TopTop
Begin typing your search above and press return to search.

കേരളത്തില്‍ ഇന്ന് ചെ​റി​യ പെ​രു​ന്നാ​ൾ, നമസ്കാരം വീടുകളില്‍, ഈദ് ആശംസകളുമായി മുഖ്യമന്ത്രി, സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ ഇളവുകള്‍ ഇങ്ങനെ

കേരളത്തില്‍ ഇന്ന് ചെ​റി​യ പെ​രു​ന്നാ​ൾ, നമസ്കാരം വീടുകളില്‍, ഈദ് ആശംസകളുമായി മുഖ്യമന്ത്രി, സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ ഇളവുകള്‍ ഇങ്ങനെ

കോവിഡ് വ്യാപനം തുടരുന്നതിനിടെ ലോകമാകെ ഈ​ദു​ൽ ഫി​ത്​​ർ ആഘോഷിക്കുകയാണ്. കേരളത്തില്‍ ഇന്നാണ് ചെ​റി​യ പെ​രു​ന്നാ​ൾ. അതേ സമയം രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ചയായിരിക്കും പെരുന്നാള്‍ ആഘോഷിക്കുക.

ശനിയാഴ്ച ദിവസം ചന്ദ്രനെ കാണാന്‍ സാധിക്കാത്തതിനാല്‍ ഈദ് തിങ്കളാഴ്ചയായിരിക്കുമെന്ന് ഡല്‍ഹിജുമാ മസ്ജീദ് ഷാഹി ഇമാം അഹമ്മദ് ഷാ ബുഖാരി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കേരളത്തില്‍ കൂടാതെ ജമ്മു കാശ്മീരിലും ഞായറാഴ്ചയാണ് ഈദ് ആഘോഷിക്കുന്നത്. ജമ്മു കാശ്മീര്‍ നാസിര്‍ ഉല്‍ ഇസ്ലാം മുഖ്യ പുരോഹിതന്‍ ഇക്കാര്യം അറിയിച്ചത്.

കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളോട് തങ്ങളുടെ വീട്ടില്‍ വെച്ചു ഈദ് നമസ്കാരം നടത്താന്‍ വിവിധ പുരോഹിതന്‍മാര്‍ ആവശ്യപ്പെട്ടു.

അതേസമയം ഈദുൽ ഫിത്തർ പ്രമാണിച്ച് ഞായറാഴ്ച സമ്പൂർണ അടച്ചുപൂട്ടലിൽ ഇളവുണ്ടാകുമെന്ന് കേരള ഗവണ്‍മെന്‍റ് അറിയിച്ചു.

പ്രധാന ഇളവുകള്‍ ഇങ്ങനെ;

ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്റ്റോറുകൾ, ചെരിപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ തുറന്നു പ്രവര്‍ത്തിക്കാം.

ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറുമുതൽ 11 വരെ അനുവദിക്കും.

ബന്ധുവീടുകൾ സന്ദർശിക്കാൻ അന്തർജില്ലാ യാത്രകൾ നടത്താം.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിശ്വാസികള്‍ക്ക് ഈ​ദു​ൽ ഫി​ത്​​ർ ആശംസിച്ചു. "പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്കരിക്കുക എന്നത് മുസ്ലിങ്ങള്‍ക്ക് വലിയ പുണ്യകര്‍മമാണ്. ഇത്തവണ പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെയാണ് എല്ലാവരും നിര്‍വഹിക്കുന്നത്. മനഃപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്‍റെ സുരക്ഷയും താല്‍പര്യവും മുന്‍നിര്‍ത്തിയാണ് മുസ്ലിം സമുദായ നേതാക്കള്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്." തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു വീഡിയോ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസിക്കുന്നു.

കോവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. 'സഹനമാണ് ജീവിതം' എന്ന സന്ദേശം ഉള്‍ക്കൊണ്ട് റമദാന്‍ വ്രതമെടുക്കുന്നവര്‍ക്ക് സന്തോഷത്തിന്‍റെ ദിനമാണ് പെരുന്നാള്‍. എന്നാല്‍, പതിവുരീതിയിലുള്ള ആഘോഷത്തിന്‍റെ സാഹചര്യം ലോകത്തെവിടെയുമില്ല.

പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്കരിക്കുക എന്നത് മുസ്ലിങ്ങള്‍ക്ക് വലിയ പുണ്യകര്‍മമാണ്. ഇത്തവണ പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെയാണ് എല്ലാവരും നിര്‍വഹിക്കുന്നത്. മനഃപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്‍റെ സുരക്ഷയും താല്‍പര്യവും മുന്‍നിര്‍ത്തിയാണ് മുസ്ലിം സമുദായ നേതാക്കള്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്.

സ്ഥിതിസമത്വത്തിന്‍റെയും സഹനത്തിന്‍റെയും അനുതാപത്തിന്‍റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്തര്‍ നല്‍കുന്നത്. ഇതിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.



Next Story

Related Stories