TopTop

സിഎജി റിപ്പോർട്ട്: വിവരങ്ങൾ ചോർന്നതിൽ ഗൂഢാലോചനയെന്ന് കടകംപള്ളി, ചീഫ് സെക്രട്ടറി പറഞ്ഞത് സർക്കാറിന്റെ അഭിപ്രായം

സിഎജി റിപ്പോർട്ട്: വിവരങ്ങൾ ചോർന്നതിൽ ഗൂഢാലോചനയെന്ന് കടകംപള്ളി, ചീഫ് സെക്രട്ടറി പറഞ്ഞത് സർക്കാറിന്റെ അഭിപ്രായം

സിഎജി റിപ്പോർട്ട് വിവാദത്തിൽ ഗൂഡാലോചന ആരോപിച്ച് സംസ്ഥാന സർക്കാർ. റിപ്പോർട്ട് പുറത്ത് വരുന്നതിന് മുൻപ് പിടി തോമസ് എംഎൽഎ നിയമസഭയിൽ നടത്തിയ ചില ആരോപണങ്ങൾ‌ ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനാണ് ഗൂ‍ഢാലോചന എന്ന വാദം ഉയർത്തിയത്. റിപ്പോർട്ടിലെ പരാമർശങ്ങൾ പിടി തോമസിന് കിട്ടിയതിൽ ദുരൂഹതയുണ്ട്. ഇത് ചോർന്ന് കിട്ടിയതാണോ എന്ന് സംശയിക്കാം. വിഷയം സഭയിൽ ഉന്നയിച്ചത് ആസൂത്രിതമായെന്നും മന്ത്രി ആരോപിച്ചു.

അതേസമയം, സിഎജി വിഷയത്തിൽ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ടോം ജോസ് പുറത്തിറക്കിയ പത്രക്കുറിപ്പിലെ നിലാപാടാണ് സർക്കാനെന്നും മന്ത്രി വ്യക്തമാക്കുന്നു. എന്നാൽ, വിവരങ്ങൾ എങ്ങനെ കിട്ടി എന്നല്ല, അതിന്റെ ഗുരുതരാവസ്ഥയാണ് പരിശോധിക്കേണ്ടതെന്നായിരുന്നു ആരോപണത്തോട് പിടി തോമസിന്റെ പ്രതികരണം. തന്റെ ഗൺമാൻ ഉൾപ്പെടെ കേസിൽ പ്രതിയായതുള്‍‌പ്പെടെയാണ് മന്ത്രി കടകംപള്ളിയുടെ പരാമർശത്തിന് പിന്നിലെന്നും പിടി തോമസ് ആരോപിച്ചു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ അസാധാരണ പത്രക്കുറിപ്പ് പുറത്തിറക്കിയ ചീഫ് സെക്രട്ടറി ടോം ജോസ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച് മറുപടി നല്‍കുമെന്നായിരുന്നു വ്യക്തമാക്കുന്നത്. സി.എ.ജിയുടെ നടപടികളിൽ സംശയം ഉന്നയിക്കാനും ചീഫ് സെക്രട്ടറി പത്രക്കുറിപ്പിൽ മുതിരുന്നുണ്ട്. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ് പുറത്തായതായി സംശയം ഉയര്‍ന്നിട്ടുണ്ടെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. റിപ്പോർട്ട് സഭയില്‍ വച്ച ശേഷമാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്നത്. എന്നാല്‍ ഇത്തവണ അതിനു മുമ്പ് തന്നെ റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തായാതായാണ് സംശയം ഉയര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, സംസ്ഥാന പൊലീസിനെതിരായ സിഎജി കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രതികരിച്ചു. വിഷയം കേന്ദ്രം നിരീക്ഷിച്ച് വരികയാണ്. മാവോവാദികളുടെ അക്രമം അവസാനിപ്പിക്കാൻ കേന്ദ്രം കൂടി നൽകിയ പണമാണ് വകമാറ്റിയത്. 12 000 വെടിയുണ്ടകൾ കാണാതെ പോയിട്ടും തൃപ്തികരമായ വിശദീകരണം പോലും നൽകാൻ പൊലീസിലെ ഉത്തരവാദിത്തപ്പെട്ടവരോ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോ തയ്യാറാകുന്നില്ല. ഒരു മന്ത്രിയുടെ ഗൺമാൻ അടക്കം പ്രതിയായ സംഭവത്തിൽ നിരുത്തരവാദപരമായ പ്രതികരണമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും കേന്ദ്രമന്ത്രി കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.


Next Story

Related Stories