TopTop
Begin typing your search above and press return to search.

കോവിഡ് കേസുകളിലെ വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്നതാണെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

കോവിഡ് കേസുകളിലെ വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്നതാണെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ നാട്ടിലേക്ക് എത്തുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുമെന്നത് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതാണെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. ഏഷ്യനെറ്റ് ന്യൂസിനോടുള്ള പ്രതികരണത്തിലാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

മടങ്ങിയെത്തുന്നവര്‍ സര്‍ക്കാര്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയും മന്ത്രി സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. റെഡ് സോണില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തുന്നത്. രജിസ്റ്റര്‍ ചെയ്ത് ആളുകള്‍ വരുമ്പോള്‍, അവര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടാലും അതെവിടെ നിന്നും പകര്‍ന്നു എന്ന കാര്യം അറിയാന്‍ കഴിയും. അതേസമയം ആളുകള്‍ എവിടെ നിന്നും വന്നു എന്ന കാര്യത്തില്‍ വ്യക്തയില്ലാതാകുമ്പോഴാണ് സാമൂഹിക വ്യാപനതത്തിന് കാരണമാകുന്നതെന്നും മന്ത്രി പറഞ്ഞു. ലോക് ഡൗണ്‍ ഇളവുകള്‍ ആഘോഷിക്കാനുള്ളതല്ലെന്നും സര്‍ക്കാര്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറകണമെന്നും ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സമൂഹത്തിന്റെ ആരോഗ്യം കൂടിയാണ് ഇതൊക്കെ ആവശ്യപ്പെടുന്നതെന്നും വി എസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, ഖത്തര്‍-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1) വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍,കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.

ഇന്ന് ഒമ്പത് പുതിയ ഹോട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്താകെ ഇപ്പോള്‍ 37 ഹോട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍. 15 ഹോട്‌സ്‌പോട്ടുകളാണ് ജില്ലയിലുള്ളത്. പാലക്കാട് എട്ടും വയനാട് ഏഴും കാസറഗോഡ് മൂന്നും കോട്ടയത്ത് ഒന്നും ഹോട്‌സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 90,416 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 668 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 52,771 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 51,045 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 7672 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 7147 സാമ്പിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2026 സാമ്പിളുകളാണ് പരിശോധിച്ചത്.


Next Story

Related Stories