TopTop

EXPLAINER: ഇന്ത്യയുടെ കരുതൽ സ്വർണ ശേഖരത്തേക്കാൾ അ‍ഞ്ചിരട്ടി സ്വർണം, 'സോനഭദ്ര' ഉത്തര്‍പ്രദേശിന്റെ മുഖച്ഛായ മാറ്റുമോ?

EXPLAINER: ഇന്ത്യയുടെ കരുതൽ സ്വർണ ശേഖരത്തേക്കാൾ അ‍ഞ്ചിരട്ടി സ്വർണം,

ഉത്തർപ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ കണ്ടെത്തിയ സ്വർണ ശേഖരമാണ് ഇപ്പോഴത്തെ പ്രധാന വാർത്തകളിൽ ഒന്ന്. ഇന്ത്യയുടെ കരുതൽ സ്വർണ ശേഖരത്തിന്റെ അഞ്ചിരിട്ടിയോളം വരുന്നതാണ് ഉത്തർപ്രദേശിലെ സോനഭദ്രയിൽ കണ്ടെത്തിയ പ്രകൃതിദത്ത ശേഖരമെന്നാണ് ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അനുമാനം. 3589 ടൺ വരുന്ന ശേഖരമാണ് സോൻഭദ്രയിൽ കണ്ടെത്തിയത്. സോന്‍ പഹാഡിയില്‍ മാത്രം 2943.26 ടണ്‍ സ്വര്‍ണവും ഹാര്‍ദി മേഖലയില്‍646.16 ടണ്‍ സ്വര്‍ണവും ഉണ്ടെന്നാണ് കണക്കാക്കുന്നത്. റിപ്പോർ‌ട്ടുകൾക്ക് പിന്നാലെ ഏഴംഗസംഘം സോന്‍ഭദ്ര സന്ദര്‍ശിച്ചതായി ജില്ലാതല ഖനന ഓഫീസര്‍ കെ.കെ.റായി അറിയിച്ചു.

ഇന്ത്യയുടെ കരുതൽ സ്വർണശേഖരം എത്ര?

റിസർവ് ബാങ്കിന്റെ കൈവശമുള്ള മൊത്തം കരുതൽ ധനശേഖരം 9.59 ലക്ഷം കോടി രൂപ. ഇതിൽ 6.91 ലക്ഷം കോടി രൂപ സ്വർണ ശേഖരമാണ്. ഇന്ത്യയുടെ സ്വർണ്ണ കരുതൽ 2019 നാലാം പാദത്തിൽ 618.16 ടണ്ണാണ് ഇതെന്നാണ് കണക്കുകൾ. ഇതിനെ അപേക്ഷിച്ച് അഞ്ചിരട്ടിയോളം വരുന്നതാണ് സോന്‍ഭദ്ര ജില്ലയില്‍ കണ്ടെത്തിയ സ്വർണ ശേഖരം. ഇതിന് വില കണക്കാക്കിയാൽ ഏകദേശം 12 ലക്ഷം കോടിയിലധികം വരും.

ഇന്ത്യയിലെ സ്വർണഖനികൾ?

ഇന്ത്യയിൽ കണ്ടെത്തുന്ന നാലാമത്തെ പ്രക‍ൃതി ദത്ത സ്വർണശേഖരമാണ് സോനഭ്രയിലേത്. കർണാടകയിലും ജാർഗണ്ഡിലുമാണ് നേരത്തെ സ്വർണഖനികൾ പ്രവർത്തിക്കുന്നത്. രണ്ട് ഖനികളാണ് കർണാടകയിലുള്ളത്. ഹുട്ടി ഗോൾഡ് മൈൻസ് ലിമിറ്റഡ്. കോലാർ ഗോൾഡ് ഫീൽഡ്സ് (kGF) എന്നിവയാണ് ഇവ. ലാവ ഗോൾഡ് മൈൻസ് എന്നപേരിലാണ് ജാർഗണ്ഡിലെ ഖനി അറിയപ്പെടുന്നത്. ഇതിൽ ഹുട്ടിയിലേത് കർണാടക സർക്കാറിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. ഭാരത് ഗോൾഡ് മൈൻ ലിമറ്റഡിനിന് കീഴിലാണ് കെജിഎഫ്. മൻമോഹൻ മിനറൽ ഇൻഡ്രസ്ട്രീസ് ലിമിറ്റഡാണ് ജാർ‌ഗണ്ഡിലെ മൈൻ കൈകാര്യം ചെയ്യുന്നത്.

