TopTop
Begin typing your search above and press return to search.

തിരുവഞ്ചൂര്‍-ആര്‍എസ്എസ് രഹസ്യധാരണയെന്ന് സിപിഎം, നേരെ ചൊവ്വേ ക്ഷേത്രത്തില്‍ പോകാത്തവര്‍ ഉണ്ടാക്കുന്ന വിവാദമെന്ന് മറുപടി

തിരുവഞ്ചൂര്‍-ആര്‍എസ്എസ് രഹസ്യധാരണയെന്ന് സിപിഎം, നേരെ ചൊവ്വേ ക്ഷേത്രത്തില്‍ പോകാത്തവര്‍ ഉണ്ടാക്കുന്ന വിവാദമെന്ന് മറുപടി

തിരുവഞ്ചൂര്‍-ആര്‍എസ്എസ് രഹസ്യധാരണയെന്ന് സിപിഎം, നേരെ ചൊവ്വേ ക്ഷേത്രത്തില്‍ പോകാത്തവര്‍ ഉണ്ടാക്കുന്ന വിവാദമെന്ന് മറുപടി

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്‍എസ്എസ്സുമായി രഹസ്യധാരണയുണ്ടെന്ന് സിപിഎം. രണ്ടാം തവണയും തിരുവഞ്ചൂര്‍ ആര്‍എസ്എസ് കേന്ദ്രം സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ആരോപണം കടുപ്പിച്ച് സിപിഎം രംഗത്തെത്തിയത്. ചൊവ്വാഴ്ച്ച കോട്ടയം മണ്ഡലത്തില്‍ തിരുവഞ്ചൂരിനെതിരേ വിവിധ പ്രതിഷേധ പരിപാടികളും പാര്‍ട്ടി സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബൂത്ത് തലങ്ങളിലാണ് തിരുവഞ്ചൂരിനെതിരേ പ്രതിഷേധ പരിപാടികള്‍ നടത്തുക.

കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് സേവാ ഭാരതി നടത്തുന്ന അന്നദാന മണ്ഡപത്തിലാണ് തിരുവഞ്ചൂര്‍ എത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ കോട്ടയം എംഎല്‍എ പനച്ചിക്കാടുള്ള ആര്‍ എസ് എസ് കാര്യാലയത്തില്‍ എത്തി ചര്‍ച്ച നടത്തിയെന്ന് കഴിഞ്ഞാഴ്ച്ച സിപിഎം ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിനു തെളിവായി ആര്‍ എസ് എസ്സിന്റെ സ്ഥാപക നേതാക്കളുടെ ചിത്രത്തിനു താഴെ ഇരിക്കുന്ന തിരുവഞ്ചൂരിന്റെ ഫോട്ടോയും സിപിഎം പ്രചരിപ്പിച്ചിരുന്നു. ഇത് വിവാദമായതിനു പിന്നാലെ തിരുവഞ്ചൂര്‍ വിശദീകരണവുമായി എത്തിയിരുന്നു. പനച്ചിക്കാട് ക്ഷേത്രത്തില്‍ എല്ലാ മതസ്ഥരും പോകാറുണ്ടെന്നും ആര്‍എസ്എസ്സുമായി ചര്‍ച്ച നടത്താന്‍ പോയെന്നത് നുണപ്രചാരണമാണെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ വാദം. ഏത് ആര്‍എസ്എസ് നേതാവുമായാണ് ചര്‍ച്ച നടത്തിയതെന്ന് തെളിയിക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റും കുഴിമറ്റം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി മുന്‍ ട്രസ്റ്റിയുമായ ബാബുക്കുട്ടി ഈപ്പന്‍, പഞ്ചായത്തംഗം എബിസണ്‍ കെ എബ്രഹാം എന്നിവര്‍ക്കൊപ്പമായിരുന്നു താന്‍ പോയതെന്നും രഹസ്യ ചര്‍ച്ച നടത്താന്‍ പട്ടാപ്പകല്‍ ആളെക്കൂട്ടിയാണോ പോകുന്നതെന്നുമായിരുന്നു സിപിഎമ്മിനെ പരിഹസിച്ചുകൊണ്ട് തിരുവഞ്ചൂര്‍ ചോദിച്ചത്.

ഈ വിവാദം അണയാതെ നില്‍ക്കുമ്പോള്‍ തന്നെയാണ് വീണ്ടും ആര്‍എസ്എസ് കേന്ദ്രത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എത്തിയത്. വിജയദശമി ദിനത്തില്‍ പനച്ചിക്കാട് ക്ഷേത്രത്തില്‍ എത്തിയ തിരുവഞ്ചൂര്‍ സേവാ ഭാരതി നടത്തുന്ന ഭക്ഷണ വിതരണ കേന്ദ്രത്തില്‍ ചെല്ലുകയും ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം മാധ്യമങ്ങളെ കണ്ട മുന്‍ മന്ത്രി സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ത്തി. ക്ഷേത്രം എന്താണെന്ന് അറിയാത്തതുകൊണ്ടാണ് സിപിഎം വിവാദം ഉണ്ടാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അവര്‍ ഒരിക്കലെങ്കിലും നേരെ ചൊവ്വേ ക്ഷേത്രത്തില്‍ പോവേണ്ടേ, അവര്‍ ആരാധന നടത്തണ്ടേ, ദൈവ വിശ്വാസം അവര്‍ക്കുണ്ടെങ്കില്‍ അവര്‍ വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുകയല്ലേ ചെയ്യേണ്ടത് എന്നും തിരുവഞ്ചൂര്‍ ചോദിച്ചു. ക്ഷേത്രഭാരവാഹികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ അന്നദാന മണ്ഡപത്തില്‍ എത്തിയതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ക്ഷേത്ര ഭാരവാഹികളും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.


Next Story

Related Stories