാദിക്കുന്നത്.

തിരഞ്ഞെടുപ്പിനു പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത നേതൃമാറ്റം ആവശ്യപ്പെട്ടുള്ള പോസ്റ്റര്‍ യുദ്ധവും സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. താരിഖ് അന്‍വറിനെക്കൂടാതെ എഐസിസി സെക്രട്ടറിമാരായ രണ്ടുപേരും സംഘത്തില്‍ ഉണ്ട്. മുസ്ലീം ലീഗ് ഉള്‍പ്പെടെ ഘടക കക്ഷികളുമായും സംഘം നാളെ ചര്‍ച്ച നടത്തും.


Next Story

Related Stories