ഖനികണ്ടെത്താനുള്ള ശ്രമം തുടങ്ങിയതെന്ന്?

ബ്രീട്ടീഷുകാരുടെ കാലത്തു മുതല്‍ തന്നെ സോനഭദ്ര പ്രദേശത്ത് സ്വര്‍ണ നിക്ഷേപം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് 1992-93 വര്‍ഷങ്ങളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ ഏറ്റെടുക്കുന്നത്.

സോനഭദ്രയുടെ പ്രത്യേകത ?

രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളിൽ ഒന്നാണ് ഉത്തർപ്രദേശിലെ സോനഭദ്ര. മാവോയിസ്റ്റ് സ്വാധീനമുള്ള സോന്‍ഭദ്ര നാല് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല കൂടിയാണ്. മധ്യപ്രദേശ്,ചത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി ജില്ലയാണ് സോനഭദ്ര.

ര്‍ണത്തിന് പുറമേ പ്രദേശത്ത് യുറേനിയം ഉള്‍പ്പടെയുള്ള അപൂര്‍വ ധാതുക്കള്‍ ഉണ്ടാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സോൻഭദ്രയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ സ്വര്‍ണ ശേഖരം കണ്ടെത്തിയ മേഖലയിൽ ഖനനം നടത്താന്‍ എളുപ്പമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പ്രകൃതി ദത്തമായ സ്വര്‍ണം, വജ്രം, പ്ലാറ്റിനം, ലൈംസ്റ്റോണ്‍, ഗ്രാനൈറ്റ്, ഫോസ്‌ഫേറ്റ്, ക്വാര്‍ട്‌സ്, ചൈന ക്ലേ എന്നിവയാല്‍ സമ്പുഷ്ടമാണ് യുപിയിലെ വിന്‍ധ്യാന്‍, ബുന്ദേല്‍ഖണ്ഡ് ജില്ലകള്‍.

സോനഭദ്രയിൽ ഇനി എന്ത്?

സ്വര്‍ണ ഖനനം കണ്ടെത്തിയതിന്റെ പാശ്ചാത്തലത്തില്‍ ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഈ ബ്ലോക്കുകള്‍ ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ജില്ലാ മൈനിംങ് ഓഫീസര്‍ അറിയിച്ചു. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ലക്‌നൗ ഓഫീസില്‍ ഇന്ന് സമര്‍പ്പിക്കുമെന്നാണ് സൂചന. സ്വര്‍ണത്തിന് പുറമെ യുറേനിയം ഉള്‍പ്പെടെയുളള ധാതുക്കള്‍ ഈ മേഖലയിലുണ്ടാകാനുള്ള അന്വേഷണവും ജിയോളജിക്കല്‍ സര്‍വെ നടത്തുന്നുണ്ട്.

ഇന്ത്യയിലെ മറ്റ് ഖനികൾ എതെല്ലാം?

സ്വർണണ ഖനികൾക്ക് പുറമെ ഡയമണ്ട്, ഇരുമ്പയിര്, മാംഗനീസ്, ചെമ്പ്, ബോക്സൈറ്റ്, കൽക്കരി, പെട്രോളിയം അല്ലെങ്കിൽ മിനറൽ ഓയിൽ, ലീഡ് അയിര്, യുറേനിയം ഖനികളും ഇന്ത്യയിൽ പ്രവത്തിക്കുന്നുണ്ട്. പൊതു, സ്വകാര്യ മേഖകളിൽ ഉൾപ്പെടെയാണ് ഇത്തരം ഖനികൾ പ്രവർത്തിച്ച് വരുന്നത്. ഖനനത്തിനായുള്ള ലേലത്തില്‍ സ്വകാര്യ കമ്പനികള്‍ക്കും ഇപ്പോള്‍ പങ്കെടുക്കാന്‍ കഴിയും. ചത്തിസ്ഗഡിലെ ബഗ്മാര മേഖലയില്‍ ഖനനം നടത്തുന്നത് വേദാന്ത ഗ്രൂപ്പാണ്.

