TopTop
Begin typing your search above and press return to search.

റംസിക്കു പിന്നാലെ അര്‍ച്ചനയും; 101 പവനും കാറും ചോദിച്ച് കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

റംസിക്കു പിന്നാലെ അര്‍ച്ചനയും;  101 പവനും കാറും ചോദിച്ച് കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

കൊല്ലത്ത് വിവാഹവാഗ്ദാനം നല്‍കിയശേഷം കാമുകന്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് റംസി എന്ന 24 കാരി ആത്മഹത്യ ചെയ്ത സംഭവത്തിനു സമാനമായി മറ്റൊരു ആത്മഹത്യയും. കായകുളം സ്വദേശി അര്‍ച്ചന എന്ന 21 കാരിയാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നയാളില്‍ നിന്നും ചതി നേരിട്ടതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അര്‍ച്ചനയെ കാമുകന്‍ സ്ത്രീധനത്തിന്റെ പേരില്‍ കൈയൊഴിഞ്ഞത്. താന്‍ മരിക്കുകയാണെന്ന് കാമുകന് വാട്‌സ്ആപ്പ് സന്ദേശം അയച്ചതിനു ശേഷമായിരുന്നു ആത്മഹത്യ. അര്‍ച്ചനയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കായകുളം ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കിന്‍ വീട്ടില്‍ വിശ്വനാഥന്റെ മകളാണ് ആത്മഹത്യ ചെയ്ത അര്‍ച്ചന. ബിഎസ്‌സി നഴ്‌സിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു അര്‍ച്ചന ജീവനൊടുക്കിയത്. ഞായറാഴ്ച്ച പെണ്‍കുട്ടിയുടെ ശവസംസ്‌കാരത്തിനു പിന്നാലെയാണ് മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നത്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് അര്‍ച്ചന പ്രണയത്തിലാകുന്നത്. സ്‌കൂളിനു സമീപം താമസിക്കുന്നയാളായിരുന്നു യുവാവ്. പ്ലസ്ടു കഴിഞ്ഞ സമയത്ത് അര്‍ച്ചനയെ വിവാഹം ആലോചിച്ച് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. പഠനം കഴിഞ്ഞിട്ട് വിവാഹത്തെ കുറിച്ച് ആലോചിക്കാമെന്നായിരുന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞത്. തുടര്‍ന്നാണ് അര്‍ച്ചന നഴ്‌സിംഗ് പഠനത്തിന് ചേര്‍ന്നത്. ഈ സമയത്തും യുവാവുമായുള്ള പ്രണയബന്ധം തുടര്‍ന്നിരുന്നു. എന്നാല്‍ ഇതിനിടയില്‍ വിദേശത്തു പോയ യുവാവ് സാമ്പത്തികമായി നല്ല നിലയിലെത്തി. ഇതോടെയാണ് അര്‍ച്ചനയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.

വിവാഹക്കാര്യം പറഞ്ഞപ്പോള്‍ യുവാവ് പെണ്‍കുട്ടിയോട് തിരക്കിയത് സ്ത്രീധനം എത്ര കൊടുക്കുമെന്നായിരുന്നു. 30 പവന്‍ സ്വര്‍ണം കൊടുക്കാമെന്ന് അര്‍ച്ചനയുടെ കൂലിപ്പണിക്കാരനായ പിതാവ് അറിയിച്ചപ്പോള്‍ കൂടുതല്‍ സ്ത്രീധനം വേണമെന്നു പറഞ്ഞു യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നാണ് പരാതി. തന്റെ സഹോദരിയെ 101 പവനും കാറും കൊടുത്താണ് വിവാഹം കഴിപ്പിച്ചതെന്നും അത്രയും തന്നെ തനിക്കും വേണമെന്ന് യുവാവ് വാശിപിടിച്ചെന്നുമാണ് അര്‍ച്ചനയുടെ ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് യുവാവിന് മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. യുവാവിന്റെ വിവാഹം നടത്തുന്നതിന് തീരുമാനിച്ച് ഉറപ്പിച്ച ദിവസമാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ തെരഞ്ഞെടുത്തത്. താന്‍ മരിക്കാന്‍ പോകുന്നതായി വെള്ളിയാഴ്ച്ച പെണ്‍കുട്ടി യുവാവിന് വാട്‌സ് ആപ്പില്‍ സന്ദേശം അയച്ചിരുന്നു.ഇത് യുവാവ് കണ്ടെന്ന് ഉറപ്പിച്ചശേഷം ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് വിഷക്കായ ആയ ഒതളങ്ങ കഴിക്കുന്നത്. അര്‍ച്ചനയുടെ മെസേജ് കിട്ടിയ യുവാവ് ഇക്കാര്യം തന്റെ സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും സ്ഥലത്തെത്തിയപ്പോഴേക്കും പെണ്‍കുട്ടി അവശനിലയിലായിരുന്നു. പെണ്‍കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അര്‍ച്ചന മരിച്ചതിനു പിന്നാലെ യുവാവ് ഒളിവില്‍ പോയി.


Next Story

Related Stories