TopTop

ചിദംബരത്തിന്റെ ജാമ്യത്തെ എതിർത്തുള്ള അപേക്ഷ എൻഫോഴ്സ്മെന്റ് 'കോപ്പിയടിച്ചു', ശിവകുമാർ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയായി

ചിദംബരത്തിന്റെ ജാമ്യത്തെ എതിർത്തുള്ള അപേക്ഷ എൻഫോഴ്സ്മെന്റ്

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിര്‍ത്തത്, ഐഎൻഎക്സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള ടെക്സ്റ്റ് കോപ്പി പേസ്റ്റ് ചെയ്ത്. ഡി കെ ശിവകുമാര്‍ മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇതില്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെയല്ല രാജ്യത്തെ ഒരു പൗരനെ പരിഗണിക്കേണ്ടത് എന്ന് ജസ്റ്റിസ് നരിമാന്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് പറഞ്ഞു. സാമ്പത്തിക ക്രമക്കേട് കേസില്‍ അറസ്റ്റിലായി, റിമാന്‍ഡ് ചെയ്യപ്പെട്ട് തിഹാര്‍ ജയിലാലിയിരുന്ന മുന്‍ കര്‍ണാടക മന്ത്രി ശിവകുമാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.

ജസ്റ്റിസുമാരായ ആര്‍എഫ് നരിമാനും രവീന്ദ്ര ഭട്ടുമാണ് ബെഞ്ചിലുണ്ടായിരുന്നത്. സുപ്രീം കോടതി വിധികൾ കളിക്കാനുള്ളതല്ല എന്ന് ജസ്റ്റിസ് നരിമാൻ എൻഫോഴ്സ്മെൻ്റിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് പറഞ്ഞു. സുപ്രീം കോടതി വിധികൾ വായിക്കൂ, അവ നടപ്പാക്കാനുള്ളതാണ്. അല്ലാതെ കളിക്കാനുള്ളതല്ല എന്ന് നിങ്ങളുടെ സർക്കാരിനോട് പറയൂ. ശബരിമല കേസിൽ ഞങ്ങളുടെ ന്യൂനപക്ഷ വിധിന്യായങ്ങൾ വായിച്ചുനോക്കൂ - ജസ്റ്റിസ് നരിമാൻ സോളിസിറ്റർ ജനറലിനോട് പറഞ്ഞു.

ശബരിമ മലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന 2018 സെപ്റ്റംബർ 28ൻ്റെ സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച റിവ്യൂ ഹർജികൾ പരിഗണിച്ച കോടതി ഇന്നലെ ഉത്തരവിട്ടത് കേസ് ഏഴംഗ ഭരണടഘടനാ ബഞ്ചിന് ഉത്തരവിട്ടുകൊണ്ടാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടേയും ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരുടേയും ഭൂരിപക്ഷ വിധിന്യായങ്ങളെ എതിർത്തുകൊണ്ടാണ് ജസ്റ്റിസുമാരായ ആർ എഫ് നരിമാനും ഡി വൈ ചന്ദ്രചൂഡും ന്യൂനപക്ഷ വിധിന്യായങ്ങളെഴുതിയത്. സുപ്രീം കോടതി വിധികൾ നടപ്പാക്കുന്നത് സംബന്ധിച്ച് വിധിയിൽ പറയുന്നുണ്ട്. ഇതാണ് ജസ്റ്റിസ് നരിമാൻ എൻഫോഴ്സ്മെൻ്റിനോട് ചൂണ്ടിക്കാട്ടിയത്. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടഞ്ഞ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നരിമാന്റെ ന്യൂനപക്ഷ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി വിധികളെ വിമര്‍ശിക്കാനുള്ള അവകാശം പൗരന്മാര്‍ക്കുണ്ട്. എന്നാല്‍ അവ അട്ടിമറിക്കാന്‍ അവകാശമില്ല - ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.


Next Story

Related Stories