TopTop
Begin typing your search above and press return to search.

'ശമ്പളം കട്ട് ചെയ്യുന്നതിനോ പിടിച്ചെടുക്കുന്നതിനോ ഉള്ള അവകാശമല്ല, മാറ്റിവയ്ക്കുന്നതിനുള്ള അംഗീകാരം മാത്രം', ഓർഡിനൻസ് വ്യവസ്ഥകൾ വിശദീകരിച്ച് ധനമന്ത്രി

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു വിഹിതം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഓർഡിനൻസ് വിശദീകരിച്ച് ധനമന്ത്രി തോമസ് ഐസക്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യങ്ങളോട് നടത്തിയ പ്രതികരണത്തിന് പിന്നാലെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് ഇത് സംബന്ധിച്ച് ധനമന്ത്രി വിശദീകരിക്കുന്നത്. തന്റെ വാക്കുകൾ ചില മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന ആക്ഷേപവും മന്ത്രി പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ഓർഡിനൻസിലൂടെ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുന്നതിനോ പിടിച്ചെടുക്കുന്നതിനോ ഉള്ള അവകാശമല്ല സർക്കാർ നേടുന്നത് എന്ന് വ്യക്തമാക്കുന്ന മന്ത്രി മാറ്റിവയ്ക്കുന്നതിനുള്ള അംഗീകാരം മാത്രമാണെന്നും ചൂണ്ടിക്കാട്ടുന്നു. അടിയന്തിര ഘട്ടങ്ങളിൽ ജീവനക്കാരുടെ വേതനം25 ശതമാനം വരെ മാറ്റി വയ്ക്കുന്നതിന് ഈ ഓർഡിനൻസ് സർക്കാരിനെ അധികാരപ്പെടുത്തും. മാറ്റിവെയ്ക്കപ്പെടുന്ന വേതനം തിരിച്ചു നൽകുന്നതു സംബന്ധിച്ച് ആറുമാസത്തിനകം തീരുമാനിച്ച് വിജ്ഞാപനം ചെയ്യണം. എന്നിവയാണ് പുതിയ നിയമം മുന്നോട്ട് വയ്ക്കുന്ന വ്യവസ്ഥകൾ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇതിന് പുറമെ, നേരത്തെ ശമ്പളം പിടിച്ചെടുത്തോ മാറ്റിവച്ചതോ ആയ കേന്ദ്ര സർക്കാറിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും കോടതി ഉത്തരവ് ബാധകമല്ലേ എന്ന ചോദ്യവും മന്ത്രി ഉന്നയിക്കുന്നു. പിന്നാലെയാണ് മാധ്യമ വാർത്തകൾക്ക് എതിരെയും തോമസ് ഐസക് നിലപാട് വ്യക്തമാക്കുന്നത്. മാധ്യമങ്ങളോട് വ്യക്തമായി കാര്യങ്ങൾ പറഞ്ഞിട്ടും വളച്ചൊടിച്ച് വാർത്ത നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലെ ഒരു ഭാഗം വിതരണം ചെയ്യാതെ മാറ്റിവയ്ക്കണമെങ്കിൽ ഉത്തരവ് നിയമപരമാകണമെന്ന നിഗമനത്തിലാണ് ബഹു. ഹൈക്കോടതി എത്തിയിട്ടുള്ളത്. ഭരണഘടനയുടെ Art. 300A വ്യാഖ്യാനിച്ചുകൊണ്ടാണ് കോടതി ഈ നിലപാടെടുത്തത്.

ജീവനക്കാരുടെ ശമ്പള വിതരണം സംബന്ധിച്ച ക്രമീകരണങ്ങൾ സർക്കാർ പുറപ്പെടുവിച്ചതാണ്. ഇന്നത്തെ മഹാമാരിയുടെ പശ്ചാതലത്തിൽ ഉണ്ടായ വരുമാന തകർച്ചമൂലം ഇത് ജീവനക്കാർക്ക് ഗണ്യമായ ബുദ്ധിമുട്ടുണ്ടാക്കാതെ പുനക്രമീകരിക്കാനാണ് സർക്കാർ ഉത്തരവിറക്കിയത്.