ഉത്തർപ്രദേശിനുള്ള ലാഭം?

വിശാലമായ സ്വർണ്ണ ഖനികളുടെയും മറ്റ് ധാതുക്കളുടെയും പര്യവേക്ഷണം സംസ്ഥാനത്തിന്റെ വരുമാനത്തിന് വലിയ ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തൽ. ഖനികൾ പ്രവർത്തനം ആരംഭിക്കുന്നതോടെ വിദഗ്ധ, അവിദഗ്ദ്ധ തൊഴിലവസരങ്ങൾ ഉൾപ്പെടെ വലിയതോതിൽ സൃഷ്ടിക്കപ്പെടും. യുപിയിലെ പിന്നോക്ക പ്രദേശങ്ങളുടെ വികസനത്തിനുൾപ്പെടെ ഇത് കാരണമാകും.

ആഗോള സ്വർണശേഖരം

വേൾഡ് ഗോൾഡ് കൗൺസിലിന്റെ (ഡബ്ല്യുജിസി) കണക്കനുസരിച്ച് ഇന്ത്യയിൽ 626 ടൺ സ്വർണമുണ്ടെന്നാണ് വിലയിരുത്തൽ. മൊത്ത വിദേശ കരുതൽ ശേഖരത്തിൽ സ്വർണ്ണത്തിന്റെ 6.6 ശതമാനം വരും ഈ കണക്ക്. ഈയിനത്തിൽ ഏറ്റവും കൂടുതൽ കരുതലുള്ളത് യുഎസിന്‍റെ കൈവശമാണ്. 8,133.5 ടണ്‍. ജർമ്മനി 3,366 ടണ്ണും അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്) 2,814 ടണ്ണും കൈവശം വയ്ക്കുന്നു. ഇറ്റലി, 2,451.8 ടൺ, ഫ്രാൻസ് 2436 ടൺ, റഷ്യ 2,241.9 ടൺ, ചൈന 1,948.3 ടൺ, സ്വിറ്റ്സർലൻഡ് 1,040 ടൺ, ജപ്പാൻ 765.2 ടൺ എന്നിവയാണ് ഇന്ത്യയേക്കാൾ കൂടുതൽ സ്വർണ്ണ ശേഖരം ഉള്ള മറ്റ് രാജ്യങ്ങൾ.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിലപാട്?

ഉത്തർപ്രദേശിലെ സോനഭദ്ര ജില്ലയിൽ 3500 ടൺ സ്വർണനിക്ഷേപം കണ്ടെത്തിയെന്ന റിപ്പോർട്ടുകളെ തള്ളുകയാണ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (ജിഎസ്ഐ). ആകെ 160 കിലോഗ്രാം സ്വർണം മാത്രമേ ഇവിടെയുള്ളൂ എന്നാണ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ വാർത്താക്കുറിപ്പിലൂടെ അറിയിക്കുന്നത്. ഈ വാർത്തകളിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ജിഎസ്ഐ അറിയിച്ചു. ഇത്രയധികം സ്വർണമുണ്ടെന്ന കണക്ക് തങ്ങൾ കൂട്ടിയിട്ടില്ലെന്നും അവർ അറിയിച്ചു. നേരത്തെ വാർത്തകൾ വന്നിരുന്നത് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചെന്ന നിലയിലായിരുന്നു.

1998-99, 1999-2000 വർഷങ്ങളിൽ ജിഎസ്ഐ സോൻഭദ്രയിൽ ഖനനം നടത്തിയത്. ഇതിൽ നിന്നുള്ള വിവരങ്ങൾ ആശാവഹമായിരുന്നില്ല. 50,000 ടൺ അയിരിൽ ടണ്ണിന് 3.03 ഗ്രാം വീതം സ്വർണമുണ്ടാകാം എന്നായിരുന്നു അന്തിമ റിപ്പോർട്ട്. ഇത്രയും അയിരിൽ നിന്ന് എടുക്കാവുന്ന സ്വർ‌ണത്തിന്റെ അളവ് 160 കിലോഗ്രാം മാത്രമാണെന്ന് ജിഎസ്ഐ വ്യക്തമാക്കുന്നു.


Next Story

Related Stories