TopTop

സമ്പർക്കം മൂന്ന് പേരുമായി മാത്രം, നേർരേഖയായി റൂട്ട് മാപ്പ്; മാതൃകയായി വയനാട്ടിലെ കൊവിഡ് ബാധിതൻ, അഭിനന്ദിച്ച് കളക്ടറും

സമ്പർക്കം മൂന്ന് പേരുമായി മാത്രം, നേർരേഖയായി റൂട്ട് മാപ്പ്; മാതൃകയായി വയനാട്ടിലെ കൊവിഡ് ബാധിതൻ, അഭിനന്ദിച്ച് കളക്ടറും

കേരളത്തിൽ ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച വയനാട്ടിലെ ആദ്യ കേസിലെ മാനന്തവാടിയിലെ രോഗി മറ്റുള്ളവർക്ക് മാതൃക. വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള പോലും രോഗിയുടെ കരുതലിനെ അഭിനന്ദിച്ച് രംഗത്തെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച അബുദാബിയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തില്‍ എത്തിയ ഇയാളുടെ നേരിട്ടുള്ള സമ്പർക്കപ്പട്ടികയിൽ മൂന്ന് പേർ മാത്രമാണ് ഉള്ളതെന്നാണ് ഈ അഭിനന്ദനങ്ങൾക്ക് പിന്നിൽ.

നേരിയ രോഗലക്ഷണങ്ങളോടെ നാട്ടിലെത്തിയ ഇയാള്‍ ആദ്യഘട്ടം മുതല്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ച് കൊണ്ടായിരുന്നു ഇടപെട്ടത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ടാക്സിയിലാണ് മാനനന്തവാടി തൊണ്ടർനാട് സ്വദേശി നാട്ടിലേക്ക് തിരിച്ചത്. വീട്ടിലെത്തുന്നതിന് മുന്‍പ് തന്നെ വീട്ടുകാരെയെല്ലാം മാറ്റി. ഇതുവരെ ആകെ സമ്പർക്കത്തിലേർപ്പെട്ടത് മൂന്ന് പേരുമായി മാത്രം. അതും എടുക്കാനാവുന്ന എല്ലാ മുൻ കരുതലോടും കുടിമാത്രം.

വീട്ടിലെത്തിയ പിറ്റേന്ന് തന്നെ ശ്രവങ്ങൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സ്രവം പരിശോധനക്ക് നല്‍കാന്‍ ആംബുലന്‍സിലായിരുന്നു യാത്ര. തിരികെ വന്ന് ക്വാറന്‍റൈനില്‍ തുടരുകയും രോഗം സ്ഥിരീകരിച്ചതോടെ ഇന്നലെ മാനന്തവാടിയില്‍ കോവിഡ് സ്പെഷ്യല്‍ ആശുപത്രിയില്‍ ഐസോലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർപോലും ഇത്രയും ദിവസം ഇയാളുമായി ബന്ധപ്പെട്ടത് എഴുത്തുകളിലൂടെയാണെന്നാണ് റിപ്പോർട്ടുകൾ.

കേരളത്തിൽ പലയിടത്തേയും രോഗികളുടെ റൂട്ട് മാപ്പ് ആരോഗ്യ പ്രവർത്തകരെ കുഴക്കുമ്പോഴാണ് മാനന്തവാടി സ്വദേശി സ്വയം കരുതലിടൂടെ നാടിന് തന്നെ മാതൃകയാവുന്നത്. വയനാട് ജില്ലയിൽ ആദ്യ കൊവിഡ് കേസുൾപ്പെടെ കേരളത്തിൽ ഇന്ന് 19 പേർക്കായിരുന്നു കൊവിഡ് 19 സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കാസറഗോഡ് 3, കണ്ണൂര്‍ 9, വയനാട് ഒന്ന്, മലപ്പുറം 3, തൃശ്ശൂര്‍ 2, ഇടുക്കി 1 എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തതത്.


Next Story

Related Stories