ഒരു നിയമത്തിന്റെ പിൻബലത്തോടെ മാത്രമേ ഇതു ചെയ്യാനാകൂ എന്ന ബഹു. ഹൈക്കോടതി നിഗമനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഇതിനുതകുന്ന ഒരു ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനായി ആദരണീയനായ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനമെടുത്തു. ഓർഡിനൻസിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഇപ്രകാരമാണ്.

1) ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ ജീവനക്കാരുടെ വേതനം25 ശതമാനം വരെ മാറ്റി വയ്ക്കുന്നതിന് ഈ ഓർസിനൻസ് സർക്കാരിനെ അധികാരപ്പെടുത്തും.

2) ഇങ്ങനെ മാറ്റിവെയ്ക്കപ്പെടുന്ന വേതനം തിരിച്ചു നൽകുന്നതു സംബന്ധിച്ച് ആറുമാസത്തിനകം തീരുമാനിച്ച് വിജ്ഞാപനം ചെയ്യണം.

ശ്രദ്ധിക്കേണ്ടുന്ന കാര്യം ശമ്പളം കട്ട് ചെയ്യുന്നതിനോ പിടിച്ചെടുക്കുന്നതിനോ ഉള്ള അവകാശം ഇതുവഴി സർക്കാരിനു നൽകുന്നില്ല. മറിച്ച് മാറ്റിവയ്ക്കുന്നതിനുള്ള അംഗീകാരം മാത്രം.

എന്നുവച്ചാൽ, എ.കെ. ആന്റണി ഭരണത്തിലിരുന്നപ്പോൾ ചെയ്തത് ചെയ്യാനോ ഇന്ന് കേന്ദ്രസർക്കാർ ചെയ്യുന്നതു ചെയ്യാനോ ഉള്ള അധികാരം ഈ നിയമത്തിലൂടെ കൈയ്യാളുന്നതിന് കേരള സർക്കാർ തയ്യാറല്ല.

കോടതിവിധിയുടെ അന്തസത്ത ഇതുപോലെ ശമ്പളം പിടിച്ചെടുത്തോ മാറ്റിവച്ചതോ ആയ കേന്ദ്രത്തിനും മറ്റു സംസ്ഥാന സർക്കാരുകൾക്കും ബാധകമല്ലേ?

കേസ് കൊടുത്തത് ബിജെപിയും കോൺഗ്രസും ഒത്തുചേർന്നാണുതാനും. അതുകൊണ്ട് വേണമെങ്കിൽ കേന്ദ്രവും കോൺഗ്രസ് സർക്കാരുകളും തന്നെ അപ്പീൽ കൊടുക്കട്ടെ. കേരള സർക്കാർ എന്തായാലും ഇല്ല.

വാൽക്കഷണം- ഈ പോസ്റ്റ് എഴുതുന്നതിനു മുമ്പ് മാധ്യമ പ്രവർത്തകരോട് സംസാരിച്ചിരുന്നു. ഈ ഓർഡിനൻസ് കേരള സർക്കാരിന് ശമ്പളം കട്ട് ചെയ്യുന്നതിനുള്ള അധികാരം നൽകുന്നില്ലെന്നു വ്യക്തമാക്കിയശേഷം ഓഫീസിൽ എത്തി നോക്കുമ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ഫ്ലാഷ് -

"സാലറി കട്ട് ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം, 25 ശതമാനം വരെ ശമ്പളം പിടിക്കാൻ അധികാരമെന്ന് തോമസ് ഐസക്ക്".

പറഞ്ഞിട്ടു കാര്യമില്ല. നന്നാവില്ല...




Next Story

Related Stories