TopTop
Begin typing your search above and press return to search.

ബുള്‍ബുള്‍ വീശിയടിക്കുന്നു; വ്യാപക നാശനഷ്ടം

ബുള്‍ബുള്‍ വീശിയടിക്കുന്നു; വ്യാപക നാശനഷ്ടം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് പശ്ചിമബംഗാള്‍, ഒഡീഷ തീരങ്ങളില്‍ നാശം വിതച്ച് വീശുന്നതായി റിപ്പോര്‍ട്ട്. ഈ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ പോകാമെന്ന് മെറ്റീറോളജിക്കല്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 12 മണിക്കൂര്‍ നിര്‍ത്തി വെച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് ആറ് മുതല്‍ ഞായര്‍ വൈകീട്ട് ആറുമണി വരെ വിമാനത്താവളം അടച്ചിടും.

കാറ്റിന്റെ ഏറ്റവും കൊടിയ പ്രഭാവം ശനിയാഴ്ച 11 മണിയോടെ അനുഭവപ്പെട്ടു തുടങ്ങുമെന്നാണ് മുന്നറിയിപ്പുള്ളത്. ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖേപുപാര മേഖലയ്ക്കും ഇടയില്‍ കാറ്റ് വീശും. പിന്നീടിത് വടക്കുപടിഞ്ഞാറേക്ക് പോയി ബംഗ്ലാദേശിലേക്ക് കടക്കും.

മരങ്ങള്‍ വീണും മറ്റും ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പല തീരജില്ലകളിലും വന്‍‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ട് സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യന്‍ സമുദ്രമേഖലയില്‍ ഈ വര്‍ഷം രൂപപ്പെടുന്ന ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. പാബുക്, ഫാനി (ബംഗാള്‍ ഉള്‍ക്കടല്‍), വായു, ഹിക്ക, ക്യാര്‍, മഹ (അറബിക്കടല്‍) എന്നിവയാണ് ഈ വര്‍ഷത്തെ മറ്റു ചുഴലിക്കാറ്റുകള്‍. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ അനുസരിച്ച് ഈ വര്‍ഷത്തെ അതിശക്തമായ ആറാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍.

പാകിസ്താനാണ് പുതിയ ചുഴലിക്കാറ്റിന് ബുള്‍ബുള്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്.


Next Story

Related Stories