സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി-സിപിഎം അന്തര്ധര ഉണ്ടെന്ന് ആദ്യമായി പറഞ്ഞത് താന്‍ ആയിരുന്നുവെന്ന് പി ടി തോമസ് എംഎല്‍എ. കേരളത്തില്‍ ഒരാളും ഉയര്‍ത്താത്ത പോയിന്റ് ആയിരുന്നുവതെന്നും പി ടി തോമസ് അഴിമുഖത്തോട് പറഞ്ഞു.താന്‍ ഇക്കാര്യം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞതിന്റെ പിറ്റേദിവസമാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതും ബിജെപിക്ക് സ്വര്‍ണ്ണക്കടത്തിലുള്ള ബന്ധം പുറത്തു വന്നതന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിലുള്ള ബിജെപി സര്‍ക്കാര്‍ സഹായിക്കുന്നതുകൊണ്ടാണ് 42 ദിവസത്തോളം പിന്നിട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള പങ്കടക്കം വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതെന്നാണ് പി ടി തോമസ് എംഎല്‍എ ആരോപിക്കുന്നത്.
ബിജെപിക്ക് സ്വര്‍ണ്ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കോണ്‍ഗ്രസ് തുടക്കം മുതല്‍ ആരോപിക്കുന്ന കാര്യമാണെന്നും പ്രതിപക്ഷ നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും പി ടി തോമസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോഴത്തെ ചര്‍ച്ചയില്‍ നിന്നും ഒഴിവാകണമെന്നാണ് ആഗ്രഹം, അത് നടക്കില്ല. അതുകൊണ്ടാണ് ബിജെപിയെക്കുറിച്ച് കുറിച്ച് കൂടുതല്‍ പറയാതിരിക്കുന്നതെന്നും പി.ടി തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായാണ് പാര്‍ട്ടി കൂടുതല്‍ ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും തൃക്കാര എംഎല്‍എ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരേയും ഇപ്പോള്‍ പിണറായി വിജയനെതിരേയുള്ള അതേ പ്രതിഷേധം കോണ്‍ഗ്രസില്‍ നിന്നുണ്ടാകുമോ എന്ന ചോദ്യത്തിന്, അക്കാര്യത്തില്‍ കെപിസിസിയും പ്രതിപക്ഷ നേതാവുമാണ് തീരുമാനം എടുക്കേണ്ടതെന്നും താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നുമായിരുന്നു പി ടി തോമസിന്റെ മറുപടി.
സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി സര്‍ക്കാരിന് വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് തുറന്നു കാണിക്കേണ്ട ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്നും പി ടി തോമസ് പറഞ്ഞു. സര്‍ക്കാരും സിപിഎമ്മും ഇപ്പോള്‍ ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് ബിജെപിയെ കയറിപ്പിടിക്കുമ്പോള്‍ ഞങ്ങള്‍ക്ക് രക്ഷപെടാമെന്നാണ്. ഇവര്‍ രണ്ടുപേരും ഒരുപോലെ കുഴപ്പക്കാരാണ്; എംഎല്‍എ പറഞ്ഞു.