Top

അയോധ്യ വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റ്, എം സ്വരാജ് എംഎല്‍എക്കെതിരെ ഡിജിപിക്ക് പരാതി

അയോധ്യ വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റ്, എം സ്വരാജ് എംഎല്‍എക്കെതിരെ ഡിജിപിക്ക് പരാതി

അയോധ്യ ഭൂമിതർക്ക കേസിൽ സുപ്രീം കോടതി വിധി പുറത്ത് വന്നതിന് പിന്നാലെ ഫേസ്ബുക്കിൽ പ്രതികരണം നടത്തിയ എം സ്വരാജ് എംഎല്‍എക്കെതിരെ ഡിജിപിക്ക് പരാതി. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?' എന്ന പരാമർശത്തിനെകിരെയാണ് നടപടി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബുവാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി നൽകിയ കാര്യം പ്രകാശ് ബാബു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

അയോധ്യ കേസ്സ് വിധിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ പരസ്പരം ആശങ്കയും സ്പർദ്ധയും വിദ്വേഷവുമുണ്ടാക്കാൻ പാകത്തിലുള്ളതോ അത്തരത്തിലുള്ള ചിന്ത ഉണർത്തുന്നതോ പ്രകോപനമുണ്ടാക്കുന്നതോ ആയ പോസ്റ്റുകൾക്കും പ്രസ്ഥാവനകളൾക്കുമെതിരെ നടപടിയെടുക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച മുഖ്യമന്ത്രിയും DGP യും ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും പ്രകാശ് ബാബു പറയുന്നു. സംസ്ഥാന അധികൃതർ‌ നടപടി സ്വീകരിക്കാത്ത പക്ഷം നേരിട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.


അതേസമയം, അയോധ്യ വിധി വരുന്ന പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെയുള്ള അഭിപ്രായപ്രകരടനം നിയന്ത്രിക്കണമെന്ന നിർദേശം നിലനിൽക്കെ സംസ്ഥാനത്ത് ഈ വിഷയത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിന് കൊച്ചിയിലാണ് നടപടി. വർഗ്ഗീയമായി പോസ്റ്റിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് പേർക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേരള പൊലീസിന്‍റെ സൈബർ ഡോം വിഭാഗമാണ് പോസ്റ്റ് കണ്ടെത്തിയത്.




Next Story

Related Stories