TopTop

ഐഎഎസ് - ഐപിഎസ് തലത്തിൽ അഴിച്ചുപണി; ദേവികുളം സബ്കളക്ടർ രേണു രാജിനും സ്ഥലം മാറ്റം, നടപടി ജോയ്‌സ് ജോര്‍ജ്ജിന്റെ പട്ടയം റദ്ദാക്കിയതിന് പിന്നാലെ

ഐഎഎസ് - ഐപിഎസ് തലത്തിൽ അഴിച്ചുപണി; ദേവികുളം സബ്കളക്ടർ രേണു രാജിനും സ്ഥലം മാറ്റം, നടപടി ജോയ്‌സ് ജോര്‍ജ്ജിന്റെ പട്ടയം റദ്ദാക്കിയതിന് പിന്നാലെ

സംസ്ഥാനത്തെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. ടോമിന്‍ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചും കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മുഹമ്മദ് ഹനീഷിനെ മാറ്റിയും, ദേവികുളം സബ്കലക്ടര്‍ രേണുരാജിനെ തിരിച്ചുവിളിച്ചതുമുൾപ്പെടെ സുപ്രധാന മാറ്റങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

അല്‍കേഷ്കുമാര്‍ ശര്‍മയാണ് പുതിയ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍. കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴി, കൊച്ചി സ്മാര്‍ട് സിറ്റി ചുമതലകളും അല്‍കേഷ്കുമാർ ശർമക്കുണ്ട്. നിലവിലെ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷിന് തൊഴില്‍, നൈപുണ്യവകുപ്പിന്റെ സെക്രട്ടറിയുടെ ചുമതല നൽ‍കി. ടോമിന്‍ തച്ചങ്കരി ആംഡ് പൊലീസ് ബറ്റാലിയന്റെ ചുമതല തുടരും

അതേസമയം, മുൻ ഇടത് എംപി ജോയ്സ് ജോർജ്ജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിന് പിന്നാലെയാണ് ഡോ. രേണുരാജിന്റെ സ്ഥലം മാറ്റം. ഈ നടപടി സ്വീകരിക്കുന്ന രണ്ടാമത്തെ സബ് കളക്ടറെയാണ് ഇതോടെ സ്ഥലംമാറ്റുന്നതെന്നാണ് വിവരം.

നേരത്തെ, ദേവികുളം സബ് കളക്ടർ ആയിരുന്ന പ്രേംകുമാർ ജോയ്സ് ജോർജ്ജിന്‍റെയും കുടുംബാഗങ്ങളുടെയും പേരിലുള്ള 20 ഏക്കർ സ്ഥലത്തിന്റെ അഞ്ച് പട്ടയങ്ങൾ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ മൂന്നാറിലെ കയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി തുടരുന്നതിനിടെ പ്രേംകുമാറിനെ മാറ്റി. ഇതിന് ശേഷമാണ് കഴിഞ്ഞ നവംബർ 19 രേണു രാജ് ചുമതലയേറ്റത്. കഴിഞ്ഞ ദിവസമാണ് ജോയ്സ് ജോർജ്ജിൻറെയും കുടുംബാംഗങ്ങളുടെയും പട്ടയം പട്ടയം സബ്കളക്ടർ റദ്ദാക്കിയത്. എന്നാൽ പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത ദിവസം തന്നെ സബ് കളക്ടർക്ക് സ്ഥലം മാറ്റ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.

ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള എൻഒസി ഇല്ലാതെ മുതിരപ്പഴയുടെ തീരത്ത് പഞ്ചായത്ത് നിർമ്മിച്ച വനിത വ്യവസായ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങള്‍ സബ്കളക്ടർ തടഞ്ഞതും നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ ദേവികുളം എംഎൽഎ സബ് കളക്ടർക്കെതിരെ രംഗത്തെത്തുകയും ചെയതിരുന്നു. എംഎൽഎ നടത്തിയ പരാമ‌ർശങ്ങൾ വിവാദമാകുകയും ചെയ്തു.



Next Story

Related Stories